Image

സര്‍വകലാശാലകളില്‍ 'അഡ്ജങ്റ്റ് ഫാക്കല്‍റ്റി' സമ്പ്രദായം ഉടന്‍: മന്ത്രി ജലീല്‍

Published on 29 January, 2019
സര്‍വകലാശാലകളില്‍ 'അഡ്ജങ്റ്റ് ഫാക്കല്‍റ്റി' സമ്പ്രദായം ഉടന്‍: മന്ത്രി ജലീല്‍
തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രതിഭകളെ സര്‍വകലാശാലകളിലും കോളജുകളിലും അഡ്ജങ്റ്റ് ഫാക്കല്‍റ്റിയായി നിയോഗിക്കുന്ന രീതി ഉടന്‍ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍. കേരള സര്‍വകലാശാലയും അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയും സംയുക്തമായി ഏര്‍പ്പെടുത്തിയ 'ഭാഷക്കൊരു ഡോളര്‍' പുരസ്‌കാര വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍ തുടങ്ങിയ സാഹിത്യപ്രതിഭകളുടെ കൃതികള്‍ സര്‍വകലാശാലകളിലും കോളജുകളിലും പഠിപ്പിക്കുകയും ഗവേഷണത്തിന് വിഷയമാവുകയും ചെയ്യുന്നുണ്ട്.

എന്നാല്‍, ഇത്തരം പ്രതിഭകള്‍ക്ക് സര്‍വകലാശാലയില്‍ പഠിപ്പിക്കാന്‍ നിലവിലെ സാഹചര്യം അനുവദിക്കുന്നില്ല. ഇവരെ അധ്യാപകരായി വിദ്യാര്‍ഥികള്‍ക്ക് മുന്നിലെത്തിക്കാന്‍ അഡ്ജങ്റ്റ് ഫാക്കല്‍റ്റി രീതിയിലൂടെ സാധിക്കും. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളോടും അഡ്ജങ്റ്റ് ഫാക്കല്‍റ്റികളുടെ പാനല്‍ തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ഭരണഘടനയുള്ളതുകൊണ്ടാണ് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാന്‍ സാധിക്കുന്നത്. വിശ്വാസങ്ങളെ ഭരണഘടനക്ക് മുകളില്‍ പ്രതിഷ്ഠിക്കുന്നത് അപകടം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

2016-17 വര്‍ഷം കേരളത്തിലെ സര്‍വകലാശാലകളില്‍നിന്ന് മലയാള സാഹിത്യത്തില്‍ സമര്‍പ്പിക്കപ്പെട്ട മികച്ച ഗവേഷണ പ്രബന്ധത്തിന് ഏര്‍പ്പെടുത്തിയ ഭാഷക്കൊരു ഡോളര്‍ പുരസ്‌കാരം ഡോ. സ്വപ്ന ശ്രീനിവാസന് മന്ത്രി സമ്മാനിച്ചു. അര ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച പ്രബന്ധത്തിന് മാര്‍ഗനിര്‍ദേശം നല്‍കിയ ഗൈഡ് ഡോ. വി.കെ. കൃഷ്ണകൈമളിനെ ചടങ്ങില്‍ ആദരിച്ചു. ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി. നായര്‍ അധ്യക്ഷതവഹിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി. മഹാദേവന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. (Madhyamam) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക