Image

ഓര്‍മ്മക്കുറവിനു കൂട്ട് വിവരക്കേട് (മിനിക്കഥ: ഡോ.ഈ.എം.പൂമൊട്ടില്‍)

ഡോ.ഈ.എം.പൂമൊട്ടില്‍ Published on 28 November, 2018
ഓര്‍മ്മക്കുറവിനു കൂട്ട് വിവരക്കേട് (മിനിക്കഥ: ഡോ.ഈ.എം.പൂമൊട്ടില്‍)
പ്രായം കൂടുംതോറും അവറാനച്ചായന്റെ  ഓര്‍മ്മക്കുറവു വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഇതിന്റെ തിക്ത ഫലങ്ങള്‍ കൂടുതലും അനുഭവിച്ചുകൊണ്ടിരുന്നത് അച്ചായന്റെ ഭാര്യ ത്രേസ്യമ്മ ചേച്ചിയായിരുന്നെങ്കിലും ചേച്ചിയുടെ ബുദ്ധിക്കുറവ് പലപ്പോഴും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നുവെന്നത് മറ്റൊരു പരമാര്‍ത്ഥം. ജോലി കഴിഞ്ഞ് തന്നെ പിക്ക് ചെയ്യാനായി അച്ചായനെ കാത്തിരിക്കവെ ചേച്ചിയുടെ സെല്‍ഫോണ്‍ അടിച്ചു. പ്രതീക്ഷച്ചതുപോലെ അച്ചായന്‍തന്നെ മറുതലയ്ക്കല്‍!

എടീ, ഞാന്‍ ഏതാണ്ട് പാതി വഴി എത്തി. റെഡ് ലൈറ്റില്‍ നിര്‍ത്തിയിരിക്കുമ്പോളാണീ പാതിവഴി സംസാരിക്കുന്നത്. എന്റെ സെല്‍ഫോണ്‍ ഞാനെവിടെയോ വെച്ചു മറന്നു. പോക്കറ്റിലും കാറിനകത്തും എല്ലാം തപ്പി; കാണുന്നില്ല. മിക്കവാറും അതു വീട്ടില്‍തന്നെ കാണും, അതുകൊണ്ട് ഞാന്‍ തിരികെ പോയി അതു നോക്കിയെടുത്തിട്ടേ വരികയുള്ളൂ; നീ എന്തു പറയുന്നു? മ

റുപടിയായി അച്ചായനു ഭാര്യയില്‍ നിന്നും ലഭിച്ചത് പതിവു ശകാരങ്ങള്‍ തന്നെ.നിങ്ങടെ ഒരു മുടിഞ്ഞ മറവി; ജോലീം കഴിഞ്ഞ് ഞാനിനി എത്ര നേരം കാത്തിരിക്കണം! എന്തായാലും നിങ്ങള്‍ തിരികെ പോയി ഫോണ്‍ കണ്ടുപിടിച്ചോണ്ടു വന്നാല്‍ മതി; ഞാനാനേരംകൊണ്ട് ഒരു ചെറിയ ഷോപ്പിംഗ് നടത്താം. ഫോണ്‍ കണ്ടുപിടിക്കാനായി ഒരു വിദ്യ കൂടി ത്രേസ്യാമ്മ ഭര്‍ത്താവിനു പറഞ്ഞു കൊടുത്തു: നിങ്ങള്‍ വീട്ടില്‍ ചെന്ന് നമ്മുടെ ലാന്‍ഡ് ഫോണില്‍ നിങ്ങളെ സെല്‍ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്യണം. അതു റിംഗ് ചെയ്യുമ്പോള്‍ ഫോണ്‍ എവിടെയെന്നു കണ്ടുപിടക്കാം. അപാരം തന്നെ നിന്റെ ബുദ്ധി; അച്ചായന്‍ അവളെ പ്രശംസിച്ചു. 

അവറാനച്ചായന്‍ വീട്ടില്‍ വന്ന് ഭാര്യ പറഞ്ഞതുപോലെ ചെയ്തപ്പോഴാണ് പറ്റിയ അബദ്ധം മനസ്സിലായത്. കഷ്ടം, സെല്‍ഫോണ്‍ തന്റെ പോക്കറ്റില്‍തന്നെ ഇരിപ്പുണ്ട്. അച്ചായന്‍ തന്റെ ഓര്‍മ്മക്കുറവിനെ ഓര്‍ത്ത് ദുഃഖിച്ചു; ഒപ്പം ഭാര്യയുടെ ബുദ്ധിശൂന്യതയെ മനസ്സാ ശപിച്ചു:  ആ റെഡ് ലൈറ്റില്‍ വെച്ച് സെല്‍ഫോണ്‍ കാണുന്നില്ലെന്നു പറഞ്ഞപ്പോള്‍, പിന്നെ എന്തു കുന്തം കൊണ്ടാ മനുഷ്യാ നിങ്ങളെന്നോടീ സംസാരിക്കുന്നതെന്ന് അവളൊന്നു പറഞ്ഞിരുന്നെങ്കില്‍!!

ഓര്‍മ്മക്കുറവിനു കൂട്ട് വിവരക്കേട് (മിനിക്കഥ: ഡോ.ഈ.എം.പൂമൊട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക