Image

അയ്യപ്പ സ്വാമിക്ക് ദിവസവും എത്തുന്നത് അനേകം കത്തുകളും മണിയോര്‍ഡറുകളും

അനില്‍ പെണ്ണുക്കര Published on 21 November, 2018
അയ്യപ്പ സ്വാമിക്ക് ദിവസവും എത്തുന്നത് അനേകം കത്തുകളും മണിയോര്‍ഡറുകളും
അയ്യപ്പ സ്വാമിയെ തേടി ശബരിമലയിലെത്തുന്നത് ഭക്തനമാരുടെ പരാതികളും , പരിഭവങ്ങളും. അത് സ്വീകരിക്കാനായി സന്നിധാനത്ത് ഒരു തപാലാപ്പീസും. ശബരിമല സന്നിധാനത്തെ പോസ്‌റ്റോഫീസില്‍ അയ്യപ്പസ്വാമിയുടെ പേരില്‍ ദിവസവും എത്തുന്നത് അനേകം കത്തുകളും മണിയോര്‍ഡറുകളും. വിവാഹ ക്ഷണകത്തുകളും, ഗൃഹപ്രവേശ ക്ഷണകത്തുകളും, നന്ദി പത്രങ്ങളും ദിനംപ്രതി ലഭിക്കുന്നുണ്ട്. സ്വാമി അയ്യപ്പന്റെ പേരില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് ദിനംപ്രതി നൂറോളം  മണിയോര്‍ഡറുകളാണ് പോസ്‌റ്റോഫീസില്‍ എത്തുന്നത്. 10 രൂപ മുതല്‍ 5000 രൂപവരെയുള്ള മണിയോര്‍ഡറുകള്‍ ഇവയിലുണ്ട്. അതത് ദിവസംതന്നെ ഇത്  എക്‌സിക്യൂട്ടീവ് ഓഫീസറെ ഏല്പിക്കാറുണ്ടെന്ന് പോസ്റ്റുമാസ്റ്റര്‍ എം.ബിജു പറഞ്ഞു. 

ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍, മൊബൈല്‍ റീചാര്‍ജിംഗ്, സ്പീഡ് പോസ്റ്റ് തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാണ്. മണ്ഡലകാലമായാല്‍ ഭക്തരുടെയും ജോലിക്കാരുടെയും ഉറ്റ മിത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസ്. ഓണ്‍ലൈനായി പണം അടച്ചാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ നാട്ടില്‍ പണമെത്തുന്ന  ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍ സംവിധാനമാണ് കൂടുതല്‍ പേരും ഉപയോഗപ്പെടുത്തുന്നത്. നാട്ടിലുള്ള ബന്ധുക്കള്‍ അവരുടെ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഐഡി കാര്‍ഡുമായി എത്തിയാല്‍ ഞൊടിയിടയില്‍ പണം കൈപ്പറ്റാന്‍ സാധിക്കുന്ന സംവിധാനമാണ് ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍. കുറഞ്ഞത് 1000 രൂപയാണ് ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍ സംവിധാനത്തിലൂടെ അയയ്ക്കാന്‍ സാധിക്കുക. 

 ഒരു ദിവസം 50 പേരോളം ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍ സംവിധാനം ഉപയോഗപ്പെടുത്താറുണ്ടെന്ന്  സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നുള്ള  സന്നിധാനത്തെ ജോലിക്കാരാണ് ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍ സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. മൊബൈല്‍ റീചാര്‍ജിംഗിനാണ് ആവശ്യക്കാര്‍ കൂടുതല്‍. എല്ലാ മൊബൈല്‍ കമ്പനികളുടെ റീ ചാര്‍ജും ഓണ്‍ലൈനായി ഒരുക്കിയിട്ടുണ്ട്.  ഒരു ദിവസം കുറഞ്ഞത് 10,000 രൂപയുടെ മൊബൈല്‍ റീചാര്‍ജിംഗ് ലഭിക്കാറുണ്ടെന്ന് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു.

പോലീസും, ഫയര്‍ ഫോഴ്‌സും അടക്കം ശബരിമലയില്‍ ഡ്യൂട്ടിയുള്ള  മിക്ക ഉദ്യോഗസ്ഥരുടെയും ഒഫീഷ്യല്‍ ഓര്‍ഡറുകള്‍ ഉള്‍പ്പടെയുള്ള രേഖകളും പോസ്‌റ്റോഫീസ് വഴിയാണ് എത്താറുള്ളതെന്ന് പോസ്റ്റ്മാസ്റ്റര്‍ പറഞ്ഞു. മാളികപ്പുറത്തിന് താഴെയായി  സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസിലെ സീലിനും ഒരു പ്രത്യേകത ഉണ്ട്. പതിനെട്ടാം പടിയില്‍ അയ്യപ്പന്‍ ഇരിക്കുന്ന രൂപമാണ് ഇവിടുത്തെ സീലില്‍ ആലേഖനം ചെയ്തിരിക്കുന്നത്.

അയ്യപ്പ സ്വാമിക്ക് ദിവസവും എത്തുന്നത് അനേകം കത്തുകളും മണിയോര്‍ഡറുകളുംഅയ്യപ്പ സ്വാമിക്ക് ദിവസവും എത്തുന്നത് അനേകം കത്തുകളും മണിയോര്‍ഡറുകളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക