Image

ഭക്തര്‍ക്ക് നിസ്വാര്‍ഥ സേവനവുമായി അയ്യപ്പ സേവാസംഘം

അനില്‍ പെണ്ണുക്കര Published on 21 November, 2018
ഭക്തര്‍ക്ക് നിസ്വാര്‍ഥ സേവനവുമായി അയ്യപ്പ സേവാസംഘം
ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് നിസ്വാര്‍ഥ സേവനവുമായി അഖില ഭാരത അയ്യപ്പ സേവാ സംഘം. അയ്യപ്പന്മാരെ അടിയന്തിര സാഹചര്യങ്ങളില്‍ സ്‌ട്രെച്ചറില്‍ ആശുപത്രിയില്‍ എത്തിക്കുക, സൗജന്യമായി ഭക്ഷണവും ഔഷധ കുടിവെള്ളവും നല്‍കുക, സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ വിവിധ സേവനങ്ങളാണ് അയ്യപ്പ സേവാസംഘം നല്‍കി വരുന്നത്. ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ 1945ല്‍ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ വേലായുധന്‍ പിള്ള യാണ് അയ്യപ്പസേവാസംഘത്തിന് തുടക്കമിട്ടത്. 

അയ്യപ്പ സേവാ സംഘത്തിന്റെ എമര്‍ജന്‍സി സ്‌ട്രെച്ചര്‍ സര്‍വീസാണ് നിസ്വാര്‍ഥ സേവനങ്ങളില്‍ ഏറ്റവും പ്രധാനം. സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, ചരല്‍മേട്, മരക്കൂട്ടം എന്നിവിടങ്ങളില്‍ സ്‌ട്രെച്ചര്‍ സര്‍വീസുമായി അയ്യപ്പ സേവാ സംഘത്തിന്റെ സന്നദ്ധ സേവകര്‍ 24 മണിക്കൂറും  സജ്ജരാണ്.  

കഴിഞ്ഞ ദിവസം  മല കയറുന്നതിനിടയില്‍ മരണപ്പെട്ട അയ്യപ്പ ഭക്തയെ സ്‌ട്രെച്ചറില്‍ ഹോസ്പിറ്റലില്‍ എത്തിച്ചതും മൃതദേഹം പമ്പയില്‍ എത്തിച്ചതും അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകരായിരുന്നു. 250ല്‍ അധികം അയ്യപ്പ സേവാ സംഘം സന്നദ്ധ പ്രവര്‍ത്തകര്‍ മണ്ഡലകാലത്തോട് അനുബന്ധിച്ച് ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്നതായി  അയ്യപ്പ സേവസംഘം വൈസ് പ്രസിഡന്റ് പി.ബാലന്‍ പറഞ്ഞു.
സൗജന്യ അന്നദാനമാണ് അയ്യപ്പ സേവാസംഘത്തിന്റെ സന്നിധാനത്തെ മറ്റൊരു പ്രധാന സേവനം. 

രാവിലെ ഏഴു മുതല്‍ രാത്രി 11 വരെ ഉപ്പുമാവ്, പൊങ്കല്‍, സാമ്പാര്‍, ചട്ണി എന്നിവ പ്രഭാതഭക്ഷണമായി നല്‍കുന്നു. ഒരു മണിമുതല്‍ മൂന്നു മണിവരെയുള്ള ഉച്ചയൂണിന് ചോറും, സാമ്പാറും, രസവും, കൂട്ടുകറിയും വിളമ്പുന്നു. വൈകിട്ട് 6.30 മുതല്‍ രാത്രി 11 വരെ ഉപ്പുമാവോ, കഞ്ഞിയോ രാത്രി ഭക്ഷണമായി നല്‍കുന്നുണ്ട്.  

പമ്പ മുതല്‍ സന്നിധാനം വരെയുള്ള  ആരോഗ്യവകുപ്പിന്റെ ഓക്‌സിജന്‍ പാര്‍ലറുകളിലും അയ്യപ്പസേവാ സംഘത്തിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ സേവനം  അനുഷ്ഠിക്കുന്നുണ്ട്. ഒരു ഓക്‌സിജന്‍ പാര്‍ലറില്‍ അയ്യപ്പസേവാസംഘത്തിന്റെ രണ്ടു സന്നദ്ധ പ്രവര്‍ത്തകരാണ് ഉണ്ടാവുക. ശബരിമലയും പരിസര പ്രദേശവും വൃത്തിയാക്കുന്ന പുണ്യംപൂങ്കാവനം പദ്ധതിയിലും അയ്യപ്പ സേവസംഘത്തിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ പങ്കാളികളാണ്. 

ഭക്തര്‍ക്ക് നിസ്വാര്‍ഥ സേവനവുമായി അയ്യപ്പ സേവാസംഘം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക