Image

രാഹുലിന്റെ വരവ് മാനത്തു കണ്ട മാധ്യമം; ബി.ജെ.പി.ക്ക് കനത്ത അടി; സി.പി.എമ്മിന് ഇരുട്ടടിയും (ഫ്രാന്‍സിസ് തടത്തില്‍)

ഫ്രാന്‍സിസ് തടത്തില്‍ Published on 04 April, 2019
രാഹുലിന്റെ വരവ് മാനത്തു കണ്ട മാധ്യമം;  ബി.ജെ.പി.ക്ക് കനത്ത അടി; സി.പി.എമ്മിന് ഇരുട്ടടിയും (ഫ്രാന്‍സിസ് തടത്തില്‍)
രാഹുല്‍ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പി.ക്കു കിട്ടിയ അപ്രതീക്ഷിത അടിയാണെങ്കില്‍ സഖ്യകക്ഷിയായ സി.പി.എമ്മിനു കിട്ടിയത് ഓര്‍ക്കാപ്പുറത്തുള്ള ഇരുട്ടടിയും. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ പെടാപ്പാടുപെടുന്ന സി.പി.എമ്മിനു ഇക്കുറി ഏക പ്രതീക്ഷ കേരളം മാത്രമായിരുന്നു. ഒരു കാലത്ത് സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും മണിപ്പൂരിലുമൊക്കെ നാമമാത്രമായ സീറ്റുകള്‍ മാത്രമാണ് അവര്‍ക്ക് നിലവിലുള്ളത്.

ഇക്കുറി ബംഗാളില്‍ മമത ബാനര്‍ജിയുടെ ത്രിണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിനു ഏതാനും സീറ്റുകള്‍ ലഭിച്ചേക്കാം. എന്നാല്‍ പഴയ പടക്കുതിരകളായ സി.പി.എം. സംപൂജ്യരായാല്‍ അത്ഭുതപ്പെടേണ്ടതില്ല. അതിനിടെയാണ് രാഹൂല്‍ ഗാന്ധി വഴി കേരളത്തിലും സര്‍വനാശത്തിനു വഴിയൊരുങ്ങുന്നത്. ജ്യോതി ബസു എന്ന അതികായകന്റെ മികവില്‍ അടക്കി വാണിരുന്ന ബംഗാളിലെ അ്ശ്വമേധത്തിനു കടിഞ്ഞാണിട്ട ദീദി എന്നു വിളിക്കുന്ന മമ്ത ബാനര്‍ജി പിന്നീട് അവരെ നിലംപരിശാക്കിക്കൊണ്ട് ബംഗാളിലെങ്ങും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പു രംഗം ചൂടുപിടിച്ചപ്പോള്‍ മുതല്‍ ആരംഭിച്ച ഏറ്റവും വലിയ ചര്‍ച്ചയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം. പ്രവര്‍ത്തകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് കേരളത്തിലെ വിവിധ നേതാക്കള്‍ നടത്തിയ ചില പ്രസ്താവനകള്‍ ആദ്യമൊന്നും ആര്‍ക്കും വിശ്വസനീയമായി തോന്നിയില്ല. രാഹുല്‍ വരുമെന്ന് ആദ്യ വെടിപൊട്ടിച്ചത് മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയാണ്. പിന്നീട് അദ്ദേഹം തന്റെ വാക്കില്‍ നിന്ന് മലക്കം മറിഞ്ഞെങ്കിലും കെ.പി.സി.സി. പ്രസിഡന്റ് അടക്കമുളള ചില നേതാക്കന്മാര്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ സാധൂകരിച്ചു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പി.സി. ചാക്കോ മാത്രം ഇക്കാര്യം ശക്തമായി നിഷേധിച്ചു. ചാക്കോ ഉള്‍പ്പെടെയുള്ള ചില നേതാക്കന്മാര്‍ രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പിന്നാമ്പുറ സംസാരം. അതിനാല്‍ കേരളത്തിലെ ഗ്രൂപ്പ് രാ്ഷ്ട്രീയ കളിയും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി കൂട്ടിവായിക്കേണ്ടതാണ്.

കഴിഞ്ഞ രണ്ടാഴ്ചയായി രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകും, ആകില്ല, ആയേക്കാം എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആകേണ്ടത് കോണ്‍ഗ്രസിന്റെ വിജയത്തിനു അനിവാര്യമായ കാര്യമാണെന്ന രാഹുലിന്റെ പ്ര്സ്താവന വന്നതോടെയാണ് കളികാര്യമാണെന്ന് ഏവര്‍ക്കും ബോധ്യമായത്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിദൂര സ്വപ്നങ്ങളില്‍ പോലും കാണാത്ത സംഭവമാണ് ഒടുവില്‍ വയനാട്ടില്‍ സംഭവിച്ചത്.

രാഹുല്‍ഗാന്ധി വയനാട്ടില്‍ നില്‍ക്കുന്നതിനു എതിരു പറയുന്നവരോട് ഒരു ചോദ്യം. എന്തുകൊണ്ട് രാഹുല്‍ഗാന്ധിക്കു വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആയിക്കൂട? അമേഠിയില്‍ പരാജയഭീതി മൂലം രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിഹസിച്ചത്. ന്യൂഡല്‍ഹിക്കാരനായ രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ മത്സരിച്ചപ്പോള്‍ ഇല്ലാതിരുന്ന കോലാഹലമെന്താ അദ്ദേഹം വയനാട്ടില്‍ മത്സരിക്കുമ്പോഴുണ്ടാകുന്നത്. വയനാട് എന്താ അത്ര മോശം സ്ഥലമാണോ? ഒരു ഇന്ത്യന്‍ പൗരന് രാജ്യത്തിലെ ഏതു മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാകാമെന്നാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത്. അങ്ങനെയെങ്കില്‍ രാഹുലിന് ഇന്ത്യയിലെ ഏതു മണ്ഡലത്തിലും മത്സരിക്കാനുള്ള അവകാശമുണ്ട്.

ഡല്‍ഹിയില്‍ നിന്ന് രാഹുല്‍ കേരളത്തിലേക്ക് ഒളിച്ചോടി എന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ഒരു ചോദ്യം. താങ്കള്‍ മത്സരിക്കുന്ന വരണാസി മണ്ഡലം താങ്കളുടെ സ്വദേശമായ ഗുജറാത്തിലാണോ? യു.പി.യിലെ വാരണാസി മണ്ഡലത്തില്‍ നിന്ന് സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ മത്സരിക്കാന്‍ ധൈര്യം കാണിക്കാത്ത മോഡി നിലപാട് ഇരുകാലിലും മന്തുള്ളവന്‍ ഒരു കാലില്‍ മന്തുള്ളവനെ നോക്കി 'ദേ മന്തുകാലന്‍ പോകുന്നു' എന്നു പറയുന്ന പോലെയായി.


കോണ്‍ഗ്രസിന്റെ ആവനാഴിയിലെ വജ്രായുധമായിട്ടാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം കരുതി വച്ചിരുന്നത്. ഇത് ഇന്നും ഇന്നലെയുമൊന്നും എടുത്ത തീരുമാനമല്ല. തെരഞ്ഞെടുപ്പ് വിജ്ഞാപനനം വരുന്നതിനു എത്രയോ മുമ്പ് എടുത്ത തീരുമാനമാണ്. രഹസ്യമാക്കിയ തീരുമാനം അവസാന നിമിഷം പരസ്യമാക്കാനായിരുന്നു പദ്ധതി ഇതിന്റെ സൂത്രധാരന്‍ മറ്റാരുമല്ല. സാക്ഷാല്‍ ഉമ്മന്‍ചാണ്ടിതന്നെ. എന്നാല്‍ അദ്ദേഹം തന്നെ അറിയാതെ രഹസ്യം പരസ്യമാക്കി. പിന്നീടദ്ദേഹം തന്റെ പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞ് വീണ്ടും അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. അതും മറ്റൊരു സ്ട്രാറ്റജിയാണത്രെ.

രാഹുല്‍ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന തീരുമാനം 2018 സ്പെറ്റംബര്‍ മാസത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. അദ്ദേഹം വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് 'മംഗളം' ദിനപത്രത്തിലാണ്. മംഗളം ദിനപത്രത്തില്‍ കോട്ടയം ബ്യൂറോ ചീഫ് ഷാലു മാത്യുവിന്റേതായി 2018 സെപ്തംബര്‍ 28ന് വന്ന വാര്‍ത്തയില്‍ രാഹുലിനെ കേരളത്തില്‍ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതായി സൂചിപ്പിച്ചിരുന്നു. യുക്തിക്കു നിരക്കാത്ത വാര്‍ത്തയെന്ന് മറ്റു മാധ്യമങ്ങള്‍ പുച്ഛിച്ചു തള്ളിയ ഈ വാര്‍ത്ത യാഥാര്‍ത്ഥ്യമായതോടെ ഷാലു മാത്യുവിന് മാധ്യമ ലോകത്തുനിന്നും പ്രശംസകള്‍ ചൊരിയുകയാണ്.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ആലോചന നടത്തുമെന്ന തരത്തില്‍ വന്ന വാര്‍ത്തയുടെ ശ്രോതസ് ഉമ്മന്‍ ചാണ്ടിയാണെന്ന് ഉറപ്പാണ്, കാരണം ഉമ്മന്‍ ചാണ്ടിയുമായി വര്‍ഷങ്ങളോളം അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് ഷാലു മാത്യു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന പി.ടി.ചാക്കോ കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും അടുപ്പവും വിശ്വാസവുമുള്ള മാധ്യമ പ്രവര്‍ത്തകനാണ് ഷാലുമാത്യു. എന്നാല്‍ ഷാലുവിന്റെ വാര്‍ത്ത മുഖവിലക്കെടുക്കാന്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി. പ്രസിഡന്റുമുള്‍പ്പെടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞില്ല. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി രാഹുലിന്റെ വിശ്വസ്തനായി തീര്‍ന്ന ഉമ്മന്‍ചാണ്ടിയുടെ ഈ അടവുതന്ത്രം കോണ്‍ഗ്രസിന് ദക്ഷിണേന്ത്യയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനുതകുന്നതാണ്.

മലയാളികള്‍ക്കും അയല്‍സംസ്ഥാനങ്ങള്‍ക്കും സുപരിചിതമായ വയനാട് ലോക്സഭാ മണ്ഡലത്തെക്കുറിച്ച് ഒരു പക്ഷേ ഉത്തരേന്ത്യക്കാര്‍ക്ക് കേട്ടുകേഴ്വി പോലുമുണ്ടാകില്ല. കാരണം വയനാട് മണ്ഡലം രൂപീകരിച്ച ശേഷമുള്ള നാലാമത്തെ തെരഞ്ഞെടുപ്പാണിത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെടുമെന്ന് സി.പി.എം. നേതാക്കള്‍ വാതോരാതെ പ്രസംഗിച്ചു നടക്കുന്നുണ്ട്. വയനാട്ടില്‍ ഒരിക്കല്‍പ്പോലും പച്ചതൊടാത്ത സി.പി.എമ്മിന് കോണ്‍ഗ്രസിന്റെ അഖിലേന്ത്യ, അധ്യക്ഷനെ പരാജയപ്പെടുത്തും എന്നു പറഞ്ഞതുതന്നെ 2019 ലെ ഏറ്റവും വ്ലിയ തമാശയാണ്. വയനാട് മണ്ഡലമെന്നു പറഞ്ഞാലും ചുരത്തിന്റെ താഴെയുള്ള നാലഞ്ച് നിയമസഭാമണ്ഡലങ്ങള്‍ യു.ഡി.എഫിന്റെ കുത്തക സീറ്റുകളാണ്. മുസ്ലീം ലീഗിനും കോണ്‍ഗ്രസിനും കട്ടക്കു കട്ട എന്നവിധം സ്വാധീനമാണ് ഈ മണ്ഡലത്തിലുള്ളത്. കോണ്‍ഗ്രസിന്റെ പഴയ കുത്തകയായിരുന്ന തിരുവമ്പാടി മണ്ഡലം പുനര്‍നിര്‍ണ്ണയത്തിനു ശേഷം ലീഗിനു സമ്മാനിച്ചപ്പോള്‍ പകരം ലീഗില്‍ നിന്നും പിടിച്ചു വാങ്ങിയ മണ്ഡലമാണ് വയനാട്.

കെ. മുരളീധരനും അന്തരിച്ച എം.ഐ.ഷാനവാസും തുടര്‍ച്ചയായി മത്സരിച്ച ഈ മണ്ഡലം 'ഐ' ഗ്രൂപ്പിന്റെ കൈയ്യില്‍ നിന്ന് തട്ടിയെടുക്കാനുള്ള ഉമ്മന്‍ചാണ്ടിയിയുടെ കൂര്‍മ്മബുദ്ധിയില്‍ ജനിച്ചതാണ് രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റു ടി.സിദ്ദിഖിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയായി ആദ്യം പ്രഖ്യാപിച്ചത്. സാധ്യതാ പട്ടികയില്‍ സിദ്ദിഖിന്റെ പേരുവന്നപ്പോള്‍ ഐ ഗ്രൂപ്പുകാര്‍ ഞെട്ടിയെങ്കിലും തീരുമാനം അന്തിമമാണെന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെ ഐ ഗ്രൂപ്പുകാര്‍ അടങ്ങി. ഐ ഗ്രൂപ്പുകാരുടെ മുറുമുറുപ്പിനിടെ സിദ്ദിഖ് മണ്ഡലത്തില്‍ പ്രചാരണവും ആരംഭിച്ചു. ഇതിനിടെ ഉമ്മന്‍ചാണ്ടി രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രസ്താവിച്ചപ്പോള്‍ രാഹുലിനുവേണ്ടി സ്ഥാനാര്‍ത്ഥിത്വം ഒഴിയാന്‍ തയ്യാറാണെന്ന് ഉടനടി സിദ്ദിഖിന്റെ പ്രസ്താവനയും വന്നു. അങ്ങനെ നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ ആകാംക്ഷയും ആശയകുഴപ്പവും സൃഷ്ടിച്ച് സാക്ഷാല്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ടിക്കറ്റ് എടുത്തു. സിദ്ദിഖ് രാഹുല്‍ഗാന്ധിക്കുവേണ്ടി വഴിമാറുകയും ചെയ്തു.

വയനാട്ടിനു പുറമെ അമേഠിയിലും മത്സരിക്കുന്ന രാഹുല്‍ രണ്ടിടത്തും വിജയിച്ചാല്‍ വയനാട്ടില്‍ നിന്ന് രാജിവച്ചേക്കും. അങ്ങനെ വരുമ്പോഴുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പില്‍ പഴയ സ്ഥാനാര്‍ത്ഥിയായിരുന്ന സിദ്ദിഖ് തന്നെ കുപ്പായമണിയും. അങ്ങനെ ഉമ്മന്‍ചാണ്ടി ഒരു വെടിക്ക് ഒരായിരം പക്ഷികളെയാണ് വീഴ്ത്തിയത്. രാഹുല്‍ഗാന്ധി തരംഗത്തില്‍ കേരളത്തില്‍ യു.ഡി.എഫ്. തകര്‍ത്തു വാരുമ്പോള്‍ ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും രാഹുലിന്റെ സാന്നിധ്യത്തില്‍ യു.പി.എ. സഖ്യം വന്‍ മുന്നേറ്റം നടത്തിയേക്കാം. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് നാടുകടത്തിയ ഉമ്മന്‍ചാണ്ടി അവിടെ എന്തുചെയ്യാനാണ് എന്നു പരിഹസിച്ച ഐ ഗ്രൂപ്പുകാര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ എട്ടിന്റെ പണികിട്ടിയത്. ഉപതെരഞ്ഞെടുപ്പില്‍ സിദ്ദിഖ് ജയിച്ചാല്‍ പിന്നെ ഒരിക്കലും എ ഗ്രൂപ്പുകാര്‍ വയനാട് സീറ്റ് വിട്ടു കൊടുക്കുകയില്ല.

എന്തു കളികളിച്ചും ബി.ജെ.പി. ഉത്തരേന്ത്യയില്‍ മുന്നേറ്റം നടത്തുമെന്ന തിരിച്ചറിവാണ് കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശത്തെ പൂര്‍ണ്ണ മന്സോടെ സ്വീകരിക്കാനിടയാക്കിയത്. കര്‍ണ്ണാടക, തമിഴ്നാട്, സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളിലൊന്നായതിനാലാണ് വയനാട് മണ്ഡലത്തില്‍ രാഹൂല്‍ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്. പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സിദ്ദിഖ് ഉള്‍പ്പെടെ കേരളത്തിലെ ദേശീയ നേതാക്കള്‍ രാഹുല്‍ഗാന്ധിക്കുവേണ്ടി പ്രചാരണ രംഗത്തുള്ളപ്പോള്‍ ദക്ഷിണേന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ കൂടുതല്‍ പ്രചരണം നടത്താന്‍ രാഹുലിനു സമയം ലഭിക്കും. കര്‍ണ്ണാടകയിലെ ബി.ജെ.പി. സാന്നിധ്യത്തെ സമൂലം ഉന്മൂലനം ചെയ്യുകയാണ് വയനാട് മണ്ഡലത്തിലെ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലെ മൈസൂര്‍, ബാംഗ്ലൂര്‍ എന്നീ പ്രധാന നഗരങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രമാണ് ഗൂഢല്ലൂരിലേക്കുള്ളത്. ആന്ധ്ര, തമിഴ്നാട്, ഗോവ, പോണ്ടിച്ചേരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വം ്സ്വാധീനം ചെലുത്തും.

രാഹുല്‍ ഗാന്ധി കേരളത്തിലെ 20 പേരില്‍ ഒരാളെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത് . അതിനര്‍ത്ഥം 20 എം.പി.മാരില്‍ ഒരാളായി രാഹുല്‍ ഗാന്ധിയെ പിണറായി പ്രവചിച്ചു കഴിഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിതമായ വയനാട് പ്രവേശനം ബി.ജെ.പി.യെയും ആശയക്കുഴപ്പത്തിലാക്കി. അമേഠിയില്‍ ബി.ജെ.പി.യുടെ ശക്തയായ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെത്തന്നെയാണ് ഇക്കുറിയും നിര്‍ത്തിയിരിക്കുന്നത്. യാതൊരു വിജയപ്രതീക്ഷയുമില്ലാത്ത വയനാട് എന്‍.ഡി.എ.സഖ്യകക്ഷിയായ ബി.ഡി.ജെ.എസിനും വിട്ടുകൊടുക്കുകയായിരുന്നു. രാഹുലിന്റെ വരവിനു മുമ്പ് ബി.ഡി.ജെ.എസിനു പോലും താല്‍പ്പര്യമില്ലാത്ത മണ്ഡലമായിരുന്നു വയനാട്. രാഹുലിനെതിരെ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളി അവസാന നിമിഷമാണ് വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തുഷാര്‍ മത്സരിക്കുന്നതിനോട് അതൃപ്തി പ്രകടിപ്പിച്ച എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറിയും തുഷാറിന്റെ പിതാവുമായ വെള്ളാപ്പള്ളി നടേശന്‍ തന്റെ അഭിപ്രായങ്ങള്‍ പലകുറി മാറ്റിമറിച്ചു..

നേരത്തെ തൃശ്ശൂരില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയും പിന്നീട് മത്സരിക്കാനെയില്ല എന്ന് നിലപാടെടുത്ത തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥി ആയതോടെ വയനാട് മണ്ഡലം ചോദിച്ചുവാങ്ങി. കാരണം മറ്റൊന്നുമല്ല. ലോകമാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന വയനാട് മണ്ഡലത്തില്‍ ദേശീയ തലത്തിലെ എതിരാളിയായി എന്‍.ഡി.എ.യുടെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ ലഭിക്കുന്ന മാധ്യമ ശ്രദ്ധ കുറച്ചൊന്നുമല്ലെന്ന് വെള്ളാപ്പള്ളിമാര്‍ക്ക് നന്നായിട്ടറിയാം. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ബി.ജെ.പി.ക്ക് ഈ മണ്ഡലത്തില്‍ ദേശീയതലത്തില്‍ പ്രഗല്‍ഭരായ മറ്റേതെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയുമായിരുന്നു. സുഷ്മ സ്വരാജിനെപ്പോലെ പ്രതിഛായയുള്ള ഒരു നേതാവിനെ നിര്‍ത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു വലിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാമായിരുന്നു.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ പകച്ചുപോയ ബി.ജെ.പി. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വന്നതോടെ ഇടി വെട്ടിയവന്റെ തലയില്‍ പാമ്പുകടിച്ചു എന്ന അവസ്ഥയിലായി.

caption: 2018 സെപ്റ്റംബര്‍ 28നു പ്രസിദ്ധീകരിച്ചത്. ( Courtesy : Mangalam Daily)
രാഹുലിന്റെ വരവ് മാനത്തു കണ്ട മാധ്യമം;  ബി.ജെ.പി.ക്ക് കനത്ത അടി; സി.പി.എമ്മിന് ഇരുട്ടടിയും (ഫ്രാന്‍സിസ് തടത്തില്‍)
Join WhatsApp News
Joseph 2019-04-05 06:11:56
  
പ്രസിദ്ധ ജേർണലിസ്റ്റായ ശ്രീ ഫ്രാൻസീസ് തടത്തിലിന്റെ ഈ ലേഖനം ജിജ്ഞാസ നിറഞ്ഞതും  വളരെയേറെ കാര്യവിവരങ്ങളുൾപ്പെട്ടതുമാണ്. തിരഞ്ഞെടുപ്പു സംബന്ധിച്ച നല്ലയൊരു ലേഖനം കാഴ്ച വെച്ച ലേഖകനെ അഭിനന്ദിക്കുന്നു. 

രാഹുൽ ഗാന്ധിയുടെ വയനാട് മത്സരവുമായി ബന്ധപ്പെട്ട '2018-സെപ്റ്റംബർ-മംഗളത്തിന്റെ പേപ്പർ ക്ലിപ്പ്' പ്രധാനമന്ത്രിയുടെ പതിവായുള്ള പൊള്ളയായ പ്രസ്താവനകൾക്ക് ഒരു തിരിച്ചടിയാണ്. 

ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിമാർ എല്ലാവരും തന്നെ ചരിത്ര ബോധമുള്ളവരായിരുന്നു. ബിജെപി യുടെ പ്രധാന മന്ത്രിയായിരുന്ന വാജ്‌പേയി പോലും ഇന്ത്യക്ക് അഭിമാനം തന്നെയാണ്. പക്ഷെ നരേന്ദ്ര മോദിയുടെ നിരവധി വിഡ്ഢിത്തരങ്ങൾ ഇന്ത്യയെ ലോക രാഷ്ട്രങ്ങളുടെ മുമ്പിൽ അപമാനിതയാക്കുന്നു. പലപ്പോഴും അദ്ദേഹത്തിൻറെ പ്രസ്താവനകൾ ഒരു പ്രധാനമന്ത്രിയുടെ അന്തസ്സിന് ചേർന്ന വിധമല്ല. 

1.ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള പ്രസംഗങ്ങൾ എതിർ പാർട്ടികളുടെ പരിഹാസത്തിന്  കാരണമാകുന്നു. 'നെഹ്‌റു ഭഗത് സിംഗിനെ ജയിലിൽ സന്ദർശിച്ചില്ല' എന്നായിരുന്നു മോദിയുടെ ഒരു വാദം. വർത്തമാനപത്രമായ ട്രിബ്യുണിലെ 1931-ലെ ചരിത്രരേഖ ശേഖരത്തിൽ നെഹ്‌റു ഭഗത് സിങ്ങിനെ ജയിലിൽ സന്ദർശിച്ച വാർത്ത വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1931-മാർച്ചു ഇരുപത്തിമൂന്നാംതിയ്യതി ഭഗത് സിങ്ങിനെ തൂക്കിലേറ്റിയിരുന്നു. മോദിയുടെ ചരിത്ര ബോധമില്ലാത്ത പ്രസംഗങ്ങൾ പ്രതിപക്ഷങ്ങൾ തിരഞ്ഞെടുപ്പ് കാലങ്ങളിൽ മുതലെടുക്കുകയും ചെയ്യുന്നു.

2. കരസേനാ മേധാവിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ കരിയപ്പയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പറഞ്ഞ പ്രധാനമന്ത്രി മോദിക്കെതിരെ കരിയപ്പായുടെ മകൻ വിമർശനങ്ങളുമായി രംഗത്തു വന്നിരുന്നു. ജനറൽ കരിയപ്പായെയും നെഹ്രുവിനെയും പറ്റി വ്യാജപ്രചരണങ്ങളാണ് മോദി നടത്തിക്കൊണ്ടിരുന്നത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴാണ് മോദി ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടുള്ള പ്രസ്താവനകളിറക്കിയത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധത്തിലെ ഹീറോ ആയിരുന്ന ജനറല്‍ കരിയപ്പയെ നെഹ്‌റു അപമാനിച്ചുവെന്നായിരുന്നു മോദി കര്‍ണാടകയില്‍ പ്രസംഗിച്ചത്. വാസ്തവത്തിൽ ഇന്ത്യ-ചൈന യുദ്ധത്തിന്റെ ഒമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ 1953ല്‍ കരിയപ്പ സൈന്യാധിപനെന്ന സ്ഥാനത്തുനിന്നും വിരമിച്ചിരുന്നു. കോണ്‍ഗ്രസുകാരനായ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് 1986ല്‍ കരിയപ്പക്ക് ഫീല്‍ഡ് മാര്‍ഷല്‍ എന്ന ഹോണററി പദവി നല്‍കി ആദരിച്ചതെന്ന ചരിത്ര സത്യവും മോദി മനപ്പൂര്‍വം മറക്കുകയായിരുന്നു.

3. 'താന്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നുവെന്നാണ് മോദി പറഞ്ഞത്. പ്രധാനമന്ത്രി ജനിച്ച സമയത്ത്, ഇന്ത്യ 'ബാബ സെന്റര്‍ ഫോര്‍ സയന്‍സ്' എജ്യൂക്കേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്. അദ്ദേഹം കുട്ടിയും കോലും കളിച്ചു നടക്കുന്ന സമയത്ത് ഇവിടെ 'ഭക്രാ നംഗല്‍' അണക്കെട്ടുണ്ടാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് നുണ പറയുന്നത് മോദിയോട് അവസാനിപ്പിക്കാന്‍ പറയണം' എന്നും മോദിക്കെതിരെ കൗമാരക്കാരന്‍ രോഷത്തോടെ വിളിച്ചു പറയുന്ന ക്ലിപ്പുകൾ ഇപ്പോള്‍ സോഷ്യൽ മീഡിയാകളിൽ വൈറലായിരിക്കുന്നു.

4. മോദിയുടെ ഏറ്റവും ഒടുവിലായ പ്രസ്താവന രാഹുൽ ഗാന്ധി ബിജെപി യുടെ ഇറാനിയെ ഭയന്ന് വയനാട് മത്സരിക്കുന്നുവെന്നാണ്. (റഫ്.ഫ്രാൻസീസ് തടത്തിലിന്റെ ലേഖനം) തികച്ചും ഒരു ബാലിശമായ പ്രസ്താവനയെന്നും പറയാം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക