Image

വൈകാരിക മുഹൂര്‍ത്തത്തില്‍ 'നമ്പി ദ സയന്റിസ്റ്റി'ന്റെ ആദ്യ പ്രദര്‍ശനം

എ.എസ് ശ്രീകുമാര്‍ Published on 01 December, 2018
വൈകാരിക മുഹൂര്‍ത്തത്തില്‍ 'നമ്പി ദ സയന്റിസ്റ്റി'ന്റെ ആദ്യ പ്രദര്‍ശനം
കൊച്ചി: ഇന്ത്യയുടെ എക്കാലത്തെയും അഭിമാനമായ ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ നേട്ടങ്ങളും ജീവിതയാതനകളും യാഥാര്‍ത്ഥ്യത്തിന്റെ ഫ്രെയിമുകളില്‍ കോര്‍ത്തിണക്കിയ 'നമ്പി ദ സയന്റിസ്റ്റ്' എന്ന ഡോക്യുമെന്ററിയുടെ ആദ്യ പ്രദര്‍ശനം കൊച്ചിയില്‍ നടന്നു. പാലാരിവട്ടത്തെ വെസ്റ്റ് ഫോര്‍ട്ട് ഫിലിം അക്കാദമിയില്‍ ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ നടന്ന പ്രദര്‍ശനത്തിന് ഐ.എസ്.ആര്‍.ഒയുടെ മംഗള്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ എസ് അരുണന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. പ്രമാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതനായി അറസ്റ്റിലായി ജയിലില്‍ അടയ്ക്കപ്പെടുകയും പോലീസിന്റെ മാനസികവും ശാരീരികവുമായ കൊടിയ പീഡനങ്ങള്‍ക്ക് വിധേയനാവുകയും ഒടുവില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം തന്റെ നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധി വരുത്തി ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുകയും ചെയ്ത വ്യക്തിയാണ് നമ്പി നാരായണന്‍.

'ഓര്‍മകളുടെ ഭ്രമണപഥം' എന്ന അദ്ദേഹത്തിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി പ്രമുഖ ചലച്ചിത്ര സംവിധായകന്‍ പ്രജേഷ് സെന്‍ ഒരുക്കിയതാണ് ഈ ഡോക്യുമെന്ററി. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ നമ്പി നാരായണന്റെ കുടുംബ-ഔദ്യോഗിക ജീവിതമുഹൂര്‍ത്തങ്ങള്‍, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രം, ഐ.എസ്.ആര്‍.ഒ ചാരക്കേസ്, അന്നത്തെ കേരള രാഷ്ട്രീയം തുടങ്ങിയ എപ്പിസോഡുകള്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന ചലച്ചിത്ര ഭാഷയില്‍ അനാവരണം ചെയ്യപ്പെടുന്നു. 'ഓര്‍മകളുടെ ഭ്രമണപഥം' രചിച്ച പ്രജേഷ് സെന്‍ തന്നെയാണ് സംവിധായകന്‍. പ്രജേഷ് സെന്നും അമേരിക്കന്‍ മലയാളി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജോയ്‌സ് തോന്ന്യാമലയും ചേര്‍ന്നാണ് സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. ഗാന രചയിതാവ് കൂടിയായ ജോയ്‌സ് തോന്ന്യാമലയെ സംബന്ധിച്ചിടത്തോളം വിരലിലെണ്ണാവുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് ലഭിക്കുന്ന അസുലഭ നേട്ടമാണിത്.

'നമ്പി ദ സയന്റിസ്റ്റി'ന്റെ പ്രഥമ പ്രദര്‍ശനത്തിനു ശേഷം വികാര നിര്‍ഭരമായ രംഗങ്ങളാണ് തിയേറ്ററില്‍ അരങ്ങേറിയത്. ഡോക്യുമെന്ററി കാണാന്‍ നമ്പി നാരായണനോടൊപ്പം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും എത്തിയിരുന്നു. വേദനിപ്പിക്കുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന്റെ മകള്‍ ഗീത അരുണന്‍ പൊട്ടിക്കരഞ്ഞു. ഇന്ത്യയുടെ ബഹിരാകാശ സ്വപ്നം സ്വന്തം സ്വപ്നമായി കണ്ട ഈ രാജ്യസ്‌നേഹിയോട് തല്‍പരകക്ഷികള്‍ കാട്ടിയ കൊടും ക്രൂരതകള്‍ക്കുള്ള താക്കീതായി ആ കണ്ണീര്‍ കണങ്ങള്‍.

തന്റെ ആത്മകഥ വായിക്കുന്നതിനേക്കാള്‍ നല്ല ദൃശ്യാനുഭവമാണ് ഡോക്യുമെന്ററി കണ്ടപ്പോള്‍ ഉണ്ടായതെന്നും ഇതിലെ ഓരോ ഫ്രെയിമും തന്റെ അനുഭവസാക്ഷ്യമാണെന്നും നമ്പി നാരായണന്‍ പറഞ്ഞു. താനുള്‍പ്പെടുന്ന തലമുറയ്ക്കും ഇനി വരാന്‍ പോകുന്ന തലമുറയ്ക്കും വേണ്ടി നമ്പി നാരായണന്‍ എന്ന ദേശാഭിമാനിയായ ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുന്നതിനൊപ്പം അദ്ദേഹം അനുഭവിച്ച യാതനകള്‍ പങ്കുവയ്ക്കുക എന്നതാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യമെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍ പറഞ്ഞു. 

''ഓര്‍മകളുടെ ഭ്രമണപഥം ആദ്യം വായിച്ചപ്പോള്‍ ശരിക്കും കരഞ്ഞുപോയി. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ബഹിരാകാശത്തിനുമപ്പുറം ഉയര്‍ത്തിക്കാട്ടാന്‍ ജീവിതം ഒരു പ്രാര്‍ത്ഥന പോലെ ഉഴിഞ്ഞു വച്ച നിരപരാധിയായ ഒരു ശാസ്ത്രജ്ഞനെ വ്യക്തിതാത്പര്യങ്ങളുടെ പേരില്‍ ക്രൂശിച്ചത് മാപ്പില്ലാത്ത മഹാപരാധമാണ്...'' തിരക്കഥ രചിച്ച ജോയ്‌സ് തോന്ന്യാമല അഭിപ്രായപ്പെട്ടു. ''ഡോക്യുമെന്ററികള്‍ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഹൃദയസ്പര്‍ശിയായ ഒന്ന് കണ്ടിട്ടില്ല. ഓര്‍മകളുടെ ഭ്രമണപഥം എല്ലാവരും വായിക്കണം. ഈ ഡോക്യുമെന്ററിയും കാണണം. ഇത് ഒരുപാട് തിരിച്ചറിവുകള്‍ നമുക്ക് തരുന്നു...'' നടന്‍ ജയസൂര്യ പറഞ്ഞു. 'നമ്പി ദ സയന്റിസ്റ്റ്' അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അണിയറശില്‍പികള്‍ വ്യക്തമാക്കി. 

ഐ.എസ്.ആര്‍.ഒയുടെ വിവിധ കേന്ദ്രങ്ങള്‍, ഫ്രാന്‍സ്, നമ്പി നാരായണന്‍ പഠിച്ച അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം നടന്നത്. പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ നമ്പി നാരായണന്റെ പഠനകാലത്തെ എക്‌സ്‌ക്ലുസീവ് ദൃശ്യങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരനായ അലക്‌സ് വാര്‍ണര്‍, പി.സി രാമകൃഷ്ണ എന്നിവരാണ് വിവരണം നല്‍കുന്നത്. ജോണ്‍ ഡബ്ല്യു വര്‍ഗീസ്, ജോസ് മിലേക്കാച്ചലില്‍, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി നിര്‍മിച്ചത്. നൗഷാദ് ഷരീഫ്, കപില്‍ റോയ് എന്നിവരാണ് ഛായാഗ്രഹണം. ലെബിസന്‍ ഗോപിയാണ് ഡി.ഒ.പി. പ്രജേഷ് സെന്നിനൊപ്പം അരുണ്‍ റാം, നസീം ബീഗം, എം കുഞ്ഞാപ്പ എന്നിവരാണ് ക്രിയേറ്റിവ് സപ്പോര്‍ട്ട്.

നമ്പി നാരായണന്റെ ഔദ്യോഗിക ജീവിതമിങ്ങനെ...1970കളില്‍ റോക്കറ്റുകള്‍ക്കായി ദ്രാവക ഇന്ധനസാങ്കേതിക വിദ്യയും ഖര ഇന്ധന സാങ്കേതിക വിദ്യയും ഐ.എസ്.ആര്‍.ഓ വികസിപ്പിക്കുന്നുണ്ടായിരുന്നു. ഇതില്‍ ദ്രാവക ഇന്ധന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തവരില്‍ പ്രധാനിയായിരുന്നു നമ്പി നാരായണന്‍. കൂടാതെ അതിശീതീകൃത ദ്രവ ഇന്ധനങ്ങളും അവക്ക് വേണ്ട എഞ്ചിനുകളും വികസിപ്പിക്കുന്നതിലും ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്റെ ചെയര്‍മാനായിരുന്ന സതീശ് ധവന്റേയും പിന്‍ഗാമിയായ യു.ആര്‍. റാവുവിന്റേയും നേതൃത്വത്തില്‍ നടന്നുപോന്നിരുന്ന ഗവേഷണപ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയുമായിരുന്നു അദ്ദേഹം.

ചാരവൃത്തി ആരോപിച്ച് 1994 നവംബര്‍ 30ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും അന്‍പതു ദിവസം ജയിലില്‍ അടക്കുകയുമുണ്ടായി. ഐ.എസ്.ആര്‍.ഒ വികസിപ്പിച്ചുകൊണ്ടിരുന്ന ക്രയോജനിക് എഞ്ചിന്‍ സാങ്കേതികവിദ്യയെ ചുറ്റിപ്പറ്റിയായിരുന്നു ചാരവൃത്തി ആരോപണം. ഇന്ത്യയുടെ ക്രയോജനിക് റോക്കറ്റ് രഹസ്യങ്ങള്‍ പാകിസ്ഥാന് വേണ്ടി ചോര്‍ത്തിയ മാലിക്കാരി മറിയം റഷീദ അറസ്റ്റിലായി എന്ന തരത്തിലായിരുന്നു ആദ്യ വാര്‍ത്ത. ശാസ്ത്രജ്ഞര്‍ക്കൊപ്പം കിടക്കപങ്കിട്ട് രഹസ്യങ്ങള്‍ ചോര്‍ത്തിയ മാതാഹരിയെന്ന ചാരവനിതയെപ്പോലെ ഇന്ത്യന്‍ റോക്കറ്റ് വിദ്യ മറിയം റഷീദയും ഫൗസിയ ഹസനും ചേര്‍ന്ന് നമ്പി നാരായണനില്‍ നിന്ന് പാകിസ്ഥാനിലേക്ക് കടത്തിയെന്ന് വരെ ചില പത്രങ്ങള്‍ എഴുതിവിട്ടു. 

വാര്‍ത്തകളിലെ നിറപിടിപ്പിച്ച കഥകള്‍ വായിച്ച് ജനം നമ്പിനാരായണനേയും സഹപ്രവര്‍ത്തകന്‍ ശശികുമാറിനേയും രാജ്യദ്രോഹികള്‍ എന്ന് ആക്ഷേപിച്ചു. ചാരക്കേസിനെ കരുണാകരനെതിരേയുള്ള ആയുധമാക്കുകയായിരുന്നു എതിര്‍ചേരി. രമണ്‍ശ്രീവാസ്തവയെ കരുണാകരന്‍ സംരക്ഷിക്കുന്നുവെന്നായിരുന്നു ആരോപണം. ഒടിവില്‍ കരുണാകരന് രാജിവെക്കേണ്ടിയും വന്നു. നീണ്ട 24 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയില്‍ എടുത്തതാണെന്നും പീഡിപ്പിച്ചതാണെന്നും അദ്ദേഹം നിരപരാധിയാണെന്നും സുപ്രീം കോടതി ഈയിടെ വിധി പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയും ചെയ്തു.

വൈകാരിക മുഹൂര്‍ത്തത്തില്‍ 'നമ്പി ദ സയന്റിസ്റ്റി'ന്റെ ആദ്യ പ്രദര്‍ശനംവൈകാരിക മുഹൂര്‍ത്തത്തില്‍ 'നമ്പി ദ സയന്റിസ്റ്റി'ന്റെ ആദ്യ പ്രദര്‍ശനംവൈകാരിക മുഹൂര്‍ത്തത്തില്‍ 'നമ്പി ദ സയന്റിസ്റ്റി'ന്റെ ആദ്യ പ്രദര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക