Image

നര്‍മ്മത്തിനുള്ളിലെ ഗൗരവമേറിയകാര്യങ്ങള്‍ (രമ. കെ. നായര്‍)

Published on 06 April, 2019
നര്‍മ്മത്തിനുള്ളിലെ  ഗൗരവമേറിയകാര്യങ്ങള്‍ (രമ. കെ. നായര്‍)
മികച്ച ഓണ്‍ലൈന്‍ എഴുത്തുകാരനായ ശ്രീ മുരളി വളരെ ഗൗരവമേറിയകാര്യങ്ങള്‍ നര്‍മ്മത്തില്‍ പൊതിഞ്ഞു അവതരിപ്പിക്കുന്ന ശൈലി ആണ് എഴുത്തില്‍ ഉടനീളം കൈക്കൊള്ളുന്നതായി കാണാറ് .പലപ്പോഴും ഇത് ആ വിഷയത്തിന്റെ ഗൗരവത്തെ കുറച്ചുകാണിക്കാറുണ്ടെന്നു എനിക്ക് സംശയം തോന്നിയിട്ടുണ്ട് .ഉദാഹരണത്തിന് ഹ്യൂമന്‍ ജീനോം പ്രോജെക്ടിനെ അത്യന്തം ലളിതവല്‍ക്കരിച്ചെഴുതിയ ലേഖനത്തിനോടുള്ള വിയോജിപ്പ് അറിയിച്ചപ്പോള്‍ അദ്ദേഹ0 എന്നോട് പറഞ്ഞത് ശാസ്ത്രജ്ഞരുടെ ജാര്‍ഗണ് ഉപയോഗിച്ചെഴുതുമ്പോള്‍ സാധാരണക്കാര്‍ വായിക്കുകയില്ല ,അതുകൊണ്ടാണ് ഈ രീതിയില്‍ റൗായ റീംി ചെയ്യേണ്ടി വരുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത് . സാമാന്യജനതക്കും അതുവഴി സമൂഹ നന്മക്കും ശാസ്ത്രം ഉപയോഗയോഗ്യമാക്കണമെന്ന വിശ്വാസത്തിലാണ് അദ്ദേഹം എഴുതുന്നത് എന്നെനിക്കു തോന്നുന്നു

ഇനി ചില നാട്ടുകാര്യങ്ങള്‍ എന്ന പുസ്തകത്തെ കുറിച്ച് ..

ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പലവിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള ഒറ്റമൂലിയാണ് നര്‍മ്മബോധം .ഏകതാനമല്ലാത്ത ജീവിതത്തിലെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളും ഓര്‍മ്മകളുംനര്‍മ്മമധുരമായി പ്രതിപാദിക്കാനുള്ള മുരളിയുടെ കഴിവ് അദ്ദേഹത്തിന്റെ വായനക്കാര്‍ തിരിച്ചറിഞ്ഞിട്ടുള്ളതാണ് . ജീവിതത്തില്‍ ഏറിയകൂറും യാത്രക്കായി ചെലവാക്കുന്ന ഒരാള്‍ താന്‍ കാണുന്ന പലതരം വ്യവഹാരങ്ങള്‍ മാറിനിന്നു വീക്ഷിക്കുകയും ,അവയില്‍ പലതും ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാടില്‍ നിന്ന് എങ്ങനെയെല്ലാം വ്യത്യസ്തമാണെന്നും തന്റെ പതിവ് ശൈലിയില്‍ നര്‍മ്മത്തില്‍ പുരട്ടി അവതരിപ്പിക്കുന്ന പുസ്തകമാണ് ചില നാട്ടുകാര്യങ്ങള്‍ .2013 ല്‍ കറന്റ് ബുക്ക്‌സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് .

കുട്ടിക്കാലത്തു തന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വേളൂര്‍ കൃഷ്ണന്‍ കുട്ടിയാണെന്ന് ശ്രീ മുരളി തുമ്മാരുകുടി പലവട്ടം പറഞ്ഞിട്ടുണ്ട് . നിര്‍ദോഷമായ ഹാസ്യമായിരുന്നു വേളൂരിന്റെ രചനകളില്‍ പ്രതിഫലിച്ചിരുന്നത് .പലപ്പോഴും അയഥാര്ഥമായ കല്പനകളാണ് വേളൂരിന്റെ കഥകളില്‍ ഉണ്ടായിരുന്നത് .ബോബനും മോളിയും പോലെത്തന്നെ വേളൂരിനെയും വായിച്ചു ഓര്‍ത്തോര്‍ത്തു ചിരിച്ച ഒരു ബാല്യം ഇന്നത്തെ മുതിര്‍ന്ന തലമുറക്കുണ്ട് .

ചില നാട്ടുകാര്യങ്ങള്‍ എന്ന കൃതിയില്‍ അദ്ദേഹത്തിന്റെ 37 ചെറു ലേഖനങ്ങളാണുള്ളത്. ഞാന്‍ എഴുത്തുകാരന്‍ ആണെന്ന വിചാരം തന്നെ എനിക്കില്ല എന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ പുസ്തകകാരന്‍ തന്നെ പറയുന്നതു ..ഉള്ളടക്കത്തെക്കുറിച്ചു യാതൊരു സൂചനയും തരുന്നവയല്ല മുരളിയുടെ ലേഖനങ്ങളുടെ നാമങ്ങള്‍ .

കുട്ടിക്കാലവുമായി ബന്ധപ്പെട്ട പലതും എഴുത്തിനു വിഷയമാകുന്നുണ്ട് .നാട്ടിന്‍പുറത്തെ അജ്ഞതയില്‍ നിന്നുമുയിര്‍കൊണ്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംപതിവുപോലെ ഒരു പുഞ്ചിരിക്ക് ഇട നല്‍കുന്നുണ്ട്.ശ്രീമതി പ്രഭ പിള്ളയുടെ യും സാക്ഷാല്‍ ക്രിസോസ്റ്റം തിരുമേനിയുടെയും ആസ്വാദനവും പുസ്തകത്തിലുണ്ട് .

ലേഖനങ്ങള്‍ ഓരോന്നും എഴുത്തുകാരന്റെ തനി സ്വഭാവം വ്യക്തമാക്കുന്നതുതന്നെയാണ് .വെങ്ങോലയില്‍ തുടങ്ങി ,ഗള്‍ഫ്, ബ്രൂണെയ് ,ജനീവ ,ചൈന ,തായ്‌ലന്‍ഡ് ആഫ്രിക്ക പലവഴി കറങ്ങി വീണ്ടും കേരളത്തിലെത്തുന്ന കറങ്ങിത്തിരിഞ്ഞുള്ള യാത്രപോലെ തന്നെ ഒന്നില്‍ തുടങ്ങി ,പലതിനെയും സ്പര്‍ശിച്ചു മറ്റൊന്നില്‍ എത്തിച്ചേരുന്ന ശൈലിയില്‍ എഴുതിയ കുറിപ്പുകള്‍ .അതിന്റെ പ്രധാന പോരായ്മ കാതലായ അന്തസ്സാരമുള്ള കാര്യങ്ങള്‍ പലപ്പോഴും നേര്‍ത്തുപോകുകയും ,രുചിക്കൂട്ടിനും ,ആകര്ഷണീയതക്കുമായി ചേര്‍ത്ത ഘടകങ്ങള്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്നു എന്നതാണ് . സമഗ്രമായ ഒരു അവലോകനം അത്ര എളുപ്പമല്ലതാനും .

പ്രത്യേകം എടുത്തുപറയേണ്ടുന്ന കുറിപ്പുകളെ കുറിച്ച് മാത്രംപറയാം .
സൗദിയിലെഗോതമ്പ് പാടങ്ങള്‍,കടുവകൃഷിലാഭകരമോ ,ആലിമാപ്പിളയുടെ വീട് . നദികളെ ബന്ധിപ്പിക്കുമ്പോള്‍ എന്നിവയാണ് എന്നെ ആകര്‍ഷിച്ച നിരീക്ഷണങ്ങള്‍ .പ്രകൃതി വിഭവത്തിന്റെ ശരിയായ ഉപഭോഗം, കൃഷിയെക്കുറിച്ചും ഭക്ഷ്യസുരക്ഷയെകുറിച്ചുമുള്ളവ്യത്യസ്തമായ കാഴ്ചപ്പാടും , നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ പിന്നിലുള്ള മനുഷ്യയാതനയെക്കുറിച്ചു നമ്മളും പ്രത്യകിച്ചും കുട്ടികളും അറിഞ്ഞിരിക്കേണ്ട വസ്തുതകളും ,കൃത്യതയോടെ ശാസ്ത്രീയമായി ചെയ്യുന്ന കൃഷികളും എല്ലാം ഇതില്‍ പ്രതിപാദ്യവിഷയങ്ങളാകുന്നു .ഓസ്‌ടേലിയയിലെ ചന്ദനകൃഷിയും,ഒട്ടകം വളര്‍ത്തലും .ചൈനയിലെയും തായ്‌ലണ്ടിലെയും അനധികൃത കടുവ ഫാമുകളും സാമ്പത്തികവും പരിസ്ഥിതികവുമായ കാരണങ്ങളാല്‍ സൗദിയിലെ വിജയകരമായ ഗോതമ്പുകൃഷി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതും എല്ലാം ഇന്ന് നമ്മള്‍ അനുവര്‍ത്തിച്ചു പോരുന്ന പല ആശയങ്ങളും പുനര്‍ വിചിന്തനത്തിനു വിധേയമാക്കേണ്ടതാണ് എന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തുന്നു .

ഒരു ചായകുടിക്കുമ്പോള്‍ ഓര്‍ക്കേണ്ടത് എന്നകുറിപ്പില്‍ചായയുടെ ചരിത്രമാണ് പ്രതിപാദ്യ വിഷയം .സില്‍ക്ക് റൂട്ടിനെകുറിച്ചു എല്ലാവര്‍ക്കുമറിയാമെങ്കിലും ചായയുടെ പിന്നിലെ ചാരവൃത്തി അധികമാര്‍ക്കും കേട്ടുപരിചയം ഉണ്ടാവില്ല . .മുന്‍ ബ്രിട്ടീഷ് കോളനികളാണ് ഇന്ന് തേയില ഉല്‍പ്പാദനത്തില്‍ ചൈനയേക്കാള്‍ മുന്‍പില്‍ .സാമ്രാജ്യത്വം ചൈനയോട് ചെയ്ത വഞ്ചന എങ്ങനെ ഇന്ത്യക്കു ഗുണകരണമായി തീര്‍ന്നു എന്നതും ചിന്തിക്കേണ്ടതാണ്
.
വാട്ടര്‍ ഗേറ്റില്‍ നിന്നും ഒരു കാഴ്ച എന്നലേഖനത്തില്‍ ഒളികാമെറകളുടെ ഭീഷണിയെകുറിച്ചു0 അത് യഥാര്‍ത്ഥത്തില്‍ ഭീഷണി ആകുന്നത് ആര്‍ക്കാണെന്നുമാണ് ചര്‍ച്ചചെയ്യുന്നത് .സ്ത്രീപുരുഷബന്ധങ്ങള്‍ക്കു കര്‍ശന നിയന്ത്രണമുള്ള നാടുകളില്‍മാത്രമാണ് ഒളികാമറ ക്ലിപ്പുകള്‍ പ്രശ്‌നമാകുന്നതെന്നുള്ള നിരീക്ഷണം സദാചാരവാദിയായ മലയാളി ശ്രദ്ധയില്‍ എടുക്കേണ്ടതാണ് . സോനയിലും ബീച്ചിലും വിവസ്ത്രരായി സമയം ചെലവിടുന്നവര്‍ക്കു ഇ ക്ലിപ്പിലൊന്നും താല്‍പ്പര്യം കാണില്ല എന്നത് വാസ്തവം തന്നെ

അന്ധവിശ്വാസങ്ങളെ കളിയാക്കുന്ന പല കുറിപ്പുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഞാന്‍പുലിയല്ലകേട്ടോ,ശേഷം ചിന്ത്യം , വിശ്വാസത്തിന്റെഒരു പൈന്‍ മരം , എന്നീ ലേഖനങ്ങളെ ഈ വിഭാഗത്തില്‍ പെടുത്താം.നിഷ്കളങ്കതയുടെ അന്ത്യം ,വെള്ളം ഒഴിച്ചോ ഒഴിക്കാതെയോ ,തുമ്മാരുകുട്ടിയുടെ കഥ ,വെങ്ങോലയിലെ സായിപ്പന്മാര്‍ എന്നീകഥകള്‍ പതിവുപോലെ കഥാകാരന്റെ ബാല്യകാലമായി ബന്ധപ്പെട്ടിട്ടുള്ളതു തന്നെയാണ് . മഷിപുരട്ടിയ കവടിപ്പിഞ്ഞാണത്തില്‍ നിന്നും കാണാതെപോയ പശുവിനെ ബന്ധപ്പെടുത്തി ഒന്നും കണ്ടെടുക്കാന്‍ കഴിയാതെ വന്നതുമൂലം കൊച്ചച്ചന്റെ മുന്‍പില്‍ തെറ്റുകാരനാവേണ്ടി വന്ന കുട്ടിയുടെ നിസ്സഹായതയും അമ്പരപ്പും ആണ് നിഷ്കളങ്കതയുടെ അന്ത്യംഎന്ന കുറിപ്പിന് ആധാരം.കുട്ടികള്‍
എന്നുമുതല്ക്കാന് കള്ളം പറയാന്‍ തുടങ്ങുന്നത് ,അതിലേക്കു നയിക്കുന്ന മുതിര്‍ന്നവര്‍ അവര്‍ക്കു നല്‍കുന്ന സന്ദേശമെന്ത് എന്നൊക്കെ ഉള്ള ചോദ്യങ്ങളും ഇതോടൊപ്പം ഉയരും . വീട്ടിലെ പനചെത്തുന്ന കള്ള് കുട്ടികളും മുതിര്‍ന്നവരും കുടിച്ചിരുന്നു. ഇതുകൊണ്ട് സന്മാര്‍ഗ ഭ്രംശം സംഭവിക്കുന്നില്ല എന്നും ,അതുകൊണ്ടാരും  മദ്യപരായില്ലഎന്നുംഎടുത്തുപറയുന്നു .നിരോധനം മദ്യത്തിന്റെ ഉപയോഗം കുറക്കുന്നതിന് സഹായകമാവില്ല എന്ന സന്ദേശമാണ് ഈ ലേഖനത്തില്‍ .മദനന്റെ ചില വരകളും എടുത്തു പറയേണ്ടതുണ്ട്.പ്രത്യേകിച്ചും വാട്ടര്‍ഗേറ്റ് എന്ന കുറിപ്പിനൊപ്പമുള്ള ഒളിഞ്ഞുനോട്ടം സൂചിപ്പിക്കുന്ന ചിത്രം.

തമാശയുടെ അകമ്പടിയോടെ ഗൗരവമേറിയ ,സമൂഹത്തിന്റെ ശ്രദ്ധ പതിയേണ്ടുന്ന കാര്യങ്ങളാണ് മുരളി നമുക്കുമുന്‍പില്‍ വെക്കുന്നത് .
മറ്റുള്ളവരെ എന്ന പോലെ തന്നെ തന്നെയും ഹാസ്യാല്മകമായി വിമര്‍ശിക്കുന്നു എന്ന് പുസ്തകത്തിന്റെ ബ്‌ളര്‍ബില്‍ എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക.

ഹാസ്യം എന്ന ചത്വരത്തിലേക്കു ഒതുക്കുവാന്‍ കഴിയുകയില്ല ശ്രീ മുരളിയുടെ രചനകളെ.അവ വിജ്ഞാനപ്രദമായ ഉപന്യാസങ്ങള്‍ തന്നെയാണ്.അദ്ദേഹത്തിന്റെ ഇതര കൃതികളായ 'കാഴ്ചപ്പാടുകള്‍, ഹോ! തുടങ്ങിയവ തികച്ചും ഗൗരവമാര്‍ന്ന വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.പ്രായോഗിക പരിജ്ഞാനവും ദീര്‍ഘ വീക്ഷണവും കൈമുതലായ മുരളിയുടെ സുരക്ഷാ സംബന്ധിയായ ലേഖനങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഭാവിയില്‍അനേകം ദുരന്തങ്ങള്‍ തടയുന്നതിന് സാധ്യമായേനെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക