Image

സാന്ധ്യം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

അന്‍വര്‍ ഷാ ഉമയനല്ലൂര്‍ Published on 02 April, 2019
സാന്ധ്യം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
കമനീയ ജീവിതചിത്രങ്ങളെഴുതുന്ന
ലോകൈക ചിത്രകാരാ;
കരിമഷിയാലെഴുതുന്നതിന്നെന്തിനീ
യൂഴിയിലെന്റെ സ്വപ്നം?

തോരാത്ത പേമാരിപോലെന്റെ തീരാത്ത
വ്യഥകളറിയുമെങ്കില്‍
കണ്ണീരില്‍ച്ചാലിച്ചതെന്തിനീ സന്ധ്യയു
മിന്നെന്റെ ചിന്തകളും?

തപ്തനിശ്വാസങ്ങളുയരുന്ന ജീവിത
മേകുന്ന ശൂന്യസ്വപ്നം
അറിയുന്നതില്ലെന്നപോലിന്നുമെന്തതി
ലെഴുതാത്തതേഴുവര്‍ണ്ണം?

കാലമെന്‍ ചാരുചിത്രം രചിച്ചീടുമെ
ന്നാശിച്ചു ഞാനിരിക്കെ
സ്‌നേഹിതയെന്നു കരുതിയ ജാതക
മിന്നെന്നെ വിസ്മരിച്ചു

ജീവിതസന്ധ്യ മയങ്ങുന്നതിന്‍ നേര്‍ത്ത
വേദന ഞാനറിഞ്ഞു
ചന്നിണംകൊണ്ടുഞാനെന്റെയീ യൗവ്വന
മെന്തെന്നെഴുതിവച്ചു.

ആത്മാവിലാനന്ദമസ്തമിച്ചിന്നുഞാ
നേറെത്തളര്‍ന്നിരിക്കെ,
നൊമ്പരപ്പെട്ട ഹൃദന്തമോടകലെനി
ന്നൊരുഗാനമൊഴുകിവന്നു.

കാതര മിഴികളോടെന്‍ പൊന്‍ തനൂജയെ
ന്നോര്‍മ്മയില്‍ച്ചേര്‍ന്നിരുന്നു
കനലുപോലെരിയുമീ സന്ധ്യയിലെന്‍ മനം
ആര്‍ദ്രമായ് വിങ്ങിനിന്നു.

സാന്ധ്യം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
വിദ്യാധരൻ 2019-04-02 11:58:56
കരിമഷി മായിച്ചിട്ടതിൻ കീഴെ കാണുക 
ധവളമാംമാ  ക്യാന്‍വാസ് ചിത്രകാരാ
അവിടെ നീ രചിക്കുക ബോധന ചിത്രങ്ങൾ 
അവകണ്ടു ഞങ്ങൾ ഉണർന്നിടുവാൻ
കരഞ്ഞു കരഞ്ഞോണ്ടിരുന്നാൽ ഈലോകത്ത് 
കള്ളന്മാർ കേറി ഭരിച്ചു വാഴും 
ഞങ്ങൾ ജനങ്ങൾ ബുദ്ധിയില്ലാത്തോന്മാർ 
ഞങ്ങൾക്ക് മാർഗ്ഗങ്ങൾ കാട്ടിടെണ്ടോർ 
ഇങ്ങനെ മോങ്ങിയാൽ മോദിയും ട്രമ്പനും 
അഴിഞ്ഞാടും ഈ ലോകം ഇരുണ്ടുപോകും 
അതുകൊണ്ട് കവിയെ നീ ഉശിരായി എഴുതുക 
അത് വായിച്ചു ഞങ്ങൾക്കും ഉശിര് കേറാൻ
അത് തരാം ഇതു തരാം എന്ന് പറഞ്ഞീ കള്ളന്മാർ 
ചൂഷണം ചെയ്യുന്നു മതിയായി ഞങ്ങൾക്ക് മുക്തിവേണം 
അതുകൊണ്ടു എഴുതുക വയലാറിനെപ്പോലെ നീ 
വിപ്ലവ ഗാനങ്ങൾ അതില്ലാതവന്മാർ ഒതുങ്ങുകില്ല  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക