Image

പറയുവാനുണ്ട് പലതുമെന്നാകിലും (രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി Published on 28 November, 2018
പറയുവാനുണ്ട് പലതുമെന്നാകിലും  (രമ പ്രസന്ന പിഷാരടി)
പറയുവാനുണ്ട് പലതുമെന്നാകിലും

ചിലത് മൗനത്തിലാഴ്ന്നു പോയീടുന്നു

ചിരികളുണ്ടതില്‍, ചിത്രപടങ്ങളില്‍

വെറുതെ വീണ ജലച്ചായമുണ്ടതില്‍

പറയുവാന്‍ വന്ന് പാതി മറന്നൊരു

കവിത പോല്‍, പെയ്തു തോരാതെ പോയൊരു

മഴകള്‍ പോല്‍ വറ്റിയെന്നേ  മറഞ്ഞൊരു

പുഴയത് പോലെ വാക്കുകള്‍ക്കുള്ളിലെ

അടിയൊഴുക്കുകള്‍,  ആത്മാവിനുള്ളിലെ

ഹരിത താഴ്വര, ആഴക്കടലുകള്‍

എഴുതുവാനായെടുത്ത ലോകത്തിന്റെ

നിറുകയില്‍ കൃഷ്ണരാവിന്റെ ചുംബനം

ദലിതസങ്കടം, ഇരുമുടിക്കാഴ്ച്ചകള്‍

മതിലുകള്‍, മതവിഭ്രമക്കൂടുകള്‍

നിയമഭിത്തികള്‍, നീതിത്തുലാസുകള്‍

ഒഴിവുകാലങ്ങള്‍, ഓര്‍മ്മപ്പെരുക്കങ്ങള്‍

നിടിലസന്ധ്യകള്‍ കുങ്കുമപ്പൂവുകള്‍

വിരലില്‍ വന്നു തുളുമ്പുന്നൊരക്ഷരം

മിഴിയിലേറും നിഗൂഢാര്‍ഥശോകങ്ങള്‍

വഴില്‍ വന്നു വീഴുന്ന നിഴലുകള്‍

പറയുവാനുണ്ട് പലതുമെന്നാകിലും

ഒഴികയാണന്റെ ശബ്ദതാരാവലി

ശരികളെങ്കിലും വിസ്‌ഫോടനത്തിന്റെ

നെടിയ തീപ്പൊരിപ്പന്തങ്ങളാണവര്‍

പറയുക വേണ്ട എന്ന് പറയുന്ന

പതിവുകാലങ്ങളെല്ലാം കടന്നിതാ

പറയുകയാണ് ചുറ്റിലും കാറ്റുകള്‍

കടലുമൊത്ത് സിത്താറിന്റെ തന്ത്രിയില്‍

മഴകളെല്ലാം പെരും മാരിയാവുന്നു

ചിരികളെല്ലാം മുളങ്കാട്ടിലോടുന്നു

തകരുമായിരം സ്ഫടികപാത്രങ്ങളില്‍

തളരുകയാണ്  ഭൂമിയും  മൗനവും.

പറയുവാനുണ്ട് പലതുമെന്നാകിലും  (രമ പ്രസന്ന പിഷാരടി)
Join WhatsApp News
Sudhir Panikkaveetil 2018-11-28 10:45:51
മനുഷ്യൻ ഈശ്വരനറെ സൃഷ്ടിയും ഈ പ്രപഞ്ചം അവൻ മനുഷ്യന് 
ദാനം ചെയ്തതുമാകയാൽ പറഞ്ഞാൽ തീരാത്ത കാര്യങ്ങൾ മനുഷ്യനുണ്ട്.    ഖുർആൻ ഇങ്ങനെ പറയുന്നു. "ഭൂമിയിലുള്ള വൃക്ഷമെല്ലാം പേനയായിരിക്കുകയും സമുദ്രം മഷിയാകുകയും അതിനു പുറമെ ഏഴു സമുദ്രങ്ങള്‍ അതിനെ പോഷിപ്പിക്കുകയും ചെയ്താലും അല്ലാഹുവിന്‍റെ വചനങ്ങള്‍ എഴുതിത്തീരുകയില്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു". ഈ ഭൂമിയും മനുഷ്യരും അല്ലാഹുവിന്റെ 
സൃഷ്ടിയെന്നിരിക്കെ മനുഷ്യ ന്റെ വികാര വിചാരങ്ങളും അനന്തം . ഈ കവിതയിൽ 
നിന്നും മനസ്സിലാക്കുന്നത് പറയുവാനുള്ളത് പറയാൻ കഴിയുന്നില്ലെന്നാണ്. 
പറയുവാൻ ഒത്തിരി ഉള്ളതുകൊണ്ടോ, അപ്രിയ സത്യങ്ങളായതുകൊണ്ടോ,  പറഞ്ഞാൽ തീരാത്തതുകൊണ്ടോ? പക്ഷെ വരികൾക്കിടയിൽ കൂടി വായിക്കുമ്പോൾ പറയാൻ കഴിയാത്തതത് കാലാന്തരങ്ങളിൽ പറയാമെന്ന ഒരു നിഗമനത്തിൽ കവി എത്തിച്ചേരുന്നതായിട്ടാണ് മനസ്സിലാകുക. പറയണ്ടത് പറയാൻ കഴിയില്ലെന്ന് നിസ്സഹായാവസ്ഥയിൽ രണ്ട് കാര്യങ്ങൾ സ്പഷ്ടമാണ് 
വാക്കുകൾ പോരാഞ്ഞിട്ടോ അതിനുള്ള   ആർജവം ഇല്ലാഞ്ഞിട്ടോ? വാക്കുകൾ ഒരിക്കലും മതിയാവുകയില്ല കാരണം പറയാനുള്ളത് പ്രതിദിനം വർധിക്കുന്നു. മനുഷ്യമനസ്സുകളിൽ ഉദിക്കുന്ന ഒരു ആശയത്തിന്റെ ഭംഗിയായ അവതരണമായിട്ടുണ്ട് ഈ കവിത.    സ്ഥലപരിമിതി മൂലം കൂടുതൽ വിസ്തരിക്കുന്നില്ല. കവയിത്രി രമ  പ്രസന്ന പിഷാരടിക്ക് അഭിനന്ദങ്ങൾ. 

Pisharody Rema 2018-11-28 13:55:16
Nandi
Kavitha vayichathinum
Abhiprayathinum
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക