Image

രണ്ട് മലയാളി ചിത്രങ്ങള്‍ തീയറ്ററുകളില്‍-ഗ്ലാസ്, ലീസ്റ്റ് ഓഫ് ദീസ്

Published on 05 February, 2019
രണ്ട് മലയാളി ചിത്രങ്ങള്‍ തീയറ്ററുകളില്‍-ഗ്ലാസ്, ലീസ്റ്റ് ഓഫ് ദീസ്
അമേരിക്കയിലെ തീയറ്ററുകളില്‍ ഇപ്പോള്‍ രണ്ട് മലയാളി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇതൊരു അപൂര്‍വ ചരിത്രം.
മനോജ് നൈറ്റ് ശ്യാമളന്‍ എന്ന പാതി മലയാളിയുടെ ഗ്ലാസ് മൂന്നാം വാരത്തിലും തകര്‍പ്പന്‍ വിജയം തുടരുന്നു.

അനീഷ് ഡാനിയല്‍ സംവിധാനം ചെയ്ത 'ദി ലീസ്റ്റ് ഓഫ് ദീസ്' ഉം 700-ല്‍ പരം തീയറ്ററുകളില്‍ ഓടുന്നു.

ഒറീസയില്‍ മിഷണറി പ്രവര്‍ത്തനത്തിനിടയില്‍ ദാരുണമായി ചുട്ടുകൊല്ലപ്പെട്ട ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്റെയും രണ്ടു മക്കളുടെയും ജീവിത കഥയാണു 'ദ ലീസ്റ്റ് ഓഫ് ദീസ്.'

അമേരിക്കന്‍ താരങ്ങളായ സ്റ്റീഫന്‍ ബാള്‍ഡ് വിന്‍, ഷാരി റിഗ്ബി, ബോളിവുഡ് താരം ഷര്‍മാന്‍ ജോഷി (3 ഇഡിയറ്റ്സ്) അദിതി ചെങ്കപ്പ തുടങ്ങിയവരാണു പ്രധാന വേഷത്തില്‍.

ആന്‍ഡ്രൂ മാത്യൂസ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നു.

ഗ്രഹാം സ്റ്റെയിന്‍സ്, അദ്ദേഹത്തിന്റെ മക്കളായ പത്തുവയസുകാരന്‍ ഫിലിപ്പ്, ആറുവയസുള്ള തിമത്തി എന്നിവരെ 1999-ല്‍ ദാരാസിംഗിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘം ജീപ്പിലിട്ട് ചുട്ടുകൊന്ന സംഭവമാണ് ദ ലീസ്റ്റ് ഓഫ് ദീസിന്റെ പ്രമേയം.

1965 മുതല്‍ ഒറീസയിലെ ബാരിപ്പഡയില്‍ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള ആശുപത്രിക്കും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുകയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സ്.

ഒരു വിദേശിക്ക് ഇന്ത്യയില്‍ നേരിടേണ്ടിവന്ന ഏറ്റവും ദാരുണമായ ദുരന്തത്തിന്റെ കഥപറയുന്ന ദ ലീസ്റ്റ് ഓഫ് ദീസ്' സംഭവം നടന്ന് ഇരുപതാമാണ്ടിലാണ് റിലീസ് ആവുന്നത്.

തന്റെ ഭര്‍ത്താവിന്റെയും രണ്ട് പ്രിയമക്കളുടെയും കൊലയാളി ദാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ അയാളെ വധിക്കരുതെന്ന് ആദ്യം പറഞ്ഞ ഗ്ലാഡിസ് സ്റ്റെയിന്‍സിന്റെ കാരുണ്യം ലോകം കണ്ടറിഞ്ഞതാണ്. 'എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭര്‍ത്താവ് എനിക്ക് നല്‍കിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്,' ഗ്ലാഡിസ് പറഞ്ഞത് ലോകം അതിശയത്തോടെയാണ് കേട്ടത്.

ഇന്ത്യയില്‍ കുറച്ചുവര്‍ഷങ്ങള്‍ കൂടി ചെലവിട്ട് സേവനങ്ങള്‍ ചെയ്തശേഷം മകള്‍ എസ്തറിന്റെ വിദ്യാഭ്യാസത്തിനും അമ്മയുടെ ചികില്‍സയ്ക്കുമായി ഓസ്‌ട്രേലിയയിലേക്ക് ഗ്ലാഡിസ് സ്റ്റെയിന്‍സ് മടങ്ങിപ്പോയപ്പോള്‍ മയൂര്‍ബഞ്ചിലെ കുഷ്ഠരോഗികള്‍ പൊട്ടിക്കരഞ്ഞത് ആ മിഷനറിയുടെ സ്‌നേഹപരമായ പ്രവര്‍ത്തികള്‍ക്ക് സാക്ഷ്യമായി. ഇന്ത്യ 2005-ല്‍ പദ്മശ്രീ നല്കി ഗ്ലഡിസ് സ്റ്റെയിന്‍സിനെ ആദരിച്ചു.

ഗ്രഹാം സ്റ്റെയിന്‍സ്  മതപരിവര്‍ത്തനം ചെയ്യുന്നു എന്ന ആരോപണം രഹസ്യമായി അന്വേഷിക്കുന്ന പത്രപ്രവര്‍ത്തകനായാണു മാനവ് ബാനര്‍ജി (ഷര്‍മന്‍ ജോഷി) വേഷമിടുന്നത്. അദ്ധേഹം കണ്ടെത്തുന്നതും അതിന്റെ അന്ത്യവുമാണു ഇതിവ്രുത്തം.

ഡയറക്ടര്‍ അനീഷ് ഡാനിയല്‍ നടനുമാണ്. 1996-ല്‍ മീരാ നായരുടെകാമസൂത്ര: ആ ടെയില്‍ ഓഫ് ലവിലും പ്രവര്‍ത്തിച്ചു. കഥാക്രുത്ത് ആന്‍ഡ്രൂ മാത്യൂസ് ദി ഗിഫ്ട് (2017) ഓള്‍ സെയിന്റെസ് (1998) എന്നിവയുടെ രചയിതാവുമാണ്. ഡാളസില്‍ സ്‌കൈ പാസ് ട്രാവല്‍സ് ഉടമ വിക്ടര്‍ ഏബ്രഹാമിന്റെ സ്‌കൈപാസ് എന്റര്‍ടെയ്ന്‍മെന്റ് ആണു നിര്‍മാണം.

യാഥാര്‍ഥ്യത്തെ ചിത്രീകരിക്കുന്നതിനാല്‍ പതിവു സിനിമാ സങ്കല്പ്പം വച്ച് ഈ ചിത്രത്തെ വിലയിരുത്തനാവില്ല. എങ്കിലും ഗ്രഹാം സ്റ്റെയിന്‍സ് ആയി അഭിനയിച്ച ബാള്‍ഡ് വിന്‍ മനസില്‍ തറഞ്ഞു നില്‍ക്കുന്നു. സ്റ്റെയിന്‍സിനു പകരം സാങ്കല്പ്പിക കഥാപാത്രം പത്രപ്രവര്‍ത്തകന്‍ ജോഷിക്കു കൂടുതല്‍ പ്രാധാന്യം കിട്ടിയത് അരോചകമായി. മാത്രവുമല്ല ജോഷി അവസരത്തിനൊത്തുയര്‍ന്നോ എന്നും സംശയം.
സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടു കൊല്ലുന്നതിലേക്കു നയിച്ച സംഭവങ്ങളുടെ ചിത്രീകരണവും അവ്യക്തമായി.

കുറവുകള്‍ ഉണ്ടെങ്കിലും വിശ്വാസത്തിനും മറ്റുള്ളവര്‍ക്കും വേണ്ടി ജീവിതം ബലിയര്‍പ്പിച്ച സ്റ്റെയിന്‍സിന്റെയും മക്കളുടെയും ജീവിത കഥ എന്ന നിലയില്‍ ചിത്രം കാണേണ്ടതാണ്. പ്രത്യേകിച്ചു മലയാളി ബന്ധം ഉള്ളപ്പോള്‍  പ്രോല്‍സാഹിപ്പിക്കാന്‍ മലയാളികള്‍ക്കു ഉത്തരവാദിത്വവുമുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക