Image

ഞാനും ഒരു മനുഷ്യനല്ലേ കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ, തേങ്ങിപ്പോയി : മുല്ലപ്പള്ളി

Published on 19 February, 2019
ഞാനും ഒരു മനുഷ്യനല്ലേ കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ, തേങ്ങിപ്പോയി : മുല്ലപ്പള്ളി

തിരുവനന്തപുരം: കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്‍റെ കുടുംബം സന്ദര്‍ശിച്ച്‌ പൊട്ടിക്കരഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഞാനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ കൃപേഷിന്‍റെ സഹോദരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രണം വിട്ടുപോയെന്ന് മുല്ലപ്പള്ളി പറഞ്ഞു.

''കഴിഞ്ഞ അമ്ബത് വര്‍ഷമായി കൊലപാതകങ്ങളില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ഞാന്‍ പോകാറുണ്ട്. വല്ലാത്ത ഹൃദയഭാരത്തോടെയാണ് കൃപേഷിന്‍റെ വീട്ടില്‍ പോയത്. ആ വീട്ടിലെ ദുഖം വല്ലാതെ മനസ്സിനെ പിടിച്ചുകുലുക്കി. പൂര്‍ണ്ണമായി സമ്യമനം പാലിക്കുകയും ധൈര്യത്തോടെ കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്യുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ കൃപേഷിന്‍റെ സഹോദരിയെ കണ്ടപ്പോള്‍ എന്‍റെ സഹോദരിയുടെ മകളായോ എന്‍റെ മകളായോ എനിക്ക് കാണാന്‍ സാധിച്ചുള്ളൂ...'' മുല്ലപ്പള്ളി പറഞ്ഞു.

'നിങ്ങളെല്ലാവരും വന്ന് പോകും. ഈ വീട്ടില്‍ ഏട്ടനില്ല. തളര്‍ന്നു കിടക്കുന്ന അച്ഛനാണുള്ളത്. ഞാന്‍ ഒറ്റയ്ക്കാണ് ഈ ചെറ്റ കുടിലില്‍ ജീവിക്കുന്നത് എന്ത് സുരക്ഷിതത്വമാണ് എനിക്ക് ഉള്ളത്. ഈ കുടുംബത്തെ രക്ഷിക്കാന്‍ ആരാണുള്ളത്' എന്ന ആ കുട്ടിയുടെ വാക്കുകള്‍ കേട്ട് നില്‍ക്കാനായില്ല.

അത് തനിക്ക് സംഭവിച്ച ദുഃഖമായിട്ട് തോന്നുകയുണ്ടായി. ആ ദുഖം നിയന്ത്രിക്കാനായില്ല. അതുകൊണ്ടാണ് താന്‍ തേങ്ങിപ്പോയതെന്ന് മാത്രമേ പറയാനുള്ളൂ എന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ താന്‍ നിയന്ത്രിക്കണമായിരുന്നു എന്ന് പിന്നീട് തോന്നി. എന്നാല്‍ ഞാനും ഒരു മനുഷ്യനല്ലേ, കരിങ്കല്ലിന്‍റെ ഹൃദയമുള്ള ആളല്ലല്ലോ. തന്‍റെ നിയന്ത്രണം വിട്ട് പോയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു

ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് നേതാക്കള്‍ വികാരാധീനരായത്. പൊട്ടിക്കരയുന്ന രക്ഷിതാക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാതെ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വിങ്ങിക്കരയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക