Image

നീയില്ലായ്മ (കവിത: മനോജ് ചെങ്ങന്നൂര്‍)

Published on 28 March, 2019
നീയില്ലായ്മ (കവിത: മനോജ് ചെങ്ങന്നൂര്‍)
വരണ്ട ചുണ്ടിലൊരു തുള്ളി
ഉപ്പു നീര്, നീ ഇറ്റിക്കുമ്പോള്‍
കരിഞ്ഞ ചില്ലയിലൊരു
കൂടു കൂട്ടുന്നു ഞാനും...

ആളനക്കങ്ങളില്ലാത്ത
ഇടവഴിയറ്റങ്ങളില്‍
വിരിയാത്ത സ്വപ്നങ്ങളെ
അടവെച്ച മൗനത്തിന്റെ
ആട്ടു കട്ടിലില്‍ അറിയാതെ
ഉറങ്ങുവാന്‍ മോഹിച്ച്,
രാപ്പകലുകളെ ചവച്ചു
കുടിക്കുന്നു നമ്മള്‍ എപ്പോഴും.....

ചതഞ്ഞ നോവിന്റെ
നാഗങ്ങളിഴയുന്ന
മനസ്സും ശരീരവും
കറുത്ത പക്ഷങ്ങള്‍ക്ക്
തീറെഴുതി നാം
മനക്കണ്ണാല്‍
പ്രണയത്തിന്റെ
വീഞ്ഞ് മൊത്തുന്നു,
ഋതുക്കളുടെ യാത്രയറിയാതെ...

നീയില്ലാത്ത സമതലങ്ങളിലൂടെ
ഞാന്‍ നിന്നെ കോറിവരയ്ക്കുമ്പോള്‍
ചില ചില അടയാളപ്പെടുത്തലുകളില്‍
എന്റെ രക്തം
ഇറ്റു വീഴുന്നു.....

സമരസപ്പെടാനാഗ്രഹിക്കാത്ത
നീയില്ലായ്മകളെ
ഞാനെങ്ങനെ
സ്വീകരിക്കും..?

ചില തണുവുമ്മകള്‍
മറവിയുടെ
ചൂടു പറ്റിയിട്ടും
ഉറങ്ങാന്‍
വിസമ്മതിക്കുന്നു

എങ്കിലും,
ഞാനവയോട് ഇപ്പോഴും
പറയുന്നുണ്ട്
നീ ഇനിയും
കടന്നു വരാനിരിക്കുന്ന
പൂത്ത ചെമ്പക മണമുള്ള
രാത്രികളെക്കുറിച്ച്.....

എഴുതിയത് :  മനോജ്  ചെങ്ങന്നൂര്‍
('വെയില്‍ച്ചിറകുള്ള തുമ്പികള്‍' മനോജിന്റെ കവിതാസമാഹാരമാണ്)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക