Image

പ്രണയം തേച്ചിട്ട് പോകാന്‍ കൂടി ഉള്ളതാണ് (സന്ധ്യ ജി .ഐ)

Published on 05 April, 2019
പ്രണയം തേച്ചിട്ട് പോകാന്‍ കൂടി ഉള്ളതാണ് (സന്ധ്യ ജി .ഐ)
കൗമാരത്തിലേക്ക് കാലുകുത്തുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രണയമെന്ന വികാരത്തിന് കീഴ്‌പ്പെടുന്നത് സ്വാഭാവികം. വേണ്ടത്ര ഹോം വര്‍ക്ക് ചെയ്യാതെ പ്രണയത്തിലേക്ക് വീഴുന്നവരാണ് നമ്മള്‍ .അതിന് കാരണം പ്രണയമെന്ന വികാരം അമര്‍ത്തി വക്കേണ്ടതും മൂടി വക്കേണ്ടതുമാണെന്ന നമ്മുടെ പഴഞ്ചന്‍ ചിന്താഗതി തന്നെയാണ്.

പ്രണയം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഒരു താല്‍ക്കാലിക കരാര്‍ മാത്രമാണെന്നും പ്രണയമെന്ന യാത്രയില്‍ തന്റെ കൂടെ കൂടിയ പങ്കാളിക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ച് പോകാന്‍ അവകാശമുണ്ടെന്നുമുള്ള സത്യം മനസ്സിലാക്കി കഴിഞ്ഞാല്‍ പ്രണയ തിരസ്‌കാരം ഒരു സാധാരണ പ്രക്രിയ മാത്രമാകും. പ്രണയം ഉന്മാദമായി മാറുമ്പോള്‍ പ്രണയിക്കുന്നവര്‍ കരുതുന്നത് തങ്ങള്‍ രണ്ടല്ല ഒന്നാണെന്നാണ് . നീയും ഞാനും രണ്ടാണെന്നും നമ്മള്‍ ചിലപ്പോള്‍ പിരിയേണ്ടി വരുമെന്നും പ്രണയിക്കുന്നവര്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

പ്രണയ തിരസ്‌കാരങ്ങള്‍ ഓര്‍ക്കാപ്പുറത്ത് തലക്കേല്‍ക്കുന്ന അടി പോലെയാണ്. തിരസ്‌കാരം ആഘാതമേല്‍പ്പിക്കുന്നത് നമ്മുടെ ഞാന്‍ എന്ന ഭാവത്തിനാണ്. പ്രണയ തിരസ്‌കാരങ്ങളെ നമ്മള്‍ നോക്കി കാണുന്നത് നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന ലിംഗത്തിന് നേരെയുള്ള അവഹേളനമായിട്ടാണ്. നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ഏറ്റവും മൃദുല വികാരമാണ് നമ്മുടെ ലിംഗ ഐഡന്റിറ്റി. ആ ഐഡന്റിന്റിയെ ചോദ്യം ചെയ്യുന്നതൊന്നും നമുക്ക് സഹിക്കില്ല.

പ്രണയത്തിലെ പങ്കാളി പാതി വഴിയില്‍ വച്ച് നിര്‍ത്തുമ്പോള്‍ ആത്മാര്‍ത്ഥമായി പ്രണയത്തിലായിരുന്ന വ്യക്തി ഭ്രാന്തമായ രീതിയില്‍ പ്രതികരിക്കുന്നത് എനിക്ക് തോന്നിയിട്ടുള്ളത് പങ്കാളി നഷ്ടപ്പെട്ട വിഷമത്തില്‍ മാത്രമല്ല നമ്മുടെ സ്ത്രീയെന്നും പുരുഷനെന്നുമുള്ള അഹംഭാവത്തിന് നേരെ കിട്ടിയ അടിയും കൂടിയായി പ്രണയ പരാജയത്തെ വ്യക്തിയും സമൂഹവും വ്യാഖ്യാനിക്കുന്നത് കൊണ്ടാണ്. നഷ്ട ബോധത്തെക്കാള്‍ തേച്ചിട്ടു പോയി ചതിച്ചിട്ടു പോയി എന്ന ചിന്താഗതികളാണ് പ്രതികാരത്തിലേക്ക് നയിക്കുന്നത്.

പ്രണയ പരാജയത്തില്‍ പെട്ട സ്ത്രീയുടേയും പുരുഷന്റെയും മാനസികാവസ്ഥ ഏകദേശം ഒരു പോലെ തന്നെയാണ്. പരാജയത്തെ നേരിടുന്ന രീതിയിലാണ് പുരുഷനും മറ്റു ലിംഗക്കാരും വ്യത്യസ്ഥമായിരിക്കുന്നത്. വ്യക്തമായി പറഞ്ഞാല്‍ സമൂഹം അടിച്ചേല്‍പ്പിച്ച തെറ്റായ വിശ്വാസങ്ങള്‍ തന്നെയാണ് അപക്വമായ പ്രണയ പ്രതികരണങ്ങള്‍ക്ക് കാരണം.

പ്രണയത്തില്‍ പരാജയപ്പെടുന്ന എല്ലാ പുരുഷന്‍മാരും പ്രതികാര ദാഹിയാകുന്നു എന്ന മട്ടിലാണ് പല പോസ്റ്റുകളും. പ്രണയ പരാജയത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാരും പെണ്‍ കുട്ടികളെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നില്ലല്ലോ?

പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷന് വിവാഹവും പ്രണയവുമെല്ലാം കീഴ്‌പ്പെടുത്തലുകളാണ്. അതു കൊണ്ട് തന്നെ അവന്റെ പ്രണയ സാമ്രാജ്യത്തില്‍ പ്രണയം തുടങ്ങാനും നിര്‍ത്താനുമുള്ള അവകാശം അവനു മാത്രമാണ്. തിരസ്‌കരിക്കാന്‍ അവനു മാത്രമേ അവകാശമുള്ളൂ അതിന് വിരുദ്ധമായി സ്ത്രീ പ്രണയം നിഷേധിക്കുകയോ പാതി വഴിയില്‍ വച്ച് അവസാനിപ്പിക്കുകയോ ചെയ്യുമ്പോള്‍ അത് അംഗീകരിക്കാന്‍ കഴിയാത്ത പുരുഷനാണ് പ്രതികാര ദാഹിയായി മാറുന്നത്. പ്രണയിനി അവന് അവന്‍ സ്വന്തമാക്കിയ അവന്റെ സ്വകാര്യ സ്വത്ത് ആണ് . അതിന്റെ ഉടമസ്ഥാവകാശം അവനു മാത്രമാണ്.

പ്രണയം പരാജയപ്പെടുന്ന സ്ത്രീകളാരും തന്നെ പ്രതികാരദാഹികളാകുന്നില്ല അതിന് കാരണം സ്ത്രീ അമിതമായി സ്‌നേഹിക്കാന്‍ കഴിവുള്ളത് കൊണ്ടാണ് എന്നു പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ജനിച്ച കാലം മുതല്‍ പല തരത്തിലുള്ള തിരസ്‌കാരങളിലൂടെ കടന്നു വരുന്നവളാണ് സ്ത്രീ. അബലയാണ് സ്ത്രീ എന്ന് പറയുമ്പോഴും മാനസകമായി കൂടുതല്‍ പക്വതയുള്ളവളാണ്. വാസ്തവത്തില്‍ പ്രണയ പരാജയം മാനസികമായി കൂടുതല്‍ തളര്‍ത്തുന്നത് സ്ത്രീയെ ആണ്. എങ്കിലും ഒട്ടുമിക്ക സ്ത്രീകളും അത് തരണം ചെയ്യുന്നു.

പ്രണയ പരാജയങ്ങള്‍ പല സ്ത്രീകളെയും പ്രതികാര ദാഹികളാക്കുന്നുണ്ട്. പക്ഷെ കാലാകാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ പ്രതികാരത്തിന് തിരഞ്ഞെടുക്കുന്ന വഴികള്‍ വ്യത്യസ്ഥമാണ്. ആത്മഹത്യ പ്രതികാരത്തിന്റെ ഒരു വഴി തന്നെയാണ്. ഒരിക്കല്‍ പ്രണയ പരാജയത്തില്‍ പെട്ട് ഞാന്‍ ഇപ്പോള്‍ ചാവും ചാവും എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കുന്നവളോട് ഞാന്‍ ചോദിച്ചു

നീ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്?

അവനെ ഒരു പാഠം പഠിപ്പിക്കാന്‍.

നീ മരിച്ചു എന്ന് പറഞ്ഞ് അവന്‍ പാഠം പഠിക്കുന്നില്ല എന്ന് പറഞ്ഞ് മനസ്സിലാക്കിയതോടെ അവളുടെ മരിക്കാനുള്ള ആഗ്രഹം തീര്‍ന്നു.

അതു കൊണ്ട് തന്നെ പ്രണയ പരാജയങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കാന്‍ കൗമാരക്കാരെ തയ്യാറാക്കുകയാണ് വേണ് ത്. അതിന് നമുക്ക് എന്ത് ചെയ്യാന്‍ കഴിയും? അതാണ് ആലോചിക്കേണ്ടത്.

എല്ലാ വികാരങ്ങളും അമര്‍ത്തി വച്ച് ജീവിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍ .ചിരി വന്നാല്‍ ചിരിക്കാനും സങ്കടം വന്നാല്‍ കരയാനും പേടിയാണ്. പ്രണയവും അതു പോലൊന്നാണ്. അടിച്ചമര്‍ത്തപ്പെട്ട വികാരം. ഒരിക്കലും ചര്‍ച്ച ചെയ്യപ്പെടാത്ത വികാരം. മ ക്കളുടെ പ്രണയം ചര്‍ച്ച ചെയ്യാന്‍ അച്ഛന മ്മമാര്‍ ഭയക്കുന്നു . സ്‌കൂളിലെ പ്രണയങ്ങളെ അദ്ധ്യാപകര്‍ കൈകാര്യം ചെയ്യുന്നത് എന്ത് മോശമായിട്ടാണ്?

വാര്‍ത്തകളില്‍ പലപ്പോഴും കണ്ടു വരുന്നത് പ്രണയം നിരസിച്ചതിന് പെട്രോള്‍ ഒഴിച്ച് കത്തിച്ചു എന്നൊക്കെയാണ്. പലപ്പോഴും അതൊക്കെ തെറ്റിദ്ധരിക്കപ്പെടുന്ന വാര്‍ത്തകളാണ് . പ്രണയത്തിന്റെ രഹസ്യ സ്വഭാവം കാ ത്തുസൂക്ഷിക്കുവാന്‍ വിധിക്കപ്പെട്ട സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തികളുടെ പാതി വഴിയിലെത്തിയ പ്രണയം പങ്കാളികളുടെ സ്വകാര്യതയാണ്. മക്കള്‍ പ്രണയിച്ചിരുന്നത് ഏതോ വലിയ തെറ്റായിട്ടാണ് മാതാപിതാക്കള്‍ കാണുന്നത്.

നമ്മളോര്‍ക്കേണ്ട ഒന്നുണ്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നവന്‍ നശിപ്പിക്കുന്നത് രണ്ട് ജീവനുകളാണ്. പെണ്‍കുട്ടിയുടേതും അയാളുടെതുമാണ്. യാതൊരു രഹസ്യ സ്വഭാവമില്ലാതെ പിടിക്കപ്പെടുമെന്നും ശിഷ്ടകാലം ജയിലില്‍ കഴിയുമെന്നും അറിഞ്ഞു കൊണ്ട് ഇങ്ങനെ ചെയ്യുമ്പോള്‍ മനസ്സിലാക്കേണ്ടത് പ്രതികാരദാഹിയായി സമനില തെറ്റി നില്‍ക്കുന്ന അവസ്ഥയിലാണ് അവന്‍. അവനെ ഈ അവസ്ഥയില്‍ എത്തിച്ചതാരാണ്? നമ്മള്‍ കുറ്റപ്പെടുത്തുന്ന അവന്റെ അച്ഛനും അമ്മയും മാത്രമല്ല അവന്‍ ജീവിക്കുന്ന സമൂഹം , അദ്ധ്യാപകര്‍, കൂട്ടുകാര്‍, അവന് സുലഭമായി കിട്ടുന്ന ലഹരി വസ്തുക്കള്‍ നിയമ വ്യവസ്ഥ തുടങ്ങി ഒട്ടനവധി ഘടകങ്ങള്‍ ഉണ്ട്.

എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെയാണ് നമ്മടെ നാട്ടുകാര്‍ പ്രണയ യുദ്ധത്തില്‍ പരാജയപ്പെട്ടവരോട് പെരുമാറുന്നത്. ഈ കാര്യത്തില്‍ പെണ്ണ് ആണിനേക്കാള്‍ ഭാഗ്യവതിയാണ്. പരാജയപ്പെട്ടവളെ ആശ്വസിപ്പിച്ചും സ്‌നേഹത്തോടും കൂട്ടുകാരികള്‍ കൊണ്ടുനടക്കുന്നു. ആണ്‍കുട്ടികളടെ കാര്യം കഷ്ടമാണ്. കഴിവ് കെട്ടവന്‍ എന്ന മട്ടിലുള്ള കൂട്ടുകാരുടെ കളിയാക്കലുകള്‍ അവനെ ഭ്രാന്തനാക്കുന്നു. നീ ഒരാണല്ലേ? തേച്ചിട്ട് പോയ വളോട് പ്രതികാരം ചെയ്യൂ. അല്ലെങ്കില്‍ നിന്റെ പ്രണയം സ്വീകരിക്കാത്തവളെ പോയി നശിപ്പിക്കൂ എന്നൊക്കെയുള്ള ആക്രോശങ്ങള്‍ക്ക് നടുവില്‍ ജിവിക്കുന്ന യുവാവ് ഇങ്ങനെ പെരുമാറുന്നതില്‍ അത്ഭുതമെന്ത്?

കണക്കും സയന്‍സും ആവശ്യത്തിലധികം കുത്തികയറ്റുന്ന സ്‌കൂള്‍ പഠന കാലത്ത് ജീവിത നിപുണതാ വിദ്യാഭ്യാസം നല്‍കുന്നുണ്ടോ? പ്രണയത്തെ കുറിച്ചുള്ള ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താറുണ്ടോ?. പ്രണയിക്കരുത് എന്ന് പറയാനല്ലാതെ പ്രണയ പരാജയത്തെക്കുറിച്ച് നമ്മള്‍ ചര്‍ച്ച ചെയ്യാറു ണ്ടോ? പ്രണയ പരാജയങ്ങള്‍ മാത്രമല്ല ഏതെങ്കിലും പരാജയങ്ങള്‍ നമ്മള്‍ കൈകാര്യം ചെയ്യുന്നതിനെ പറ്റി ചിന്തിക്കാറുണ്ടോ?

തിരസ്‌കാരം പലപ്പോഴും ആത്മ പരിശോധനയ്ക്കുള്ള അവസരമാണ്. ഓരോ തിരസ്‌കാരവും ഉള്‍ക്കൊള്ളാനാണ് നമ്മള്‍ പഠിപ്പിക്കേണ്ടത്. പ്രതികാരം നശിപ്പിക്കുന്നത് നമ്മളെ തന്നെയാണ് എന്ന സത്യം ചെറിയ പ്രായത്തിലേ കുട്ടികളെ മനസ്സിലാക്കണം.

തിരസ്‌കരിക്കുന്നത് പോലും ഒരു കലയാണ്. ഇഷ്ടമാണെന്ന് പറയുന്ന സൗമ്യതയോടെ ഇഷ്ടമില്ല എന്നു പറയാനും നമ്മള്‍ പഠിക്കണം. പ്രണയം ഇഷ്ടമില്ല എന്ന് പറയുമ്പോള്‍ വ്യക്തിഹത്യ നടത്തേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് പ്രണയമില്ലെങ്കില്‍ ഇല്ല എന്നു തന്നെ പറയണം. ലോകത്തെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം തുറന്ന് പറച്ചില്‍ തന്നെയാണ്. മറ്റൊരാളിന്റെ കണ്ണില്‍ നോക്കി പറയാനുള്ളത് കുത്തി നോവിക്കാതെ ലളിതമായി വളച്ചുകെട്ടലില്ലാതെ പറഞ്ഞു നോക്കൂ. നിങ്ങള്‍ പ്രണയം തിരസ്‌കരിക്കുമ്പോഴും അറുത്തുമുറിച്ച് മാറ്റുമ്പോഴും ഇന്നലെ വരെ പ്രിയപ്പെട്ടവരായിരുന്നവരോട് സ്‌നേഹത്തിന്റെ ഭാഷയില്‍ സംസാരിച്ചു നോക്കൂ. അത്തരത്തിലുള്ള പ്രണയ തിരസ്‌കാരത്തില്‍ പ്രതി കാരത്തിനുള്ള സാധ്യത വളരെ കുറവാണ്.

ഇനി വളരെ ചെറിയ വിഭാഗമുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ളവര്‍, ലഹരിക്കടിമയായവര്‍ മുകളിലെഴുതിയതൊന്നും അവര്‍ക്ക് ബാധകമല്ല. അത്തരക്കാരെ അകറ്റി നിര്‍ത്തുക എന്ന് മാത്രമേ വഴിയുള്ളൂ. അപകടം മുന്‍കൂട്ടി വീട്ടുകാരെ അറിയിക്കുകയും നിയമ സഹായവും പോലീസ് സഹായവും തേടുക മാത്രമേ വഴിയുള്ളൂ.

കഥയും കവിതയുമൊന്നുമല്ല ജീവിതമെന്നും പ്രണയമെന്ന നൂല്‍ പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കാല്‍ തെന്നി വീഴാന്‍ സാധ്യതയുണ്ടെന്നും കൂട്ടത്തിലൊരാള്‍ക്ക് ബോറടി ക്കുന്നുണ്ടെങ്കില്‍ പിരിഞ്ഞു പോകാനുള്ള അവകാശമുണ്ടെന്നുമെന്നുള്ള പരുക്കന്‍ യാഥാര്‍ത്ഥ്യം അംഗീകരിച്ചാല്‍ സന്തോഷത്തോടെ പ്രണയത്തിന്റെ വര്‍ണ്ണങ്ങള്‍ ആഘോഷി ക്കാം. പ്രണയം തേച്ചിട്ട് പോകാന്‍ കൂടി ഉള്ളതാണ് .അതാണ് യാഥാര്‍ത്ഥ്യം.
പ്രണയം തേച്ചിട്ട് പോകാന്‍ കൂടി ഉള്ളതാണ് (സന്ധ്യ ജി .ഐ)
Join WhatsApp News
josecheripuram 2019-04-05 17:21:07
We have to teach our children at home that everything they ask for is not given for granted.Rejection is a part of our life,even after marriage sex is not some thing as you think is your right.If your partner is not in a mood to have sex you should abstain from it or else it is a rape.Our movies/T.V.shows still shows man is the Boss."I will do what I want to with my wife,I will beat her or kill her who are you ask?These kind of conversation& Physical abuse should be stopped in T.V shows&Movies.
വിദ്യാധരൻ 2019-04-06 10:55:19
ഇന്ന് കേരളത്തിൽ പ്രണയത്തിന്റെ പേരിൽ നടക്കുന്ന പല അതിക്രമങ്ങൾക്കും കാരണം ലൈംഗിക വിദ്യാഭാസം വളരെ ചെറുപ്പത്തിലേ തുടങ്ങണം എന്നതിന്റെ ആവശ്യകഥയെ  ശക്തമായി എടുത്തു കാണിക്കുന്നു   .  ഇത് ആരംഭിക്കേണ്ടത് വീടുകളിലാണ് .  സ്ത്രീയും പുരുഷനും പ്രകൃതി നിശ്ചയിച്ചിട്ടുള്ള പ്രത്യുത്പാദനത്തിന്റെ ഭാഗമാണെന്നും അവർ പരസ്പരം ആകർഷിക്കപ്പെടതക്ക രീതിയിലാണ് സൃഷിക്കപ്പെട്ടിട്ടുള്ളതെന്നും, അവരുടെ ശരീര ഘടനയിലുള്ള വ്യത്യാസങ്ങളും എല്ലാം അവരെ പഠിപ്പിക്കേണ്ടതാണ് . 'ദൈവത്തിന്റെ വരദാനമാണെന്നും' ദൈവം തരുന്നു ദൈവം എടുക്കുന്നു എന്നൊക്കെയുള്ള അവ്യക്തവും യുക്തിക്ക് നിരക്കാത്തതുമായ കാര്യങ്ങൾ പറഞ്ഞു കൊടുക്കുക .  കുട്ടികളുടെ ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ ആരംഭിക്കുന്നതോടൊപ്പം, ബോധവത്ക്കരണം സ്‌കൂളുകളിലും, ഗവണ്മെന്റ് തലത്തിലും ഏർപ്പെടുത്തുക . പക്ഷെ ഇതിന് നേതൃത്വം കൊടുക്കാൻ സന്മാർഗ്ഗികമായി യോഗ്യതയുള്ളവരായിരിക്കണം .  പ്ലെയിനിൽ കയറി സ്ത്രീകളുടെ ചന്തിക്കു കുത്തുന്നവനെയും, ഐസ്ക്രീം കൊടുത്ത് സ്ത്രീകളെ മയക്കി പീഡിപ്പിക്കുന്നവനെയും, സൂര്യനെല്ലിയിലെ പെൺകുട്ടിയെ പീഡിപ്പിച്ചിട്ട് ഡൽഹിയിൽ പോയി ഒളിച്ചിരിക്കുന്നവനെയും ഇതിന്റെ നേതൃത്വം ഏൽപ്പിക്കാതിരിക്കുക . 
               ഇന്ന് ലോകത്തിന്റെ നേതൃത്വങ്ങളെ കുറിച്ചുള്ള മനോഭാവം മാറിക്കൊണ്ടിരിക്കുകയാണ് .  ഇരുപത് സ്ത്രീകളുടെ പാവാടയ്ക്കുള്ളിൽ കയ്യിട്ടാലും, സ്ത്രീകളുടെ ഗുഹ്യഭാഗങ്ങളിൽ കയ്യിട്ടാലും . മാനുഷരെ പട്ടാപകൽ റോഡിൽ ഇട്ട് വെട്ടിയും കുത്തിയും കൊന്നാലും, വെടിവച്ചു കൊന്നാലും അവരെ നേതാവാക്കി പൊക്കി കൊണ്ട് നടക്കുകയും അവരെ കുറിച്ച് കവിതകളും ലേഖനങ്ങളും ഒരു ഉളുപ്പും ഇല്ലാതെ എഴുതി വിടുകയും ചെയ്യുന്ന, സദാചാരവിരുദ്ധവും നീതികെട്ടതുമായ ഒരു സമൂഹത്തിലാണ് നാം താമസിക്കുന്നത് .  ആ സമൂഹത്തിലേക്ക് നാം നമ്മളുടെ ആൺ കുട്ടികളെയും പെൺകുട്ടികളെയും പ്രണയമെന്ന സുന്ദരമായ വികാരത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ബോധവത്ക്കരിക്കുമെങ്കിൽ അത് ഒരു പരിധിവരെ പല അപകടങ്ങളും ഒഴിവാക്കും .  അമ്മയ്ക്കും അച്ഛനും  കൂട്ടുത്തരവാദിത്വത്തോടെ ചെയ്യേണ്ട ഒന്നാണ് ഇത് .  പെൺകുട്ടികളെ അനാവശ്യമായി കേറിപിടിക്കുന്നതും . ഉമ്മ വയ്ക്കുന്നതും ഒക്കെ സന്മാർഗ്ഗികമായും നിയമപരമായും തെറ്റാണെന്ന് അച്ഛനും , അപ്പനും കുട്ടികളെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . അതുപോലെ പെൺകുട്ടികളുടെ അതിർവരമ്പുകൾ എവിടെയാണെന്നും , ആർത്തവം എന്നത് ഈ അപകടകരമായ പ്രണയകാറ്റിലേക്ക് വലിച്ചിഴച്ച് പ്രത്യുദപ്പാതനത്തിന് പ്രകൃതി ഒരുക്കുന്ന ഒരുക്കുന്ന ഒരു സാഹചര്യമാണെന്നും അതിൽ വളരെ ചെറുപ്പത്തിലേ ചെന്ന് വീണാലുള്ള ഭവിഷ്യത്തുകൾ എന്താണെന്നും പറഞ്ഞു കൊടുക്കേണ്ടതാണ് . അല്ലാതെ സെക്സ് പാപമാണെന്നും , കുട്ടികൾ ദൈവത്തിന്റെ വരദാനമാണെന്നും പറഞ്ഞു അവരെ കൂടുതൽ ചിന്താ കുഴപ്പത്തിൽ ആക്കാതിരിക്കുക 

സാനന്ദം സദനം സുതാശ്ച സുധിയ 
           കാന്താ ന ദുർഭാഷിണി
സന്മിത്രം സുധനം സ്വയോഷിതി രതി -
            ശ്ചാജഞാപരഃ സേവക 
ആതിഥ്യം ശിവപൂജനം പ്രതിദിനം 
           മൃഷ്ടാനപാനം ഗൃഹേ 
സാധോ സംഗമുപാസതേഹി  സതതം 
           ധന്യോ ഗൃഹസ്ഥാശ്രമം  (ചാണക്യൻ )

ആനന്ധത്തോടുകൂടിയ ഭവനം , സല്ബുദ്ധിയുള്ള മക്കൾ , ദുർഭാഷിണിയില്ലാത്ത ഭാര്യ, നല്ല മിത്രങ്ങൾ, നല്ല സമ്പത്ത്, സ്വഭാര്യയിൽ മാത്രം രതി ക്രീഡ, ആജ്ഞാനിവർത്തികളായ സേവകർ , അതിഥിസൽക്കാരം , ഈശ്വരപൂജ, തൃപ്തിയാവോളം ഭക്ഷണപാനീയങ്ങൾ, എല്ലായിപ്പോഴും സത്തുക്കളുമായുള്ള സംസർഗ്ഗം ഇപ്രകാരം ഗൃഹസ്ഥാശ്രമം ധന്യമായി തീരുന്നു ,

(ഇതൊന്നും ഭാര്യാഭർത്താക്കന്മാരുടെ കൂട്ടായ ശ്രമത്താലല്ലാതെ സാധിക്കയില്ല എന്ന് ഓർത്തിരിക്കുക ) 


ഒരു നല്ല ചർച്ചക്ക് വഴിയൊരുക്കുന്ന ലേഖനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക