Image

ആദിവാസികളെപ്പോലും പറഞ്ഞു പറ്റിക്കുന്ന ഫേസ്ബുക്ക് ഷോ; മഞ്ജു വാര്യരെപ്പോലെയുള്ളവര്‍ പിടിച്ചു നില്‍ക്കാന്‍ കാണിക്കുന്ന കോമഡി ഷോകള്‍

ജയമോഹന്‍ എം Published on 11 February, 2019
ആദിവാസികളെപ്പോലും പറഞ്ഞു പറ്റിക്കുന്ന ഫേസ്ബുക്ക് ഷോ; മഞ്ജു വാര്യരെപ്പോലെയുള്ളവര്‍ പിടിച്ചു നില്‍ക്കാന്‍ കാണിക്കുന്ന കോമഡി ഷോകള്‍

സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ന് സിനിമയും അഭിനയവും മാത്രം പോരാ. ഓരോ താരത്തിനും സംവിധായകനുമൊക്കെ ഇണങ്ങും വിധം സോഷ്യല്‍ മീഡിയയില്‍ വിവിധ തരം മേലങ്കികള്‍ അണിയണം. ചങ്ക്സ് പോലെയുള്ള സോഫ്റ്റ് പോണ്‍ സിനിമകള്‍ ഒരുക്കുന്ന ഓമര്‍ലുലുവിന് സോഷ്യല്‍ മീഡിയയില്‍ ലൗ ഗുരു എന്ന ഇമേജാണുള്ളതെങ്കില്‍ ആഷിഖ് അബുവിന് ഇടത് ബുദ്ധിജീവി പരിവേഷമാണുള്ളത്. ആഷിഖ് അബുവിലും റീമാകലുങ്കലിലും തുടങ്ങി സകലമാന സിനിമക്കാരും ഫേസ്ബുക്കില്‍ സജീവമാണ്. 
ഫേസ്ബുക്കിലൂടെ കലയെക്കുറിച്ച് മാത്രമല്ല സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലെല്ലാം പ്രതികരണവും ഇടപെടലുമാണ് ഇപ്പോഴത്തെ ഹോബി. മോഹന്‍ലാല്‍ സ്ഥിരമായി അബദ്ധങ്ങള്‍ കാണിച്ചുവെക്കുന്നത് ഫേസ്ബുക്കും ബ്ലോഗും വഴിയാണ്. നോട്ട് നിരോധിച്ചത് കൊണ്ട് കാശ്മീരില്‍ സമാധാനം വന്നുവെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എഴുതിയതിന് ശേഷം അവിടെ തീവ്രവാദി അക്രമങ്ങള്‍ വര്‍ദ്ധിച്ചത് ലാലിന്‍റെ കുഴപ്പമല്ല. ലാലിന് കാശ്മീരിനെക്കുറിച്ച് വിവരമില്ലാത്തത് കൊണ്ടാണ്. 
സമീപകാലത്ത് വനിതാ മതില്‍ നടക്കുന്ന സമയത്ത് മഞ്ജു വാര്യര്‍ വനിതാ മതിലിനെ അനുകൂലിച്ച് ഫേസ്ബുക്കിലെത്തി. അപ്പോഴേക്കും സംഘപരിവാര്‍ ഭീഷിണിയെത്തി. മിനിറ്റ് വെച്ച് കാലുമാറി വനിതാ മതിലന് എതിരെയായി. എനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയു എന്ന് കരച്ചിലായി. 
അവനവന്‍റെ പണി മാത്രം ചെയ്യാതെ പറ്റാത്ത കാര്യങ്ങളില്‍ തലയിട്ട് ആളാവാന്‍ നോക്കുന്ന സകലമാനപേര്‍ക്കും ഫേസ്ബുക്ക് ആക്ടിവിസം ഒരു പാരയാവാറാണ് പതിവ്. ഇപ്പോഴിതാ മഞ്ജു വാര്യര്‍ പുതിയ വിവാദവുമായി എത്തിരിക്കുകയാണ്. ആദിവാസികളെ മഞ്ജുവാര്യര്‍ പറഞ്ഞു പറ്റിച്ചുവെന്നതാണ് വിഷയം. വയനാട് പരക്കുനി കോളനിയിലെ ആദിവാസികളാണ് മഞ്ജുവാര്യര്‍ വീടു വെച്ച് നല്‍കാമെന്ന് പറഞ്ഞതിനു ശേഷം കബളിപ്പിച്ചു എന്ന് പറയുന്നത്. 
സംഭവം നൂറു ശതമാനം സത്യമാണ്. ഒന്നര വര്‍ഷം മുമ്പ് മാധ്യമങ്ങളൂടെ ആദിവാസി കോളനിയിലെ ശോച്യാവസ്ഥ അറിഞ്ഞ മഞ്ജു വാര്യര്‍ ഇവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനവുമായി എത്തിയതാണ്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് അതിനൊരു പദ്ധതിയും തയാറാക്കി. ജില്ലാ ഭരണകൂടവും മഞ്ജുവാര്യരും ചേര്‍ന്ന് പണം സമാഹരിക്കാമെന്നായിരുന്നു ധാരണ. 
ഇത് മഞ്ജുവിന്‍റെ ഫേസ്ബുക്കില്‍ പല വിധ പോസ്റ്റുകളായി എത്തി. ആദിവാസികളുടെ കണ്ണീരൊപ്പുന്ന മഞ്ജു സോഷ്യല്‍ മീഡയയിലും മാധ്യമങ്ങളിലും താരമായി. അന്ന് മഞ്ജുവിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ശ്രീകുമാര്‍ മേനോനായിരുന്നു ഈ പരിപാടിയുടെ പിന്നിലെന്ന് പറയപ്പെടുന്നു. 
എന്തായാലും അത്യവശ്യം മൈലേജ് സമ്പാദിച്ച ശേഷം മഞ്ജു ആ കാര്യം മറന്നു. പക്ഷെ മഞ്ജുവിന്‍റെ വാഗ്ദാനം ലഭിച്ച ആദിവാസികളുടെ കാര്യമാണ് കഷ്ടമായത്. അവര്‍ക്ക് വീടും കിടപ്പാടവും ഉണ്ടായില്ലെന്ന് മാത്രമല്ല മഞ്ജുവിന്‍റെ സഹായം ലഭിച്ചുവെന്ന ധാരണയില്‍ മറ്റു സഹായങ്ങളെല്ലാം അവര്‍ക്ക് ലഭിക്കാതെയും പോയി. സത്യത്തില്‍ മഞ്ജു അറിയാതെ ചെയ്ത വലിയ പാപങ്ങളിലൊന്നാണ് ഈ സംഭവം. മഞ്ജുവിന്‍റെ വീടിന് മുമ്പില്‍ കുടില്‍കെട്ടി സമരം ചെയ്യാന്‍ തുടങ്ങുകയാണ്. ആ അവസ്ഥയിലേക്ക് അവരെ തള്ളിയിടും മുമ്പെങ്കിലും മഞ്ജു പറഞ്ഞ വാക്ക് പാലിക്കാന്‍ വേണ്ടത് ചെയ്യുമായിരിക്കും എന്ന് പ്രതീക്ഷിക്കാം. 
എന്നാല്‍ മഞ്ജുവിന്‍റെ ഈ വാര്‍ത്ത വരുന്ന സമയത്ത് പാലക്കാട് അംബേദ്ക്കര്‍ കോളനിയിലെ ദളിത് ദമ്പതികള്‍ക്ക് നടനും എം.പിയുമായ സുരേഷ് ഗോപി നിര്‍മ്മിച്ച നല്‍കിയ വീട് കൈമാറുകയുണ്ടായി. ജാതി വിവേചനത്തിന് ഏറെ പേരുകേട്ട സ്ഥലമായിരുന്നു അംബേദ്ക്കല്‍ കോളനി. ഒന്നര വര്‍ഷം മുമ്പ് അവിടം സന്ദര്‍ശിച്ച സുരേഷ്ഗോപി ഒരു കുടുംബത്തിന് വീട് വെച്ചു നല്‍കാമെന്ന് വാഗ്ദാനം നടത്തി. ആ വാഗ്ദാനം 18 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 
കമിറ്റ്മെന്‍റ് എന്ന വാക്ക് അര്‍ഥപൂര്‍ണ്ണമാകുന്നത് ഇവിടെയാണ്. സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയക്കാരനായത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് വാദിക്കുന്നവര്‍ ഉണ്ടാവാം. സുരേഷ് ഗോപിയിലെ രാഷ്ട്രീയക്കാരന് സ്വാഭാവികമായും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടാവാം. എന്നാല്‍ സാധാരണക്കാരോടുള്ള സുരേഷ് ഗോപിയുടെ കമിറ്റ്മെന്‍റ് കേരളത്തിന് രാഷ്ട്രീയക്കാരനായ സുരേഷ് ഗോപി എത്തുന്നതിന് മുമ്പു തന്നെ അറിയുന്നതാണ്. രണ്ടായിരത്തിന്‍റെ തുടക്കത്തില്‍ മലബാറില്‍ രണ്ട് കൊച്ചു കുട്ടികളെ സ്കൂളില്‍ എയ്ഡ്സ് എന്ന രോഗത്തിന്‍റെ പേരില്‍ മാറ്റി നിര്‍ത്തിയത് വലിയ വാര്‍ത്തയായിരുന്നു. സ്കൂള്‍ അസംബ്ലിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന ആ കുട്ടികള്‍ സമൂഹത്തിന്‍റെ വേദനയായി. അന്ന് മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന സുരേഷ് ഗോപി നേരിട്ട് ആ കുട്ടികളുടെ വീട്ടില്‍ എത്തുകയും അവരെ മാറോട് ചേര്‍ത്ത് പിടിച്ച് എയ്ഡ്സിനെതിരെയുള്ള സന്ദേശം സമൂഹത്തിന് നല്‍കുകയും ചെയ്തു. അന്ന് സുരേഷ്ഗോപി രാഷ്ട്രീയത്തെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. കമിറ്റ്മെന്‍റ് എന്നത് കൊണ്ട് മാത്രമാണ് അന്ന് സുരേഷ്ഗോപി ആ പ്രവര്‍ത്തനത്തിന് ഇറങ്ങി പുറപ്പെട്ടത്. 
ഇന്ന് മഞ്ജു വാര്യര്‍ക്ക് ഇല്ലാതെ പോകുന്നതും ഈ കമിറ്റ്മെന്‍റ് തന്നെയാണ്. ഫേസ്ബുക്കില്‍ നാല് ലൈക്കും എട്ട് ഷെയറും ലഭിച്ച് സെലിബ്രിറ്റി സ്റ്റാറ്റ്സ നിലനിര്‍ത്താന്‍ പെടാപാട്പെടുമ്പോള്‍ അതിലേക്ക് പാവങ്ങളെ വലിച്ചിഴയ്ക്കാതിരിക്കാന്‍ ഇത്തരക്കാര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. അതില്ലാത്തവര്‍ സമരങ്ങളെ നേരിടുക  തന്നെ വേണം. മഞ്ജുവാര്യരുടെ വീടിന് മുമ്പില്‍ സമരം ചെയ്യാന്‍ പോകുന്ന ആദിവാസികള്‍ക്ക് രാഷ്ട്രീയ കേരളത്തിന്‍റെ അനുഭാവം തീര്‍ച്ചയായും നല്‍കണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക