Image

ബിജെപിയെ രക്ഷിക്കാനെത്തുന്ന പി.സി ജോര്‍ജ്ജ്; ജോര്‍ജ്ജിനെ ഇനി ദൈവം രക്ഷിക്കട്ടെ (കലാകൃഷ്ണന്‍)

കലാകൃഷ്ണന്‍ Published on 10 April, 2019
ബിജെപിയെ രക്ഷിക്കാനെത്തുന്ന പി.സി ജോര്‍ജ്ജ്; ജോര്‍ജ്ജിനെ ഇനി ദൈവം രക്ഷിക്കട്ടെ  (കലാകൃഷ്ണന്‍)

കേരളത്തില്‍ നിന്ന് ഒരു ലോക്സഭാ സീറ്റില്‍ വിജയം നേടുകയെന്നത് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ വാശി തന്നെയാണ്. കേരളത്തില്‍ താമര വിരിഞ്ഞിട്ട് ഡല്‍ഹിയില്‍ അധികാരം പിടിക്കാമെന്ന് മോഹിച്ചിട്ടൊന്നുമല്ല അത്. പക്ഷെ കനല്‍ ഒരു തരി മതി എന്ന് ആവേശത്തോടെ ഇപ്പോഴും പിടിച്ചു നില്‍ക്കുന്ന കേരളത്തിലെ ഇടത് കോട്ടയുണ്ടല്ലോ, ബിജെപി ഏത് സാഹചര്യത്തിലും പടിക്ക് പുറത്ത് നിര്‍ത്തുമെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിന്‍റെ സഖാവത്വം. ആ സഖാവത്വത്തിന് തുരങ്കം വെയ്ക്കണമെങ്കില്‍ കേരളത്തില്‍ ഒരു താമര വിരിയണം. വിജയിക്കുന്ന എം.പി കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരുമെങ്കില്‍ തീര്‍ച്ചയായും സുപ്രധാനമായ മന്ത്രിസ്ഥാനത്തേക്ക് എത്തുക തന്നെ ചെയ്യും. 
ഇനി കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ പി.സി ജോര്‍ജ്ജിലൂടെയാണ്. പി.സി ജോര്‍ജ്ജിന്‍റെ ജനപക്ഷം പാര്‍ട്ടി എന്‍ഡിഎ മുന്നണിയുടെ ഭാഗമായിരിക്കുന്നു. പറയുമ്പോള്‍ എന്തും വിളിച്ചു പറയുന്ന ആളില്ലാ പാര്‍ട്ടിക്കാരനാണ് പി.സി ജോര്‍ജ്ജ്. എന്നാല്‍ കേരളത്തില്‍ പി.സി ജോര്‍ജ്ജ് ജനകീയ മുഖമാണ് എന്നതാണ് പ്രധാനം. ജനങ്ങള്‍ അടുത്തറിയുന്ന രാഷ്ട്രീയക്കാരനാണ് പി.സി. ഇതുവരെ മന്ത്രിയാകാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. പല തവണ മന്ത്രിസ്ഥാനം വന്ന് പടിവാതില്‍ക്കല്‍ നിന്നെങ്കിലും കടാക്ഷിച്ചില്ല. വി.എസ് മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചതായിരുന്നു. പക്ഷെ പിണറായി വിജയന്‍ ഒറ്റ എംഎല്‍എ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ഇല്ലെന്ന് കടുപ്പിച്ച് പറഞ്ഞ് ജോര്‍ജ്ജിനെ വെട്ടിയൊതുക്കി. 
പിന്നീട് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മാണിയും ജോസഫും മന്ത്രിമാരായപ്പോള്‍ മൂന്നാം മന്ത്രിക്ക് ഇടമില്ലാതായി. അവസാനം ചീഫ് വിപ്പ് എന്ന സ്ഥാനത്തില്‍ ഒതുക്കി. അവസാനം കേരളാ കോണ്‍ഗ്രസുമായി പിണങ്ങി പിണങ്ങി ജനപക്ഷ പാര്‍ട്ടിയുമായി ഇറങ്ങിപ്പോന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഇടതിലേക്ക് ചേക്കേറാന്‍ പി.സി മാക്സിമം നോക്കിയെങ്കിലും നടന്നില്ല. പിണറായി അടുപ്പിച്ചില്ല. ഉമ്മന്‍ചാണ്ടി ഒരു വിധത്തിലും അടുപ്പിക്കുന്ന പ്രശ്നമില്ല. ഇനിയിപ്പോള്‍ മാണിക്ക് ശേഷം കേരളാ കോണ്‍ഗ്രസിലേക്ക് പോകാമെന്ന് വെച്ചാല്‍ ജോസ്.കെ.മാണിയുമായി നിതാന്ത ശത്രുതയാണ്. ജോസഫിനൊപ്പം നിന്നിട്ട് യാതൊരു കാര്യവുമില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു മുന്നണിയിലുമില്ലാതെ അനാഥപ്രേതം കണക്കെയാണ് ജോര്‍ജ്ജിന്‍റെയും പാര്‍ട്ടിയുടെയും സ്ഥിതി. 
അതിനൊരു അവസാനം പി.സി ജോര്‍ജ്ജ് കണ്ടതാണ് ബിജെപി ബന്ധം. ബിജെപിയുമായി പി.സി ജോര്‍ജ്ജിന്‍റെ ബാന്ധവം തുടങ്ങുന്നത് ഇന്നും ഇന്നലെയുമല്ല. കുറെക്കാലമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ മതേതര പ്രതിഛായ പോകുമെന്ന എന്ന ഭയത്താല്‍ കടുപ്പിച്ചൊരു തീരുമാനം എടുത്തിരുന്നില്ല. പൂഞ്ഞാറിലെ മുസ്ലിം വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭയവും ഒരു കാരണമായിരുന്നു. 
എന്നാല്‍ രാഷ്ട്രീയ അസിത്വിത്വം കണ്ടെത്താന്‍ മറ്റൊരു വഴിയില്ല എന്ന ഘട്ടമെത്തിയപ്പോള്‍ ജോര്‍ജ്ജ് സ്വയം തീരുമാനിച്ച് ഇറങ്ങുകയായിരുന്നു. ഇനി ബിജെപിയുമൊത്ത് പോകുക തന്നെ. വൈദ്യന്‍ കല്പിച്ചതും രോഗി ആഗ്രഹിച്ചതും പാല് എന്ന കണക്കെ കൃത്യം ശബരിമല വിഷയം വന്നു വീണു. വിശ്വാസികള്‍ക്ക് ഒപ്പം നില്‍ക്കുന്ന ബിജെപിയാണ് എന്ന് ചൂണ്ടികാണിച്ച് നേരെ ബിജെപിയിലേക്ക്. ഇപ്പോഴിതാ കര്‍ഷകരുടെ ആത്മമിത്രങ്ങള്‍ ബിജെപി മാത്രമാണെന്ന പ്രസ്താവനയും പി.സി ജോര്‍ജ്ജിന്‍റേതായി വന്നിട്ടുണ്ട്. 
ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യസഭയിലെ എം.പി സ്ഥാനവും കേന്ദ്രസഹമന്ത്രി സ്ഥാനവും കുറഞ്ഞത് ഓഫര്‍ ലഭിക്കാതെ പി.സി ജോര്‍ജ്ജ് ഈ കളിക്കിറങ്ങില്ല എന്ന് എല്ലാവര്‍ക്കും അറിയാം. നരേന്ദ്രമോദി തന്നെ അധികാരത്തില്‍ വരണേയെന്ന് കര്‍ത്താവിനോട് ജോര്‍ജ്ജ് മുട്ടിപ്പായി പ്രാര്‍ഥിക്കുന്നുമുണ്ടാവും. ജോര്‍ജ്ജിനെ ദൈവം രക്ഷിക്കട്ടെയെന്ന് മാത്രമേ ഇപ്പോള്‍ ആശംസിക്കാന്‍ കഴിയു. 
രാഷ്ട്രീയമായി പി.സി ജോര്‍ജ്ജ് ജീവശ്വാസം നല്‍കിയത് ശബരിമല സമരമായിരുന്നു. യുവതി പ്രവേശനത്തിനെതിരെ ബിജെപിയെക്കാള്‍ ശക്തമായി രംഗത്തെത്തിയത് പി.സി ജോര്‍ജ്ജായിരിക്കും. 
പി.സി ജോര്‍ജ്ജിന്‍റെ മണ്ഡലമായ പുഞ്ഞാറും, സമീപ മണ്ഡലമായ കാഞ്ഞിരപ്പള്ളിയും ചേരുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. ഈ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് വലിയ വോട്ട് ഷെയര്‍ പ്രതീക്ഷയുള്ളതല്ല. യുഡിഎഫിന്‍റെ വോട്ടുകളാണ് ലോക്സഭയില്‍ ഈ മണ്ഡലങ്ങളിലേത്. എന്നാല്‍ പി.സി ജോര്‍ജ്ജ് നേരിട്ട് ഇറങ്ങുമ്പോള്‍ ഈ രണ്ടു മണ്ഡലങ്ങളില്‍ നിന്നും യുഡിഎഫിന്‍റെ നല്ലൊരു ശതമാനം വോട്ടുകള്‍ ബിജെപിക്ക് എത്തിക്കാനാകും എന്ന് ഉറപ്പാണ്. പ്രത്യേകിച്ചും പുഞ്ഞാര്‍ മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനമുള്ള ജോര്‍ജ്ജിന് സുരേന്ദ്രന് വേണ്ടി നല്ല ശതമാനം വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയും. 
ആറന്‍മുളയ്ക്കപ്പുറം ലോക്സഭാ മണ്ഡലത്തില്‍ കാര്യമായ വേരോട്ടമില്ലാത്ത സ്ഥാനാര്‍ഥിയാണ് എല്‍ഡിഎഫിന്‍റെ വീണാ ജോര്‍ജ്ജ്. എന്നാല്‍ സംസ്ഥാന തലത്തില്‍ ഗ്ലാമറുള്ള സ്ഥാനാര്‍ഥി എന്ന മുന്‍തൂക്കം സുരേന്ദ്രനുണ്ട്. ശബരിമല പത്തനംതിട്ടയിലെ ഹിന്ദു വോട്ടുകളെ ഏകീകരിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷ കൂടിയാകുമ്പോള്‍ കെ.സുരേന്ദ്രന് ഏറെ പ്രതീക്ഷ വെയ്ക്കാനുണ്ട്. 
Join WhatsApp News
എന്തൊരു ജന്മം ! 2019-04-10 23:47:58
 പി . സി . ജോർജ് ജീവിക്കാൻ പഠിച്ചവനാണ് .  കാലത്തിനനുസരിച്ച് വേഷം കെട്ടുന്നവൻ . അധികാരത്തിന് വേണ്ടി എന്ത് നാറിപ്പണിയും ചെയ്യും .  ഏറ്റവും നാറ്റമുള്ള എം ൽ എ ആരാന്നു ചോദിച്ചാൽ അത് ഇയാളാണ് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക