Image

അയോദ്ധ്യ വീണ്ടും പുകയുന്നു (ഡല്‍ഹികത്ത് : പി.വി. തോമസ് )

പി.വി. തോമസ് Published on 28 November, 2018
അയോദ്ധ്യ വീണ്ടും പുകയുന്നു   (ഡല്‍ഹികത്ത് : പി.വി. തോമസ് )
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഡിസംബര്‍ ആറിന് 26 വര്‍ഷം ആകും. അയോദ്ധ്യ വീണ്ടും പുകയുകയാണ്. തര്‍ക്കവിഷയമായ ഭൂമിയില്‍ വിശാലമായ ഒരു രാമക്ഷേത്ര നിര്‍മ്മാണത്തിനായിട്ടുള്ള മുറവിളി അത്യന്തം കലുഷിതം ആവുകയാണ്. അതിന്റെ ഉദാഹരണം ആണ് നവംബര്‍ 24, 25 തീയതികളില്‍ അയോദ്ധ്യയില്‍ വിശ്വഹിന്ദു പരിക്ഷത്തും രാഷ്ട്രീയ സ്വയം സേവക് സംഘും നടത്തിയ ധര്‍മ്മസഭ. 

പതിനായിരക്കണക്കിന് വിശ്വഹിന്ദുപരിഷത്ത്-രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവര്‍ത്തകര്‍ അയോദ്ധ്യയില്‍ ഒത്തുചേര്‍ന്നുകൊണ്ട് ഉടന്‍ രാമക്ഷേത്രനിര്‍മ്മാണത്തിനായി പ്രതിജ്ഞ എടുത്തു! ശിവസേന നേതാവ് ഉദ്ദവ് താക്കറെയും ഈ ദിവസങ്ങളില്‍ അയോദ്ധ്യ സന്ദര്‍ശിച്ച് രാമക്ഷേത്ര നിര്‍മ്മാണത്തിനായി അന്ത്യശാസനം നല്‍കുകയുണ്ടായി. അതോടൊപ്പം നാഗ്പ്പൂരില്‍ രാഷ്ട്രീയ സ്വയംസേവകിന്റെ നേതാവ് മോഹന്‍ ഭാഗ് വത് അയോദ്ധ്യ രാമക്ഷേത്ര മുന്നേറ്റം പുനരാവിഷ്‌ക്കരിക്കുകയും ചെയ്തു. രാഷ്ട്രീയ സ്വയം സേവക് സംഘിനും വിശ്വഹിന്ദുപരിക്ഷത്തിനും ഇതിന് ശക്തമായ പ്രചോദനം ഉണ്ട്. കേന്ദ്രവും ഉത്തര്‍പ്രദേശും ഭരിക്കുന്നത് ബി.ജെ.പി. ആണ്. ഇത് നല്ല അവസരം ആണ് അയോദ്ധ്യ അജണ്ട പൂര്‍ത്തിയാക്കുവാന്‍. പോരെങ്കില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു(അഞ്ച് സംസ്ഥാനങ്ങളില്‍). ലോകസഭ തെരഞ്ഞെടുപ്പ് വരുവാനും ഇരിക്കുന്നു അടുത്ത വര്‍ഷം ആരംഭം. ശിവസേനയുടെ ആവിര്‍ഭാവം ബി.ജെ.പി.യെ ആക്രമിച്ചുകൊണ്ടായിരുന്നു എന്നത് ഭരണകക്ഷിക്ക് അല്പം താക്കീത് ആണ്. അടുത്ത ധര്‍മ്മസഭ ദല്‍ഹിയില്‍ ഡിസംബര്‍ ഒമ്പതിന് ആണ് അയോദ്ധ്യ ധര്‍മ്മസഭ മറ്റൊരു 1992 ഡിസംബര്‍ ആവര്‍ത്തിച്ചേക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും സമാധാനപരമായി കലാശിച്ചു. ഇതിന് ഇടക്ക് ആണ് ബാബരി മസ്ജിദിന്റെ വാര്‍ഷികം(ഡിസംബര്‍ 6).

എന്റെ ദല്‍ഹികത്ത് പംക്തിയില്‍ ഞാന്‍ ഒക്ടോബര്‍ 11 ന് അയോദ്ധ്യ: മത-രാഷ്ട്രീയ-നിയമയുദ്ധങ്ങളുടെ ആയുധപ്പുര- എഴുതിയത് ആണ് രാമ ജന്മഭൂമി- ബാബരിമസ്ജിദ് വസ്തു ഉടമസ്ഥാവകാശ കേസിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ വിധിക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പും മതധ്രുവീകരണവും ആയി ഇതിന് അഭേദ്യമായ ബന്ധം ഉണ്ട്. ഭൂരിപക്ഷ മതം ഇതിനെയെല്ലാം രാഷ്ട്രീയമായി ദുരുപയോഗിക്കുന്നത് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ആപല്‍ക്കരം ആണ്. കേസില്‍ ഇവര്‍ ജയിച്ചേക്കാം. പക്ഷേ, ഫലത്തില്‍ ഇന്‍ഡ്യ തോല്‍ക്കും. ഇതു തന്നെയാണ് എനിക്ക് ഇപ്പോഴും പറയാനുള്ളത്. അയോദ്ധ്യ- ദല്‍ഹി ധര്‍മ്മസഭകളും നാഗ്പ്പൂരിലെ ആക്രോശവും ഇന്‍ഡ്യയുടെ മതനിരപേക്ഷ ഭാവിക്ക് ഹാനികരം ആണ്.

എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത്? അയോദ്ധ്യ വസ്തുതര്‍ക്കം ഇപ്പോള്‍ സുപ്രീംകോടതിയില്‍ നടക്കുകയാണ്. കോടതി അതിന്റെ പെട്ടെന്നുള്ള വിചാരണ തള്ളി. സംഘപരിവാര്‍ ഈ കോടതി തീരുമാനത്തിന് എതിരാണ്. അവര്‍ക്ക് അത് ഉടന്‍ കേട്ട് തീര്‍പ്പാക്കണം. അങ്ങനെ രാമക്ഷേത്ര നിര്‍മ്മാണം പെട്ടെന്ന് ആരംഭിക്കണം. വസ്തുതര്‍ക്കകേസ് ഹിന്ദു വിഭാഗത്തിന് അനുകൂലം ആയിരിക്കും എന്ന് എന്താണ് ഉറപ്പ്? വിധി എന്തായാലും അവര്‍ അതിനെ അംഗീകരിക്കുമോ?  ശബരിമലയിലേതു പോലെ എതിരാണെങ്കില്‍ അതിനെയും എതിര്‍ക്കുവാന്‍ ആണ് സാദ്ധ്യത. അതല്ലേ അമ്പല നിര്‍മ്മാണത്തിനായിട്ടുള്ള ഈ തിടുക്കം? അതുകൊണ്ടല്ലേ അമ്പലനിര്‍മ്മാണത്തിനായി പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ഇവര്‍ ശഠിക്കുന്നത്? എന്തുകൊണ്ട് ഇവര്‍ ബാബരി മസ്ജിദ് ഭേദ കേസിന്റെ വിചാരണയും വിധിയും ഉടന്‍ വരണമെന്ന് ആവശ്യപ്പെടുന്നില്ല? മൊത്തം നിയമ നിഷേധം ആണ് സംഘപരിവാറും കേന്ദ്രഗവണ്‍മെന്റും നടത്തുന്നത് ഇക്കാര്യത്തില്‍. എന്താണ് പ്രധാനമന്ത്രി അല്‍വാറില്‍(രാജസ്ഥാന്‍) തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറഞ്ഞത്? അദ്ദേഹം കോടതി അലക്ഷ്യത്തിന് തുല്യമായ ഒരു പ്രസ്താവനയാണ് രാമമന്ദിര്‍ കേസ് സംബന്ധിച്ച് നടത്തിയത്. നരേന്ദ്രമോഡി ആരോപിച്ചു കോണ്‍ഗ്രസ് രാമമന്ദിര്‍ കേസ് വിചാരണ ലോകസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കുവാന്‍ സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തിയെന്ന് (ഇന്റിമിഡേറ്റ്). അതിന്റെ ഫലമായിട്ട് ആണത്രെ രാജ്യസഭയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്രക്ക് എതിരായി ഇംപീച്ച്‌മെന്റ് മോഷന്‍ കൊണ്ടുവന്നത്. ഇതൊക്കെ വളരെ വിലകുറഞ്ഞ ആരോപണം അല്ലേ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി അണെങ്കില്‍ പോലും? കോണ്‍ഗ്രസ് നേതാവും രാജ്യസഭ അംഗവും ആയ കപില്‍ സിബല്‍ അയോദ്ധ്യ തര്‍ക്കഭൂമികേസ് വിചാരണ ലോകസഭ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത് വസ്തുതയാണ്. പക്ഷേ, അതിനെ ഇംപീച്ച്‌മെന്റ് മോഷനുമായി ബന്ധിപ്പിക്കുന്നത് എന്ത് വില കുറഞ്ഞ രാഷ്ട്രീയമാണ് മോഡി?

മോഡി അല്‍വാറില്‍ ചൂണ്ടികാട്ടിയ ഒരു പോയിന്റ് വളരെ ശരിയാണ്. അത് കോണ്‍ഗ്രസ് നേതാവ് സി.പി.ജോഷി രാമമന്ദിര നിര്‍മ്മാണവും ആയി ബന്ധപ്പെട്ട് നടത്തിയത് ആണ്. ജോഷി പറഞ്ഞു ബാബരി മസ്ജിദിന്റെ പൂട്ട് തുറന്നത് കോണ്‍ഗ്രസ് ആണ് ( രാജീവ്ഗാന്ധി). രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതും കോണ്‍ഗ്രസ് ആണ്(രാജീവ് ഗാന്ധി). അതുകൊണ്ട് രാമക്ഷേത്രം നിര്‍മ്മിക്കുന്നതും കോണ്‍ഗ്രസ് ആയിരിക്കും. ഇത്രയും കുഴപ്പമില്ല. ശരിയാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതും കോണ്‍ഗ്രസ്(നരസിംഹറാവു) കേന്ദ്രം ഭരിക്കുമ്പോഴാണ്. ഇതൊക്കെ ചരിത്ര യാഥാര്‍ത്ഥ്യം. പക്ഷേ, ജോഷി പറഞ്ഞു ഒരു ബ്രാഫിണനു മാത്രമെ രാമക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആകൂ. അതായത് രാഹുല്‍ഗാന്ധിക്ക്. ബ്രാഫിണന്‍ അല്ലാത്ത മോഡിക്ക് സാധിക്കുകയില്ലെന്ന് സാരം. ഇതില്‍ ആണ് മോഡി അല്‍വാര്‍ പ്രസംഗത്തില്‍ കയറിപിടിച്ചതും അതിനെ ജാതി രാഷ്ട്രീയമായി മുദ്രകുത്തി ആക്ഷേപിച്ചതും. അത് ശരിയും ആണ്. ഒടുവില്‍ രാഹുല്‍ ഗാന്ധി ജോഷിയോട് അതിനെ തിരുത്തുവാന്‍ ആവശ്യപ്പെട്ട് ശകാരിക്കുകയും ഉണ്ടായി.

വിശ്വഹിന്ദു പരിക്ഷത്തിന്റെയും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും ശിവസേനയുടെയും തിടുക്കം പിടിച്ചുള്ള രാമക്ഷേത്ര നിര്‍മ്മാണത്തോട് യോജിക്കുന്നതായി ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത്ഷാ നടിക്കുന്നില്ല എന്നത് ശ്രദ്ധിക്കണം. ഗ്വാളിയാറില്‍ ഒരു തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രസംഗിക്കവെ ഷാ പറഞ്ഞത് ഗവണ്‍മെന്റ് സുപ്രീം കോടതി വിധി വരെ (ജാനുവരിക്ക് ശേഷം) അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണ തീരുമാനത്തിനായി കാത്തിരിക്കും എന്നാണ്. ഇത് നല്ല ഒരു രാഷ്ട്രീയ നീക്കം ആണ്. പക്ഷേ, അദ്ദേഹം തുടര്‍ന്ന് പറഞ്ഞകാര്യം ആണ് ഏറെ രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നത്. അമ്പലവിഷയവും ആയി ബന്ധപ്പെട്ടാണ് ഷാ പറയുന്നത്: ബി.ജെ.പി. മൂന്ന് സംസ്ഥാനങ്ങളിലും(മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഘട്ട്) അധികാരം നിലനിര്‍ത്തും. ഡിസംബര്‍ പതിനൊന്നിന് ഫലം പുറത്ത് വരുമ്പോള്‍ മോഡി കൂടുതല്‍ ഉയര്‍ന്ന നിലയില്‍ എത്തും. ഇത് 2019 ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വീണ്ടും തിരിച്ചു വരുവാന്‍ ഇടയാക്കും.

ഇതില്‍ രണ്ട് കാര്യങ്ങള്‍ ആണ് ഉള്ളത്. ഒന്ന് മോഡിയെ ഈ മൂന്ന് സംസ്ഥാനങ്ങളിലും ജയിപ്പിക്കുക. നിങ്ങള്‍ക്ക് അമ്പലം ലഭിക്കും. കാരണം മോഡി അപ്പോള്‍ കൂടുതല്‍ ശക്തനാകും. ഇത് വീണ്ടും അമ്പലം വച്ചുകൊണ്ടുള്ള ഒരു ചൂതാട്ടം ആണ്. മറ്റൊന്ന് ഇങ്ങനെ മോഡി ശക്തനായി 2019-ല്‍ തിരിച്ചു വന്നാല്‍ അമ്പലം ഉള്‍പ്പെടെ എല്ലാം ശരിയാകും. നേര് തന്നെ എന്ന് വിശ്വസിക്കാം. പക്ഷേ, ഒരു ചോദ്യം 1998 മുതല്‍ 2004 വരെ ബി.ജെ.പി. ഭരിച്ചിട്ടും എന്തുകൊണ്ട് അമ്പലം പണിതില്ല. ശരി, അത് കൂട്ടുമുന്നണി ഗവണ്‍മെന്റ് ആയിരുന്നു. ഒരു പരിധി വരെ അതും സമ്മതിക്കാം. എന്നാല്‍ 2014 മുതല്‍ നാളിതുവരെ കേവല ഭൂരിപക്ഷത്തോടെ ഭരിക്കുന്ന മോഡിക്ക് എന്തുകൊണ്ട് രാമക്ഷേത്രനിര്‍മ്മാണം സാധിച്ചില്ല?
 ഉദ്ദവ് താക്കറെ(ശിവസേന) അയോദ്ധ്യയില്‍ വച്ച് പറഞ്ഞതുപോലെ ബി.ജെ.പി.ക്കും മോഡിക്കും തെരഞ്ഞെടുപ്പ് കാലത്തുള്ള ഒരു നാമജപം ആണ് 'രാം രാം' എന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ 'ആരാമം'(വിശ്രമം) ആണ്. ഇതാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പിന്നിലുള്ള ബി.ജെ.പി.യുടെ കള്ളക്കളി.

ഡിസംബര്‍ പതിനൊന്നിന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ ബി.ജെ.പി. ഗവണ്‍മെന്റ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഒരു ഓഡിനന്‍സ് പുറപ്പെടുവിക്കും എന്നാണ് അയോദ്ധ്യയില്‍ ധര്‍മ്മസഭക്ക് എത്തിയ സന്യാസികളെ സര്‍ക്കാര്‍ പറഞ്ഞ് ധരിപ്പിച്ചിരിക്കുന്നത്. അത് സാദ്ധ്യം അല്ല. കാരണം ഡിസംബര്‍ പതിനൊന്നിന് പാര്‍ലിമെന്റ് സെഷന്‍(ശീതകാല സമ്മേളനം) ആരംഭിക്കും. പാര്‍ലിമെന്റ് നടക്കുമ്പോള്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയില്ല. അങ്ങനെ ഒന്ന് സംഭവിക്കുമെങ്കില്‍ അത് പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനത്തിന് ശേഷം ആയിരിക്കും. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ലോകസഭ തെരഞ്ഞെടുപ്പ് കണക്കാക്കി ആയിരിക്കും ഈ തുരുപ്പ് ശീട്ട്-മതകാര്‍ഡ്. ജയിച്ചാലും ശക്തനായ മോഡി ലോകസഭ തെരഞ്ഞെടുപ്പ് ഉന്നം വച്ച് അങ്ങനെ ഒരു നടപടിക്ക് മുതിര്‍ന്നേക്കാം. പക്ഷേ, അത് ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടും ഉള്ള അവഹേളനം ആയിരിക്കും.

അയോദ്ധ്യയും രാമക്ഷേത്രവും ബാബരിമസ്ജിദ് ഭേദനവും കലുഷിതമായ ഒരു ഇതിഹാസം ആണ് ഇന്‍ഡ്യയുടെ ചരിത്രത്തില്‍. നീതിന്യായ കോടതിയിലൂടെ അതിന് ഒരു പരിഹാരം ഉണ്ടാകുമോ? രാഷ്ട്രീയം ആയി അതിന് ഒരു പ്രതിവിധി ഉണ്ടാകുമോ? മതമേലാധികാരികള്‍ തമ്മിലുള്ള ചര്‍ച്ചയിലൂടെ അതിന് ഒരു സമാധാനപരമായ പ്രതിസന്ധി സാദ്ധ്യം ആണോ? ബുദ്ധിമുട്ടാണ്. അയോദ്ധ്യ കഴിഞ്ഞാല്‍ കാശിവിശ്വനാഥും(വാരണസി) മഥുരയും(ശ്രീകൃഷ്ണജന്മസ്ഥലം) താജ്മഹലും(തേജാ മഹല്‍) വേളാങ്കണ്ണിയും എല്ലാം വിശ്വഹിന്ദുപരിക്ഷത്തിന്റെയും രാഷ്ട്രീയ സ്വയം സേവക് സംഘിന്റെയും ലിസ്റ്റില്‍ ഉണ്ട്. അതുകൊണ്ട് ഇതൊന്നും അങ്ങനെ എളുപ്പം തീരുവാന്‍ പോകുന്നില്ല. കാരണം ഇത് ചരിത്രത്തോടും മദ്ധ്യകാലാന്ധകാരത്തോടും ഉള്ള യുദ്ധം ആണ്. ഇതിന്റെയെല്ലാം പിറകില്‍ മതാധിഷ്ഠിതമായ കാട്ടുപകയാണ്. വിവേകമോ വിവേചനമോ ഇല്ല ആരിലും.

അയോദ്ധ്യ വീണ്ടും പുകയുന്നു   (ഡല്‍ഹികത്ത് : പി.വി. തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക