Image

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മരം മുറിക്കല്‍ ഇനി വേണ്ട; ഹാരിസണ്‍ പ്ലാന്‍റേഷന് വിലക്ക്

Published on 18 February, 2019
സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മരം മുറിക്കല്‍ ഇനി വേണ്ട; ഹാരിസണ്‍ പ്ലാന്‍റേഷന് വിലക്ക്

കൊല്ലം: സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും മരം മുറിക്കുന്നതിന് ഹാരിസണ്‍ പ്ലാന്‍റേഷന് സ്റ്റോപ്പ് മെമ്മോ. തെന്‍മല വില്ലേജ് ഓഫീസറാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. വിഷയത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് മറികടന്നാണ് കൊല്ലം തെന്‍മലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ റബ്ബര്‍ മരങ്ങള്‍ രഹസ്യമായി മുറിച്ച്‌ കടത്തിയത്  വാര്‍ത്ത നല്‍കിയിരുന്നു. ഇതേത്തുട‍ര്‍ന്നാണ് വില്ലേജ് ഓഫീസറും ജില്ലാ കളക്ടറും വിഷയത്തില്‍ ഇടപെട്ടത്. ഹാരിസണിന്‍റെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങ‌ള്‍ തിരിച്ചു പിടിക്കാന്‍ നടപടി തുടരുന്നുവെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഹാരിസണ്‍ ഈസ്റ്റ്ഫീല്ഡ് ഡിവിഷനില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നില്‍ക്കുന്ന 150 മരങ്ങളാണ് മുറിച്ചത്.  തെന്‍മല വനമേഖലയോട് അടുത്ത് കിടക്കുന്ന ഹാരിസണ്‍ പ്ലാന്‍റേഷനില്‍ നിന്ന് രാത്രിയിലാണ് റബ്ബര്‍ മരങ്ങള്‍ മുറിച്ചത്. മരങ്ങള്‍ അപ്പോള്‍ തന്നെ അവിടെ നിന്നും കടത്തി. വിലക്കുണ്ടെങ്കിലും പ്ലാന്‍റേഷന്‍ അധികൃതര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിക്കാറുണ്ടെന്ന് നാട്ടുകാരും സമ്മതിക്കുന്നു.

ഹാരിസണ്‍ മലയാളം പ്ലാന്‍റേഷന്‍ കമ്ബനി കൃഷി ചെയ്തു വരുന്ന തോട്ടങ്ങളിലെ റബര്‍ മരങ്ങള്‍ മുറിക്കുന്നതിനായുള്ള സീനിയറേജ് പണം പിടിക്കുന്നത് സര്‍ക്കാര്‍ ഒഴിവാക്കിയതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ഈ ഹര്‍ജി ശരിവച്ച്‌ കൊണ്ട് നാഗമല, ഈസ്റ്റ് ഫീല്‍ഡ്, റിയാ, അമ്ബനാട് എസ്റ്റേറ്റുകള്‍ എന്നിവിടങ്ങളില്‍ ഹാരിസണ്‍ മലയാളം നിന്നും റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നത് നിര്‍ത്തണമെന്ന് ഡിസംബര്‍ 28 ന് ജസ്റ്റിസ് അനുശിവരാമന്‍ ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, കോടതി ഉത്തരവുകളെ കാറ്റില്‍ പറത്തിയാണ് ഒന്നര ലക്ഷത്തിലധികം രൂപ വിലവരുന്ന മരങ്ങള്‍ മുറിച്ച്‌ മാറ്റിയത്. വനമേഖലയില്‍ മറ്റ് ഭാഗങ്ങളിലും മരങ്ങള്‍ മുറിച്ചോയെന്നും സംശയമുണ്ട്. കോടതി ഉത്തരവ് ലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു ഹാരിസണ്‍ മാനേജ്മെന്‍റിന്‍റെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക