Image

ലോകത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ പ്രളയം

Published on 03 December, 2018
ലോകത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തം കേരളത്തിലെ പ്രളയം

ജനീവ: ഈ വര്‍ഷം ലോകം കണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തം കേരളത്തിലുണ്ടായ മഹാപ്രളയമെന്ന് ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോര്‍ട്ട്. സാന്പത്തികനഷ്ടത്തിന്റെ മാത്രം കണക്കെടുപ്പില്‍ ആഗോളദുരന്തങ്ങളില്‍ നാലാമതാണ് കേരളത്തിലേത്.

1924 നുശേഷം കേരളംകണ്ട ഏറ്റവുംവലിയ പ്രളയം 54 ലക്ഷംപേരെ ബാധിച്ചു. 223 പേര്‍ മരിച്ചു. 14 ലക്ഷം പേര്‍ക്ക് വീടുവിട്ടുപോകേണ്ടിവന്നു. സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ (430 കോടി യു.എസ്. ഡോളര്‍) സാന്പത്തികനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 483 പേര്‍ മരിച്ചതായാണ് സംസ്ഥാനത്തിന്റെ കണക്ക്.

ജപ്പാന്‍, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയവും പാക്കിസ്ഥാനിലുണ്ടായ ഉഷ്ണതരംഗവുമാണ് ആള്‍നാശത്തിന്റെ കാര്യത്തില്‍ കേരളത്തിന് തൊട്ടുപിന്നിലുള്ളത്. സെപ്റ്റംബറില്‍ യുഎസിലുണ്ടായ ഫ്‌ളോറന്‍സ് ചുഴലിക്കാറ്റാണ് ഏറ്റവുംവലിയ സാന്പത്തിക നഷ്ടമുണ്ടാക്കിയത്. 35,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

2017 ല്‍ ഇന്ത്യയിലാകെ മഴക്കെടുതികളിലും വെള്ളപ്പൊക്കത്തിലും ഉണ്ടായതിലുമേറെയാണ് കേരളത്തിലെ മഹാപ്രളയത്തിലുണ്ടായ നഷ്ടം. വീട്, കൃഷിനാശമുള്‍പ്പെടെ 18,279 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായതെന്ന് കേന്ദ്ര ജലക്കമ്മിഷന്‍ വിലയിരുത്തുന്നു. കേരളത്തില്‍ മഹാപ്രളയമുണ്ടാക്കിയത് 20,000 കോടി രൂപയുടെ നഷ്ടമാണെന്നാണ് ജലക്കമ്മീഷന്റെ വിലയിരുത്തല്‍.

എന്നാല്‍, നഷ്ടം ഇതിലെത്രയോ അധികമാണെന്ന് ലോകബാങ്കും യുഎന്നും സംസ്ഥാനസര്‍ക്കാരും കണക്കാക്കുന്നു. ലോകബാങ്കും യുഎന്നും തയാറാക്കിയ റിപ്പോര്‍ട്ടില്‍ 31,000 കോടിരൂപയുടെ നഷ്ടം സൂചിപ്പിക്കുന്നു. യഥാര്‍ഥ നഷ്ടം ഇതിലുമേറെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക