Image

കവയിത്രി, ലേഖിക, പണ്ഡിത: പ്രൊഫ.മീന അലക്സാണ്ടര്‍ക്ക് ആദരാഞ്ജലി

Published on 22 November, 2018
കവയിത്രി, ലേഖിക, പണ്ഡിത: പ്രൊഫ.മീന അലക്സാണ്ടര്‍ക്ക് ആദരാഞ്ജലി
അന്താരാഷ്ട്ര പ്രശസ്തി നേടിയ കവയിത്രിയും, നോവലിസ്റ്റും ലേഖികയും, പണ്ഡിതയുമായിരുന്നു ഇന്നലെ ന്യു യോര്‍ക്കില്‍ അന്തരിച്ച പ്രൊഫ.മീന അലക്സാണ്ടര്‍. അറുപത്തിയേഴ് വയസ്സെ ഉണ്ടായിരുന്നുള്ളു.

ജനിച്ചത് അലഹബാദിലാണ്. പിന്നീട് കുടുംബത്തോടൊപ്പം സുഡാനിലേക്ക് പോകുമ്പോഴുള്ള കപ്പല്‍ യാത്രയില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ചാണ് അവര്‍ക്ക് അഞ്ചു വയസ്സ് തികഞ്ഞത്. സുഡാനിലും കേരളത്തിലുമായി ബാല്യ കൗമാരങ്ങള്‍ ചിലവഴിച്ച അവര്‍ പതിനെട്ടാമത്തെ വയസ്സില്‍ പഠിക്കാനായി ലണ്ടനില്‍ പോയി.

പതിമ്മൂന്നാം വയസില്‍ ഖാര്‍ടും(സുഡാന്‍) സര്‍വകലാശാലയില്‍ ചേര്‍ന്ന അവര്‍ അവിടെ നിന്നും ഫ്രഞ്ചിലും ഇംഗളീഷിലും ബി.എ, ഹോണേഴ്സ് നേടിയിരുന്നു.

ലണ്ടനിലെ നോട്ടിങ്ങ്ഹാം യൂണിവേഴ്സിറ്റിയില്‍ നിന്നും 22-ം വയസില്‍ പി.എച്.ഡി.നേടി. ദി ന്യുയോര്‍ക്കര്‍, ഹാര്‍വാര്‍ഡ് റിവ്യു, കെണിയാന്‍ റിവ്യു, ത്രീ പെന്നി റിവ്യുഎന്നീ പ്രസിദ്ധീകരണങ്ങളിലും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ഇംഗളീഷില്‍ അവര്‍ കവിതകള്‍ എഴുതി. അവരുടെ പല കവിതകളും സംഗീതത്തിലേക്ക് ചിട്ടപ്പെടുത്തിയിട്ടുണ്ട്.സ്വീഡിഷ് കമ്പോസര്‍ ജാന്‍ സാന്‍ഡ്സ്ട്രോം അവരുടെ കവിതകള്‍ക്ക് സംഗീത സംവിധാനം നല്‍കിയവരില്‍ ഒരാളാണ്.

അവരുടെ പ്രശസ്തമായ രണ്ട് നോവലുകളാണ് (ഇംഗളീഷ്) നമ്പള്ളി റോഡുംമന്‍ഹാട്ടന്‍ മ്യുസിക്കും. കുടിയേറ്റംകൊണ്ടുണ്ടാകുന്ന മാനസിക ആഘാതവും, കുടിയേറ്റവും, വിഷയമാക്കി അവര്‍ എഴുതിയ ഷോക്ക് ഓഫ്അറൈവല്‍ എന്ന പുസ്തകം കുടിയേറ്റാനന്തര ജീവിതത്തില്‍ ഉണ്ടാകുന്ന അനുഭവങ്ങളെ ചിത്രീകരിക്കുന്നവയാണ്‍്.ജന്മനാടിന്റെ വേരുകളില്‍ നിന്നും അകന്നു കഴിയേണ്ടി വന്ന അവര്‍ക്ക് അത്തരം അനുഭവങ്ങള്‍ സത്യസന്ധമായി വിവരിക്കാന്‍ കഴിയുന്നത് സ്വാഭാവികം.

വിവിധ രാജ്യങ്ങളിലെ കവിതാ വേദികളില്‍ അവര്‍ അവരുടെ കവിതകള്‍ പാരായണം ചെയ്തിട്ടുണ്ട്.അവരുടെ കവിത സമാഹാരം: ഇല്ലിറ്ററേറ്റ് ഹേര്‍ട്ട് പെന്‍ ഓപ്പണ്‍ ബുക്ക് അവാര്‍ഡ് നേടിയിട്ടുണ്ട്.അതേപോലെ കവിതകള്‍ക്ക് അനേകം അംഗീകാരങ്ങളും പുരസ്‌കാരങ്ങളുംലഭിച്ചിട്ടുണ്ട്.

പതിവായി കവിതകള്‍ എഴുതിയിരുന്ന അവരുടെ താല്‍പ്പര്യം കുടിയേറ്റ വിഷയങ്ങളിലും, ആനുകാലിക കവിതകളിലുംകാവ്യശാസ്ത്രങ്ങളിലുമായിരുന്നു എന്നവര്‍ എഴുതിയിട്ടുണ്ട്. കൂടാതെ അവര്‍ക്ക് പ്രിയങ്കരമായ ഗവേഷണ വിഷയങ്ങളില്‍ ചിലത് സൗത്ത് നഏഷ്യന്‍ ലിറ്ററച്ചര്‍, അധിനിവേശാനന്തര സാഹിത്യം, ഏഷ്യന്‍ അമേരിക്കന്‍ സാഹിത്യം,ഫെമിനിസം, ജന്‍ഡര്‍ ആന്‍ഡ് സെക്‌സലിറ്റി തുടങ്ങിയവയാണ്.

ഒരു കവിതയുടെ പശ്ചാത്തലം അവര്‍ വിവരിക്കുന്നത് രസകരമാണ്. ഒരിക്കല്‍ കവിതയെക്കുറിച്ചുള്ള ഒരു ചര്‍ച്ച നടക്കുമ്പോള്‍ സദസ്സിന്റെ ഏറ്റവും പുറകില്‍ നിന്ന് ഒരു സ്ത്രീ ചോദിച്ചു. 'കവിതകൊണ്ട് എന്ത് പ്രയോജനം' അവര്‍ക്ക്ഉടനെ മറുപടി പറയാന്‍ കഴിഞ്ഞില്ല. പക്ഷെ അവരുടെ ക്വസ്റ്റ്യന്‍ ടൈം എന്ന കവിതയില്‍ അവര്‍ പറയുന്നു. കവിത നമ്മളിലുണ്ട്. അതേ കവിതയുടെ പ്രയോജനം അന്വേഷിക്കുന്നത് അപ്രസക്തമാണ്. അത് നമ്മുടെ കൂടെ എപ്പോഴുമുണ്ട്.

മീന അലക്സാണ്ടറുടെ കവികളെക്കുറിച്ച് സംക്ഷിപ്തമായി മാക്‌സിന്‍ ഹോംഗ് കിങ്ങ്സ്റ്റാന്റെ വാക്കുകള്‍ കടമെടുത്ത് പറയാം. 'മീന രാജ്യങ്ങളെക്കുറിച്ച് പാടുന്നു, അന്യദേശങ്ങളെക്കുറിച്ചും പരിചയമുള്ള ദേശങ്ങളെക്കുറിച്ചും, ഹൃദയവും ആത്മാവുമുള്ള അവിടങ്ങളെക്കുറിച്ച്, പോകാന്‍ വിസയും പാസ്പോര്‍ട്ടും ആവശ്യമുള്ളയിടങ്ങളെക്കുറിച്ച്. അവരുടെ ശബ്ദം നമ്മെ നമ്മുടെ ജന്മദേശങ്ങളിലേക്ക് കൊണ്ടുപോകുന്നു. വായനക്കാരന്‍ അവരുടെ ദാര്‍ശനികത മനസ്സിലാക്കുന്നു, ഓര്‍ക്കുന്നു അവര്‍ ആമോദഭരിതരാകുന്നു.'

സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യുയോര്‍ക്കിലെ ഡിസ്റ്റിവിംഗ്വിഷ്ഡ്ഇംഗളീഷ് പ്രൊഫസ്സറും ന്യുയോര്‍ക്കിലെ ഹണ്ടര്‍ കോളേജിലെയും കുനി ഗ്രാജുവേറ്റ് സെന്ററിലെ ഇംഗളീഷ് അധ്യാപികയും ആയിരുന്നു അവര്‍.

അനുഗ്രഹീത കവയിത്രിയും എഴുത്തുകാരിയുമായിരുന്ന മീന അലക്സാണ്ടറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇ-മലയാളിയുടെ ആദരാജ്ഞലികള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക