Image

ജര്‍മാനിയ എയര്‍ലൈന്‍സ് പാപ്പര്‍ ഹര്‍ജി നല്‍കി

Published on 06 February, 2019
ജര്‍മാനിയ എയര്‍ലൈന്‍സ് പാപ്പര്‍ ഹര്‍ജി നല്‍കി
 
ബര്‍ലിന്‍: ജര്‍മനിയുടെ ബജറ്റ് എയര്‍ലൈനായ ജര്‍മാനിയ പാപ്പര്‍ ഹര്‍ജി നല്‍കി. എല്ലാ ഫ്‌ളൈറ്റുകളും ഉടന്‍ പ്രാബല്യത്തോടെ റദ്ദാക്കുകയും ചെയ്തു.

യൂറോപ്പ്, ആഫ്രിക്ക, മധ്യപൂര്‍വേഷ്യ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് ബര്‍ലിന്‍ ആസ്ഥാനമായ ജര്‍മാനിയ സര്‍വീസ് നടത്തിയിരുന്നത്. പ്രതിവര്‍ഷം നാല്‍പ്പതു ലക്ഷം യാത്രക്കാര്‍ ഇവരുടെ സേവനം ഉപയോഗിച്ചിരുന്നു.

ഉയരുന്ന ഇന്ധന വിലയും കറന്‍സി മൂല്യത്തില്‍ നിരന്തരമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുമാണ് പ്രതിസന്ധിക്കു കാരണമായി കന്പനി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. ഹ്രസ്വകാല ആവശ്യങ്ങള്‍ നിറവേറ്റാനുള്ള പണം കണ്ടെത്താന്‍ സാധിക്കാതെ വന്നതാണ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമെന്നും കന്പനിയുടെ അറിയിപ്പില്‍ പറയുന്നു.

മുന്‍കൂട്ടി അറിയിക്കാതെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്‌പോള്‍ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാപ്പര്‍ ഹര്‍ജി. 

ജര്‍മനിയിലെ എയര്‍ലൈന്‍ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റഴും പുതിയ ഉദാഹരണമാണ് ജര്‍മാനിയയുടെ തകര്‍ച്ച. 2017ല്‍ എയര്‍ ബര്‍ലിനും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. റ്യാന്‍ എയര്‍ 2014നു ശേഷം ആദ്യമായി ഇക്കുറി വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നഷ്ടവും രേഖപ്പെടുത്തി.

ജര്‍മനിയിലെ നാലാമത്തെ വലിയ എയര്‍ലൈന്‍സാണ് ജര്‍മാനിയ. 1986 ല്‍ ആരംഭിച്ച് ഈ കന്പനിയില്‍ 1200 ഓളം ജോലിക്കാരുണ്ട്. അന്താരാഷ്ട സര്‍വീസുകള്‍ ഉള്‍പ്പടെ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തിവന്ന ജര്‍മാനിയ ഫ്‌ളൈറ്റുകള്‍ യൂറോപ്പിലെ വ്യോമഗതാഗതത്തില്‍ വിലകുറഞ്ഞ ടിക്കറ്റുകളുടെ ഒരു ഉദാഹരണമാണ്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക