Image

അന്നും ഇന്നും (കവിത: രാജന്‍ കിണറ്റിങ്കര)

Published on 10 December, 2018
അന്നും ഇന്നും (കവിത: രാജന്‍ കിണറ്റിങ്കര)
അന്ന്
ചെരുപ്പിടാതെ
നടന്നപ്പോഴൊന്നും
കാലില്‍ മുള്ളു
തറച്ചില്ല
ഇന്ന്
കാലില്‍
ചെരുപ്പുണ്ടെങ്കിലും
മനസ്സില്‍
മുള്ളുകള്‍
പോറി വലിയ്ക്കുന്നു..

അന്ന്
ഉണര്‍ന്നെണീറ്റത്
അയലത്തെ
കുശലാന്വേഷണം
കേട്ടാണെങ്കില്‍
ഇന്ന്
വാട്‌സ് ആപ്പിലെ
സ്‌മൈലികള്‍ മാത്രം

അന്ന്
മന:പാഠമാക്കിയത്
ചോദ്യങ്ങളുടെ
ഉത്തരമായിരുന്നു
ഇന്ന്
ചോദ്യങ്ങളില്ല
പ്രോബ്ലംസേ ഉള്ളൂ

അന്ന്
നിലത്ത്
ചമ്രം പടിഞ്ഞിരുന്നപ്പോള്‍
ഊണിനോടൊരു
ബഹുമാനമുണ്ടായി
ഇന്ന
കണ്ണ് മോബൈലിലും
കൈ റിമോട്ടിലും
ആയപ്പോള്‍
വായിലെത്തേണ്ടതെല്ലാം
തറയില്‍ ചിതറി

അന്ന്
നാലു കിലോമീറ്റര്‍
നടന്നു പോയപ്പോള്‍
സ്കൂളിലെത്തുന്നത്
അറിഞ്ഞില്ല
ഇന്ന്
വിളിപ്പാടകലേക്കും
യാത്ര
വണ്ടിയിലായപ്പോള്‍
ദൂരം കുറഞത്
ലാബിലേക്കായിരുന്നു

അന്ന്
ലഞ്ച് ബോക്‌സ്
മറന്നപ്പോള്‍

വിശപ്പ് സഹിക്കാതെ
കരഞ്ഞിട്ടുണ്ട്
ഇന്ന്
വിങ്ങിപൊട്ടിയത്
മോബൈല്‍ ഡാറ്റ
കഴിഞ്ഞപ്പോഴാണ്

അന്ന്
ഒരു നാക്കില കീഴെ
ആറു പേര്‍
ഒട്ടും നനയാതെ
ഇന്ന്
ഒരു പോപ്പിക്ക് കീഴെ
നനഞ്ഞൊലിച്ചൊരു
സെല്‍ഫി

അന്ന്
വീടുറങ്ങിയിട്ടേ
അമ്മയുറങ്ങൂ
ഇന്ന്
അമ്മയുറങ്ങിയത്
വീടറിഞ്ഞില്ല
Join WhatsApp News
പെണ്ണുക്കര 2018-12-10 23:20:53
അന്ന് ഞാൻ  കിണറ്റിൻ കരയിൽ  
വെള്ളം കോരാൻ വന്ന നേരം 
'കിണറ്റിങ്കര' യെന്നു ചൊല്ലി
അടുത്തു വന്നു നിന്നു 
പരിചയപ്പെടുത്തിയത്‌  
മറന്നുവോ കിണറ്റിങ്കരേ?
ഇത് കിണറിൻ കരയാണ് 
തുറസ്സായ സ്ഥലമാണ്
മറ്റു സ്ത്രീകൾ വെള്ളം കോരാൻ 
കിണറ്റിങ്കരെ വരുമെന്നും 
പിന്നെ നാട്ടിൽ എല്ലാം 
പാട്ടാകുമെന്നും 
അന്ന് ഞാൻ പറഞ്ഞത് 
ഇന്നത്തെപ്പോലെ ഓർക്കുന്നു  
എന്നാൽ ഇന്ന് നീയതല്ലാം 
മറന്നു കിണറ്റിങ്കരെ
അന്നെന്റെ കാലിലൊരു 
മുള്ള് തറച്ച നേരം 
ദർഭ മുനയെന്നു ചൊല്ലി 
എന്നെ നീ ചിരിപ്പിച്ചു 
വാക്കുകൾ കൊണ്ട് നീ 
വേലക്കാട്ടാൻ മിടുക്കനാ 
കാലം എത്ര വേഗംപോയി 
കിണറും വേഗം വറ്റിപ്പോയി
വറ്റിടാതെ എന്നാൽ 
കിണറ്റിങ്കരയെന്നും 
നല്ല കവിത കുറിച്ചടുന്നു  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക