Image

ഇരട്ടക്കൊലപാതകം: ഉദുമ എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണം വി.ടി ബല്‍റാം

Published on 20 February, 2019
ഇരട്ടക്കൊലപാതകം: ഉദുമ എംഎല്‍എയ്ക്കെതിരെ അന്വേഷണം നടത്തണം വി.ടി ബല്‍റാം

തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതക കേസില്‍ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്ന് വിടി ബല്‍റാം എംഎല്‍എ.

അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നത്.കൊലപാതകത്തിന് ദിവസങ്ങള്‍ മാത്രം മുന്‍പ് സ്ഥലത്ത് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ളുടെ നീക്കം സംശയം ജനിപ്പിക്കുന്നതാണെന്നും വിടി ബല്‍റാം ആരോപിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിടി ബല്‍റാം ആരോപണമുന്നയിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പോലീസില്‍ ആദ്യം വേണ്ടത്, നിഷ്പക്ഷമായും നീതിപൂര്‍വ്വകമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്.

കാസര്‍ക്കോട് കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തില്‍ത്തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ നടക്കുന്നത്. ഒരു ലോക്കല്‍ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. പാര്‍ട്ടി പറയാതെ അയാള്‍ ഒന്നും ചെയ്യില്ലെന്നാണ് പീതാംബരന്റെ കുടുംബം പറയുന്നത്. കൊലപാതകത്തിന് ദിവസങ്ങള്‍ മാത്രം മുന്‍പ് സ്ഥലത്ത് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണം. കൊലപാതക ദിവസം 15000 ലേറെപ്പേര്‍ പങ്കെടുത്ത പെരുങ്കളിയാട്ട സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന എംഎല്‍എ കുഞ്ഞിരാമന്‍ എന്തുകൊണ്ടാണ് അവസാന നിമിഷം പിന്‍വാങ്ങിയതെന്ന് കൂടി അന്വേഷിക്കപ്പെടണം. ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തു നിന്ന് കണ്ടെത്തിയ ജീപ്പ് ഉപയോഗിച്ചിരുന്ന സിപിഎം പ്രവര്‍ത്തകനായ സജിയെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടസ്സം നിന്ന് മോചിപ്പിച്ചത് ആരാണ് എന്നും വ്യക്തമാവേണ്ടതുണ്ട്. ജീപ്പ് കസ്റ്റഡിയിലെടുക്കാതെ തെളിവ് നശിപ്പിക്കാന്‍ പോലീസ് അവസരം നല്‍കുകയാണ്.

മലയാളികള്‍ മുഴുവന്‍ കഞ്ചാവടിച്ച്‌ ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പോലീസ് തെറ്റിദ്ധരിച്ച്‌ കളയരുത്. കൊന്നവര്‍ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നില്‍ വന്നേ പറ്റൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക