Image

മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്ക് തുടക്കം

അനില്‍ പെണ്ണുക്കര Published on 27 November, 2018
മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്ക് തുടക്കം
മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്ക് തുടക്കമായി .പത്തനംതിട്ട ജില്ലാ ഭരണകൂടവും, ശുചിത്വമിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷന്‍ ഗ്രീന്‍ ശബരിമല.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പമ്പയില്‍ ഉദ്ഘാടനം ചെയ്തു. റെയില്‍വേ കിയോസ്ക് വഴി തുണിസഞ്ചി വിതരണം, ഗ്രീന്‍ ഗാര്‍ഡ്‌സ്, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ കാര്‍ഡ് വിതരണം, പോസ്റ്ററുകള്‍, ബസ് ബ്രാന്‍ഡിംഗ്, റെയില്‍വേ സംഗീതശകലം, വീഡിയോ പ്രദര്‍ശനം തുടങ്ങി പ്രകൃതി സൗഹൃദ തിരുവാഭരണ യാത്ര വരെ നീളുന്ന പരിപാടികളാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്.

തീര്‍ത്ഥാടനകാലത്ത് ശബരിമലയെ മലിനപ്പെടുത്താതെ സൂക്ഷിക്കേണ്ടത് ഓരോ അയ്യപ്പഭക്തന്റെയും കര്‍ത്തവ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി പറഞ്ഞു. മാത്രമല്ല, പുണ്യനദിയായ പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്ന രീതി അയ്യപ്പഭക്തര്‍ ഉപേക്ഷിക്കണമെന്നും അന്നപൂര്‍ണദേവി പറഞ്ഞു.
പ്ലാസ്റ്റിക് രഹിത തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിനായി തീര്‍ത്ഥാടകര്‍ക്കായി തുണിസഞ്ചിയും പോക്കറ്റ് കാര്‍ഡും വിതരണം ചെയ്തു. ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗ് വാങ്ങുകയും പകരം സൗജന്യമായി തുണിസഞ്ചി നല്‍കുകയും ചെയ്യും. പമ്പയിലേയ്ക്ക് വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരവിരുദ്ധമാണെന്നും ശബരിമലയും കാനനപാതയും പ്ലാസ്റ്റിക് വിമുക്തമായി സംരക്ഷിക്കണമെന്നുള്ള വിവിധ ഭാഷയിലുള്ള സന്ദേശവും ശബരിമലയിലെ വിശേഷദിവസങ്ങളും രേഖപ്പെടുത്തിയ പോക്കറ്റ് കാര്‍ഡുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. തീര്‍ത്ഥാടകരുടെ വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസുകളിലും ബോധവല്‍ക്കരണ സ്റ്റിക്കറുകള്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍, ശുചിത്വമിഷന്‍ വോളന്റിയര്‍മാര്‍ പതിപ്പിക്കുന്നുണ്ട്.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായുള്ള പെട്ടികള്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിത്വമിഷന്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ സഞ്ചരിക്കുന്ന തീര്‍ത്ഥാടകര്‍ ളാഹ മുതല്‍ പമ്പ വരെയും കണമല മുതല്‍ ളാഹ വരേയും പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും വനാതിര്‍ത്തികളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് പതിവാണ്. ഇങ്ങനെ തീര്‍ത്ഥാടകര്‍ വലിച്ചെറിയുന്ന അജൈവ മാലിന്യങ്ങള്‍ വനംവകുപ്പിന്റെ എക്കോ ഗാര്‍ഡുകള്‍ വഴി ശേഖരിച്ച് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്വകാര്യഏജന്‍സി മുഖേന നീക്കം ചെയ്യുന്നുമുണ്ട്. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് തിരുവാഭരണപാതയില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിനും മറ്റ് അലങ്കാരങ്ങള്‍ക്കും പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പാത പരിശുദ്ധമായി സംരക്ഷിക്കുന്നതിനും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.

തീര്‍ത്ഥാടന കാലയളവിന് ശേഷം പമ്പ, നിലയ്ക്കല്‍, മറ്റു കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ശുചിത്വമിഷന്‍ നേതൃത്വം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ.ആര്‍ അജയ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമ്മന്‍ കോണ്ടൂര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.റെജി തോമസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് വില്യം ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു

കൂടാതെ തീര്‍ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗങ്ങളില്‍ നിലയ്ക്കാത്ത വൈദ്യുതി വിതരണത്തിനു കാര്യക്ഷമമായ സംവിധാനങ്ങളാണ് കെഎസ്ഇബി ഏര്‍പ്പെടുത്തി. മൂഴിയാറില്‍ നിന്നും പള്ളത്തുനിന്നും ത്രിവേണിയിലേക്കുള്ള 66 കെവി ലൈനിലൂടെ വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കുന്നതിന് സബ്‌സ്‌റ്റേഷനുകളുടെയും ലൈനുകളുടെയും അറ്റകുറ്റപ്പണി തീര്‍ഥാടന കാലത്തിന് മുമ്പുതന്നെ പൂര്‍ത്തിയാക്കിയിരുന്നു. കൂടാതെ മുണ്ടക്കയം സബ്‌സ്‌റ്റേഷന്‍ 66 കെ.വി ആക്കിയതോടെ മൂഴിയാറില്‍ നിന്നും പള്ളത്തുനിന്നും ത്രിവേണി 66 കെ.വി സബ്‌സ്‌റ്റേഷനില്‍ ഒരേ സമയം വൈദ്യുതി ലഭ്യമാക്കാന്‍ സാധിച്ചു. നാറാണംതോട് ഇലവുങ്കല്‍ വഴി നിലയ്ക്കലേക്ക് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ച് ത്രിവേണി 66 കെ.വി സബ്‌സ്‌റ്റേഷനില്‍ നിന്നും പുതുതായി ഒരു 11 കെ.വി ഫീഡര്‍ മരക്കൂട്ടം വരെ സ്ഥാപിച്ചു. പമ്പ ത്രിവേണിയില്‍ 11 കെ.വി. സ്വിച്ചിംഗ് സ്‌റ്റേഷനും ആരംഭിച്ചു.

നിലയ്ക്കല്‍, ത്രിവേണി, പമ്പ, സന്നിധാനം തുടങ്ങി തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും ആവശ്യമുള്ള എല്ലാ സ്ഥലത്തും പുതിയ വഴിവിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. പമ്പയിലും സന്നിധാനത്തും ഒരു അസിസ്റ്റന്റ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ 12 പേര്‍ വീതം അടങ്ങുന്ന കെഎസ്ഇബിയുടെ ഉദ്യോഗസ്ഥര്‍ വൈദ്യുതി വിതരണം കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്.
മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്ക് തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക