Image

പ്രേക്ഷകര്‍ മറക്കില്ല, ഈ കുമ്പളങ്ങി നൈറ്റ്‌സ്

Published on 18 February, 2019
പ്രേക്ഷകര്‍ മറക്കില്ല, ഈ കുമ്പളങ്ങി നൈറ്റ്‌സ്
കോടികളുടെ മുതല്‍മുടക്കിലും വമ്പന്‍ പരസ്യങ്ങളുടെ അകമ്പടിയിലും മലയാള പ്രേക്ഷകന്റെ മുന്നിലേക്ക് മലയാള സിനിമ മാറിക്കഴിഞ്ഞ കാലഘട്ടമാണിത്. പരസ്യപ്രചാരണങ്ങള്‍ക്കു വേണ്ടി മാത്രം കോടികള്‍ മുടക്കുന്ന ബോളിവുഡ് കോളിവുഡ് സ്റ്റൈലിലേക്ക് മലയാളത്തിലും പരീക്ഷണങ്ങള്‍ ഏറെ വന്നു കഴിഞ്ഞു. താരരാജാക്കന്‍മാരെ അതിമാനുഷന്‍മാരായി ചിത്രീകരിച്ചും പ്രേക്ഷകന്റെ സാമാന്യയുക്തിക്കതീതമായ കഥാസന്ദര്‍ഭങ്ങള്‍ നിറച്ചും അഭ്രപാലികളില്‍ പകര്‍ത്തപ്പെടുന്ന ബിഗ്ബജറ്റ് ചിത്രങ്ങള്‍. അത് സാധാരണ മനുഷ്യന്റെ ജീവിതവുമായി ബന്ധമുള്ളതാണോ എന്നു ചോദിക്കരുത്. കാരണം അത് വെള്ളിത്തിരയിലെ രാജാക്കന്‍മാരുടേതാണ്.

ഈ കൊട്ടുംകുരവയും വെടിക്കെട്ടുകളും ഫ്‌ളക്‌സില്‍ പാലഭിഷേകവുമൊന്നുമില്ലാതെ മലയാളത്തിലേക്ക് വന്ന സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. പ്രേക്ഷകന് മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും തുടങ്ങിയ റിയലിസ്റ്റിക് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീ.ഷ് ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരുടെ കൂട്ടത്തില്‍ നിന്നും അതേ ചിത്രങ്ങളുടെ അണിയറിയില്‍ നിന്നും വന്നതാണ് മധു.സി.നാരായണന്‍. പ്രേക്ഷകന് വാഗ്ദാനങ്ങളൊന്നും നല്‍കാതെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതപരിസരത്തു നിന്നുകൊണ്ട് നിശബ്ദമായി അദ്ദേഹം കൊണ്ടു വന്ന സിനിമയിപ്പോള്‍ മലയാളത്തിന്റെ മനം കവര്‍ന്നിരിക്കുന്നു.

ടൈറ്റില്‍ പോലെ തന്നെ കുമ്പളങ്ങി എന്ന പ്രദേശമാണ് കഥയുടെ പശ്ചാത്തലം. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു തുരുത്ത്. അവിടെ വാതിലും ജനലുമില്ലാത്ത പഴകി ദ്രവിച്ച ഒരു വീട്ടില്‍ താമസിക്കുന്ന നാല് സഹോദരങ്ങള്‍. അവര്‍ക്ക് മാതാപിതാക്കളില്ല. അവരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ആ വീട് ഒരു നരകമാണ്. ബോണി, സജി, ബോബി, ഫ്രാങ്കി എന്നിവരാണ് നാല് സഹോദരങ്ങള്‍. അവര്‍ക്ക് പരസ്പരം സ്‌നേഹമില്ല. ആര്‍ക്കും പ്രത്യേകിച്ച് ജോലിയൊന്നുമില്ല. തല്ല്, മദ്യപാനം, പുകവലി അങ്ങനെ ദുശീലങ്ങള്‍ ധാരാളമുണ്ട്. മൂത്ത സഹോദരന്‍മാരുടെയെല്ലാം ചെയ്തികള്‍ക്ക് സാക്ഷിയാകേണ്ടി വരുന്ന ഇളയ സഹോദരന്‍. അയാള്‍ സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു കൊച്ചു ജീവിതം കൊതിക്കുന്നുണ്ട്. ഇളയ സഹോദരന്‍ ബോബിക്ക് ഒരു പ്രണയമുണ്ടാകുന്നു. ബേബി എന്നാണ് ആ പെണ്‍കുട്ടിയുടെ പേര്. അതോടെ അവരുടെ ജീവിതം മാറി മറിയുന്നു. ഇവര്‍ക്കിടയിലേക്ക് ബേബിയുടെ ചേച്ചി സുമിയുടെ ഭര്‍ത്താവായ ഷമ്മി കൂടി വരുന്നതോടെ കഥ ഉദ്വേഗജനകമാകുന്നു.

ആദ്യപകുതി ഇവരുടെ ജീവിതവും കുമ്പളങ്ങി എന്ന ഗ്രാമത്തെ പരിചയപ്പെടുത്തലുമാണ്. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാത്ത ഈ നാലു സഹോദരന്‍മാര്‍ക്കിടയിലേക്ക് ചില വ്യക്തികള്‍ കടന്നു വരുന്നതും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. ഇടവേളയ്ക്കു ശേഷം കഥയില്‍ പ്രണയത്തിന്റെ തീവ്രത കടന്നു വരുന്നുണ്ട്. കൂടാതെ ബന്ധങ്ങളുടെ ഇഴയടുപ്പവും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സ്‌നേഹത്തിന്റെ ആഴവും ചിത്രം കാട്ടിത്തരുന്നു. ചില അവസരങ്ങളില്‍ സഹോദര സ്‌നേഹത്തേക്കാള്‍ വലിയ ബന്ധങ്ങള്‍ ഈ മണ്ണിലുണ്ടെന്നും ചിത്രം നമുക്ക് കാട്ടിത്തരുന്നു. സ്വാഭാവിക നര്‍മ്മം കൊണ്ട് സമ്പന്നമാണ് ചിത്രം.

ഷമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഫഹദ് ഫാസില്‍ എന്ന നടന്റെ മറ്റൊരു ഉജ്ജ്വല അഭിനയിത്തിനാണ് കുമ്പളങ്ങി നൈറ്റ്‌സ് സാക്ഷ്യം വഹിക്കുന്നത്. ഓരോ നോത്തിലും വാക്കിലും പെരുമാറ്റത്തിലും ഒട്ടേറെ ദുരൂഹതകള്‍ ഒളിപ്പിച്ചു വച്ച് പ്രേക്ഷകനെ കഴിയുന്നത്ര വെറുപ്പിക്കാന്‍ ഫഹദിന്റെ ഷമ്മിക്കു കഴിഞ്ഞു. അയാള്‍ ആരാണെന്ന സസ്‌പെന്‍സ് ഒളിപ്പിച്ചുകൊണ്ടാണ് കഥയുടെ സഞ്ചാരം. നായകനായി മാത്രമല്ല, നാടകനെ കടത്തി വെട്ടുന്ന വില്ലന്‍ കഥാപാത്രമാകാനും തനിക്ക് കഴിയുമെന്ന് ഫഹദ് ഈസിയായി തെളിയിച്ചിരിക്കുന്നു.

സജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിന്‍ താഹിര്‍ എന്ന നടന്റെ അപാരമായ അഭിനയമികവാണ് ചിത്രത്തിലുടനീളം കാണാന്‍ കഴിയുക. ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒരു പക്ഷേ സൗബിനെയല്ലാതെ മററാരേയും ആ കഥാപാത്രമായി സഹ്കല്‍പ്പിക്കാന്‍ കഴിയില്ല. അത്രയധികം ആ കഥാപാത്രവുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു സൗബിര്‍ എന്ന നടന്‍. ഒരു കൊമേഡിയനില്‍ നിന്നും തികഞ്ഞ കൈയ്യടക്കത്തോടെ ഒട്ടും പാളിപ്പോകാതെ ആ കഥാപാത്രത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ സൗബിറിന് കഴിഞ്ഞിട്ടുണ്ട്.

ഷെയ്ന്‍ നിഗം അവതരിപ്പിച്ച ബോബി എന്ന കാമുക കഥാപാത്രവും ഏറെ മികച്ചു നിന്നു. മിണ്ടാന്‍ കഴിയാത്ത ബോണിയും ഫ്രാങ്കിനെ അവതരിപ്പിച്ച മാത്യുവും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
പുതുമുഖം അന്നാ ബെന്‍ ആണ് നായിക ബേബിയായി വേഷമിട്ടത്. ഒരു തുടക്കക്കാരിയുടെ യാതൊരു പതര്‍ച്ചയുമില്ലാതെ തന്‍മയത്വത്തോടെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അന്നയ്ക്ക് കഴിഞ്ഞു. മലയാളത്തിലെ നായികാ നിരയിലേക്ക് എന്തുകൊണ്ടും ഉയരാന്‍ കഴിയുന്ന നടിയാണ് താനെന്ന് ആദ്യചിത്രത്തിലൂടെ തന്നെ തെളിയിക്കാന്‍ അന്നയ്ക്ക് സാധിച്ചിട്ടുണ്ട്.

ബേബിയുടെ ചേച്ചി സുമിയെ അവതരിപ്പിച്ച ഗ്രേസ് ആന്റിണിയുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഭര്‍ത്താവായ ഷമ്മിയുടെ നോട്ടത്തിനും വാക്കുകള്‍ക്കും പിന്നിലെന്താണെന്ന് ആശങ്കപ്പെട്ട് അതിന്റെ രഹസ്യം തേടുന്ന ഭാര്യയായി സുമി തകര്‍ത്തു. അഭിനയത്തേക്കാളുപരി നമ്മള്‍ക്കെല്ലാം ഏറെ പരിചിതയായ ഒരു പെണ്ണിന്റെ രൂപഭാവങ്ങലും പെരുമാറ്റവും.

കുമ്പളങ്ങിയുടെ എല്ലാ സൗന്ദര്യവും ഒപ്പിയെടുത്ത ക്യാമറ ചലിപ്പിച്ചത് ഷൈജു ഖാലിദാണ്. സുഷിന്‍ ശ്യാമിന്റെ സംഗീതവും മികച്ചതായി. നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് കുമ്പളങ്ങി നൈറ്റ്‌സ് ഒരു മികച്ച ദൃശ്യവിരുന്നായിരിക്കും എന്നതില്‍ സംശയമില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക