Image

സണ്‍ഡേ സപ്ലിമെന്റിന്റെ ജനനകഥ..! (മീട്ടു റഹ്മത്ത് കലാം)

Published on 10 February, 2019
 സണ്‍ഡേ സപ്ലിമെന്റിന്റെ ജനനകഥ..! (മീട്ടു റഹ്മത്ത് കലാം)
ഏതൊരു ദിനപത്രത്തിനും അവിഭാജ്യഘടകമാണ് സണ്‍ഡേ സപ്ലിമെന്റ്. ്ഞായറാഴ്ചകളില്‍ കുടുംബത്തിനൊന്നാകെ വായനയുടെ നവ്യാനുഭവം പകരുന്ന സപ്ലിമെന്റുകള്‍ ആദ്യകാലത്ത് പത്രങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നില്ല.

1869 ലാണ് ഞായറാഴ്ച പതിപ്പ് എന്ന ആശയം ആദ്യമായി പ്രാബല്യത്തിലെത്തിയത്.
വാര്‍ത്തകളില്‍ മാത്രം ഒതുങ്ങി നിന്ന ദിനപത്രത്തില്‍ ആദ്യമായി ഒരു ഫോട്ടോ അച്ചടിച്ചു വന്നത് സപ്ലിമെന്റിലുടെയാണെന്നതും ചരിത്രം.

ഒന്നര നൂറ്റാണ്ടായി ഈ വായനാവസന്തം ലോകജനതയെ സ്വാധീനിച്ച് മുന്നേറുന്നു.
സപ്ലിമെന്റ് എന്ന ആശയപിറവിക്ക് പിന്നിലെ അറിയാക്കഥകള്‍...

അക്ഷരം കൂട്ടിവായിക്കുന്നതു മുതല്‍ക്ക് ശീലങ്ങളുടെ ഭാഗമായി മാറുന്ന ഒന്നാണ് പത്രവായന. പുതിയതായി എന്തുനടന്നു എന്നറിയാനുള്ള ജിജ്ഞാസയാണ് ഇതിന് ആധാരം. പ്രവൃത്തിദിവസങ്ങളില്‍ വിസ്തരിച്ചൊരു വായന സാധ്യമാകാറില്ലെന്നതുകൊണ്ട് നേരമെടുത്തിരുന്ന് ആളുകള്‍ പത്രം അരിച്ചുപെറുക്കി വായിക്കുന്ന ദിനമാണ് ഞായറാഴ്ച. വിശേഷാവസരങ്ങളില്‍ വിഭവസമൃദ്ധമായ സദ്യ ഒരുക്കുന്നതുപോലെ, അവധി ദിവസം കൂടുതല്‍ വായിച്ചാസ്വദിക്കാന്‍ തുടക്കം കുറിച്ചതാണ് സണ്‍ഡേ സപ്ലിമെന്റ് എന്ന ആശയം.

സപ്ലിമെന്റ് പകരുന്ന പൂര്‍ണത
ഏതൊന്നുകൂടി ചേരുന്നതോടെ പൂര്‍ണ്ണത കൈവരുന്നോ അതാണ് സപ്ലിമെന്റ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. വിറ്റാമിനുകളുടെ കുറവുള്ളപ്പോള്‍ ഭക്ഷണത്തിനുപുറമേ നിര്‍ദ്ദേശിക്കുന്ന ഗുളികകള്‍ സപ്ലിമെന്റ് ആണ്. അതുപോലെ, ദൈനംദിനം നടക്കുന്ന സംഭവങ്ങള്‍ക്കപ്പുറം വായന കൂടുതല്‍ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്തൊന്‍പതാം നൂറ്റാണ്ടിലാണ് സണ്‍ഡേ സപ്ലിമെന്റ് ആരംഭിക്കുന്നത്. 1869 ല്‍ “സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിള്‍’ എന്ന ഇംഗ്ലീഷ് ദിനപത്രമാണ് ആദ്യമായി സണ്‍ഡേ സപ്ലിമെന്റ് വായനക്കാര്‍ക്ക് നല്‍കി ചരിത്രം കുറിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് മാഗസിന്‍ നല്‍കിയ സപ്ലിമെന്റിലൂടെയാണ് ആദ്യമായി ഒരു പത്രത്തില്‍ ഫോട്ടോ അച്ചടിച്ചുവന്നതെന്നതും എടുത്തുപറയാവുന്ന നേട്ടമാണ്. പത്രത്തിനൊപ്പം കിട്ടിയ ആ നാല് എക്‌സ്ട്രാ ഷീറ്റ് മാധ്യമലോകത്തിനുതന്നെ പുത്തനുണര്‍വ് പകര്‍ന്നു.

ജോസഫ് പി. നാപ്പ് എന്ന അമേരിക്കന്‍ പ്രസാധകനാണ് സപ്ലിമെന്റ് രംഗത്തെ കുലപതി. 1915 ല്‍ 5,50,000 കോപ്പികള്‍ എന്ന അവിശ്വസനീയമായ നേട്ടം അദ്ദേഹത്തിന്റെ പത്രം കൈവരിച്ചത് “ദി വീക്ക’് എന്ന പേരില്‍ നല്‍കിപ്പോന്ന സപ്ലിമെന്റ് കൊണ്ടാണ്. വായനക്കാരുടെ ഇഷ്ടാനുസരണം പുതിയ പംക്തികള്‍, ചിത്രങ്ങളോടുകൂടിയ തുടര്‍ക്കഥകള്‍, കഥകള്‍, കവിതകള്‍, കാര്‍ട്ടൂണുകള്‍, വിനോദത്തിനും വിജ്ഞാനത്തിനും ഉപകരിക്കുന്ന ഫീച്ചറുകള്‍, സാരഗര്‍ഭങ്ങളായ ലേഖനങ്ങള്‍ എല്ലാം സമന്വയിപ്പിച്ച പരീക്ഷണമാണ് ലക്ഷ്യംകണ്ടത്. അതുവരെ ഗൃഹനാഥന്മാരുടെ കുത്തകയായിരുന്ന പത്രം, സ്ത്രീകളും കുട്ടികളും കയ്യിലെടുക്കാന്‍ തുടങ്ങിയതുപോലും സപ്ലിമെന്റ് എന്ന വായനാവിരുന്നിലൂടെയാണ്. ന്യൂയോര്‍ക്ക് ജേര്‍ണലിന്റെ പത്രാധിപരായിരുന്ന മോറില്‍ ഗൊദാര്‍ഡിന്റെ പ്രസ്താവനയും സണ്‍ഡേ സപ്ലിമെന്റുകളുടെ മഹത്വം വിളിച്ചോതുന്നതാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : “ആറിയ വാര്‍ത്തയോളം അരോചകമായി മറ്റൊന്നുമില്ല. പത്രങ്ങള്‍ക്ക് ആവശ്യം ചൂടുള്ള വാര്‍ത്തകളാണ്. എന്നാല്‍ സണ്‍ഡേ സപ്ലിമെന്റുകള്‍ക്ക് ആ പരിമിതി ഇല്ല. എന്നും ഫയലില്‍ സൂക്ഷിക്കാവുന്ന കാമ്പുള്ള വിഷയങ്ങളാണ് അവയിലുള്ളത്.’

പത്രപ്രവര്‍ത്തനരംഗത്തെ വിപ്ലവം

സണ്‍ഡേ സപ്ലിമെന്റുകള്‍ പത്രപ്രവര്‍ത്തന രംഗത്തുതന്നെ പുത്തന്‍ വിപ്ലവം സൃഷ്ടിച്ചു. സര്‍ക്കുലേഷന്‍ കൂട്ടണമെന്ന മത്സരബുദ്ധിയോടെ ഏവരും വൈവിധ്യമുള്ള വിഷയങ്ങള്‍ തേടാനും കണ്ടെത്താനും ഗഹനമായി പഠിച്ചെഴുതാനും തുടങ്ങി. അങ്ങനെ പത്രപ്രവര്‍ത്തനം കൂടുതല്‍ ആഴമുള്ളതും ഗൗരവമേറിയതുമായി മാറി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം ഒരു ശൈലി മാധ്യമപ്രവര്‍ത്തകര്‍ കണ്ടെത്തിയതും സണ്‍ഡേ സപ്ലിമെന്റുകള്‍ക്കു വേണ്ടിയാണ്.

ജനപ്രിയ വാരികള്‍ക്കൊരു റഫറന്‍സ്

ഇന്ത്യയില്‍ പ്രാദേശിക ഭാഷകളില്‍ എല്ലാം തന്നെ ആദ്യകാല പത്രങ്ങള്‍ ആഴ്ചയിലൊരിക്കലാണ് ഇറങ്ങിയിരുന്നത്. ദിനപത്രം എന്ന ചിന്തപോലും അന്നില്ല. കമ്പിയടിച്ച് (ടെലിഗ്രാം) എത്തിയിരുന്ന വാര്‍ത്തകള്‍ ക്രോഡീകരിച്ചാണ് വാരാന്ത്യത്തില്‍ പത്രം എത്തുക. സ്വദേശത്തും വിദേശത്തും ജനജീവിതത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന എല്ലാം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടും ധാരാളം പ്രസിദ്ധീകരണങ്ങള്‍ ഇറങ്ങി. അക്ഷരം കൂട്ടി വായിക്കാനുള്ള ആഗ്രഹം ജനിപ്പിക്കുന്നതിനുപോലും അതാതുഭാഷകളിലെ പത്രങ്ങള്‍ നിര്‍ണായക സ്ഥാനം വഹിച്ചു.

മലയാളത്തിലെ ആദ്യകാല പത്രങ്ങളായി പരിഗണിക്കുന്നവ യഥാര്‍ത്ഥത്തില്‍ ഉള്ളടക്കത്തിലും പ്രസിദ്ധീകരണ കാലയളവിന്റെ അടിസ്ഥാനത്തിലും മാസികകളോ വാരികകളോ ആയിരുന്നു. വിദേശീയരായ മിഷനറിമാര്‍ ആരംഭിച്ച അത്തരം പ്രസിദ്ധീകരണങ്ങളുടെ ലക്ഷ്യം ക്രിസ്തുമത പ്രചാരണവും യൂറോപ്യന്‍ വിജ്ഞാനത്തിന്റെ വിതരണവുമായിരുന്നു. രാജ്യസമാചാരം, പശ്ചിമോദയം, ജ്ഞാന നിക്ഷേപം തുടങ്ങിയവയും കേരളത്തിലെ ആദ്യത്തെ കോളജ് മാഗസിനായ വിദ്യാസംഗ്രഹവും ഈ ഗണത്തില്‍പ്പെടുന്നു. മതപ്രചാരണത്തിനായി മിഷനറികള്‍ ഇറക്കിയിരുന്ന പാംഫ്‌ലെറ്റുകളുടെ ഘടന മാതൃകയാക്കിയാണ് സപ്ലിമെന്റുകള്‍ രൂപംകൊണ്ടത്.

പത്തൊന്‍പതാം നൂറ്റാണ്ടിനൊടുവില്‍ കേരളത്തിന്റെ തെക്കും വടക്കുമായി ഏതാണ്ട് മുപ്പതോളം ആനുകാലികങ്ങള്‍ പ്രസിദ്ധീകൃതമായി. പാശ്ചാത്യ വിദ്യാഭ്യാസം വര്‍ദ്ധിച്ചതോടെ വായനാഭിരുചിയും വ്യത്യാസപ്പെട്ടു. പത്രാധിപസമിതി അംഗങ്ങള്‍ ചര്‍ച്ച നടത്തി, ന്യൂസും വ്യൂസും ഇടകലര്‍ത്തിയുള്ള മാധ്യമശൈലി വാര്‍ത്തെടുത്തു. പുതിയ എഴുത്തുകാരെ കണ്ടെത്താനും പഴയ എഴുത്തുകാരെ മാറുന്ന കാലത്തിലേക്ക് ആനയിക്കാനും വേദി ഒരുക്കിയതും വാരാന്ത്യപ്പതിപ്പുകളാണ്. പത്രങ്ങളുടെ ആ വേലിയേറ്റം, രാഷ്ട്രീയത്തിലും സാമൂഹിക പ്രശ്‌നങ്ങളിലും സ്തുത്യര്‍ഹമായ പങ്ക് വഹിച്ചു. വിവിധ വിഷയങ്ങളില്‍ അറിവുള്ളവരില്‍ നിന്ന് എഴുതാന്‍ കഴിവുള്ളവരെ തെരഞ്ഞുപിടിക്കുന്ന പ്രവണതയും സപ്ലിമെന്റുകള്‍ക്കു വേണ്ടിയാണ് ആദ്യമായി പരീക്ഷിക്കപ്പെട്ടത്. സാധാരണക്കാരന്റെ അഭിരുചികളോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന വായന അതിലൂടെ സാധ്യമായി. ജനപ്രിയ വാരികകള്‍ തുടങ്ങുമ്പോള്‍ ഉള്ളടക്കസംബന്ധമായ റഫറന്‍സ് ആയി മുന്നിലുണ്ടായിരുന്നതും സണ്‍ഡേ സപ്ലിമെന്റുകളാണ്.

സപ്ലിമെന്റുകളുടെ ഭാവി

യുക്തിസഹവും ഗ്രാമ്യവുമായ ആശയങ്ങള്‍കൊണ്ട് സമ്പന്നമായ വാരാന്ത്യപ്പതിപ്പുകള്‍ കയ്യില്‍ നിന്ന് താഴെ വയ്ക്കാതെ ആര്‍ത്തിയോടെ വായിച്ചുതീര്‍ത്ത പല തലമുറകള്‍ ഇതിനോടകം കടന്നുപോയി. വാട്‌സാപ്പും ഫെയ്‌സ്ബുക്കും മറ്റു നവമാധ്യമങ്ങളും വന്നെങ്കിലും ശീലത്തിന്റെ ഭാഗമായി കടന്നുകൂടിയ ഞായറാഴ്ചയിലെ അധിക വായന ഇന്നും തുടരുന്ന ഒരുപാടുപേരുണ്ട്. ആശയാദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പുരോഗമനപ്രസ്ഥാനത്തിന് തണല്‍വിരിച്ച വാരാന്ത്യപ്പതിപ്പിന്റെ തലയെടുപ്പ് അതുകൊണ്ടുതന്നെ ഒരിക്കലും കുറയില്ല.

അച്ചടിമാധ്യമത്തിന്റെ അസ്തമയത്തെക്കുറിച്ച് മുറവിളി കൂട്ടുന്ന അമേരിക്കയില്‍, ദിനപത്രം വാങ്ങാത്തവര്‍പോലും സണ്‍ഡേ സപ്ലിമെന്റുകളുടെ ആരാധകരാണ്. പത്രത്തിന് മൂന്ന് ഡോളര്‍ വില വരുമ്പോള്‍, സപ്ലിമെന്റുകള്‍ക്ക് ഏഴേകാല്‍ ഡോളറാണ് വില. ഏകദേശം അരക്കിലോ തൂക്കം വരുന്ന ഈ എഴുത്തുകുത്തിനോട് ആളുകള്‍ക്ക് പക്ഷെ പ്രത്യേക മമതയാണ്. ഞായറാഴ്ചത്തേക്ക് മാത്രം പത്രമിടുന്ന വരിക്കാരുമുണ്ട്. അതുകൊണ്ടുതന്നെ, കാലമെത്ര കഴിഞ്ഞാലും വൈവിധ്യമുള്ള വിഷയങ്ങളുമായി സമ്പന്നമായിത്തന്നെ ആ വിരുന്ന് വായനക്കാര്‍ക്കായി ഒരുങ്ങിക്കൊണ്ടേ ഇരിക്കും. *
 സണ്‍ഡേ സപ്ലിമെന്റിന്റെ ജനനകഥ..! (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക