Image

പുല്‍വാമ : കശ്‌മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ സുപ്രീം കോടതി

Published on 22 February, 2019
പുല്‍വാമ : കശ്‌മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ സുപ്രീം കോടതി
പുല്‍വാമ തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ സംഘപരിവാറും തീവ്ര ദേശീയവാദികളും രാജ്യത്തുടനീളമുള്ള ക്യാമ്പസുകളില്‍ പഠിക്കുന്ന കശ്‌മീരി വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നതില്‍ സുപ്രീം കോടതി ഇടപെടുന്നു.

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ സുപ്രീം കോടതി 11 സംസ്ഥാനങ്ങളിലെ ചീഫ്‌ സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും നിര്‍ദേശം നല്‍കി.

മഹാരാഷ്ട്ര, പഞ്ചാബ്‌, ഉത്തര്‍ പ്രദേശ്‌, ബീഹാര്‍, ജമ്മു കശ്‌മീര്‍, ഹരിയാന, മേഘാലയ, പശ്ചിമ ബംഗാള്‍, ചത്തീസ്‌ഗഢ്‌, ഡല്‍ഹി, ഉത്തരാഖഢ്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ പുല്‍വാമ അക്രമത്തിന്റെ പേരില്‍ കശ്‌മീരി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയത്‌.

ജീഫ്‌ ജസ്റ്റിസ്‌ രഞ്‌ജന്‍ ഗൊഗോയ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ സംസ്ഥാനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയത്‌.

നേരത്തെ, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതിനായി നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും കശ്‌മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്വവും.

കശ്‌മീരി വിദ്യാര്‍ത്ഥികള്‍ രാജ്യത്താകമാനം ആക്രമിക്കപ്പെടുമ്പോള്‍ നരേന്ദ്ര മോദിയും കോണ്‍ഗ്രസ്‌ നേതൃത്വവും മൗനമവലംബിക്കുകയാണെന്നും അതിന്റെ കാരണമെന്തെന്നും മുന്‍ കശ്‌മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫ്രന്‍സ്‌ നേതാവുമായ ഒമര്‍ അബ്ദുള്ള നേരത്തെ ചോദിച്ചിരുന്നു.

കശ്‌മീരി കുട്ടികള്‍ രാജ്യവ്യാപകമായി ആക്രമിക്കപ്പെടുന്നതിന്‌ പിന്നില്‍ വന്‍തോതില്‍ ആലോചിച്ചുറപ്പിച്ച ഗൂഢാലോചനയുണ്ടെന്നും ഒമര്‍ പറഞ്ഞു.

പുല്‍വാമയ്‌ക്ക്‌ ശേഷം രാജ്യത്താകമാനം കശ്‌മീരി വിദ്യാര്‍ത്ഥികള്‍ അവരുടെ കോളജുകളില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്യപ്പെടുന്നുണ്ടെന്നും ദേശീയവിരുദ്ധത ആരോപിച്ച്‌ അറസ്റ്റ്‌ ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക