Image

കൊഴിഞ്ഞുവീണ ഇതളുകള്‍ (കഥ: ജയചിത്ര)

Published on 30 March, 2019
കൊഴിഞ്ഞുവീണ ഇതളുകള്‍ (കഥ: ജയചിത്ര)
ടീച്ചര്‍.. ടീച്ചര്‍.. “
മുറ്റത്ത് അതിരാവിലെ ഒരു വിളി കേട്ടാണ് ഞാന്‍ പുറത്തേക്കിറങ്ങിയത്. . 
അനസ് ആണ്.പത്താംക്ലാസ് വിദ്യാര്‍ത്ഥി…എന്റെ ശിഷ്യന്‍..
“എന്താണ് അനസ്..എന്തു പറ്റി..നീ വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ…?”
“ടീച്ചര്‍ നമ്മുടെ അമ്മു..അമ്മൂട്ടി ആത്മഹത്യ ചെയ്തു..”
“അമ്മൂട്ടിയോ…!!!എന്തിന്…? “
ഞാന്‍ ഞെട്ടിപ്പോയി…
“അറിയില്ല..മൊബൈലില്‍ ഗെയിം കളിക്കുന്നതിന് അവളെ അച്ഛന്‍ വഴക്കു പറഞ്ഞത്രേ.. അതിന് ചെയ്തതാണ്..”

എന്താണ് ഈ കുട്ടികള്‍ ഇങ്ങനെ…നിസ്സാര കാര്യങ്ങള്‍ക്ക് .ജീവന്‍ കളയുകയോ..?

അമ്മു…തീരെ കുഞ്ഞായിരുന്നപ്പോള്‍..രണ്ടര വയസ്സില്‍ എന്റെ അടുത്തെത്തിയവള്‍.. കയ്യില്‍ അപ്പോള്‍ ഒരു പാല്‍ക്കുപ്പിയും ഉണ്ടായിരുന്നു.. അവളുടെ അമ്മ കാഷ്യൂ ഫാക്ടറിയില്‍ ജോലി ചെയ്യുന്നു..അച്ഛന്‍ കല്‍പ്പണിക്കാരന്‍.. ആ പ്രായത്തിലുള്ള ഒരു കുട്ടിയെ നോക്കുക ശ്രമകരം..എന്നാലും കൊണ്ടു വരാന്‍ പറഞ്ഞു.. ഓമനത്തമുള്ള കൊച്ചു മാലാഖ.. മറ്റു കുട്ടികളോടൊപ്പം അവളും കളിച്ചു വളര്‍ന്നു..  രാവിലെ 7.30 ന് എത്തുന്ന കുട്ടി പോകുന്നത് വൈകുന്നേരം 6ന്… കുട്ടിയുടെ പ്രാഥമിക കാര്യങ്ങള്‍ പോലും നോക്കുക ഞാനാണ്..മിടുക്കിയായി തന്നെ അവള്‍ പഠിച്ചു വളര്‍ന്നു..അവള്‍ക്ക് താഴെ ഒരു അനിയന്‍ കൂടിയുണ്ടായി..അച്ചു.. അവനും എന്റെ അടുത്ത് തന്നെയായിരുന്നു പകലുകളില്‍.. അഞ്ചാം ക്ലാസുകാരി ആയപ്പോള്‍ അവള്‍ മറ്റൊരു സ്കൂളിലേക്ക്.പിന്നീട് കാണുക അപൂര്‍വ്വമായി. ഇപ്പോഴവള്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിനി ആയിരുന്നു.ഇക്കഴിഞ്ഞ ആഴ്ചയിലും അവളെ കണ്ടിരുന്നു..ക്ഷേത്രത്തില്‍ നൃത്ത പരിപാടിക്ക്…  ആ കുഞ്ഞു മാലാഖക്കുട്ടി..വളര്‍ന്ന്.. സുന്ദരിക്കുട്ടിയായി  എന്റെ മുന്നില്‍..  ഈ വാര്‍ത്ത കേട്ടപ്പോഴും ആ മുഖമാണ് മുന്നില്‍ തെളിഞ്ഞത്…
ദേഹം തളരുന്നത് പോലെ തോന്നി… ഒന്നുമില്ലെങ്കിലും ഒരു പോറ്റമ്മയുടെ സ്ഥാനം തന്നെയായിരുന്നില്ലേ എനിക്കും.. എന്റെ വീടിനകത്തളങ്ങളില്‍ ഓടി നടന്നവള്‍..ഒരമ്മയുടെ വാത്സല്യത്തോടെ കരുതലോടെ സംരക്ഷിച്ചിരുന്നു അവളെ…

മൃതദേഹം ഉച്ചയോടെ നടപടികള്‍ പൂര്‍ത്തിയാക്കി കൊണ്ടുവരും എന്നറിയിച്ചു.. അവളുടെ അച്ഛന്‍ സംസാരിക്കാന്‍ പോലുമാകാതെ തളര്‍ന്ന് ആശുപത്രിയില്‍ ഡ്രിപ്പ് നല്‍കി കിടത്തിയിരിക്കുന്നു.. തന്റെ മകളുടെ മരണത്തിന് താനൊരു കാരണക്കാരനായി എന്ന സത്യം ആ പിതാവിനെ തകര്‍ത്തിട്ടുണ്ടാകാം.. എന്താണ് ആ പിതാവ് സത്യത്തില്‍ ചെയ്തത്..? മൊബൈല്‍ ഗെയിം കളിക്കുന്നതിനെ വിലക്കിയതോ.. അതൊരു തെറ്റാണോ..? ഇന്നത്തെ തലമുറയുടെ പോക്ക് എങ്ങോട്ടാണ്… ? തെറ്റ് ചൂണ്ടിക്കാട്ടാനോ ശാസിക്കാനോ മാതാപിതാക്കള്‍ക്ക് പോലും കഴിയില്ലേ…. കുഞ്ഞുന്നാളില്‍ ഞാനൊക്കെ എന്തു മാത്രം വഴക്കും അടിയും അമ്മയുടെ കയ്യില്‍ നിന്നും വാങ്ങിക്കൂട്ടീട്ടുണ്ട്…അന്നത്തെ തലമുറക്കാര്‍ക്ക് ഇങ്ങനെയൊരു ചിന്ത മനസ്സില്‍ പോലും തോന്നീട്ടില്ല….
മാതാപിതാക്കള്‍ വഴക്കുപറഞ്ഞു എന്ന കാരണം പറഞ്ഞും ബൈക്ക് വാങ്ങിക്കൊടുക്കാത്തതിലുള്ള വിഷമം മൂലവും ആത്മഹത്യയുടെ വഴിതേടുന്ന കൗമാരക്കാരുടെ വാര്‍ത്തകള്‍ അടുത്തകാലത്തായി അപൂര്‍വമല്ലാതായിട്ടുണ്ട്. 10നും 15നും ഇടക്ക് പ്രായമുള്ള കുട്ടികളിലെ ആത്മഹത്യകള്‍ കൂടിവരുന്നതായി അമേരിക്കയില്‍നിന്നും നോര്‍വേയില്‍നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കുട്ടിയെ അച്ഛനോ അമ്മയോ ശാസിച്ചാല്‍ പൊലിസിനെ വിളിക്കുന്ന അമേരിക്കന്‍ ജീവിത രീതിയിലേക്കു നമ്മുടെ സമൂഹവും പതുക്കെയാണെങ്കിലും നടന്നടുക്കുന്നതു വ്യക്തമായി നമുക്കു കാണാവുന്നതാണ്.

“ബോഡി എത്താറായിട്ടുണ്ട്..നമുക്ക് അങ്ങോട്ട് പോകണ്ടേ”
 ചേട്ടത്തിയുടെ ചോദ്യമെന്നെ ചിന്തകളില്‍ നിന്ന് ഉണര്‍ത്തി…
വെള്ള പുതപ്പിച്ച എന്റെ അമ്മൂട്ടിയുടെ ശരീരം.. പുഞ്ചിരിക്കുന്ന ആ വലിയ വട്ടമുഖം.. അവള്‍ക്കരികില്‍ നില്‍ക്കുമ്പോള്‍ നെഞ്ച് വല്ലാതെ പിടയുന്നതറിഞ്ഞു..നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ ധാരയായി പെയ്തിറങ്ങി…ഹൃദയം നിലച്ചു പോകുന്നതു പോലെ തോന്നി.. ഓമനത്തമുള്ള ആ മാലാഖക്കുട്ടി.. ഇന്നിതാ  നിശ്ചലയായ്…കണ്ണുകളടച്ചു ഉറങ്ങുന്നു… ഭൂമിയിലെ ജീവിതം വേഗമവസാനിപ്പിച്ച് സ്വര്‍ഗ്ഗപുത്രന്റെ സമക്ഷം എത്തിച്ചേരുന്നു… അവളുടെ അച്ഛനും അമ്മയും ബന്ധുക്കളും അലമുറയിട്ടു കരയുന്നു
വേച്ചു തുടങ്ങിയ കാലുകള്‍ ഭാരമേറിയതു പോലെ….ഒരടി മുന്നോട്ടു വയ്ക്കാനാവുന്നില്ല.. പ്രിയ പുത്രീ നീ ഈ ലോകത്തിലെ ആത്മഹത്യാ പ്രവണതയേറുന്ന ബാല്യങ്ങളിലെ ഒരു ഇതള്‍…കൊഴിഞ്ഞടര്‍ന്നു പോകുന്ന ഇതളുകള്‍, ചില ബാല്യങ്ങള്‍...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക