Image

അഞ്ച് സംസ്ഥാനങ്ങളില്‍ വാശിയേറിയ പോരാട്ടം-2019-ന്റെ യവനിക ഉയര്‍ത്തല്‍ (ഡല്‍ഹികത്ത് : പി.വി.തോമസ് )

പി.വി.തോമസ് Published on 23 November, 2018
അഞ്ച് സംസ്ഥാനങ്ങളില്‍ വാശിയേറിയ പോരാട്ടം-2019-ന്റെ യവനിക ഉയര്‍ത്തല്‍  (ഡല്‍ഹികത്ത് : പി.വി.തോമസ് )
അഞ്ച് സംസ്ഥാനങ്ങള്‍- മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛാത്തീസ്ഘട്ട്, തെലുങ്കാന, മിസോറാം-വിധി എഴുതുകയാണ്. ഡിസംബര്‍ പതിനൊന്നിന് വരുന്ന ഫലപ്രഖ്യാപനം വളരെ നിര്‍ണ്ണായകം ആണ്. ഈ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകള്‍ 2019 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുവാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന്റെ യവനിക ഉയര്‍ത്തല്‍-കര്‍ട്ടന്‍ റെയ്‌സര്‍-ആയിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അതുപോലെ തന്നെ ഇതിനെ മഹാഫൈനലിന് മുമ്പായിട്ടുള്ള സെമിഫൈനല്‍ ആയിട്ടും നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിന് കാരണം ഈ അഞ്ച് സംസ്ഥാനങ്ങളില്‍ ആകെയുള്ള 83 ലോകസഭ സീറ്റുകളില്‍ 63 എണ്ണവും 2014 ല്‍ ബി.ജെ.പി. നേടിയെന്നും കോണ്‍ഗ്രസ് വെറും അഞ്ച് സീറ്റുകള്‍ മാത്രമേ കൈക്കലാക്കിയുള്ളൂ എന്നും ഉള്ള വസ്തുതമാത്രം അല്ല. ബാക്കിസീറ്റുകള്‍ നേടിയത് തെലുങ്കാന രാഷ്ട്രസമതി ആണ്(11) ഇവിടെ ആണ് ഇപ്പോള്‍ അങ്കം നടക്കുന്നത്.

ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഇത് മോഡിയുടെ 2014-ലെയും അതിനുശേഷം നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പു വിജയങ്ങളുടെയും മൂലകാരണമായ 'മോഡിമാജിക്' വീണ്ടും പരീക്ഷിക്കപ്പെടുകയാണ് 2019-ന് മുമ്പായി. അതിന്റെ ഫലം അതിനാല്‍ പരമപ്രധാനം ആണ്. ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത് ഷായുടെ ചാണക്യ തന്ത്രത്തിന്റെ വിജയ-പരാജയവും ഇവിടെ വിഷയം ആണ്. അതുപോലെ തന്നെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയുടെ വലിയ ഒരു നാഴികക്കല്ലായിരിക്കും ഈ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍. 

ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കന്മാരുടെയും രാഷ്ട്രീയഭാവിയും ത്രാസില്‍ ആടുന്നുണ്ട്. ഇതില്‍ ശിവിരാജ് സിംങ്ങ്(മദ്ധ്യ പ്രദേശ്), രാമന്‍ സിങ്ങും(ഛത്തീസ്ഘട്ട്) വസുന്ധര രാജെ സിന്ധ്യയും (രാജസ്ഥാന്‍) കമല്‍നാഥും, ജ്യോതിരാദിത്യ സിന്ധ്യയും(മദ്ധ്യപ്രദേശ്) സച്ചിന്‍ പയലട്ടും( രാജസ്ഥാന്‍) ഉള്‍പ്പെടുന്നു. ആദ്യത്തെ മൂന്ന് പേരും ബി.ജെ.പി.യുടെ മുഖ്യമന്ത്രിമാര്‍ ആണ്. അവസാനത്തെ മൂന്നുപേരും കോണ്‍ഗ്രസിന്റെ മുന്നണി പോരാളികള്‍ ആണ്.

ഈ തെരഞ്ഞെടുപ്പുകളില്‍ പ്രധാനമന്ത്രി മോഡിയുടെ താല്‍പര്യം വളരെയേറം ആണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിലനിലവാരം പരിശോധിക്കപ്പെടുന്ന അഗ്നിപരീക്ഷണം ആണ് ഇവ. രാഷ്ട്രം അദ്ദേഹത്തെ എങ്ങനെ നോക്കി കാണുന്നു എന്നതിന്റെ വില സൂചികയും ആയിരിക്കും തെരഞ്ഞെടുപ്പു ഫലം.

ഇതിന് മുമ്പ് നടന്ന കര്‍ണ്ണാടക, ഗുജറാത്ത് സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മോഡി 21-ാം 34-ാം തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ പങ്കെടുത്ത് അദ്ദേഹത്തിന്റെ വാക്‌ധോരണി വെളിപ്പെടുത്തിയെങ്കിലും കര്‍ണ്ണാടകത്തില്‍ തോറ്റും ഗുജറാത്തില്‍ കഷ്ടിച്ച് രക്ഷപ്പെട്ട ചരിത്രം ആണ് ഉള്ളത്. ഛത്തീസ് ഘട്ടിലും(5) രാജസ്ഥാനിലും(1-ഇതുവരെ) മദ്ധ്യപ്രദേശിലും(11 ഇതുവരെ) മോഡി തെരഞ്ഞെടുപ്പ് പ്രകടനങ്ങളില്‍ സജീവം ആണ്.
മോഡിയുടെ പ്രചരണത്തിന്റെ പ്രധാന പോര്‍മുഖം നെഹ്‌റു-ഗാന്ധി ഡിനാസ്റ്റിക്ക് നേരെയുള്ള ആക്രമണം ആണ്. ഈ കുടുംബത്തിന് വെളിയില്‍ നിന്നും ഒരു നേതാവിനെ കോണ്‍ഗ്രസിന്റെ പ്രസിഡന്റോ പ്രധാനമന്ത്രിയോ ആയി വാഴിക്കുവാന്‍ അദ്ദേഹം വെല്ലുവിളിക്കുന്നു. ഒരു വിധത്തില്‍ ഇത് ശരിയും ആണ് മറ്റൊരു വിധത്തില്‍ ഇത് ശുദ്ധ അബദ്ധവും ആണ്. കോണ്‍ഗ്രസ്സിന്റെ 133 വര്‍ഷത്തെ ചരിത്രത്തില്‍ ആറ് പ്രസിഡന്റുമാര്‍ മാത്രം ആണ് നെഹ്‌റു-ഗാന്ധി കുടുംബത്തില്‍ നിന്നും വന്നത്. ഇത് മോട്ടിലാല്‍ നെഹ്‌റും, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരഗാന്ധി, രാജീവ് ഗാ്ന്ധി, സോണിയഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ആണ്. പ്രധാനമന്ത്രിമാര്‍ ആകട്ടെ നെഹ്‌റുവും, ഇന്ദിരയും, രാജീവും ആണ്. സോണിയയെ പാര്‍ട്ടി 2004-ല്‍ തെരഞ്ഞെടുത്തെങ്കിലും അവര്‍ അത് നിരാകരിച്ചുകൊണ്ട് മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രി ആയി നിയമിച്ചു. എങ്കില്‍ തന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയിലും പ്രധാനമന്ത്രിപദത്തിലും നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഉണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ല. പക്ഷേ, ഇത് ചോദ്യം ചെയ്യുവാന്‍  മോഡിയും ഷായും ആരാണ്. അത് ആ പാര്‍ട്ടിയുടെ തീരുമാനം ആണ്. അത് ജനാധിപത്യ വിരുദ്ധം ആയിരിക്കാം. പക്ഷേ, മോഡി-ഷാ കൂട്ടുകെട്ട് നടത്തുന്ന ബി.ജെ.പി.യില്‍ എത്രമാത്രം ജനാധിപത്യം ഉണ്ട്. ഒരിടത്ത് കുടുംബാധിപത്യം ആണെങ്കില്‍ മറ്റിടത്ത് വ്യക്തിയാധിപത്യം ആണ്.

മോഡിയുടെ ആക്രമണത്തിന്റെ മുന സോണിയ-രാഹുല്‍ കേന്ദ്രീകൃതം ആയിരുന്നു മിക്ക തെരഞ്ഞെടുപ്പ് യോഗങ്ങളിലും. കോടതിയില്‍ നിന്നും ജാമ്യത്തിലായ അമ്മയുടെയും മകന്റെയും ഉപദേശങ്ങളൊന്നും ബി.ജെ.പി.ക്ക് ആവശ്യമില്ലെന്ന് പ്രധാനമന്ത്രി പരിഹാസത്തോടെ പ്രഖ്യാപിച്ചു. നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും കേസ് നേരിടുന്നത് ആണ് അദ്ദേഹം ഉദ്ദേശിച്ചത്. അത് ശരിയും ആണ്. പക്ഷേ, എന്തിന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ഈവിധം തരംതാഴ്ന്ന ആക്രമണം അഴിച്ചു വിടണം? നാഷ്ണല്‍ ഹെറാള്‍ഡ് കേസ് ഇപ്പോഴും സബ് ജൂഡീസ് ആണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ വ്യാജ, വ്യാപാര ബന്ധങ്ങള്‍ തുറന്നു കാണിക്കുവാന്‍ ആയിരുന്നു നാണയ നിര്‍വീര്യകരണം പ്രഖ്യാപിച്ചതെന്നും മോഡി റെയ്പ്പൂരില്‍ പ്രസ്താവിച്ചു. ഇത് എത്രയോ ശുഷ്‌ക്കമായ ഒരു വാദഗതിയാണ്!

അമിത്ഷായും ഈ തെരഞ്ഞെടുപ്പുകളെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അദ്ദേഹം പറഞ്ഞത് ഈ തെരഞ്ഞെടുപ്പുകളെ സാധാരണ തെരഞ്ഞെടുപ്പുകളായി കാണരുതെന്ന് ആണ്. കാരണം അത് 2019-ന്റെ വഴികാട്ടി ആണ്. 2019 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് അത് പാതയൊരുക്കും. 2019-ല്‍ വിജയിച്ചാല്‍ ബി.ജെ.പി. അപ്രതിരോധ്യം ആകും. പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അത് ഭരിച്ച് പുതിയ ഒരു ഇന്‍ഡ്യയെ പ്രദാനം ചെയ്യും. ആ പുതിയ ഇന്‍ഡ്യ അഭിവൃദ്ധോന്മുഖവും, സുരക്ഷിതവും സാംസ്‌ക്കാരിക പൈതൃകത്തില്‍ അടിയുറച്ചതും ആയിരിക്കും. ഇങ്ങനെ പോകുന്നു ഷായുടെ കണക്ക് കൂട്ടലുകള്‍.

ഈ തെരഞ്ഞെടുപ്പുകള്‍ മോഡിയും രാഹുലും തമ്മിലുള്ള ദ്വന്ദയുദ്ധം ആണ്. കാരണം പ്രധാന സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഘട്ടിലും പ്രധാന എതിരാളികള്‍ ബി.ജെ.പി.യും കോണ്‍ഗ്രസും തന്നെയാണ്. ഇത് അതിന്റെ ഗൗരവത്തോടെ തന്നെയാണ് രാഹുല്‍ കാണുന്നതും. അദ്ദേഹം ഇതുവരെ 43 തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഘട്ടിലും പങ്കെടുത്തു കഴിഞ്ഞു. മോഡിയെ നിശിതമായിട്ട് വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍ ആണ് ഏറെയും. മോഡി സ്വയം രാഷ്ട്രത്തിന്റെ കാവല്‍ക്കാരന്‍ ആണെന്ന് വിശേഷിപ്പിച്ചതിനെ, രാഹുല്‍ പരിഹാസപൂര്‍വ്വം വിശേഷിപ്പിച്ചത് കാവല്‍ക്കാരന്‍(ചൗക്കിദാര്‍) കള്ളന്‍ ആണെന്നാണ്? വിഷയം 59,000 കോടിരൂപയുടെ റഫാല്‍ പോര്‍ വിമാന ഇടപാട് ആണ്. പക്ഷേ, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ തെളിയിക്കപ്പെടാത്ത ഒരു കേസില്‍ കള്ളന്‍ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് തരം താഴുന്ന രാഷ്ട്രീയം ആണ്. രാഹുല്‍ അച്ഛന്‍ രാജീവ്ഗാന്ധിയെ ബോഫേഴ്‌സ് പീരങ്കി കോഴക്കേസില്‍ ബി.ജെ.പി.യും മറ്റ് പ്രതിപക്ഷകക്ഷികളും 1988-89 ല്‍ ആക്ഷേപിച്ചതിന് പ്രതികാരം ചെയ്യുക ആയിരിക്കാം.

ഈ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ പ്രധാന ചോദ്യം ബി.ജെ.പി.ക്ക് മദ്ധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഘട്ടും നിലനിര്‍ത്തുവാന്‍ ആകുമോ എന്നതാണ്. മദ്ധ്യപ്രദേശും ഛത്തീസ്ഘട്ടും കഴിഞ്ഞ 15 വര്‍ഷം ആയിട്ട് ബി.ജെ.പി. ഭരിക്കുകയാണ്. രാജസ്ഥാന്‍ കഴിഞ്ഞ 5 വര്‍ഷം ആയിട്ടും. അവിടെ ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയെ പുറത്താക്കുന്ന ഒരു പതിവുണ്ട്. അല്ലെങ്കില്‍ തന്നെയും വസുന്ധര രാജെ സിന്ധ്യ അത്ര ജനപ്രിയയായ ഒരു മുഖ്യമന്ത്രി അല്ല. ആരംഭം മുതലെ രാജസ്ഥാനില്‍ ബി.ജെ.പി. പിറകില്‍ ആണ്.

ഇനി മദ്ധ്യപ്രദേശും ഛത്തീസ്ഘട്ടും ആണ്. ഭരണ വിരുദ്ധ വികാരം അവിടെ ശിവരാജ് സിംങ്ങ് ചൗഹാനും രാമന്‍ സിംങ്ങിനും എതിരെ ഉണ്ടെങ്കിലും അവര്‍ കഷ്ടിച്ച് ജയിലേക്കും എന്നായിരുന്നു സര്‍വ്വെകള്‍ ആദ്യം പ്രവചിച്ചത്. പക്ഷേ, ഇപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലുള്ള അകലം ചെറുതാവുകയാണ്. ഒടുവില്‍ കിട്ടുന്ന കണക്ക് കൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ച് പിടിച്ചാലും അദ്ഭുതം ഇല്ല. പക്ഷേ, അത് കണ്ടറിയണം. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഘട്ടിലും ജയിച്ചാല്‍ കോണ്‍ഗ്രസിന് അത് വലിയൊരു വിജയം ആയിരിക്കും. ബി.ജെ.പി.ക്ക് വലിയൊരു പ്രഹരവും. ഈ സംസ്ഥാനങ്ങളില്‍ തോറ്റാല്‍ കോണ്‍ഗ്രസിന്റെ 2019-ലെ സ്വപ്‌നങ്ങള്‍ മങ്ങും. മഹാസഖ്യത്തില്‍ അതിന്റെ സ്ഥാനം ചെറുതാകും.
മിസോറാം 10 വര്‍ഷം ആയി കോണ്‍ഗ്രസ് ഭരിക്കുകയാണ്. അത് നിലനിര്‍ത്തുവാനുള്ള സാദ്ധ്യത ഉണ്ട്. കാരണം എതിരാളികള്‍ ശക്തരല്ല. മിസോ നാഷ്ണല്‍ ഫ്രണ്ട് ആണ് പ്രധാന എതിരാളി. സൊരാം പീപ്പിള്‍സ് ഫ്രണ്ട് എന്നൊരു മൂന്നാം സഖ്യം കൂടെ രംഗത്തുണ്ട്. ഇത് ഛത്തീസ്ഘട്ടില്‍ അജിത് ജോഗി- മായാവതി സഖ്യം കോണ്‍ഗ്രസിന്റെ അവസരം നശിപ്പിക്കുവാന്‍ സാദ്ധ്യത ഉള്ളതുപോലെ ഇവിടെയും കോണ്‍ഗ്രസിന് ഹാനികരം ആയേക്കാം. മിസോറാം നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിന് അത് വലിയ ഒരു പ്രഹരം ആയിരിക്കും. സംസ്ഥാനം ചെറുതാണെങ്കിലും(ഒരു ലോകസഭ ബീറ്റ്) അത് വടക്ക് - കിഴക്കന്‍ പ്രവശ്യയിലെ കോണ്‍ഗ്രസിന്റെ അവസാന താവളം ആണ്.

ഇനിയുള്ളത് തെലങ്കാനയാണ്. ഈ തെക്കെ ഇന്‍ഡ്യന്‍ സംസ്ഥാന രണ്ടാമത് പ്രാവശ്യം ആണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഭരണകക്ഷി ആയ തെലുങ്കാന രാഷ്ട്രസമതി ശക്തമാണ്. പക്ഷേ, തെലുങ്കുദേശം പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും സി.പി.ഐ.യുടെയും ഒരു സഖ്യം ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. വീണ്ടും വിജയം അതിനാല്‍ ഭരണകക്ഷിക്ക്  അത്ര എളുപ്പം അല്ല.
അഴിമതിയും(റഫാല്‍, വ്യാപം-മദ്ധ്യപ്രദേശ്) ഭരണ കമ്മിയും, കര്‍ഷകരുടെ ദുരവസ്ഥയും, തൊഴിലില്ലായ്മയും, വികസനം ഇല്ലായ്മയും, നാണയനിര്‍വീര്യകരണത്തിന്റെയും ചരക്ക് സേവനനികുതിയുടെ പരിണിത ഫലങ്ങളും തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ആണ്. ജനങ്ങള്‍ ഇവയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയുവാന്‍ ഡിസംബര്‍ 11 വരെ കാത്തിരിക്കാം.


അഞ്ച് സംസ്ഥാനങ്ങളില്‍ വാശിയേറിയ പോരാട്ടം-2019-ന്റെ യവനിക ഉയര്‍ത്തല്‍  (ഡല്‍ഹികത്ത് : പി.വി.തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക