Image

അഗ്‌നികാലത്തൊരു വിഷു (കവിത: രമ പ്രസന്ന പിഷാരടി)

Published on 13 April, 2019
അഗ്‌നികാലത്തൊരു വിഷു (കവിത: രമ പ്രസന്ന പിഷാരടി)
ഞാനിന്ന് വിഷുക്കണി
വയ്ക്കുവാന്‍ പൂവും തേടി
സൂര്യനെ കടന്നൊരു
സായാഹ്നയാത്രയ്ക്കുള്ളില്‍
മിഴികള്‍ തുറക്കുമ്പോള്‍
നഗരം  ചുറ്റമ്പല
മതിലില്‍ ചിന്തേരിട്ട്
ഹര്‍മ്മ്യങ്ങള്‍ പണിയുന്നു..
തീ പോലെ ചുകന്നൊരു
ഭൂമിയെ ചുറ്റിച്ചുറ്റി
നീള്‍ നിലാപ്പുഴയ്ക്കുള്ളില്‍
കൊഴിഞ്ഞ പൊന്‍ ചെമ്പകം
അമ്മ വച്ചതാണെന്റെ കണികള്‍
സ്‌നേഹത്തിന്റെ വര്‍ണ്ണമാണതില്‍
എന്നും തിളങ്ങിപ്പരന്നത്
ഓര്‍മ്മയില്‍ ഗന്ധര്‍വ്വന്മാര്‍
സ്വപ്നത്തില്‍ വന്നേറ്റിയ
ദേവഗോപുരത്തിലെ
സംഗീതസ്വരം പോലെ
വരുമെന്നാരോ ചൊല്ലി
വിഷുപ്പക്ഷികള്‍, ഗ്രാമ
വഴിയില്‍ പാടിപ്പാടി
തളര്‍ന്ന പുരാണങ്ങള്‍
ഋതുസംഗ്രഹത്തിന്റെ
വസന്തം നീങ്ങീടുന്ന
വഴിയില്‍ വേനല്‍ വന്ന്
സൂര്യനെ തീയൂട്ടവെ
തളര്‍ന്നും പഴികേട്ടു
മെന്നുമീ മേടം അഗ്‌നി
ച്ചിറകില്‍ പറക്കുന്നു
കണിയായ് ചിരിക്കുന്നു!
നഗരഗ്രസ്ഥം വിഷു
വിദൂരഗ്രാമത്തിലെ
അറയില്‍ കസവിന്റെ
മൃദുമന്ത്രണം അമ്മ
നടക്കുന്നുവോ തിരി
തെളിക്കുന്നുവോ രാവി
ലുണരാനായി കൈയില്‍
പതിയെ സ്പര്‍ശിക്കുന്നോ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക