ശ്രീനഗര്‍: കഴിഞ്ഞദിവസം വൈകിട്ട് ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 44 ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാസമിതി യോഗം തുടങ്ങി.
മൂന്ന് സേന മേധാവികളും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും യോഗത്തില്‍ പങ്കെടുക്കും. ഐ.ബി, റോ മേധാവികളും യോഗത്തിലുണ്ടാകും. തുടര്‍ന്ന് സ്‌ഫോടന സ്ഥലം സന്ദര്‍ശിക്കും.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്‌ച ഉച്ചയോടെ ശ്രീനഗറിലെത്തും. അതേസമയം ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്‌ചയെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക് പറഞ്ഞു.
സംഭവത്തില്‍ വന്‍ തോതില്‍ സ്‌ഫോടകവസ്‌തുക്കളുമായെത്തിയ വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയില്‍ ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ലെത്‌പോറയില്‍ വ്യാഴാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ആക്രമണം നടന്നത്.
സി.ആര്‍.പി.എഫിന്റെ 76 ബറ്റാലിയനിലെ 2,547 ജവാന്മാരുമായി 78 വാഹനങ്ങള്‍ വ്യൂഹമായി ജമ്മുശ്രീനഗര്‍ ദേശീയപാതയിലൂടെ നീങ്ങുമ്‌ബോള്‍ ഐ.ഇ.ഡി ബോംബുകള്‍ നിറച്ച എസ്.യു.വി ചാവേര്‍ ഭീകരന്‍ സൈന്യത്തിന്റെ ബസിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.