Image

കഞ്ചാവു പാഠം കൊയ്യുന്ന സര്‍വകലാശാലകള്‍ (ജോസഫ് എബ്രഹാം)

ജോസഫ് എബ്രഹാം Published on 24 November, 2018
കഞ്ചാവു പാഠം കൊയ്യുന്ന സര്‍വകലാശാലകള്‍ (ജോസഫ് എബ്രഹാം)
'അടിക്കണ വഴിയെ  പോയില്ലെങ്കില്‍  പോണ വഴിയെ അടിക്കണം'  എന്ന  ചൊല്ലുപോലെയാണ്  അമേരിക്കക്കാരുടെ കാര്യം.  പറഞ്ഞു വരുന്നത്  അമേരിക്കയിലെ കഞ്ചാവ് കൃഷിയെകുറിച്ചും    കച്ചവടത്തെക്കുറിച്ചുമാണ്. കഞ്ചാവു കച്ചവടക്കാരെ ഓടിച്ചിട്ടു പിടിച്ചു ജയിലില്‍ ഇട്ടിട്ടും,  കഞ്ചാവ് തോട്ടങ്ങള്‍ വെട്ടി നശിപ്പിച്ചിട്ടും  കഞ്ചാവ് വലിയില്‍ നിന്നോ കൃഷിയില്‍ നിന്നോ രാജ്യത്തെ പ്രജകളെയും കുടിയേറ്റക്കാരെയും പിന്തിരിപ്പിക്കാന്‍ ലോക പോലീസായിരുന്ന അമേരിക്കയുടെ  സര്‍ക്കാരുകള്‍ക്ക്  പറ്റിയില്ല. 
ഗ്രാമപ്രദേശങ്ങളിലെ  ആളുകള്‍ കൃഷിയിടങ്ങളിലും  പട്ടണങ്ങളിലെ  ആളുകള്‍  വീടിനകത്തും  നല്ല തോതില്‍ തന്നെ കഞ്ചാവ് കൃഷി  ചെയ്തുവന്നു.  വീടുകളുടെ  ബേസ് മെന്റ്റുകളില്‍ നിന്ന് ചട്ടികളില്‍ വളര്‍ത്തിവരുന്ന നൂറു കണക്കിനു കഞ്ചാവ് ചെടികള്‍ പോലീസ് പിടിച്ചെടുക്കാറുണ്ട്   അതിന്റെ  ഉടമകള്‍ ജയിലിലാകാറുമുണ്ട്.
 ഇങ്ങനെ പിടിയിലായി  ജയിലില്‍ പോയ ആളുകളുടെ കൂട്ടത്തില്‍ ചില  മലയാളികളുമുണ്ടായിരുന്നുവെന്നു കേള്‍ക്കുമ്പോള്‍ ഏതു നാട്ടില്‍ പോയാലും കൃഷി നമ്മള്‍ ഒരു ആവേശമായിത്തന്നെ കൊണ്ടുനടക്കുന്നുവെന്നു മാത്രം കരുതിയാല്‍ മതി.  മലയാളികളുടെ വീട്ടില്‍ വന്നിട്ടുള്ളവരോട് ചോദിച്ചാല്‍ അവര്‍ പറയും  മലയാളികളുടെ വീടിനകത്ത് തലയുയര്‍ത്തി നില്‍ക്കുന്ന കറിവേപ്പിന്‍ നാമ്പുകളെക്കുറിച്ചും  മൂത്തു പഴുത്തു  കടിച്ചാല്‍ വെള്ളം ചീറ്റുന്ന  പാകത്തില്‍ നില്‍ക്കുന്ന കാന്താരി മുളകിനെക്കുറിച്ചുമൊക്കെ. 

എന്നാല്‍ ഇത്തരം നിശബ്ദ കാര്‍ഷിക വിപ്ലവങ്ങള്‍ നടത്തിയതിന്റെ പേരില്‍  അഴിയെണ്ണിയവര്‍ക്ക് വളരെ ശുഭകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പല സ്‌റ്റേറ്റുകളില്‍ നിന്നും വരുന്നത്.  എന്താന്നുവെച്ചാല്‍  ഇപ്പോള്‍ പലയിടത്തും കഞ്ചാവ് കൃഷിയും വലിയുമൊക്കെ    നിയമവിധേയമാക്കിക്കഴിഞ്ഞു.  വലിക്കേണ്ടവന്  ധൈര്യമായി വലിക്കാം   ഇനി സ്വന്തമായി  പത്ത് മൂട് കഞ്ചാവ് നട്ടുനച്ചുണക്കിയതിന്റെ പുക വിടണമെങ്കില്‍  അങ്ങിനെയും ആകാം. 
 ബാക്കി കാര്യങ്ങള്‍  പറയുന്നതിനു മുന്‍പായി സംഗതികളുടെ   നാള്‍വഴികള്‍  ഒന്ന്  കണ്ടു നോക്കാം.  

ഐക്യനാടുകളുടെ ഔഷധ നിര്‍മ്മാണ ഗ്രന്ഥങ്ങളില്‍ ( United states pharmacopoeia  ( U.S.P) 1800 കള്‍ മുതല്‍ കഞ്ചാവിന്റെ   ഘടകങ്ങള്‍ ചേര്‍ത്തുള്ള  മരുന്നുകള്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പിന്നീടു  പല സംസ്ഥാനങ്ങളും  ഇത്തരം മരുന്നുകള്‍ക്ക്   നിയന്ത്രണം  കൊണ്ടുവരികയുണ്ടായി.  1931 ആയപ്പോഴേക്കും   പല സ്‌റ്റേറ്റുകളിലും   ഇത്തരം   ഔഷധങ്ങള്‍ കൈവശം വയ്ക്കുന്നത്  ക്രിമിനല്‍ കുറ്റമാക്കിമാറ്റി.  അതേത്തുടര്‍ന്ന്   1942 ആയപ്പോഴേക്കും     ഡ.ട.ജ  അത്തരത്തിലുള്ള  ഔഷധ സംബന്ധമായ  വിവരങ്ങള്‍ തങ്ങളുടെ  ഗ്രന്ഥത്തില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു .
എന്നാല്‍ 2011 ആയപ്പോഴേക്കും കാര്യങ്ങള്‍ മെല്ലെ ഒരു തിരിച്ചുപോക്കിനായി തയ്യാറായി തുടങ്ങി. പന്ത്രണ്ടോളം  സ്‌റ്റേറ്റുകള്‍    കുറഞ്ഞ അളവില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നത് (പലയിടത്തും 10 ഗ്രാമില്‍ താഴെയുള്ള അളവ്)  ഒരു ക്രിമിനല്‍ കുറ്റമല്ലാതാക്കി  സിവില്‍  കുറ്റമായി  പരിഗണിച്ചു  പിഴ ഈടാക്കുന്ന സമ്പ്രദായം ആരംഭിച്ചു.   കൂടാതെ കഞ്ചാവിലെ  ഉയര്‍ന്ന ലഹരിക്ക്  ഹേതുവായ  THC (Tterahydrocannabinol) എന്ന പദാര്‍ത്ഥത്തെ അതില്‍ നിന്നു വേര്‍തിരിച്ചു മാറ്റി ഔഷധമൂല്യമുള്ളതും വലിയ തോതില്‍ ലഹരി നല്‍കാത്തതുമായ  ഘടകമായ  CBD (Cannabidiol) എന്ന പദാര്‍ത്ഥത്തെ  മരുന്നായി ഉപയോഗിക്കാനുള്ള  അനുമതിയും നല്‍കി.  ഇതിനായി ഇആഉ  ചെടികളില്‍  നിന്ന് വേര്‍തിരിച്ചെടുത്തും  അതുപോലെ ജനിതക സാങ്കേതിക വിദ്യ ഉപയോഗിച്ച്  ഠഒഇ വളരെ കുറഞ്ഞ അളവില്‍ മാത്രമുള്ള ചെടികളെ   വികസിപ്പിച്ചെടുത്തും  ഉപയോഗിച്ചും വരുന്നു. 
മെഡിക്കല്‍ ഉപയോഗത്തിനുള്ള കഞ്ചാവ്   ഒരു മെഡിക്കല്‍ ഡോക്ടറുടെ  കുറിപ്പട പ്രകാരം വാങ്ങുവാന്‍ കഴിയും. മരുന്നിനുള്ളവ പല രൂപത്തിലും ലഭ്യമാണ്  സാധാരണ പുക വലിക്കും പോലെ  വേണ്ടവര്‍ക്ക് ആ രീതിയില്‍ തന്നെയാകാം അല്ലാത്തവര്‍ക്ക്   എണ്ണ, ആഹാരവസ്തുക്കള്‍, ലേപനങ്ങള്‍, ചെറിയ ഗുളികകള്‍  എന്നിങ്ങനെയുള്ള രൂപത്തിലും ലഭിക്കും.

 വിശപ്പിലായ്മ, മറവിരോഗം, പേശികളുടെ വേദന, ചില മാനസിക അസ്വസ്ഥതകള്‍ എന്നിവയ്ക്കും  കാന്‍സര്‍ രോഗികളില്‍  കീമോതെറാപ്പിക്കു ശേഷമുണ്ടാകുന്ന വേദനയും ശര്‍ദ്ദിയും മനംപുരട്ടലുമൊക്കെ ശമിപ്പിക്കാനും അതുപോലെ  അപസ്മാരം തുടങ്ങി ഒട്ടനവധി രോഗങ്ങള്‍ക്ക്  മരുന്നായും  ഇതുപയോഗിച്ചുവരുന്നു. 
നിലവില്‍  മുപ്പത്തിമൂന്നു സംസ്ഥാനങ്ങളും 'ഡിസ്ട്രിക് ഓഫ് കൊളംബിയ'യും മരുന്നുരൂപത്തില്‍    കഞ്ചാവുപയോഗിക്കാന്‍  അനുമതി നല്‍കിയിട്ടുണ്ടെങ്കിലും  ഫെഡറല്‍  സര്‍ക്കാര്‍  എജന്‍സിയായ  ഫുഡ് ആന്‍ഡ് ഡ്രഗ്  അഡ്മിനിസ്‌ട്രേഷന്‍     ( F D A)  ഇതുവരേക്കും  അനുമതി നല്‍കിയിട്ടില്ല.
മദ്യം പോലെ  ഒരു വിനോദ ഉപാധിയായി  കഞ്ചാവടിക്കാന്‍   ആദ്യം അനുവാദം നല്‍കിയത് 2012 ല്‍  'കൊളറാഡോ'  സംസ്ഥാനമാണ്. വാര്‍ത്ത  കേട്ടവര്‍ കേട്ടവര്‍ വാരാന്ത്യങ്ങളില്‍ അവിടേക്ക്  കൂട്ടമായൊഴുകി. അവര്‍ അവിടെക്കണ്ട ലഹരിയുടെ സ്വതന്ത്ര   വിഹായസില്‍ പുകയുടെ മേഘപാളികള്‍  തീര്‍ത്തതിന്മേല്‍  കയറി പറന്നു നടന്നു.  തുടര്‍ന്ന്  'ഡിസ്ട്രിക്ട് ഓഫ് കൊളംബിയയും'  മറ്റു പതിനൊന്നു  സ്‌റ്റേറ്റുകളും  കൂടി  പ്രജകള്‍ക്കു  കഞ്ചാവടിച്ചു ആനന്ദിക്കാനുള്ള    സ്വാതന്ത്ര്യത്തിലേക്ക്   അവരുടെ വാതിലും മലക്കെ തുറന്നിട്ടു. 

അമേരിക്കന്‍ അഭിപ്രായ  സര്‍വേ  സ്ഥാപനമായ  'പ്യൂ  റിസേര്‍ച്ചു സെന്റര്‍' ( ജലം research Cetnre) കഴിഞ്ഞ  മാസം പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ട് പ്രകാരം  പത്തില്‍  ആറു  അമേരിക്കക്കാരനും  കഞ്ചാവിന്റെമേലുള്ള നിയന്ത്രണം നീക്കണമെന്ന  അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്  അതുകൊണ്ടുതന്നെ വരും നാളുകളില്‍  കൂടുതല്‍  ഇടങ്ങളിലെ  നിയന്ത്രണം ഇല്ലാതാകുമെന്നുറപ്പാണ്. നിരോധനം  എടുത്തുകളഞ്ഞ  സംസ്ഥാനങ്ങള്‍ ഒട്ടുമിക്കവയുംതന്നെ   ആളുകള്‍ക്ക് ഒരു ഖര ഔണ്‍സ് ( ഇരുപത്തിയെട്ടു ഗ്രാം ) കഞ്ചാവ് കൈവശം വയ്ക്കാനും  8  മുതല്‍ 12  കഞ്ചാവ് ചെടികള്‍ വീടുകളില്‍ വളര്‍ത്താനും (എല്ലാം സ്വന്തം ഉപയോഗത്തിന് മാത്രം) അനുമതി നല്‍കിയിട്ടുണ്ട്.
ഇതിനകം  കഞ്ചാവിന്റെ നിയമപരമായ വിപണനം  വര്‍ഷത്തില്‍  ഒന്‍പതു  ബില്ല്യന്‍ ഡോളര്‍ കടന്നു കഴിഞ്ഞു.  ഒരു ഗ്രാമിന് ഒരു ഡോളര്‍ എന്ന നിലയിലാണ്  നിലവില്‍ അതതു സംസ്ഥാനങ്ങള്‍  എക്‌സ്സൈസ് നികുതി  ഈടാക്കുന്നത്.  സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍പില്‍ തെളിയുന്ന ഈ ധനാഗമനമാര്‍ഗ്ഗം തന്നെ വരും നാളുകളില്‍  ഇതിന്റെ  പൊതുവായ സ്വീകാര്യതയ്ക്ക്  കാരണമായിതീരും. യാതൊരു  നികുതി വരുമാനവും ലഭിക്കാതെ അനസ്യൂതം അധോലോക മാര്‍ക്കറ്റുകളിലൂടെ  ഒഴുകിയിരുന്ന  ഈ പണത്തിന്റെ  നല്ലൊരു വിഹിതം സര്‍ക്കാര്‍ ഖജനാവിലേക്കെത്തുന്നത്  നിരസിക്കാന്‍ ഒരു ഭരണാധികാരിക്കും തോന്നുകയില്ലല്ലോ. 

ഇടുക്കിയിലും വയനാട്ടിലുമൊക്കെയായി  കാടിന്റെയുള്ളിലും  ദുര്‍ഘടമായ മലകള്‍ക്കു മുകളിലുമായി അതീവ രഹസ്യമായി നടത്തുന്ന  കഞ്ചാവ് കൃഷികളും     അതിനെതിരെ പോലീസും  എക്‌സ്സൈസുകാരും നടത്തുന്ന കഞ്ചാവ് വേട്ടയുമൊക്കെ വാര്‍ത്തകളായി നമ്മുടെ മുന്നിലുണ്ട്.  എന്നാല്‍  'ഗ്രീന്‍ ഹൌസുകളി'ല്‍ നല്ല വൃത്തിയുള്ള അന്തരീക്ഷത്തില്‍  ആധുനിക കൃഷി സങ്കേതങ്ങള്‍ ഉപയോഗിച്ച്  സര്‍ക്കാര്‍ അനുമതിയോടെ വളരെ പ്രൊഫഷണലായി  കഞ്ചാവ് വളര്‍ത്തുന്ന അമേരിക്കന്‍ കമ്പനികളെക്കുറിച്ചും കര്‍ഷകരെക്കുറിച്ചുമൊക്കെ കേള്‍ക്കുന്നതുതന്നെ  ഒരു കൌതുകമാണ്.  

 അതുപോലെതന്നെ ഇരുളിന്റെ മറവിലും പെട്ടികടകളുടെ   പിന്നിലുമൊക്കെ മറഞ്ഞുനിന്നുകൊണ്ട്  മടിശീലയില്‍ നിന്ന് പത്രകടലാസുതുണ്ടില്‍  പൊതിഞ്ഞ ചെറിയ കഞ്ചാവ് പൊതി ഇടപാടുകാരനു കൈമാറി ധൃതിയില്‍ നടന്നു പോകുന്ന കഞ്ചാവ് വില്പ്പനക്കാരെ കണ്ടുപഴകിയ  ആളുകളോട്  കഞ്ചാവ് വില്‍ക്കാന്‍ കോട്ടും സൂട്ടുമിട്ടു കഴുത്തില്‍ ടൈയും കെട്ടി നടക്കുന്ന  മാര്‍ക്കറ്റിംഗ്  എക്‌സിക്ക്യൂട്ടീവുകള്‍ ഉണ്ടെന്നു പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.

കഞ്ചാവ് വില്‍ക്കുന്ന ഇടങ്ങളെ ഡിസ്‌പെന്‍സറികള്‍ എന്നാണ് വിളിക്കുന്നത്. ആദ്യം മെഡിക്കല്‍ ആവശ്യത്തിനുള്ള ഉല്പന്നങ്ങള്‍  മാത്രം വിറ്റു തുടങ്ങിയതിനാലാകണം ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.  സംഗതി കഞ്ചാവു കടയാണെങ്കിലും  കണ്ടാല്‍ ഏതാണ്ട് നമ്മുടെ സ്വര്‍ണക്കടകള്‍ പോലെയിരിക്കും.  ഇത്തരം കടകളില്‍  ജോലി ചെയ്യുന്ന  മാനേജര്‍മാരും  സെയില്‍സ്മാന്‍മാരും  കാഷ്യര്‍മാരുമൊക്കെ നല്ല ശമ്പളവും  വാങ്ങുന്നുണ്ട്.  

ഈ മേഖലയില്‍  ഇതിനകംതന്നെ   രണ്ടു ലക്ഷത്തില്‍പരം  ആളുകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ്  കണക്കുകള്‍ പറയുന്നത്.  മാത്രവുമല്ല  അനുദിനം വളരുന്ന ഒരു തൊഴില്‍ മേഖലയായിതു മാറിക്കഴിഞ്ഞിരിക്കുന്നു. 'ഇന്‍ഡീഡ്'(indeed.com)പോലുള്ള തൊഴിലവസര  വെബ്‌സൈറ്റുകളില്‍ നോക്കിയാല്‍ കഞ്ചാവുകൃഷിയിലും  സംസ്‌കരണത്തിലും  വിപണത്തിലും പരിചയസമ്പന്നരായ ആളുകളെ  ജോലിക്ക്  ആവശ്യമുണ്ടെന്നു കാണിച്ചുള്ള പരസ്യങ്ങള്‍ ധാരാളം കാണുവാന്‍ കഴിയും.
കഞ്ചാവുചെടികളുടെ  കൃഷി മുതല്‍ ഔഷധ നിര്‍മ്മാണം  വിപണം എന്നുവേണ്ട  അതിന്റെ നിയമപരവും  വാണിജ്യപരവുമായ സകല കാര്യങ്ങളും പഠനവിഷയമാക്കി   യുനിവേര്‍സിറ്റികള്‍ രംഗത്ത് എത്തിക്കഴിഞ്ഞു.  കാലിഫോര്‍ണിയയിലെ ഓക് ലാന്‍ഡില്‍  സ്ഥിതി ചെയ്യുന്ന  'ഓക്സ്റ്റര്‍ ഡാം യുനിവേര്‍സിറ്റി' (Oaksterdam universtiy) യാണ്  ഈ രംഗത്തെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനം. 'നോര്‍ത്തേന്‍ മിഷിഗന്‍ യൂണിവേര്‍സിറ്റി' ഈ വിഷയത്തില്‍ രാജ്യത്ത് ആദ്യമായി  നാലു വര്‍ഷത്തെ ഡിഗ്രി കോഴ്‌സ് തുടങ്ങി രംഗത്തെത്തി. പല മെഡിക്കല്‍ സ്‌കൂളുകളിലും  ഔഷധ കഞ്ചാവിന്റെ പ്രയോഗത്തെക്കുറിച്ച്   പ്രത്യേക പരിശീലനം തന്നെ നല്‍കുന്നുണ്ട്.  ഇതൊന്നും കൂടാതെ  ഓണ്‍ലൈന്‍ വഴിയായി കഞ്ചാവ് കൃഷിയുടെ പാഠങ്ങള്‍  വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും യഥേഷ്ടം. 

ഇതൊക്കെയാണെങ്കിലും കഞ്ചാവടിച്ചു  വണ്ടിയോടിക്കുന്നവരെയും  വണ്ടിയിലിരുന്നു കഞ്ചാവടിക്കുന്നവരെയും  കണ്ടാല്‍  പോലീസ് പൊക്കും.  ലഹരിയുടെ സ്വാധീനത്തില്‍ വണ്ടിയോടിക്കുന്നവര്‍ക്കു  അമേരിക്കയിലൊരിടത്തുതന്നെ  അത്ര നല്ല കാലമല്ല.     ആദ്യത്തെ തവണ  നല്ല നടപ്പെന്നു പറഞ്ഞു ഊരിപ്പോരമെങ്കിലും പിന്നീട് പിടിയിലായാല്‍  ജയില്‍വാസം ഏറക്കുറെ ഉറപ്പാണ്. മേരിലാന്‍ഡ് പോലുള്ള സംസ്ഥാനങ്ങള്‍  മൂന്ന് പ്രാവശ്യത്തില്‍ കൂടുതല്‍ കുറ്റം  ആവര്‍ത്തിക്കുന്ന െ്രെഡവര്‍മാര്‍ക്ക് പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷനല്‍കാനുള്ള നിയനിര്‍മ്മാണം ആലോചിക്കുന്നുമുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കഞ്ചാവ് ഇപ്പോഴും ഫെഡറല്‍ സര്‍ക്കാരിന്റെ  നിയന്ത്രിത വസ്തുക്കളുടെ  പട്ടികയില്‍ തന്നെയാണുള്ളത്.  ഒരു  പ്രകൃതിജന്യവസ്തുവെന്നും ഓര്‍ഗാനിക് മെഡിസിന്‍ എന്നുമൊക്കെ പറയുമ്പോഴും അതിനെ മയക്കുമരുന്നുകളുടെ  കൂട്ടത്തില്‍ തന്നെയാണ് ഫെഡറല്‍ സര്‍ക്കാര്‍  നിര്‍ത്തിയിരിക്കുന്നത്.
കഞ്ചാവിനെ  മയക്കുമരുന്നിന്റെ  പട്ടികയില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയും  അതിനെതിരെയുള്ള ഹര്‍ജിയും സര്‍ക്കാരിന്റെ മുന്നില്‍ തീരുമാനത്തിനായി കെട്ടികിടപ്പുണ്ട്. ടി ഹര്‍ജിയിന്മേല്‍  അനുകൂലമായി ഒരു തീരുമാനം വരുന്നതുവരെ  കഞ്ചാവടിക്കുന്ന അമേരിക്കന്‍ മലയാളികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍  ഒന്നു  സൂക്ഷിക്കുക.   ഇടയ്ക്കിടെ  തൊഴിലുടമകള്‍  ജോലിക്കാരില്‍  നടത്താറുള്ള   'ഡ്രഗ് ടെസ്റ്റ്'  പരീക്ഷ  നടത്തിയാല്‍  അതില്‍പ്പെട്ടു പണി പോകുമെന്ന കാര്യം   ഇപ്പോഴും  മൂന്നു തരം.  ഡ്രഗ് ടെസ്റ്റില്‍  പരാജയപ്പെട്ടാല്‍ കഞ്ചാവ് വില്‍ക്കുന്ന കടയില്‍പോലും ജോലികിട്ടില്ല എന്നു പറഞ്ഞാല്‍ അതൊരു വിരോധാഭാസമായി തോന്നണ്ട  കാരണം  കഞ്ചാവ്  വില്‍പ്പന  എന്നത് ഇവിടെ  ഇപ്പോള്‍  ഒരു  നല്ല പ്രൊഫഷനാണ്.
  

കഞ്ചാവു പാഠം കൊയ്യുന്ന സര്‍വകലാശാലകള്‍ (ജോസഫ് എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക