Image

രാജീവ്‌ ഗാന്ധി വധക്കേസുമായി തങ്ങള്‍ക്ക്‌ ബന്ധമില്ലെന്ന്‌ എല്‍റ്റിറ്റിഇ

Published on 03 December, 2018
 രാജീവ്‌ ഗാന്ധി വധക്കേസുമായി തങ്ങള്‍ക്ക്‌ ബന്ധമില്ലെന്ന്‌ എല്‍റ്റിറ്റിഇ
 
ചെന്നൈ: തമിഴ്‌നാടിനെ ഇളക്കിമറിച്ചു കൊണ്ട്‌  പുതിയ ഒരു ചര്‍ച്ചനടക്കുകയാണ്‌ . മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി വധക്കേസുമായി തങ്ങള്‍ക്ക്‌ ബന്ധമില്ലെന്ന്‌ എല്‍റ്റിറ്റിഇ വ്യക്തമാക്കിയിരിക്കുകയാണ്‌ .

എല്‍റ്റിറ്റിഇയുടെ വക്താക്കളായ കുബുരാന്‍ ഗോസ്വാമിയും ലതാന്‍ ചന്ദ്രലിംഗവും ഒപ്പു വെച്ച കത്തിലാണ്‌ ഇത്തരത്തില്‍ വ്യക്തമാക്കിയത്‌. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സംഘടനയ്‌ക്ക്‌ രാജീവ്‌ഗാന്ധി വധക്കേസുമായി ബന്ധമില്ലെന്ന്‌ തെളിവു സഹിതം സമര്‍ത്ഥിച്ചിട്ടും ആരോപണം തങ്ങളില്‍ കാലാകാലമായി കെട്ടിവെയ്‌ക്കുകയാണെന്നും കത്തില്‍ പറയുന്നു.

സര്‍ക്കാരിനെയും എല്‍റ്റിറ്റിഇയെയും തമ്മില്‍ തെറ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്‌ കുറ്റം തങ്ങളുടെ മേല്‍ ആരോപിക്കുന്നത്‌.എല്‍റ്റിറ്റിഇ ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കാനോ ആക്രമിക്കാനോ ശ്രമിച്ചിട്ടില്ല. ശ്രീലങ്കന്‍ നേതാക്കള്‍ക്കെതിരെയല്ലാതെ ഇന്ത്യയിലെ മറ്റു നേതാക്കളെ ലക്ഷ്യം വച്ച്‌ തങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

തങ്ങള്‍ക്കെതിരെയുള്ള ആരോപണത്തില്‍ നിന്നും മുക്തമാക്കി അന്താരാഷ്ട്രതലത്തില്‍ തങ്ങള്‍ക്കേര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്‌ പിന്‍വലിക്കണമെന്നും കത്തില്‍ പറയുന്നു. കൂടാതെ ഇന്ദിരയുടെ കാലത്ത്‌ ഇന്ത്യന്‍ ഗവണ്‍മെന്‍റാണ്‌ എല്‍.ടി.ടി.ഇ ക്ക്‌ പിന്തുണയും സഹായങ്ങളും ട്രെയിനിംഗും നല്‍കിയതെന്നും ഇന്ദിരയും രാജീവും എല്‍.ടി.ടി.യുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്നും പ്രസ്‌താവനയില്‍ അവര്‍ വെളിപ്പെടുത്തുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക