Image

ഓര്‍മ്മകളില്‍ ജോയിച്ചന്‍...

സ്വന്തം ലേഖകന്‍ Published on 12 February, 2019
ഓര്‍മ്മകളില്‍ ജോയിച്ചന്‍...
"അമേരിക്കയില്‍ നല്ല രീതിയില്‍ ബിസിനസ് ചെയുന്ന ജോയ് ലൂക്കോസ് ചെമ്മാച്ചേല്‍ കൃഷി ചെയ്യേണ്ട ആളല്ല .കുടുംബത്തോടുള്ള സ്‌നേഹവും,കുടുംബ പാരമ്പര്യവുമാണ് ജോയിക്ക് കൃഷി "എന്ന് മലയാളത്തിന്റെ മഹാ നടന്‍ മമ്മുട്ടി.മലയാളത്തിലെ ഏറ്റവും മികച്ച കാര്‍ഷിക പുരസ്കാരം കൈരളി ടി വിയുടെ ഏറ്റവും മികച്ച കര്‍ഷകനുള്ള "കതിര്‍ "പുരസ്കാരം ജോയ് ചെമ്മാച്ചേലിനു നല്‍കി സംസാരിക്കവേ പറഞ്ഞ വാക്കുകള്‍ ആണിവ .

സമൂഹത്തില്‍ ഏറ്റവുമധികം ബഹുമതി അര്‍ഹിക്കുന്നത് കര്‍ഷകരാണ്. ആളുകള്‍ പലവിധത്തില്‍ ഉണ്ടാക്കുന്ന പണംകൊണ്ട് കര്‍ഷകന്റെ വിയര്‍പ്പിന്റെ ഫലം വാങ്ങുന്നു. ആഹാരം നല്‍കുന്നവരെ ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്കാരം. പ്രകൃതിയുമായി യോജിച്ചുള്ള കൃഷിരീതിയാണ് പ്രോത്സാഹിപ്പിക്കേണ്ടത് .കുടുംബപരമായി ഞങ്ങളെല്ലാം കര്‍ഷകരാണ്. കൃഷി ഉപജീവനമാര്‍ഗമായി കൊണ്ടുനടക്കുന്നവരാണ്. സിനിമയും കൃഷിയും ക്രിയേറ്റീവാണ്. അഭിനയവും കൃഷിയില്‍നിന്നുള്ള ഗുണഫലങ്ങളും തന്നെ ആനന്ദിപ്പിക്കുന്നുണ്ട്. സിനിമ കണ്ട് ആളുകള്‍ അഭിപ്രായം പറയുന്നതുപോലെയല്ല,കൃഷിയില്‍നിന്നുള്ള ആനന്ദം. അതു കൃഷി ചെയ്തുതന്നെ അറിയേണ്ടതാണ്. കൃഷി എന്നതു തൊഴിലിനപ്പുറത്ത്
ആനന്ദകരമായ പ്രവൃത്തിയാണ്.കര്‍ഷകരാണ് ഏറ്റവും വലിയ അംഗീകാരത്തിന് അര്‍ഹരെന്നും അദ്ദേഹം പറഞ്ഞു .അമേരിക്കയില്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം നാട്ടില്‍ കൃഷിയില്‍ നിക്ഷേപിച്ചു കോടീശ്വരന്‍ ആകാനല്ല ജോയിയെ പോലെ ഉള്ളവര്‍ ഫാമുകള്‍ തുടങ്ങിയത് .മറിച്ചു നമമുടെ സംസ്കാരത്തെ അറിയുവാനും അടുത്ത തലമുറയ്ക്ക് കാട്ടി കൊടുക്കുവാനും കൂടിയാണ് .ഹര്‍ഷാരവങ്ങളോടെ മലയാളത്തിന്റെ മഹാ നടന്‍ പറഞ്ഞ വാക്കുകള്‍ കാണികള്‍ സ്വീകരിച്ചപ്പോള്‍ ജോയ് ചെമ്മാച്ചേല്‍ നടത്തിയ മറുപടി പ്രസംഗത്തെ മമ്മുട്ടി കയ്യടികളോടെയാണ് സ്വീകരിച്ചത്

"അമേരിക്കന്‍ മണ്ണില്‍ ജീവിച്ചു സ്വന്തം നാടിന്‍റെ മണ്ണ് സംരക്ഷിക്കാം എന്ന വിചാരമല്ല മറിച്ചു മണ്ണിനെ അറിഞ്ഞു നൂറാം വയസിലും കര്‍ഷകനായി ജീവിക്കുന്ന തന്റെ പിതാവിന്റെ വിയര്‍പ്പിന്റെ ഗന്ധം മണ്ണിന്റേതാണ് എന്ന ബോധവും വിശ്വാസവുമാണ് തന്നെ ഇതുവരെയെത്തിച്ചത് .ഞങ്ങള്‍ പത്തു മക്കളാണ് .ഒരു കര്‍ഷകന്റെ ദുഖങ്ങളും വേദനകളും അറിഞ്ഞു വളര്‍ന്ന വരാണ് ഞങ്ങള്‍ പത്തു പേരും .അച്ചായന്‍ കൃഷി ചെയുന്ന രീതി കണ്ടാണ് ജൈവ കൃഷിരീതി പഠിച്ചത് .അന്നുണ്ടായിരുന്ന കൃഷിരീതി കണ്ടപ്പോള്‍ അറിഞ്ഞിരുന്നില്ല വര്ഷങ്ങള്ക്കു ശേഷം ജൈവകൃഷി എന്ന് കൊട്ടിഘോഷിക്കുന്ന കൃഷിയാണ് അച്ചായന്‍ ചെയ്യുന്നതെന്ന് .സിഗരറ്റു വലിക്കാതെയും കള്ളുകുടിക്കാതെയും ജീവിക്കാം ,സിഗരറ്റു വില്‍ക്കുന്നവനും കള്ളു വില്‍ക്കുന്നവനും കോടീശ്വരന്‍ .എന്നാല്‍ നമുക്ക് അന്നം തരുന്ന കര്‍ഷകന്‍ എന്നും ദരിദ്രന്‍,കടക്കാരന്‍"

ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായി ചിക്കാഗോയില്‍ നിന്നു നാലംഗ സംഘം

സംഘടന ഏതുമായിക്കോട്ടെ ഞങ്ങളുടെ സുഹൃത്ത് വിജയിക്കണം .അതു ഫോമാ ആയാലും ഫൊക്കാന ആയാലും .2016 ല്‍ ഫ്‌ലോറിഡയില്‍ നടന്ന ഫോമാ കണ്‍ വന്‍ഷനു ചിക്കാഗോയില്‍ നിന്നു യാത്ര തിരിക്കുമ്പോള്‍ തന്നെ വിജയ രഥം ഒരുക്കിയിട്ടാണ് ഫ്‌ളോറിഡയ്ക്ക് പോയത് .ഫോമാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായാണ് ഫോമാ കണ്‍വന്‍ഷനില്‍ ഈ നാല്‍വര്‍ സംഘത്തെ നയിച്ചത് ജോയ് ചെമ്മാച്ചേല്‍ ആയിരുന്നു.ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ .ജോയ് നേടിയകാലായില്‍,സാബു നെടുവീട്ടില്‍,ടിറ്റോ കണ്ടാരപ്പള്ളില്‍ ,ജോയ് ചെമ്മാച്ചേല്‍ എന്നിവര്‍.കോട്ടയത്തുവച്ചു തുടങ്ങിയ സൗഹൃദം കേരളമണ്ണും കടന്ന് അമേരിക്കയില്‍ എത്തി നില്‍ക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയാറായി ഒപ്പം നില്‍ക്കുമായിരുന്നു ജോയ് ചെമ്മാച്ചേല്‍.

ഫോമാ കണ്‍ വന്‍ഷനില്‍ ജോയ് ചെമ്മാച്ചേലിന് എന്തു കാര്യം ?

2016 ഫോമാ കണ്‍വന്‍ഷനില്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജോയ് ചെമ്മാച്ചേലിനെ കണ്ട് ഫോമയുടെ ആദ്യ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് ഒന്നു ഞെട്ടി.അതു അല്പ സമയത്തേക്കു മാത്രം .അമ്പരപ്പ് പൊട്ടിച്ചിരിക്ക് പാതയൊരുക്കി .പക്ഷെ ഇരുവര്‍ക്കും ഫ്‌ലോറിഡ അല്പം വേദന സമ്മാനിച്ച സ്ഥലമാണ് .2006 ലെ ഫൊക്കാന തെരഞ്ഞെടുപ്പിലാണ് ഫൊക്കാന പിളരുന്നത്.അന്ന് ജോയ് ചെമ്മാച്ചേലും അനിയന്‍ ജോര്‍ജുമായിരുന്നു സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.തമ്പിചാക്കോയുടെ പാനലില്‍ ജോയ് ചെമ്മാച്ചേലും,ശശിധരന്‍ നായരുടെ പാനലില്‍ നിന്നു അനിയന്‍ ജോര്‍ജും മത്സരിച്ചു .പക്ഷെ വലിയ ഒരു പ്രസ്ഥാനത്തിന്റെ പിളര്‍പ്പ് കൂടി ആയിരുന്നു അന്ന് അമേരിക്കന്‍ മലയാളികള്‍ കണ്ടത് .ഈ പിളര്‍പ്പിന് ഏറെ ദുഃഖിച്ച വ്യക്തികള്‍ ആയിരുന്നു രണ്ടു പേരും.സംഘടന ഒന്നാകാന്‍ ഇരുവരും പല ചര്‍ച്ചകളും നടത്തിയിരുന്നുവെങ്കിലും ഒന്നും ഫലവത്തായില്ല.എന്നാല്‍ ഇന്നും ഇരുവരുടെയും സൗഹൃദത്തിന് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല.രാഷ്ട്രീയത്തിന് അപ്പുറത്തത് ഒരു ബന്ധം ഇരുവരും കാത്തു സൂക്ഷിച്ചിരുന്നു .ഫോമാ കണ്‍വന്‍ഷനില്‍ ജോയ് ചെമ്മാച്ചേല്‍ എന്തിനെത്തി സംശയം പക്ഷെ അനിയന്‍ ജോര്‍ജ്ജിനുണ്ടായിരുന്നില്ല .കാരണം മറ്റൊരു സൗഹൃദത്തിന്റെ വിജയം കാണാന്‍ ഉറ്റ സുഹൃത്തായി എത്തിയതാണ് ജോയ് ചെമ്മാച്ചേല്‍.ഇത്തരം ബന്ധങ്ങള്‍ ആണ് ഫൊക്കാനയ്ക്കും ഫോമയ്ക്കും വേണ്ടത് .പക്ഷെ അധികാരം മനുഷ്യനെ ദുഷിപ്പിക്കുന്നു എന്നു പറയുന്നതുപോലെ അമേരിക്കന്‍ മലയാളി സംഘടനകളിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നതില്‍ പരിതപിച്ചിട്ട് കാര്യം ഇല്ല .നന്മ ചെയ്യുകയാണ് മുഖ്യം എന്ന് രണ്ടുപേരും പറയും .പക്ഷെ സംഘടനകള്‍ സംഘടനകളുടെ രീതിക്കു പോകട്ടെ എന്നാണ് ഇരുവരുടെയും അഭിപ്രായം."മനുഷ്യര്‍ക്കുവേണ്ടിയാണ് സംഘടനകള്‍ ,അല്ലാതെ മനുഷ്യര്‍ സംഘടനകള്‍ക്കുവേണ്ടിയല്ല.അതുക്കും ഒരുപാടും മേലെ ആണ് സൗഹൃദം ."
ഉറ്റ സുഹൃത്തിന്റെ സംസ്കാരച്ചടങ്ങുകള്‍ക്ക് ചിക്കാഗോയ്ക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് അനിയന്‍ ജോര്‍ജ് .

അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗഹൃദവുമായി മൂന്ന് ചങ്ങാതിമാര്‍

ആന്റോ ആന്റണി എം പി ആയതിനു ശേഷം എത്ര തവണ അമേരിക്ക സന്ദര്‍ശിച്ചു എന്നു അദ്ദേഹത്തോട് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ഒരു പക്ഷെ തന്റെ ഡയറി നോക്കേണ്ടി വരും .എന്നാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ അതു പറയാന്‍ സാധിക്കുന്ന രണ്ടു ചങ്ങാതിമാര്‍ ആന്റോ ആന്റണിക്ക് അമേരിക്കയില്‍ ഉണ്ട്.ജോയ് ചെമ്മാച്ചേലും,ജെയ്ബു കുളങ്ങരയും.പൊതു പരിപാടികള്‍ക്ക് ചിക്കാഗോയില്‍ വിമാനമിറങ്ങുന്നതു മുതല്‍ തിരിച്ചു യാത്രയ്ക്കുന്നതു വരെ ഉള്ള ബന്ധമായിരുന്നില്ല ഈ മുവര്‍ സംഘത്തിനുള്ളത് .പണ്ടേ തുടങ്ങിയ ബന്ധത്തിന് തിളക്കം കൂടുന്നതല്ലാതെ പൊലിമ ഒട്ടും നഷ്ടമായിരുന്നില്ല ഇതുവരെ .എം പി എന്ന നിലയിലെ സൗഹൃദം സ്വന്തം കാര്യങ്ങള്‍ക്കു ഉപയോഗിക്കാനും ശ്രമിക്കുന്നില്ല ജോയ് ചെമ്മാച്ചേല്‍ .
ഞങ്ങളുടെ ആന്റോ നിങ്ങള്‍ കാണുന്ന രാഷ്ട്രീയക്കാരനല്ല.ഏതു സമയത്തും എപ്പോഴു എന്താവശ്യത്തിനും ഓടിവരുന്ന ഒരു സാധാരണക്കാരന്‍ .അതിപ്പോള്‍ പത്തനംതിട്ടയായാലും അമേരിക്ക ആയാലും അങ്ങനെ തന്നെ ;സ്‌നേഹഹിക്കുന്നവരുടെയടുത്തേക്കു ഓടിവരാന്‍ ഒരു മടിയുമില്ല ആന്റോയ്ക്ക് .ജോയ് ചെമ്മാച്ചേല്‍ ,ആന്റോ ആന്റണി,ജെയ്ബു സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴ്ക്കം ഉണ്ട് .ഫോട്ടോ എടുത്തു തുടങ്ങിയ ബന്ധമല്ല അത്. കോളേജ് പഠന കാലം മുതല്‍ ഉണ്ടായ സൗഹൃദം രാഷ്ട്രീയക്കാരനായപ്പോള്‍ അല്പം കൂടി ദൃഢമായി .എം പി ആയപ്പോള്‍ അല്പം കൂടി ദൃഢമായി. കോട്ടയത്തിന്റെ മണ്ണില്‍ നിന്നു പത്തനംതിട്ടയിലേക്കു കുടിയേറിയപ്പോഴു കോട്ടയത്തുകാര്‍ക്കു എന്തു ആവശ്യം ഉണ്ടായാലും ഓടിവരുന്നത് ഈ സൗഹൃദത്തിന്റെ മഹത്വം കൊണ്ടാണ് .കോട്ടയത്തു തന്റെ ഉടമസ്ഥതയില്‍ ജെ യെസ് ഫാമില്‍ കാര്‍ഷിക മേള നടക്കുന്നു.3 ദിവസത്തെ പരിപാടി .വൈകിട്ട് ഒരു പരിപാടിയുടെആശംസാ പ്രാസംഗികന്‍ ആന്റോ.പത്തനംതിട്ടയില്‍ മണ്ഡലത്തിലെ പരിപാടി തീര്‍ന്ന് ഫാമില്‍ എത്ത്യപ്പോള്‍ രാത്രി ഒരുമണി .കാത്തുനിന്ന ചെറു സംഘത്തിനുമുന്പില്‍ ഒരു ചെറിയ ആശംസ .അതായിരുന്നു ആ പരിപാടിയിലെ ഏറ്റവും വലിയ അഭിനന്ദനം .ഉള്ളു തുറന്ന ആശംസഎന്ന് ജോയ് ചെമ്മാച്ചേല്‍ അന്ന് പറഞ്ഞു .

ജോയ് ചെമ്മാച്ചേല്‍ ചിക്കാഗോ കണ്‍വന്‍ഷന്‍ വിജയശില്പി

ഫൊക്കാനയുടെ 2016 ലെ ജനറല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമായതിന്റെ പിന്നിലെ ചാലകശക്തിയായിരുന്നു ജോയ് ചെമ്മാച്ചേല്‍ .ഫൊക്കാന പ്രസിഡന്റ് ആയിരുന്ന മറിയാമ്മ പിള്ളയ്ക്ക് ജോയ് മകനെ പോലെ .ഒരു പക്ഷെ ഈ മരണം ഏറ്റവും കൂടുതല്‍ തളര്‍ത്തുന്നവരില്‍ ഒരാള്‍ മറിയാമ്മ പിള്ള ആയിരിക്കും . ചിക്കാഗോ കണ്‍വന്‍ഷന്‍ .3 ദിവസം ആടിത്തിമര്‍ത്തത്തിന്റെ സന്തോഷം .ആയിരത്തിലധികം കാണികള്‍ .ചിട്ടയായ പ്രവര്‍ത്തനം .എല്ലാം കൊണ്ടും ഒരു ഫാമിലി കണ്‍വന്‍ഷന്‍ ആക്കി മാറ്റുവാന്‍ ഓടിനടന്നവരില്‍ പ്രധാനി ജോയ് ചെമ്മാച്ചേല്‍ ആയിരുന്നു .

സിനിമാ സൗഹൃദത്തിന്റെ "തിളക്കം" ഫൊക്കാനാ വേദിയില്‍  ഓര്‍മ്മ പുതുക്കി ദിലീപും ജോയ് ചെമ്മാച്ചേലും

ഫൊക്കാനാ ദേശീയ സമ്മേളനം സൗഹൃദത്തിന്റെ കൂടിച്ചേരല്‍ കൂടിയാണ്. അത് എപ്പോഴുഅങ്ങനെ തന്നെ.കണ്ടു മറന്ന മുഖങ്ങള്‍ ഫൊക്കാനയില്‍ ഇല്ല .അത് സെലിബ്രിറ്റി ആയാലും അങ്ങനെ താനാണ്.ഫൊക്കാനയ്‌ക്കൊപ്പം നില്‍ക്കുക ,അപ്പോള്‍ അവിടെ എല്ലാവരും സെലിബ്രിറ്റികള്‍ തന്നെ .ഫൊക്കാനാ കാനഡ കണ്‍വന്‍ഷന്‍ വേദിയില്‍ "അമ്മ " യുടെ രണ്ടു സാരഥികള്‍ കണ്ടുമുട്ടി .മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ദിലീപും അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട കലാകാരനും ,ഫൊക്കാന വൈസ് പ്രസിഡന്റുമായ ജോയ് ചെമ്മാച്ചേലും. ദിലീപും ജോയ് ചെമ്മാച്ചേലും ഒന്നിച്ചു അഭിനയിച്ച ചത്രമാണ് ജയരാജ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റു ചിത്രമായ "തിളക്കം".തിളക്കത്തില്‍ ദിലീപിന്റെ കൂട്ടുകാരനായാണ് ജോയ് ചെമ്മാച്ചേല്‍ അഭിനയിച്ചത് .അന്ന് മുതല്‍ കാത്തു സുക്ഷിക്കുന്ന സൗഹൃദം ഇരുവരും അതുപോലെ പിന്തുടര്‍ന്നിരുന്നു.തിളക്കത്തില്‍ ചിത്രത്തിന്റെ ക്‌ളൈമാക്‌സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്.ചെറുതെങ്കിലും ചിത്രത്തിന്റെ കഥാഗതിയെ നിയന്ത്രിക്കുന്ന വേഷമായിരുന്നു ജോയ് ചെമ്മാച്ചേലിന്റെത്.ആ വര്‍ഷം മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ദിലീപിനെ തേടിയെത്തിയ വേഷമായിരുന്നു തിളക്കത്തിലെ ഉണ്ണി.
ക്രിട്ടിക്‌സ് അവാര്‍ഡ് വേദിയിലും അന്ന് ദിലീപിനൊപ്പം ജോയ് ചെമ്മാച്ചേലിനും അവാര്‍ഡ് ലഭിച്ചിരുന്നു.ജയന്‍ മുളംകാട് സംവിധാനം ചെയ്ത "ശാന്തം ഈ സ്‌നേഹതീരം "എന്ന ടെലിസിനിമയിലെ അഭിനയത്തിന് സഹ നടനുള്ള ടി വി ക്രിട്ടിക്‌സ് അവാര്‍ഡ് ജോയ് ചെമ്മാച്ചേലിനാണ് ലഭിച്ചത്

സൗഹൃദത്തിന്റെ വലക്കണ്ണികള്‍ പൊട്ടാതെ ഒരു ചിരിയില്‍ കോര്‍ത്തിണക്കി അവയെ തന്റെ ഹൃദയത്തില്‍ സൂക്ഷിച്ച ആ കൂട്ടുകാരന്‍ ഇപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു നോവാണ് .കലാകാരനായിരുന്ന കോട്ടയം ജോസഫിന്റെ മരണം അമേരിക്കന്‍ മലയാളികളെ എങ്ങനെ നോവിച്ചുവോ,അതുപോലെ ഒരു വേര്‍പിരിയല്‍ .ഒപ്പം നടന്നിട്ട് പെട്ടന്ന് ഒരാളെ കാണാതാകുന്ന അവസ്ഥ ..
പക്ഷെ മരണത്തിനു മുന്‍പില്‍ നമുക്കാര്‍ക്കും ഉപാധികള്‍ ഇല്ലല്ലോ.

ആ പ്രതിഭയ്ക്ക് മുന്‍പില്‍ ...
സുഹൃത്തിനു മുന്‍പില്‍..
ഇ മലയാളിയുടെ പ്രണാമം
ഓര്‍മ്മകളില്‍ ജോയിച്ചന്‍...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക