Image

സരോജ വര്‍ഗീസിന്റെ 'സഞ്ചാരം സാഹിത്യം സന്ദേശം' സഹ്രുദയ വിരുന്ന് (കോരസണ്‍)

Published on 01 December, 2018
സരോജ വര്‍ഗീസിന്റെ 'സഞ്ചാരം സാഹിത്യം സന്ദേശം' സഹ്രുദയ വിരുന്ന് (കോരസണ്‍)
(ന്യു യോര്‍ക്ക് ക്വീന്‍സില്‍ ഇന്നലെ നടന്ന പുസ്തക പ്രകാശന വേളയില്‍ അവതരിപ്പിച്ച പുസ്തകാവലോകനം-വിശദമായ റിപ്പോര്‍ട്ട് പിന്നാലെ)

11 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പരിണതപ്രശസ്തയായ ഒരു സാഹിത്യകാരിയുടെ എഴുത്തിനെ മൊത്തമായി വിലയിരുത്താന്‍ ശ്രമിക്കുകയല്ല എന്റെ ഉദ്യമം . 286 പേജുകള്‍ വരുന്ന ഈ പുസ്തകത്തെ എന്റെ എളിയ ശൈലിയില്‍ ചുരുക്കമായി അവതരിപ്പിക്കുക മാത്രമാണ്. പ്രശസ്ത സാഹിത്യകാരന്മാരായ ശ്രീ. സുധീര്‍ പണിക്കവീട്ടിലും , ശ്രീ. തോമസ് നീലാര്‍മഠവും ഒരുക്കിയ അക്ഷര പുഷ്പാഞ്ജലികള്‍ ഈ പുസ്തകത്തിന്റെ അകവും പുറവും തുറന്നു കാട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ എഴുത്തുകാരിയുടെ സര്‍ഗ്ഗശേഷിയെ വിലയിരുത്താന്‍ ഞാന്‍ തയ്യാറാവുന്നില്ല.

മൂന്നു 'സ' കള്‍ ഒരു 'സ' യില്‍ ലയിക്കുന്ന ഒരു പ്രകൃയയാണ് ഈ പുസ്തകത്തിന്റെ പ്രതേകത. സഞ്ചാരവും , സാഹിത്യവും, സന്ദേശവും ലയിക്കുന്ന സരോജ എന്ന ഒരു പ്രഹേളിക. സരോജ എന്ന സംസ്‌കൃത പദമാണ് താമര എങ്കില്‍, താമര വിരിയുന്ന കുളം താമരയുടെ പേരിലാണ് അറിയപ്പെടുന്നത്. അതിനാല്‍ ഈ മൂന്നു വത്യസ്ഥ പ്രദലവും ഈ കുളത്തില്‍ വിരിഞ്ഞു നില്‍ക്കുന്നു എന്ന് സമ്മതിച്ചുതരണം. അത്ര മികവാണ് ഓരോ ഖണ്ഡങ്ങള്‍ക്കും ഉള്ളത്. സാഹിത്യത്തിലൂടെയും കലയിലൂടെ മനുഷ്യന് സ്വന്തം ശരീരത്തിന്റെയും ആത്മാവിന്റെയും ഇടയിലൊരു ബാന്ധവം സൃഷ്ട്ടിക്കാന്‍ കഴിയും. അത്തരം ഒരു ബാന്ധവത്തിന്റെ പുനസൃഷ്ട്ടി ഈ എഴുത്തുകളില്‍ നമുക്ക് ദര്‍ശിക്കാനാകും . അതാണ് ഈ പുസ്തകത്തിന്റെ മിഴിവും മികവും.

ഒരു കൃതിയെ വിലയിരുത്തുന്നത് ഒരു സാഹിത്യകാരന്റെ സര്‍ഗാത്മകതയുടെ മൊത്തമായ വിലയിരുത്തലുകളല്ല . ഓരോ പ്രത്യേക സാഹചര്യത്തിലും എഴുത്തുകാരന്‍ / എഴുത്തുകാരി ചെന്നെത്തുന്നുന്ന നിഗമനങ്ങള്‍ , കാഴ്ചപ്പാടുകള്‍ , അപ്പോഴത്തെ ചിന്തകള്‍ ഒക്കെയാണ്. അത് പിന്നെ മാറിക്കൂടായ്കയില്ല. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ബലൂണ്‍ പോലെയാണ് സാഹിത്യകാരന്റെ സര്‍ഗ്ഗവൈഭവം. സാഹചര്യങ്ങളും അനുഭവങ്ങളും അതിനെ തീവ്രമാക്കികൊണ്ടിരിക്കും. എരിയുന്ന കനല്‍കൂട്ടമായി നില്‍ക്കുന്ന ആ അവസ്ഥയെ ആളിപ്പടര്‍ത്താന്‍ ഒരു ചെറു കാറ്റ് മതിയാവും. അതുകൊണ്ടു തന്നെ സാഹിത്യകാരന്‍ അമരത്വം നേടിയവനാണെന്നു പറയാം. മരിച്ചാലും ആ അക്ഷരങ്ങളും ചിന്തകളും ചിതലരിക്കാതെ നിലനില്‍ക്കും. താന്‍ ജീവന്‍ കൊടുത്ത കഥാപാത്രങ്ങള്‍ മരണമില്ലാത്ത അവസ്ഥയിലാണ്. അത്തരം ഒരു അക്ഷരമേളനമാണ് ഈ ഗ്രന്ഥത്തിലുള്ളതെന്നു പറയാം. 286 പേജുകള്‍ ഉള്ള ഈ പുസ്തകത്തില്‍ അനുഭവങ്ങളുടെ ഉല്‍നാമ്പുകളിലൂടെ സഞ്ചരിക്കുമ്പോള്‍ ഉള്ള ഒരുപാടു മനോവൃണിതമായ സംഭവങ്ങള്‍ കോറിയിട്ടിരിക്കുന്നു. നിരാശയും വ്യര്‍ത്ഥതയും അതിജീവിക്കാനുള്ള കരുത്തു നല്‍കുന്ന സന്ദേശവും ഇതിന്റെ ഉള്ളിലുണ്ട്.

കാല്പനികതയുടെയോ ആധുനികതയുടെയോ വഴിക്കു പോകാതെ, കുറച്ചു യാത്രാ അനുഭവങ്ങളും ചരിത്രവും ഭൂതകാലത്തിന്റെ നനുത്ത ഓര്‍മ്മകളും, ബന്ധപ്പെട്ട ഇടങ്ങളും വ്യക്തികളിലും രൂഢമായിരുന്ന വികാര തിമിര്‍പ്പുകളും, സന്ദേഹങ്ങളും, മടുക്കാത്ത സംഭാഷണങ്ങളും സൂക്ഷമായി സന്നിവേശിപ്പിച്ചിരിക്കുന്നു ഇതില്‍. മലയാള സാഹിത്യ പശ്ചാത്തലത്തില്‍, നൈസര്‍ഗീകമായ രചന വൈഭവത്തോടെ , അക്കാദമിയ്ക് ജാടകളില്ലാതെ സ്വന്തം ഇടം നേടുന്നതില്‍ എഴുത്തുകാരി വിജയിച്ചു എന്ന് നിസ്സംശയം പറയാം.

ലേഖനങ്ങള്‍

38 ലേഖനങ്ങളിലെ വൈവിദ്ധ്യം എഴുത്തുകാരിയുടെ വിശാലമായ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നു. സന്ദേശങ്ങളിലെ ദര്‍ശനങ്ങള്‍ ഭ്രമാത്മതകള്‍ക്കും പൂര്‍വ സൂചനകള്‍ക്കും വിധേയമായിട്ടാണ് നിലനില്‍ക്കുന്നത് . അവിടെ വ്യക്തിപരമായ ഓര്‍മ്മകളും, ചരിത്ര പശ്ചാത്തലവും നിഴല്‍വിരിച്ചു നില്‍ക്കുന്നുണ്ട്. മര്‍മ്മവും , നോവും, ചിലമ്പലുകളും ഒക്കെ നന്നായി പാകപ്പെടുത്തിയ ഒരു രുചികൂട്ടാണ് ഈ ലേഖനങ്ങള്‍. നഷ്ടപ്പെടാതെ സൂക്ഷിച്ചു വയ്ക്കേണ്ട മൂല്യങ്ങള്‍, മറക്കുവാനുള്ള ശക്തി , സമയത്തെക്കുറിച്ചുള്ള വില , അതാവശ്യം വേണ്ട ശ്രദ്ധ, ലക്ഷ്യബോധം , കടമകള്‍, സ്‌നേഹം, പ്രണയം , മിതത്വം പാലിക്കേണ്ട പ്രശംസകള്‍ , വിശ്വ മാനവികത, സൗഹൃദം, നിര്‍ഭയത്വം, യഥാര്‍ഥ ജ്ഞാനം, കര്‍മ്മത്തിന്റെ ഉള്‍കാമ്പുകള്‍ ഒക്കെ വിശാലമായ ഫ്രെയ്മുകളില് ആണിഅടിച്ചു തറച്ചിരിക്കുന്നു. അവ ഇനി വര്‍ഷങ്ങളോളം അവിടെത്തന്നെ കാണും. പഴയ തറവാട്ടിലെ ചില്ലിട്ടു വച്ചിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ പോലെ അവ മലയാളസാഹിത്യ ചുമരുകളില്‍ നിലനില്‍ക്കും.

അസൂയയെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ , ഒരു കൂട്ടുകാരിയുടെ വിലപിടിപ്പുള്ള സാരി മോഷണം പോകുന്നതും , അത് വികൃതമാക്കി കുറെ നാളുകള്‍ക്കു ശേഷം തിരികെ കിട്ടുന്നതും വല്ലാത്ത ക്ഷതമാണ് ചിന്തകളില്‍ ഉണര്‍ത്തുന്നത്. കളിക്കൂട്ടുകാരനായ ഉണ്ണിക്കുട്ടന്‍ ചാര്‍ത്തിയ ഇലഞ്ഞിപ്പൂമാലയും ചാര്‍ത്തി നഗ്‌നപാദുകയായ് നിന്ന അവസരത്തില്‍ വികൃതിക്കാരിയായ ഒരു കുട്ടി ആയി മാറി. എഴുത്തുകാരനും മാധ്യമങ്ങളും എന്ന ലേഖനത്തില്‍ എത്തുമ്പോള്‍ 'വായന ഒരു പൂര്‍ണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നു, എഴുത്താകട്ടെ , ഒരു യഥാര്‍ഥ മനുഷ്യനെയും' ; ' എഴുത്തുകാരന്‍ പ്രമാണിത്തത്തിനു കീഴടങ്ങരുത് , അര്‍ഥശൂന്യമായ പരന്ന എഴുത്തുകളാകരുത് , അത് സൗമ്യമായ സത്യമാവണം , പറയുന്നത് ക്രൂരമായി തന്നെ പറയണം, പ്രതിബദ്ധത വേണം , കലാംശം ഒട്ടും കുറയരുത് തുടങ്ങിയ ഉപദേശങ്ങള്‍ കാലദേശ ഭാഷാ വ്യത്യാസമില്ലാതെ അടിവരയിട്ടു പറയുന്ന സംഗതികള്‍ തന്നെയാണ്.

കുടുംബജീവിതത്തിലെ വെല്ലുവിളികളും പ്രതിവിധികളും മധ്യ വയസ്സിന്റെ ആകുലതകളും ഹൃദയ സ്പര്‍ശിയായി അവതരിപ്പിക്കുന്നുണ്ട്. യൗവനത്തിന്റെ പടയോട്ടങ്ങളില്‍ വിജയഭേരി മുഴക്കുന്നത്, ആരോരുമറിയാതെ നിഷ്ഫലവും അര്‍ഥശൂന്യവും ആകുന്ന വാര്‍ദ്ധക്യത്തിന്റെ വാനപ്രസ്ഥകാലത്തെ ഒരു അവബോധ മനസ്സോടെ നോക്കിക്കാണാന്‍ ലേഖിക ശ്രദ്ധിക്കുന്നുണ്ട്.ഏകാന്തതകളെ എങ്ങനെ താലോലിക്കണം , സ്വയം സ്‌നേഹിക്കാന്‍ പഠിക്കണം ജീവിതത്തെ സ്‌നേഹിക്കണം , ഈശ്വരനെ സ്‌നേഹിക്കണം , അങ്ങനെ ജീവിതത്തെ കൂടുതല്‍ ആസ്വാദകരമാക്കാനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ അനുഭവങ്ങളുടെ കരുത്ത് തെളിഞ്ഞു കാണുന്നുണ്ട്. അവ ഉദാത്തമായ സാഹിത്യാനുഭവമായി മാറുകയായിരുന്നു. സ്ത്രീ രചന ഒരു പോരാട്ടമെന്നു തെളിയിക്കയും അതില്‍ പൂര്‍ണ്ണമായി വിജയിക്കുകയും ചെയ്യുകയാണ് ശ്രീമതി സരോജ.

സഞ്ചാരം

ആദ്യത്തെ അഞ്ചു ഭാഗങ്ങള്‍ സഞ്ചാരിയായ സരോജയെയാണ് നാം കാണുന്നത്. എല്ലാ യാത്രകളും ആസ്വാദകരമാകണമെന്നില്ല . എന്നാല്‍ എത്ര അരസിക കൂട്ടത്തിലും എത്ര അവധൂത നിമിഷങ്ങളിലും ആഘോഷം കാണാന്‍ കഴിയണം എന്നത് മനസ്സിന്റെ ഒരു മെരുക്കിയെടുക്കലാണ്. ഗൃഹാതരത്വവും ആകാംഷയും, സ്മരണകളും, പുത്തന്‍ അറിവുകളും അങ്ങനെ എടുത്താല്‍ പൊങ്ങാത്ത വിചാര വികാരങ്ങളാണ് യാത്രകള്‍ സമ്മാനിക്കുന്നത്. ഒക്കെ ഓര്‍ത്തു വെയ്ക്കാനും കുറിച്ചുവെയ്ക്കാനും മറന്നു പോകാതെ,കാലത്തെ കൈക്കുമ്പിളില്‍ ചുരുട്ടി പിടക്കാന്‍ എഴുത്തുകാരി അഭിനന്ദനീയമായ മികവാണ് പുലര്‍ത്തിയിരുന്നത്.

ജന്മഭൂമിയില്‍ തിരികെ വരുമെന്നു കൊതിച്ചിരുന്ന ഗ്രാമത്തില്‍ ഇനിയും താന്‍ അന്യനായി മാറി എന്ന ഒരു പ്രവാസിയുടെ തിരിച്ചറിവ്, അവനില്‍ ഉണ്ടാക്കുന്ന ഉണങ്ങാത്ത മുറിവുകള്‍, ക്രമം തെറ്റി വരുന്ന ഞാറ്റുവേലകള്‍ പോലെ അവനു സമ്മാനിക്കുന്ന തിരിച്ചറിവിന്റെ ശക്തി കുറിപ്പുകളില്‍ അവിടവിടെയായി തളം കെട്ടി നില്‍ക്കുന്നു. സിങ്കപ്പൂര്‍ , മലയ, ചൈന , തായ്വാന്‍ , ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍കൂടി നടത്തിയ കപ്പല്‍ യാത്രകള്‍ രസകരമായി വര്‍ണ്ണിക്കുന്നുണ്ട്. ഓര്‍മ്മകളെ സമ്പന്നമാക്കാനുള്ള ചേരുവകള്‍, സന്ദര്‍ശന മേഘലയെക്കുറിച്ചുള്ള ചരിത്രപരമായ അവബോധം ഒക്കെ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സായാഹ്നത്തില്‍ നടന്നു നീങ്ങുമ്പോളും തെരുവിലെ കോലാഹലങ്ങള്‍ക്കിടയിലും ചരിത്രത്തിന്റെ വിശാലതയില്‍ അലിഞ്ഞുചേരുന്ന ചില സത്യങ്ങളുമായിട്ടാണ് ഓരോ യാത്രാ ദിനങ്ങളും അവസാനിക്കുന്നത് എന്ന് എഴുത്തില്‍ തെളിയുന്നുണ്ട്.

ചൈനയിലെ മഹാറാണി കുടിച്ചുകൊണ്ടിരുന്ന ചായയില്‍ പട്ടുനൂല്‍ പുഴുവിന്റെ കൂടു വീഴുകയും അതില്‍ നിന്നും ഒരു നേര്‍ത്ത നൂല്‍ നീളുന്നത് ശ്രദ്ധിച്ചത് കൊണ്ടാണ് സില്‍ക്ക് വ്യവസായം ലോകത്തു ഉടലെടുക്കുന്നതും എന്ന് തുടങ്ങി വിചിത്രമായ നുറുങ്ങുകള്‍ നിറഞ്ഞ മേമ്പൊടികള്‍ വായനക്ക് ആസ്വാദതത നല്‍കുന്നുണ്ട്. ഗൗരവപൂര്ണമായ ചിന്താതലങ്ങള്‍ നിറഞ്ഞതാണ് ഈ സഞ്ചാരക്കുറിപ്പുകള്‍.

22 അദ്ധ്യായങ്ങളിലായി പരന്നുകിടക്കുന്ന ' മിനിക്കുട്ടി എന്ന സൂസമ്മ' എന്ന നോവല്‍ കേരളത്തിലെ ഒരു നൂറ്റാണ്ടില്‍ നടക്കാവുന്ന ഒരു ജീവിത യാഥാര്‍ഥ്യത്തിന്റെ നേര്‍ക്കാഴ്ചയാണ് കോറിയിടുന്നത്. സമൂഹത്തിലെ മൃഗവാസനകള്‍, മാനുഷീക ദുരന്തങ്ങള്‍ , എന്ന പശ്ചാത്തലത്തില്‍ ഇരുണ്ട പരാവശ്യത്തോടെ സ്വന്തം സമൂഹത്തിന്റെ അസ്തിത്വത്തെ ചൂണ്ടിക്കാട്ടുകയാണ് എഴുത്തുകാരി. വന്യഹൃദയമുള്ള മനുഷ്യന്റെ മാനസീക സംഘര്ഷങ്ങള്‍ വിവിധ തലങ്ങള്‍ കൈവിരലില്‍ ചുഴറ്റിമറിക്കുമ്പോഴും സന്തോഷകരമായി ഒരു പര്യവസാനത്തിനുള്ള സാംസ്‌കാരിക പൂര്‍ണത ഈ കഥപറച്ചിലുണ്ട്. സങ്കടക്കടലിലും സ്വപ്നങ്ങള്‍ക്ക് ഒരു കടവുണ്ട് എന്ന് പറഞ്ഞു ജീവിതത്തെ നേരിടാനുള്ള ഒരു നാടന്‍ പെണ്‍കുട്ടിയുടെ ആന്തരികവും ബാഹ്യവുമായ ഉത്തരം കണ്ടെത്തലാണ് ഈ നോവലില്‍ ഉടനീളം കാണാനാവുന്നത്.

പറയാന്‍ ഒരുപാടുണ്ട് അതുകൊണ്ടു ഒക്കെ പാതി പറഞ്ഞു നിര്‍ത്താം. ഗ്രാവിറ്റി ആന്‍ഡ് ഗ്രേസ് എന്ന ഗ്രന്ഥത്തില്‍ സിമോണി വീല്‍ പറഞ്ഞു , ' മനുഷ്യന്റെ മഹത്വം എപ്പോഴും അവന്റെ ജീവിതം പുനഃ സൃഷ്ട്ടിക്കുന്നതിലാണ്. അവന്‍ കടന്നു പോകുന്ന രൂപപരിണാമങ്ങള്‍ക്കൊരു നിര്‍മാണ രീതിയും, അതുവഴി സ്വാഭാവികമായ അസ്തിത്വം സരൂപിക്കാനും, വിശ്വത്തെ പുനഃ സൃഷ്ടിക്കാനും കഴിയും'. ശ്രീമതി സരോജ വര്‍ഗീസ് തന്റെ പ്രിയതനായ ജോയ്ക്ക് സമര്‍പ്പിച്ച ചിത്രങ്ങള്‍ അടക്കിയ ഈ മണിച്ചെപ്പു , അതിന്റെ പുറം ചട്ടയിലെ നിറക്കൂട്ടുകള്‍ പോലെത്തന്നെ മലയാള സാഹിത്യത്തിലെ ഒരു വിക്ടോറിയന്‍ ടച്ച് എന്ന് പറയുന്നതില്‍ ഒട്ടും മടിക്കേണ്ട. മിഴിവോടെ അണിയിച്ചൊരുക്കിയ ഈ പുസ്തകം ഈ ധന്യ വേദിയില്‍, നിറഞ്ഞ സന്തോഷത്തോടെ അവതരിപ്പിക്കുന്നു.

ശ്രീമതി സരോജ വര്‍ഗീസിനു എല്ലാ ഭാവുകങ്ങളും നേരുന്നു.  
സരോജ വര്‍ഗീസിന്റെ 'സഞ്ചാരം സാഹിത്യം സന്ദേശം' സഹ്രുദയ വിരുന്ന് (കോരസണ്‍) സരോജ വര്‍ഗീസിന്റെ 'സഞ്ചാരം സാഹിത്യം സന്ദേശം' സഹ്രുദയ വിരുന്ന് (കോരസണ്‍) സരോജ വര്‍ഗീസിന്റെ 'സഞ്ചാരം സാഹിത്യം സന്ദേശം' സഹ്രുദയ വിരുന്ന് (കോരസണ്‍)
Join WhatsApp News
Jyothylakshmy Nambiar 2018-12-02 08:56:26
Congratulations 
mathew v zacharia 2018-12-04 12:34:54
Congratulation. Well wisher, Mathew V. Zacharia. New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക