Image

വര്‍ഗീയതയുണ്ടാക്കുന്നവരോടു ജനം പൊറുക്കില്ല: മുഖ്യമന്ത്രി

Published on 11 December, 2018
വര്‍ഗീയതയുണ്ടാക്കുന്നവരോടു ജനം പൊറുക്കില്ല: മുഖ്യമന്ത്രി
ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളെ അവഗണിക്കുകയും അവരെ വര്‍ഗീയമായി ചേരിതിരിക്കുവാന്‍ ഭരണാധികാരം ദുര്‍വിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങള്‍ ക്ഷമിക്കില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഈ ജനവിധിയില്‍ നിന്നുളള പാഠം.

ബി.ജെ.പി.യില്‍ ജനങ്ങള്‍ക്കുണ്ടായ അവിശ്വാസത്തിന്റെ പ്രതിഫലനമാണ് ജനവിധിയില്‍ കാണുന്നത്. വികസനം എന്ന ബി.ജെ.പി. മുദ്രാവാക്യത്തില്‍ ഒരു കഴമ്പുമില്ല എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുളള വിഭാഗങ്ങള്‍ തുടര്‍ച്ചയായ പോരാട്ടങ്ങളിലൂടെയാണ് ബി.ജെ.പി വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയത്. ഈ പോരാട്ടങ്ങളിലൂടെ ഇവരും ഇടതുപക്ഷവും മുന്നോട്ടുവച്ച ആശയങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഏറ്റെടുക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് ഈ ജനവിധി.

ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക നയങ്ങളില്‍ നിന്നുളള മാറ്റമാണ്. അവര്‍ക്ക് അമ്പലം നിര്‍മാണമോ ബി.ജെ.പി. ഉയര്‍ത്തുന്ന സമാന മുദ്രാവാക്യങ്ങളോ അല്ല പ്രശ്‌നം. തങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും മറ്റുമാണ്. അതിനെ അവഗണിച്ച് അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല എന്നും ഇതില്‍ തെളിയുന്നു.

ഇത്, ജയിച്ച് അധികാരത്തില്‍ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയൊരു പാഠം കൂടിയാണ്. ആ പാഠം ഉള്‍ക്കൊണ്ട് നയങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്തുണ്ടാകുമെന്നതിന്റെ സൂചന കൂടി ഇതിലടങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക