Image

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മതാധ്യാപനത്തില്‍ നിന്ന് ഒഴിവാകുന്നു

Published on 21 February, 2019
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മതാധ്യാപനത്തില്‍ നിന്ന് ഒഴിവാകുന്നു

കൊച്ചി: ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള സമരത്തില്‍ കന്യാസ്ത്രീകള്‍ക്കൊപ്പം നിന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ മതാധ്യാപനത്തില്‍ നിന്നും ഒഴിവാകാന്‍ ഒരുങ്ങുന്നു. മതാധ്യാപനത്തില്‍നിന്ന് തത്ക്കാലം അവധിയില്‍ പ്രവേശിക്കുന്നുവെന്നു  ഫാ. സ്റ്റീഫന് നല്‍കിയ സന്ദേശത്തില്‍ വ്യക്തമാക്കി. പത്താം ക്ലാസിലെ മതപഠന പുസ്തകം പഠിപ്പിച്ചു തീര്‍ത്തതുകൊണ്ട് അവധിയില്‍ പ്രവേശിക്കുകയാണെന്നും ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും സിസ്റ്റര്‍ വാട്ട്സാപ്പില്‍ സന്ദേശം അയച്ചു. ഔദ്യോഗികമായി കത്ത് കൊടുത്തിട്ടില്ല.


കാരയ്ക്കാമല സെന്റ് മേരീസ് ചര്‍ച്ചിലെ മതാധ്യാപികയാണ് സിസ്റ്റര്‍ ലൂസി കളപുരയ്ക്കല്‍. പല തവണകളായി ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ ചിറായില്‍ന്റെ ഭാഗത്തു നിന്നുള്ള പെരുമാറ്റം തന്നെ മാനസീകമായി തളര്‍ത്തിയിരുന്നു. കുട്ടികളുടെ മുന്നില്‍വെച്ച്‌ നിരവധി തവണ തന്നെ അധിക്ഷേപിക്കുകയും ചെയ്തന്ന് സിസ്റ്റര്‍ ജന്മഭൂമിയോട് പറഞ്ഞു. ഔദ്യോഗികമായി കത്ത് നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.


സഭയില്‍ ഇതിനോടകം തന്നെ പുറത്താക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടന്നു. സിസ്റ്റര്‍ സാത്താന്‍ സേവയുടെ പ്രചാരകയാണെന്നാണ് പുതിയ മുദ്രകുത്തല്‍. നഴ്സറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തന്നോട് സംസാരിച്ചാല്‍ കുട്ടികളെ വിലക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇത് താങ്ങാന്‍ ആകുന്നതിലും അപ്പുറമായിരുന്നു. താന്‍ താമസിക്കുന്ന മഠത്തിലെ ചില സിസ്റ്റര്‍മാര്‍ തന്നോടു സംസാരിക്കുകയോ മുഖത്തുപോലും നോക്കുകയോ ചെയ്യാറില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.


ലൂസി കളപ്പുര ഉള്‍പ്പെടുന്ന എഫ്‌സിസി സന്യാസിനീ സമൂഹത്തിലെ അംഗങ്ങള്‍ക്കു ചില ചാനലുകള്‍ കാണുന്നതിനു വിലക്കേര്‍പ്പെടുത്തിയതായി സൂചനയുണ്ട്. വാക്കാലുള്ള നിര്‍േദ്ദശമാണ് നല്‍കിയിരിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോയ്്‌ക്കെതിരെ സമരം ചെയ്തതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ഉള്‍പ്പടെയുള്ള കന്യാസ്ത്രീകള്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പടെയുള്ള നടപടികള്‍ സഭ ആരംഭിച്ചിരുന്നു. ഇത് വിവാദമാവുകയും നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് എത്തുകയും ചെയ്തതോടെയാണ് സഭ ഇത് പിന്‍വലിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക