Image

ചേച്ചി പൊന്നമ്മയല്ല ; തങ്കമ്മയാണ്...

Published on 07 December, 2018
ചേച്ചി പൊന്നമ്മയല്ല ; തങ്കമ്മയാണ്...
Sandeep Das-FB
മഹാരോഗം മൂലം വിഷമിക്കുന്ന കിഷോര്‍ എന്ന യുവാവിന്(സീനിയര്‍ നടി സേതുലക്ഷ്മിയമ്മയുടെ മകന്‍) തന്റെ കിഡ്‌നി ദാനം ചെയ്യാന്‍ തയ്യാറാണെന്ന് നടി പൊന്നമ്മ ബാബു അറിയിച്ചിട്ടുണ്ട്. പക്ഷേ ഈ വിഷയത്തില്‍ അധികം എഴുത്തുകളൊന്നും ഫെയ്‌സ്ബുക്കില്‍ കണ്ടില്ല.

വലിയ ആരാധകപിന്‍ബലമുള്ള ഒരു നടന്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരുന്നുവെങ്കില്‍ സൈബറിടങ്ങള്‍ വാഴ്ത്തുമൊഴികള്‍ കൊണ്ട് നിറയുമായിരുന്നു. പുരോഗമന നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയയായ ഏതെങ്കിലുമൊരു നടി ഇത് പറഞ്ഞിരുന്നുവെങ്കിലും നാം ആഘോഷിച്ചേനെ.

പക്ഷേ ഈ കഥയിലെ നായിക പൊന്നമ്മ ആയതുകൊണ്ട് പലരുടെയും തൂലിക ചലിക്കുന്നില്ല.

ദുഷ്ടകഥാപാത്രങ്ങളെയാണ് പൊന്നമ്മ അധികവും അവതരിപ്പിച്ചിട്ടുള്ളത്. അമ്മ എന്ന സംഘടന നടത്തുന്ന സ്ത്രീവിരുദ്ധ സ്‌കിറ്റുകളില്‍ അവരെ കണ്ടിട്ടുമുണ്ട്. പൊന്നമ്മയെ ആളുകള്‍ക്ക് വലിയ താത്പര്യമില്ലാത്തതിന്റെ കാരണങ്ങള്‍ ഇതൊക്കെയാകാം.

പക്ഷേ ഇപ്പോള്‍ അവര്‍ ചെയ്തിരിക്കുന്നത് മഹത്തായ ഒരു കാര്യമാണ്. കയ്യടിക്കാതെ തരമില്ല.പൊന്നമ്മയ്ക്ക് അവയവദാനം നടത്താന്‍ കഴിയുമോ ഇല്ലയോ എന്നത് പരിശോധനകള്‍ക്കുശേഷം മാത്രമേ വ്യക്തമാകൂ. പക്ഷേ ഇത്തരമൊരു നിലപാട് സ്വീകരിക്കുക എന്നത് വളരെ മാതൃകാപരമാണ്.

അവയവദാനത്തെ കുറച്ചുനാളുകള്‍ക്ക് മുമ്പ് നടന്‍ ശ്രീനിവാസന്‍ എതിര്‍ത്തിരുന്നു. ഒരു ബുദ്ധിജീവി പരിവേഷമുള്ള ശ്രീനിയുടെ വാക്കുകള്‍ വരുത്തിവെച്ച ഡാമേജ് ചില്ലറയൊന്നുമല്ല.

പിന്നീട് ആ വാക്കുകള്‍ ശ്രീനി പിന്‍വലിച്ചിരുന്നു. പക്ഷേ ആ വാര്‍ത്ത എത്ര പേര്‍ കണ്ടു എന്നറിയില്ല. പൊതുവെ അങ്ങനെയാണ് കണ്ടുവരുന്നത്. ആവശ്യമില്ലാത്ത വാര്‍ത്തകളാണ് കൂടുതല്‍ പേരിലേക്ക് എത്തുക.

ഇപ്പോള്‍ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ജോസഫ് എന്ന സിനിമയും ഈ വിഷയത്തില്‍ വലിയ ദ്രോഹം ചെയ്തിട്ടുണ്ട്. സിനിമ പോലൊരു ജനപ്രിയ മാദ്ധ്യമത്തിലൂടെ പറയുന്ന കാര്യങ്ങള്‍ ആളുകളെ വലിയ രീതിയില്‍ സ്വാധീനിക്കും.

പ്രകൃതിചികിത്സകര്‍ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ചിലര്‍ അവയവദാനത്തിനെതിരെ സംസാരിക്കുന്നുണ്ട്. ആ വീഡിയോകള്‍ക്ക് ആയിരക്കണക്കിന് ഷെയറുകള്‍ ലഭിക്കുന്നു. വാട്‌സ് ആപ്പിലൂടെ വ്യാജസന്ദേശങ്ങള്‍ പറപറക്കുന്നു. രോഗികളുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ രാവും പകലും പ്രയത്‌നിക്കുന്ന ഡോക്ടര്‍മാരെയും ആരോഗ്യമേഖലയിലെ മറ്റു ജീവനക്കാരെയും അധിക്ഷേപിക്കുന്നു.

അവയവദാനത്തിലൂടെ മാത്രം രക്ഷപ്പെടാന്‍ കഴിയുന്ന ഒട്ടേറെ രോഗികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ അവരെ പുറകില്‍ നിന്ന് കുത്തുന്നതിന് തുല്യമാണ്. കൃത്യസമയത്ത് അവയവം ലഭിക്കാത്തതുകൊണ്ട് മരണമടഞ്ഞ എത്രയോ ആളുകളുണ്ട്.

അവയവദാനത്തിലൂടെ ആയുസ്സ് നീട്ടിക്കിട്ടിയ ആളുകളോട് സംസാരിച്ചുനോക്കിയിട്ടുണ്ടോ? തനിക്ക് ജീവന്റെ ഭാഗം മുറിച്ചുതന്ന മനുഷ്യരെ അവര്‍ ദൈവതുല്യരായിട്ടാണ് കണക്കാക്കുക. അതിനേക്കാള്‍ വലിയൊരു ഭാഗ്യം മനുഷ്യര്‍ക്ക് കിട്ടാനുണ്ടോ!?

പ്രിയപ്പെട്ട ഒരാള്‍ മരിച്ചാല്‍ നമ്മള്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സദ്യ കൊടുക്കും. വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്യും.പക്ഷേ അവയവദാനം എന്ന സദ്പ്രവൃത്തി ചെയ്യുന്നവര്‍ വളരെ കുറച്ചുമാത്രം.

അങ്ങനെയൊരു സമൂഹത്തിലാണ് പൊന്നമ്മ ബാബു വെളിച്ചം വീശുന്നത്. താനൊരു മഹാകാര്യം ചെയ്യുന്നു എന്ന തോന്നല്‍ ഇല്ലാത്തതിനാല്‍ ഇത് വാര്‍ത്തയാക്കേണ്ടതില്ല എന്നാണ് അവര്‍ പറഞ്ഞത്. പക്ഷേ ഇത് നമ്മള്‍ വാര്‍ത്തയാക്കണം. അത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകണം.

അടുത്തറിയുമ്പോള്‍ നാം ആരാധിക്കുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞുപോവാറുണ്ട്. അതുകൊണ്ട് പൊന്നമ്മ ബാബു എന്ന നടിയുടെ മുന്‍കാല നിലപാടുകള്‍ ഇവിടെ പരിഗണിക്കേണ്ട ആവശ്യമേയില്ല.

പൊന്നമ്മയെ സ്‌ക്രീനില്‍ കാണിക്കുമ്പോള്‍ ആനയുടെ ചിന്നംവിളി പശ്ചാത്തലസംഗീതമായി കേള്‍പ്പിച്ച സിനിമാക്കാരുണ്ട്. അവരുടെ ശരീരപ്രകൃതിയെ ഒരുവട്ടമെങ്കിലും കളിയാക്കാത്തവരുണ്ടാകില്ല എന്ന് തോന്നുന്നു. നടിമാരോട് പൊതുവേ വളരെ മോശം മനോഭാവമാണ് മലയാളിയ്ക്ക്. പൊന്നമ്മയെപ്പോലുള്ളവരോട് പ്രത്യേകിച്ചും.

ഇനി ഖേദപ്രകടനത്തിന്റെ സമയമാണ്. ഒരു സിനിമാ ഡയലോഗ് കടമെടുത്ത് പറഞ്ഞാല്‍.....

''ചേച്ചി പൊന്നമ്മയല്ല ; തങ്കമ്മയാണ്....''
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക