Image

പത്താമന്‍ (കഥ: സി.എം.സി)

Published on 11 April, 2019
പത്താമന്‍ (കഥ: സി.എം.സി)
കാലങ്ങളായി ഹിറ്റ്‌ലറടക്കമുള്ള പലരും അപരിക്കാന്‍ ശ്രമിച്ചിട്ടും വിട്ടുകൊടുക്കാതെ കൊണ്ടു നടന്ന അപ്പന്റെ ജീവിതം ഒടുവില്‍ വെറുമൊരു പനിക്കു കീഴടങ്ങി.

ജൂതമതാചാരപ്രകാരം പരേതനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടതു മകന്റെ കടമയാണ്. ഒരാഴ്ച മുതല്‍ ആയുഷ്കാലത്തോളമാവാം പ്രാര്‍ത്ഥന. അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി മൂന്നുമാസം പ്രാര്‍ത്ഥിക്കാമെന്നു സമ്മതിച്ചു. വിശ്വാസിയല്ലെങ്കിലും.

റാബൈ പറഞ്ഞപ്പോഴാണ് തനിച്ചിരുന്നു ചൊല്ലാവുന്നതല്ല ഈ പ്രാര്‍ത്ഥനയ്ക്കു ചുരുങ്ങിയത് പത്തുപേരെങ്കിലും വേണം. അവര്‍ പതിമൂന്നി•േല്‍ പ്രായമുള്ള ആണുങ്ങളാകണം. സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഈ പ്രാര്‍ത്ഥന മിക്കവാറും സിനഗോഗിലാണ് നടത്താറ്.

ദേശീയതലത്തില്‍ വില്‍പനശാലകളുടെ കമ്പനിയുടെ സെയില്‍സുമാനായി ജോലി കിട്ടിയിട്ട് ആഴ്ചകളേ ആയുള്ളൂ. ജോലി സംബന്ധിച്ചു പലയിടത്തേക്കും യാത്രചെയ്യേണ്ടിവരും.

പ്രഭാതപ്രാര്‍ത്ഥനയ്ക്കു തടസ്സമില്ല. എന്നാല്‍ സന്ധ്യാപാര്‍ത്ഥന പണി തെറിപ്പിച്ചേക്കുമെന്ന് ഭയന്നു. ജോലി കഴിഞ്ഞു പ്രാര്‍ത്ഥനാ സമയത്തു സിനഗോഗിലെത്താന്‍ പലപ്പോഴും കാറോടിക്കല്‍ അമിതവേഗത്തിലാക്കേണ്ടി വന്നിട്ടുണ്ട്. പ്രശ്‌നങ്ങള്‍ മണത്തറിഞ്ഞ റാബൈ ഉപദേശിച്ചു. ജോലിക്കു പോകുന്ന സ്ഥലങ്ങളിലെ പള്ളികളിലാക്കാമല്ലോ സന്ധ്യാപാര്‍ത്ഥന. ജോലിയുടെ കഴുത്തിലെ കുരുക്ക് മെല്ലെ അയഞ്ഞു.

ഉച്ചഭക്ഷണത്തിനു കയറുന്ന ഡൈനറില്‍ നിന്നുതന്നെ അടുത്തുള്ള പളളിയിലേക്കു വിളിച്ചു സമയം മനസ്സിലാക്കി മുടങ്ങാതെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു പോന്നു.

അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ പത്തുനൂറു മൈല്‍ അകലെയുള്ള ഒരു മലയടിവാരത്തിലേക്കും പോകേണ്ടി വന്നത്. കാറോടിച്ച് അവിടെയെത്തിയപ്പോഴേക്ക് സൂര്യന്‍ മലമടക്കുകള്‍ക്കപ്പുറത്തേക്ക് മുഖം മറച്ചു കഴിഞ്ഞിരുന്നു. വഴിയോരത്തെ ഗ്യാസ് സ്‌റ്റേഷനില്‍ നിന്ന് പള്ളിയിലേക്ക് വിളിച്ചു.

ഇത്ര വൈകി വിളിച്ചാല്‍ ഞാനെങ്ങനെ ഒമ്പതുപേരെ സംഘടിപ്പിക്കും? വളരെ കുറച്ചു വിശ്വാസികളെ ഇവിടെയുള്ളൂ. റാബേ നിസ്സഹായനായി.
അമ്മയ്ക്കു കൊടുത്ത വാക്ക് തെറ്റിക്കേണ്ടി വരുമോ? പ്രാര്‍ത്ഥിക്കാന്‍ കഴിയാത്തതില്‍ ജീവിതത്തില്‍ ആദ്യമായി ദുഃഖം തോന്നി അപ്പന്റെ ആത്മശാന്തിയെക്കാളേറെ അമ്മയുടെ മനസ്വസ്ഥതയാണ് പ്രധാനം.
മരിച്ച മനസ്സുമായി കാറോടിച്ചു കമ്പനി ഷോറൂമിലെത്തി. അകത്തു കടന്നു വിസിറ്റിംഗ് കാര്‍ഡു കൊടുത്തു. നീണ്ടമൂക്കും ചുരുണ്ടമുടിയുമുള്ള പെണ്‍കുട്ടി കാര്‍ഡിലെ എന്റെ പേരിലേക്കും മുഖത്തേക്കും മാറിമാറിനോക്കി. അവിശ്വാസത്തോടെ ചോദിച്ചു:

സാല്‍ റൊബീനോവിച്ച്....
അതേ എന്നു പറഞ്ഞുതീരുംമുമ്പ് അവള്‍ കൈയില്‍ കടന്നുപിടിച്ചു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. പേരില്‍ നിന്നു യഹൂദനെന്നു തിരിച്ചറിഞ്ഞതുപോലെ ഹീബ്രുവും ഇംഗ്ലീഷും കലര്‍ത്തി പറഞ്ഞുതുടങ്ങി.
താങ്കള്‍ വരുന്നതറിഞ്ഞു റാറ്റി കാത്തിരിക്കുകയായിരുന്നു. അപ്പോഴേക്ക്.... തികച്ചും നിനച്ചിരിക്കാതെ..... കാര്‍ തുറന്നു പിടിച്ചുകൊണ്ട് തുടര്‍ന്നു റ്റാറ്റിയുടെ ഒരു ചങ്ങാതി... ഏഴുപതുപോലും ആയിട്ടുണ്ടായിരുന്നില്ല.....
വളരെ വേഗത്തില്‍ കാറോടിച്ച് അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു: അധികദൂരമില്ല, വളരം അടുത്താണ്....ദാ....ആ വളവു കഴിഞ്ഞാല്‍ രണ്ടാമത്തെ വീട്.
മരച്ചില്ലകളോടും സൂര്യന്‍ വിടചൊല്ലിക്കഴിഞ്ഞു. വീടിനുമുന്നില്‍ അങ്ങിങ്ങു പാര്‍ക്കുചെയ്തിരിക്കുന്ന കാറുകള്‍. ഇരുട്ടില്‍നിന്ന് അടക്കി പിടിച്ച സംസാരം. കറുത്തകോട്ടും നരച്ച തൊപ്പിയും നീണ്ടതാടിയുമായി മുറ്റത്തു നിന്നവരോട് ധൃതിയില്‍ എന്തോപറഞ്ഞ് അവള്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. അകത്ത് നിന്ന് മറ്റൊരു താടിക്കാരന്‍ ഇറങ്ങി വന്നു ആണുങ്ങളെ അകത്തേക്കാനയിച്ചു.
കുന്തിരിക്കപ്പുകയല്‍. മരണഗന്ധം. പുറത്തുനിന്ന് ഇടയ്ക്കിടെ തേങ്ങുന്ന സ്ത്രീശബ്ദം. അടഞ്ഞുകിടന്ന പേടകത്തില്‍ ചൂടാറാത്ത മൃതദേഹം.
മരിച്ചവര്‍ക്ക് വേണ്ടിയുള്ള കദ്ദിളപ്രാര്‍ത്ഥന ആരംഭിച്ചു. എല്ലാവരും കണ്ണടച്ചു ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥന തുടര്‍ന്നു. പീലികള്‍ മെല്ലെ വിടര്‍ത്തി ചുറ്റും കണ്ണോടിച്ചു. മുറിയില്‍ ആകെ താനടക്കം പത്താളുകള്‍ പതിമൂന്നിനുമേല്‍ പ്രായമുള്ള ആണുങ്ങള്‍. കണ്ണടച്ചു ഭക്തിസാന്ദ്രമായി പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.
സന്ധ്യാനമസ്കാരത്തിനു  കൈകാലുകള്‍ കഴുകുന്ന അമ്മയുടെ പ്രശാന്തസുന്ദരമായ മുഖം മനസ്സില്‍.
റാബൈ: യഹൂദപുരോഹിതന്‍, ഡൈനര്‍: ഭക്ഷശാല,  സിനഗോഗ്: യഹൂദദേവാലയം, റാറ്റി: ഡാഡി (പിതാവ്)

Join WhatsApp News
josecheripuram 2019-04-15 07:09:02
Short& nice story as CMC's trade mark.I enjoyed it.Keep writing,all the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക