Image

സംവിധാനത്തില്‍ ഹരിശ്രീ

മീട്ടു റഹ്മത്ത് കലാം Published on 17 February, 2019
സംവിധാനത്തില്‍ ഹരിശ്രീ
മലയാളികളെ കുടുകുടെ ചിരിപ്പിച്ച് വിജയംകൊയ്ത ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത അനുഭവ പരിചയവുമായി ഹരിശ്രീ അശോകന്‍ സംവിധാനരംഗത്തേക്ക് ചുവടുവച്ചിരിക്കുന്നു...ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി

സിനിമയ്ക്ക്  ഇംഗ്ലീഷ് പേര്  വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നോ ?

ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവിലാണ് 'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി' എന്ന ടൈറ്റിലിലേക്ക് എത്തപ്പെടുന്നത്. പേര് നിശ്ചയിക്കുന്നത് ഒരുപാട് ഘടകങ്ങള്‍ നോക്കിയാണ്. അന്യഭാഷയിലെ വാക്കായാലും സാധാരണക്കാര്‍ക്കുപോലും മനസിലാവണം. ഒന്നുകേട്ടാല്‍ മനസ്സില്‍ പതിയുകയും വേണം. ഇംഗ്ലീഷ് പേര്  ആകുമ്പോള്‍ അക്ഷരങ്ങള്‍ സ്റ്റൈലിഷ് ആയി എഴുതാനുള്ള സാധ്യത കൂടുതലാണ്. ഒരു മലേഷ്യന്‍ പ്രവാസി മലയാളിയും കുടുംബവും വിദേശജീവിതം മതിയാക്കി നാട്ടിലെത്തുന്നതിലൂടെയാണ് സിനിമയുടെ കഥ വികസിക്കുന്നത്. നന്ദുവാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഹുല്‍ മാധവ് നായകനായെത്തുന്ന ചിത്രത്തില്‍ ധര്‍മജന്‍, ടിനി ടോം, ബിജുക്കുട്ടന്‍, മനോജ്.കെ.ജയന്‍ തുടങ്ങി നല്ലൊരു താരനിര തന്നെയുണ്ട്. സുരഭി സന്തോഷാണ് നായിക. ഞാനും നല്ലൊരു വേഷം ചെയ്യുന്നുണ്ട്. ഇന്റര്‍നാഷണലില്‍ നിന്ന് ലോക്കലില്‍ എത്തുന്ന കഥയായതുകൊണ്ടാണ് ആ പേര് ഉറപ്പിച്ചത്.

ഒന്‍പത് വര്‍ഷമായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് സംവിധായകന്‍ ആവുക എന്നത്. ഇത് തന്നെയാണ് ഉചിതമായ സമയം എന്ന് കരുതുന്നുണ്ടോ?

സംവിധാനമോഹം മൊട്ടിട്ടതുമുതല്‍ എന്തിനും കൂടെയുണ്ടെന്ന ധൈര്യം പകര്‍ന്നുകൊണ്ട് സുഹൃത്തുക്കള്‍ ഒപ്പംതന്നെ ഉണ്ടായിരുന്നു. ഒരു സ്റ്റേജ് ഷോ ഡയറക്ട് ചെയ്യുമ്പോള്‍ പോലും കയ്യടികിട്ടുന്ന നേരംവരെ ഒരുകാര്യവുമില്ലാതെ ടെന്‍ഷന്‍ അടിക്കുന്ന ആളാണ് ഞാന്‍. നമ്മളെ വിശ്വസിച്ച് പണം മുടക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് നിര്‍ബന്ധമുണ്ട്. പലതരം തിരക്കുകളില്‍പ്പെട്ട് സംവിധാനക്കുപ്പായം അണിയാനുള്ള നേരം വൈകിയത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു. മുന്‍പായിരുന്നെങ്കില്‍ സീരിയസ് വിഷയം കൈകാര്യം ചെയ്യുന്ന സിനിമ ആയിരുന്നിരിക്കും എന്റെ സംവിധാനത്തില്‍ പുറത്തുവന്നിട്ടുണ്ടാവുക. ഹരിശ്രീ അശോകനില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ചിരിയാണ്. എന്തായാലും എന്റെ ആദ്യ ചിത്രം അത്തരത്തില്‍ ആളുകളെ ചിരിപ്പിക്കുന്ന ഒരു ഫാമിലി എന്റര്‍ടൈനര്‍ തന്നെയാണ്. ജീവിതപ്രതിസന്ധികളില്‍ സുഹൃത്തുക്കള്‍ എങ്ങനെ നിലകൊള്ളണമെന്ന ശക്തമായ സന്ദേശം നര്‍മ്മത്തില്‍ പൊതിഞ്ഞ് പറഞ്ഞിട്ടുണ്ട്. ആണ്‍മക്കളെ സ്നേഹിക്കുന്ന അമ്മമനസ്സും ഈ ചിത്രത്തില്‍ കാണാം. മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഏറ്റവും കൂടുതല്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നത് അമ്മമാരാണ്. ഏതൊരു സാധാരണക്കാരനും സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാവുന്ന കഥയാണിത്. അനാവശ്യമായി ഏച്ചുകെട്ടിയ കഥാപാത്രങ്ങളോ രംഗങ്ങളോ ഇല്ല. പാട്ടുകള്‍ പോലും സിനിമയുമായി ചേര്‍ന്നുപോകുന്ന തരത്തിലാണ്.

സംവിധാനത്തില്‍ ഹരിശ്രീ കുറിക്കുന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ സിനിമാരംഗത്തുള്ളവരുടെ പ്രതികരണം?

പ്രിയദര്‍ശന്‍ സാറിന്റെ അടുത്ത് ഈ വിവരം പറഞ്ഞപ്പോള്‍ 'നല്ലകാര്യം. നിന്നിലൊരു സംവിധായകനുണ്ട്' എന്നാണദ്ദേഹം പറഞ്ഞത്. എനിക്ക് ധൈര്യവും ആത്മവിശ്വാസവും നല്‍കിയ വാക്കുകളാണത്. സിദ്ദിഖിനോടും ലാലിനോടും സ്‌ക്രിപ്റ്റിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ ചില നിര്‍ദ്ദേശങ്ങള്‍ തന്നു. വളച്ചുപറയുന്നതിനേക്കാള്‍ നേരെ പറയുന്ന രീതി ആയിരിക്കും കൂടുതല്‍ നന്നാവുക എന്ന അവരുടെ ഉപദേശം ചിത്രത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ വരുത്താന്‍ ഉപകരിച്ചു.

അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ഒരേസമയം തീയറ്ററില്‍. എന്തുതോന്നുന്നു?

മൂന്ന് ചിത്രങ്ങളില്‍ എന്റെ മകനായി തന്നെ അര്‍ജുന്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകണമെന്ന് അവന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ജൂണ്‍ എന്ന സിനിമയുടെ തിരക്കില്‍പെട്ട് അതിനു സാധിച്ചില്ല. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറിയുടെ പ്രൊമോഷണല്‍ ഗാനം ആലപിച്ചാണ് അര്‍ജുന്‍ ആ വിഷമം കുറച്ചത്.

നടനെന്ന നിലയില്‍ അര്‍ജുന് നല്‍കിയ ഉപദേശം?

പണത്തിനു വേണ്ടി സിനിമയില്‍ അഭിനയിക്കേണ്ട സാഹചര്യം മകന് ഉണ്ടാകരുതെന്ന് ആഗ്രഹിച്ചിരുന്നു. സിനിമയിലെ എന്‍ട്രിക്ക് ശേഷം അര്‍ജുന്‍ കൂട്ടുകാരുമായി ചേര്‍ന്ന് ബിസിനസില്‍ ഏര്‍പ്പെട്ടത് അതുകൊണ്ടാണ്. പിന്നീട് പറവ, ബി.ടെക്, വരത്തന്‍, ജൂണ്‍ തുടങ്ങി മനസ്സിനിഷ്ടപ്പെട്ട ചിത്രങ്ങളും കഥാപാത്രങ്ങളും തിരഞ്ഞെടുത്താണ് അവന്‍ നീങ്ങിയിരിക്കുന്നത്. കമ്മിറ്റ് ചെയ്യുന്ന സിനിമയോട് നൂറുശതമാനം നീതി പുലര്‍ത്തണമെന്നും കൃത്യത പാലിക്കണമെന്നും മാത്രമാണ് ഉപദേശിച്ചിട്ടുള്ളത്. സിനിമയെ പാഷനോടെ കാണുന്നതുകൊണ്ട് അവനത് ചെയ്യും. (കടപ്പാട്: മംഗളം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക