Image

പിറന്നാള്‍ ദിനത്തിലെ അക്ഷര സമ്മാനം: ഡോ. നന്ദകുമാര്‍ ചാണയില്‍

Published on 04 December, 2018
പിറന്നാള്‍ ദിനത്തിലെ അക്ഷര സമ്മാനം: ഡോ. നന്ദകുമാര്‍ ചാണയില്‍
ശ്രീമതി സരോജ വര്‍ഗ്ഗീസ് അമേരിക്കന്‍ മലയാള സാഹിത്യലോകത്ത് അറിയപ്പെടുന്നത് 'തറവാട്ടമ്മ' എന്ന പേരിലാണ്. ഈ പദവി തന്നെ, അവര്‍ നേടിയെടുത്ത യശസ്സിന്റെ ദൃഷ്ടാന്തമാണ്. ഈ യശസ്സ് തനിയെ വന്നു ചേര്‍ന്നതല്ല, നിരന്തരമായ അത്യദ്ധ്വാനത്തിലൂടെ അവര്‍ നേടിയെടുത്തതാണെന്നു പ്രസ്താവിക്കുന്നതില്‍ ഒരാള്‍ക്കും സങ്കോചിക്കേണ്ടതില്ല.

ഇന്നിവിടെ പ്രകാശനം ചെയ്ത പുസ്തകം ഇവരുടെ 13-മത്തെ സന്തതിയാണ് (മഞ്ജുവും മജുവുമടക്കം.) അവരുടെ പ്രിയതമന്‍ ജോയുടെ ദേഹവിയോഗാനന്തരം, കൃത്യം ഒരു വര്‍ഷം തികയുന്ന അതേദിനം തന്നെ അവര്‍ എന്നും തന്റെ ഹൃദയത്തില്‍ കെടാത്ത ഭദ്രദീപമായി സൂക്ഷിച്ചിരിക്കുന്ന ജോയ്ക്കായി നല്‍കിയ റോസാ പുഷ്പമെന്തെന്നോ....' പ്രിയ ജോ, നിക്കായി ഈ വരികള്‍' എന്ന ഗ്രന്ഥം.

ഈ സല്‍ക്കര്‍മ്മം എടുത്തു പറയേണ്ട ഒരു ധീരവും സുദൃഢവുമായ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ്. ഒരു തീരാദുഃഖത്തിനിടക്കുപോലും തന്റെ പ്രിയതമനുവേണ്ടി ഒരു അക്ഷരസ്മാരകം പടുത്തുയര്‍ത്താന്‍ തന്റേടം കാണിച്ച ഇവരെ എങ്ങിനെ സ്തുതിക്കേണ്ടു എന്ന സന്ദേഹത്തിലാണ് ഞാന്‍, അതുപോലെതന്നെയാണ് ജോയുടെ സപ്തതി സുദിനത്തില്‍, 'സഹൃദയരേഖകള്‍' എന്ന മറ്റൊരു സ്മരണികയും ഈ സഹൃദയ ഒരു പിറന്നാള്‍ സമ്മാനുമായി നല്‍കി.

ഈ സല്‍ക്കര്‍മ്മത്തില്‍ സൗഭാഗ്യം മലയാള ഭാഷക്കും അനുഭവിക്കാനിടയായി. സാധാരണക്കാര്‍ ഭൗതികവസ്തുക്കള്‍ സമ്മാനങ്ങളായി കൊടുക്കുമ്പോള്‍, ഇവര്‍ ചെയ്യുന്നതാകട്ടെ, ഒരു വെടിക്ക് രണ്ടു പക്ഷി, എന്ന കണക്കില്‍ ഉള്ള ശാശ്വത പാരിതോഷികങ്ങളും സാന്ദര്‍ഭികമായി പറയട്ടെ, തത്സമയങ്ങളില്‍ ഈ രണ്ടു പുസ്തകങ്ങള്‍ക്കും നിരൂപണമെഴുതാനുള്ള നിയോഗം ഈയുള്ളവനുണ്ടായി എന്നു സ്മരിക്കുന്നതില്‍ അതീവ ചാരിതാര്‍ത്ഥ്യമുണ്ട്.

ശ്രീമതി സരോജ വര്‍ഗ്ഗീസിനെ ഞാനുമായി ബന്ധിപ്പിക്കുന്ന കണ്ണി കേരള സമാജവും സാഹിതീ സംബന്ധിയായ താല്‍പര്യവുമാണ്. വ്യത്യസ്തമായ മൂന്നു കൃതികളുടെ ഒരു അപൂര്‍വ്വ സമാഹാരമാണ് ഇന്നിവിടെ പ്രകാശനം ചെയ്യുന്ന 'സഞ്ചാരം, സാഹിത്യം, സന്ദേശം'. വിവിധ രാജ്യങ്ങളിലായി നടത്തിയ പ്രയാണങ്ങളുടെ പ്രയോജനം വായനക്കാര്‍ക്ക് വിതരണം ചെയ്യുന്ന വിസ്മയാനുഭവങ്ങളും, മലയാള നാടിന്റെ നറുമണം പ്രസാരണം ചെയ്യുന്ന 'മിനിക്കുട്ടി എന്ന സൂസമ്മ' നോവലും, പുതു തലമുറക്കായി എഴുതിയ സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്നു ഈ ഗ്രന്ഥത്തില്‍.

ഈ മൂന്ന് 'സ' കളുടെ സമാഹാരം, ശ്രീമതി. സരോജ വര്‍ഗ്ഗീസില്‍ നിന്നും ബഹിര്‍ഗമിക്കുന്ന സാഹിത്യ ഉറവകളുടെ ഒരു ത്രിവേണി സംഗമമായാണ് കൈരളിക്ക് ഇവരുടെ ജന്മസുദിനത്തില്‍ ലഭിക്കുന്ന ഈ സമ്മാനം. പിറന്നാള്‍ ദിനത്തില്‍ സമ്മാനം വാങ്ങുന്നതിനു പകരം സമ്മാനം ദാനം ചെയ്യുകയാണ് ഈ സാധ്വി. താമരപ്പൂ ഭാരതത്തിന്റെ ദേശീയ പുഷ്പമെങ്കില്‍ എന്നും സുസ്മേരവദനയായി പ്രത്യക്ഷപ്പെടുന്ന സരോജ പ്രവാസി മലയാള സാഹിതീ തടാകത്തിലെ, എപ്പോഴും വിടര്‍ന്നു വിലസി നില്‍ക്കുന്ന നിത്യചൈതന്യമായി വിരാജിക്കട്ടെ, ഒപ്പം അവരുടെ കൃതികളും എന്ന ശുഭകാമനകള്‍ നേരട്ടെ!

ഇവരുടെ ജന്മദിനം കൊണ്ടാടുന്ന ഈ സുദിനത്തില്‍ അഭിനന്ദങ്ങളാശംസിക്കാന്‍ എനിക്കൊരവസരം തന്നതിലുള്ള നന്ദിയും ഒപ്പം ആയുരാരോഗ്യ സൗഖ്യങ്ങള്‍ കനിഞ്ഞനുഗ്രഹിക്കാന്‍ ജഗദീശ്വരന്‍ തുണയ്ക്കട്ടെ എന്ന പ്രാര്‍ത്ഥനയും നേരുന്നു.
പിറന്നാള്‍ ദിനത്തിലെ അക്ഷര സമ്മാനം: ഡോ. നന്ദകുമാര്‍ ചാണയില്‍പിറന്നാള്‍ ദിനത്തിലെ അക്ഷര സമ്മാനം: ഡോ. നന്ദകുമാര്‍ ചാണയില്‍
Join WhatsApp News
P R Girish Nair 2018-12-05 08:52:21
സാഹിത്യത്തിന്റെ  താളുകളിൽ എപ്പോഴും വിരിഞ്ഞു നിൽക്കുന്ന ഒരു താമരയായി 
കാലം മായ്ക്കാത്ത സുവർണാക്ഷരങ്ങൾ പുഞ്ചിരിയോടും സന്തോഷത്തോടും കൂടി ഇനിയും വിരിയട്ടെ...   

ഇനിയും ഇനിയും ജൻമദിനം ആഘോഷിക്കാൻ ജഗദീശ്വരൻ കാത്തുരക്ഷിക്കട്ടെ എന്ന പ്രാർത്ഥനയോടെ സരോജ മാഡത്തിനു ഒരായിരം ജന്മദിനഅശംസകൾ നേരുന്നു
BJP കാരന്‍ ? 2018-12-05 09:38:51
ഗിരിഷ് നായര്‍ ഒരു BJP കാരന്‍ എന്ന് തോന്നുന്നു. താമര വിരിക്കാന്‍ സരോജയോടു പറയുന്നത് കൊണ്ട് പറഞ്ഞു എന്നേ ഉള്ളു. കോണ്‍ഗ്രസിന്‍റെ കൈപത്തി വിരിക്കാന്‍ ഓര്‍ പഴയ കാള ചിന്നം ഒക്കെ വിരിക്കാന്‍ പറയാഞ്ഞത് നന്നായി.
സരസമ്മ NY
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക