Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-25: ഏബ്രഹാം തെക്കേമുറി)

Published on 18 November, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-25: ഏബ്രഹാം തെക്കേമുറി)
വെള്ളിയാഴ്ച പുലര്‍ന്നതു് കവലയിലെല്ലാം കരിങ്കൊടിയുമായിട്ടാണു്. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത. ഒരു രാഷ്ട്രീയനേതാവു് 86ാം വയസില്‍ നിര്യാതനായിരിക്കുന്നു. കടുത്ത അന്ശോചനം. അന്ശോചനത്തിന്റെ ഭാഗമായി ഇന്നു് വാഹനങ്ങള്‍ ഓടുന്നതല്ല, കട കമ്പോളങ്ങള്‍ തുറക്കുന്നതല്ല. അഭിവന്ദ്യനേതാവിന്റെ 86ാംവയസിലെ മരണം അകാലനിര്യാണമെന്നുപോലും ചിലര്‍ വിശേഷിപ്പിച്ചു. ഇതൊരു തീരാനഷ്ടമാണു്.
എന്തുനഷ്ടം?. ഒരു ജന്മംകൊണ്ടു് കുറെ നല്ലപ്രവര്‍ത്തികള്‍ ചെയ്തുകാണും. നന്മചെയ്താലും തിന്മചെയ്താലും മര്‍ത്യന്‍ നിസാരനാണെന്നും, മരണമെന്നതു് സത്യമെന്നും, വാര്‍ദ്ധ്യക്യമെന്നാല്‍ ശിശുവോടു തുല്യമെന്നുമൊക്കെ കീര്‍വാണം പ്രസംഗിക്കുന്ന ജ്ഞാനികള്‍ പുറപ്പെടുവിക്കുന്ന അന്ശോചനവാചകങ്ങള്‍ എത്ര ബാലിശം?.
എത്രയോ മഹാന്മാര്‍ ഈ ലോകത്തുനിന്നും കടന്നുപോയിരിക്കുന്നു. ഒരിക്കല്‍ മരിക്കുമെന്നു് ഉറപ്പുണ്ടെങ്കിലും അങ്ങനെയല്ലെന്നുകരുതി ജീവിതം തുടരുന്ന ഒരു പ്രഹസനഭാവം ജനങ്ങളില്‍ കുത്തിവയ്ക്കുന്ന പ്രതിഭാസമല്ലേയിതു്.
ഒരു വ്യക്തി എത്ര മഹാനായിരുന്നാലും ശരി, നിര്‍ണ്ണയിക്കപ്പെട്ട ജീവിതകാലം കഴിഞ്ഞു് വാര്‍ദ്ധ്യക്യത്തിലെത്തുമ്പോള്‍ ആ വ്യക്തി ജീവിക്കുന്ന തലമുറയ്ക്കു് അന്യോജ്യനല്ലാതായി മാറുന്നുവെന്നതാണു സത്യം. മഹാന്‍ എന്ന പദംതന്നെ മന്ഷ്യന്റെ സമത്വധംസ്വനമാണു്. രാജാവിന്റെ മകന്‍ ജനിക്കുന്നതുതന്നെ രാജകുമാരന്‍ ആയിട്ടാണല്ലോ!.
സമത്വം ഈ ലോകത്തെന്നും നിലനില്‍ക്കുന്നു, സൃഷ്ടിതാവിന്റെ ദൃഷ്ടിയില്‍. ജനനപ്രക്രിയയും, ആഹാരശേഷമുള്ള സംതൃപ്തിയും, ഉറക്കവും, ലൈംഗീകപ്രക്രിയയിലെ സുഖവും, മരണവും എല്ലാജീവജാലങ്ങള്‍ക്കും ഒരുപോലെയാണു്. കൈവശമുള്ള ദ്രവത്തിന്റെ അളവൊഴികെ. അങ്ങനെയെങ്കില്‍ മരണത്തിങ്കല്‍ ആരെയും പൂജിക്കരുതു്. മരണമെന്ന പ്രക്രിയയ്ക്കു് ശ്രേഷ്ഠതയോ, പതിത്വമോ ഇല്ല. മരണത്തില്‍ മര്‍ത്യന്റെ സമത്വം വെളിവാക്കപ്പെടുകയാണു്.
ടൈറ്റസു് ഏറെനേരം ചിന്താമഗ്‌നനായി ഇരുന്നു. ഇന്നത്തെപ്പരിപാടികളെല്ലാം ഇങ്ങനെ കാന്‍സലായിരിക്കുന്നു. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ടു് ഒരു മഹാന്‍ നരകത്തിലേയ്ക്കു് യാത്രയായതുമൂലം.
അങ്ങനെയിരിക്കുമ്പോള്‍ കത്തനാരച്ചന്‍ കൈനറ്റിക് ഹോണ്ടായില്‍ പാറിപ്പറന്നു വരുന്നു. എന്താണാവോ?
കാഴ്ചയില്‍ നല്ല സുന്ദരന്‍. നല്ല പ്രസരിപ്പു്. കുപ്പായം എടുത്തുകുത്തി ഒരു ചട്ടമ്പിസ്‌റ്റൈലില്‍ തലയില്‍ ഒരു മങ്കിക്യാപ്പുമൊക്കെ ഫിറ്റു് ചെയ്തു് ഒരുവിധം ഇങ്ങനെ .
പരിചയപ്പെടുന്നതിന് മുമ്പുതന്നേ ഒരുതരം പരിഭവഭാവം ടൈറ്റസിനെ വലയം ചെയ്തു. മറ്റൊന്നും കൊണ്ടല്ല. കത്തനാരുടെ തലയിലെ തൊപ്പി തന്നെ. ‘വിന്‍സ്റ്റണ്‍’ എന്ന ചുവപ്പും വെളുപ്പും കലര്‍ന്ന അക്ഷരം കത്തനാരുടെ തിരുനെറ്റിയില്‍ പ്രശോഭിച്ചുനില്‍ക്കുന്നു.
അല്‍പ്പം ഗൗരവമാര്‍ന്ന മുഖഭാവത്തോടു് ആദ്യപരിചയപ്പെടല്‍ കത്തനാര്‍ നിര്‍വഹിച്ചു.
“ഹലോ മിസ്റ്റര്‍ ടൈറ്റസു്, ഐ ഹിയേര്‍ഡു് ലോട്ടു് എബോട്ടു് യൂ, ഹൗ ആര്‍ യൂ?” അമേരിക്കനല്ലേ, ഇംഗ്‌ളീഷു തന്നെയിരിക്കട്ടെ.
“എന്താണച്ചോ, ജീവിച്ചു പോകുന്നു.”
ഇരുവരും ഹസ്തദാനം ചെയ്തു് അകത്തേക്കു കടന്നു.
“കടുംബസമേതമാണല്ലേ?”
“അതേ.”
“എല്ലാവരെയും വിളിച്ചാട്ടേ. കാണട്ടെ.”
“വിളിക്കാം”
“എവിടാ വൈഫ് ഹൗസു്?”
“അയ്മനം”
“ ഓ അതു ശരി. എന്റെ സ്വദേശം കോട്ടയം. ചില മാസങ്ങളേയായുള്ളു ഇവിടെയായിട്ടു്. പപ്പാ ഇവിടെയില്ലേ?”
“ഉണ്ടു്.”
“ ഇന്നത്തെ ചൂടു് എത്ര കഠിനം!. .നിങ്ങളൊക്കെ എങ്ങനെയാ ഇവിടെ അഡ്ജസ്റ്റു് ചെയ്യുന്നതു്?”
“അതെന്താണച്ചോ? ഭൂതലത്തെ അടക്കിവാഴുവാനല്ലേ ദൈവം മന്ഷ്യനെ സൃഷ്ടിച്ചതു്. അപ്പോള്‍ എന്നെപ്പോലെയുള്ളവര്‍ക്കു് എല്ലായിടവും ഒരുപോലെ.”
“ഓ. . ആളു നല്ല രസികനാണല്ലോ! വേദപരിജ്ഞാനവും കുറവല്ല.” കത്തനാര്‍ ടൈറ്റസിന്റെ മുഖത്തേക്കു നോക്കിയൊന്നു പുഞ്ചിരിച്ചു.
“അച്ചന്റെ ഫാമിലിയൊക്കെ. . ?” ടൈറ്റസു് തിരക്കി.
“അയാം അണ്‍മാരീഡു്. . പട്ടത്വം സ്വീകരിച്ചതു തന്നേ ഒരു പ്രത്യേക കാഴ്ചപ്പാടോടെയാണു്. . .”
“ഓ. . . അയാം സോറി. . .അപ്പോള്‍ സീയോന്‍മലയില്‍ കുഞ്ഞാടിനോടൊത്തു മേവുന്ന നൂറ്റിനാല്‍പ്പത്തിനാലായിരത്തില്‍ ഒന്നു്. എന്താ?”
“ മൂം. . . . .വിശ്വസിക്കുന്നവര്‍ക്കു് നീതിയായി കണക്കിടുന്ന ദൈവവചനം.”
“ഗ്രെയിറ്റു്. . .കന്യകമാരവര്‍ സ്ത്രീകളോടു് മാലിന്യപ്പെട്ടിടാത്തോര്‍. കൊള്ളാം. അപ്പോള്‍ ലക്ഷ്യം മേലദ്ധ്യക്ഷസ്ഥാനം എന്നൊരു ധ്വനി വരുന്നു. . എന്താ?”
“ഏയ് അങ്ങനെയൊന്നുമില്ല. പിന്നെ സെലക്ഷന്‍ വന്നാല്‍ ഇപ്പോഴത്തെ കണക്കന്സരിച്ചു് നാലാം സ്ഥാനമാ. അതിലും രണ്ടെണ്ണം തട്ടിപ്പോകുമെന്നായറിവു്. കാരണം ചില വശപ്പിശകുകളൊക്കെയുണ്ടു്. ഒരാളൊരു കൊച്ചുമന്ത്രവാദിയൊക്കെയാ. ജപനൂലും, അത്ഭുതസിദ്ധിയും, കൈനോട്ടവുമൊക്കെ. മറ്റെയാള്‍ ചില അവിഹിത ആരോപണങ്ങള്‍ക്കു വിധേയനാകും. ശ്ശേ, ഞാനിതൊക്കെപ്പറയുന്നതു തന്നേ മോശമല്ലേ?. പപ്പായോടു് ചോദിക്കു്. അങ്ങേരു് കൗണ്‍സില്‍ മെംമ്പറല്ലേ? ഹി നോസിറ്റു് വെരി വെല്‍..”
സംഭാഷണങ്ങള്‍ നീണ്ടുപോകവേ അപ്‌സ്‌റ്റെയറില്‍നിന്നും കുട്ടികളോരോന്നായി ഇറങ്ങിവന്നു. പുറകെ മോളിയും. ഒരു പട്ടക്കാരന്റെ മുമ്പില്‍ പൂര്‍ണ്ണമായി വെളിപ്പെടാന്‍ മോളിക്കു് മനസില്ലായ്കയാല്‍ നേരെ അടുക്കളയിലേക്കു് നടന്നു. കുട്ടികളോടൊത്തു നര്‍മ്മരസം പങ്കിടുന്നതില്‍ കത്തനാരും ഉത്‌സുകനായി. ചോദ്യങ്ങളും ഉത്തരങ്ങളും ആവര്‍ത്തിക്കപ്പെടുന്നു.
‘എന്തോ നല്ല പരിചയമുള്ള ശബ്ദം’ മോളി ഓര്‍ക്കാന്‍ ശ്രമിച്ചു. പിടി കിട്ടുന്നില്ല. എന്നാല്‍ ആ മുഖം ഒന്നു ദര്‍ശിച്ചുകളയാം. ഒളികണ്ണിട്ടു നോക്കേണ്ട കാര്യമൊന്നുമില്ല. ഒരു പരിചയപ്പെടല്‍. അവള്‍ നേരെ ലിവിംഗ്‌റൂമിലേയ്ക്കു് കടന്നു ചെന്നു.
കണ്ണുകളെ വിശ്വസിക്കാനായില്ല. തമ്മിലിടഞ്ഞ കണ്ണുകളില്‍നിന്നും എന്തോ തീപ്പൊരി പറക്കുന്ന അന്ഭവം. സ്ഥലകാലബോധം വീണ്ടെടുക്കാന്‍ അവള്‍ നന്നേ പണിപ്പെട്ടു. നാവുകള്‍ വരളുന്നു. കാലുകള്‍ തളരുന്നു. ഹൃദയമിടിപ്പു് വര്‍ദ്ധിക്കയാണു്. ഉരിയാടാന്‍ ശക്തിയറ്റിരിക്കുന്നു. അവള്‍ തെല്ലൊന്നാലോചിച്ചു. സ്ത്രീത്വത്തിന്റെ മറപറ്റി ലജ്ജാവതിയായി തടിതപ്പുക തന്നേ. അവള്‍ നേരെ അപ്‌സ്‌റ്റെയറിലേക്കുള്ള ആദ്യസ്‌റ്റെപ്പിലേക്കു് കാല്‍ വയ്ക്കവേ
“എന്താ മോളി ഒരു പരിചയവും കാട്ടാതെ അങ്ങനെയങ്ങു് പോയാലോ? അയ്മനവും കോട്ടയും അടുത്തല്ലേ?” കത്തനാരുടെ കനത്ത ശബ്ദം.
“അടുത്താണു്. എങ്കിലും. . . . .ഞാന്‍ അങ്ങു് ഒഴിവായേക്കാമെന്നു കരുതി.” അവള്‍ പല്ലുകള്‍ ഞറുമ്മി. കുഞ്ഞാടു ചെന്നായ് ആയിമാറുന്നു.
കത്തനാര്‍ വിടുന്ന മട്ടില്ല.
“കേട്ടോ ടൈറ്റസു്, ഞാന്‍ ബോംബയില്‍ നാലു് വര്‍ഷം ഉണ്ടായിരുന്നു. അന്നു് ഇവരൊക്കെ എന്റെ പള്ളിയില്‍ ആയിരുന്നു.”
“ഓ. . അതു ശരി.”
“അതു മാത്രമോ, കോട്ടയം സി.എം.എസു് കോളജു്. ങാ. . .വര്‍ഷങ്ങള്‍ ഒത്തിരി ആയില്ലേ? എല്ലാം മോളി മറന്നു.”
“ഒന്നും മറന്നിട്ടില്ല. എല്ലാം ഈ മോളി ഓര്‍ക്കുന്നു. എന്നാലും നാളുകളിലൂടെ ഓര്‍മ്മയുടെ തീവൃത നഷ്ടപ്പെട്ടിരിക്കുന്നു.” ആ ശബ്ദത്തിന് കാഠിന്യമേറുകയായിരുന്നു. ഇനി ഇയാള്‍ എന്തെല്ലാം പറഞ്ഞുപിടിപ്പിക്കും എന്റെ ദൈവമേ!
“ഇതൊക്കെയാണെങ്കിലും മോളിയുടെ സിസ്റ്റര്‍ സെലീന ഇപ്പോള്‍ എവിടെയാ?”
“എന്റെ സിസ്റ്ററോ?” മോളിയെ അടിമുടി വിയര്‍ക്കയായിരുന്നു.
“അതേ.”
“ഇല്ലച്ചോ. . . അവള്‍ ഒറ്റപുത്രിയാ.” ടൈറ്റസു് മറുപടി പറഞ്ഞു.
“ഓ. . . അച്ചന്‍ പറയുന്നതു് എന്റെ കസിന്‍ സിസ്റ്റര്‍ സെലീനാ. . .അവള്‍ ഇപ്പോഴും ബോംബയില്‍ തന്നെ.” മോളി തിരിഞ്ഞുനോക്കാതെ അപ്‌സ്‌റ്റെയറിലേക്കു് പോയി.
“അപ്പോള്‍ അച്ചനാണു് റവറെന്റു്. . . ഡോക്ടര്‍. . . .സാംസന്‍ പാല്‍പ്പറമ്പന്‍ അല്ലേ?”
“അതേ.”
“ഞാന്‍ കേട്ടിട്ടുണ്ടു് ധാരാളം.”
“ഓ. . . ഞാന്‍ അത്ര വലിയ മന്ഷ്യനൊന്നുമല്ല.. . എന്നാലും. . .”
“മോശമല്ല. എല്ലാം മനസിലായി അച്ചോ. . . . . അപ്പോള്‍ രണ്ടു് മൂന്നു് വര്‍ഷംകൂടി ഇവിടെയുണ്ടാകും. അതുകഴിയുമ്പോള്‍ മേലദ്ധ്യക്ഷ്യസ്ഥാനവും കിട്ടും.”
“ങാ ഒന്നും പ്രവചിക്കാനാവില്ല.”
“എന്നാലും ഇപ്പോഴത്തെ അഥവാ ഇതുവരെയുള്ള പ്രവചനം അന്സരിച്ചു് സ്വര്‍ക്ഷത്തിലാണോ, നരകത്തിലാണോ സ്ഥലക്കൂടുതല്‍.?” ടൈറ്റസു് തല ചൊറിഞ്ഞു.
“അതൊരു യുക്തിയുടെ പ്രശ്‌നമാ. എന്നാലും സ്വര്‍ക്ഷം, ഭൂമി, നരകം എന്നല്ലേ? അപ്പോള്‍ ഇതു മൂന്നും തുല്യവലിപ്പമാ.”
“ അങ്ങനെയാണെങ്കില്‍ അച്ചോ നരകത്തില്‍ സ്ഥലം പോരാതെ വരുമല്ലോ.”
“അതെന്താ?”
“അല്ല, അത്മായരും, പട്ടക്കാരും മേല്‍പ്പട്ടക്കാരുമൊക്കെ പെരുകുമ്പോള്‍ പാപികള്‍ വര്‍ദ്ധിക്കാനാ സാദ്ധ്യത.”
“അതു നല്ല തമാശ. എന്നാല്‍ ഞാനിറങ്ങട്ടേ; സൗകര്യംപോലെ വരാം.”
“എന്നാ ശരി. പിന്നെയൊരു തമാശ ഈ തൊപ്പി അച്ചന്് എവിടിന്നു കിട്ടിയതാ?”
“എന്താ?”
“മുടി പറക്കാതിരിക്കാനായിരിക്കും ഇതു ഉപയോഗിക്കുന്നതു്. അല്ലേ?”
“അതേ”
“ഏതോ അമേരിക്കനോ, ഗള്‍ഫോ തന്നതുമായിരിക്കും.”
“അതേ.”
“ഇതു വയ്ക്കുന്നതിനേക്കാള്‍ ഭേദം മുടി പറ്റെവെട്ടിക്കുന്നതാണച്ചോ. ഈ ‘വിന്‍സ്റ്റണ്‍’ എന്താണെന്നറിയാമോ?
“ഇല്ല.”
“അമേരിക്കയില്‍ ഏറ്റവും പ്രചുരപ്രചാരമുള്ള ഒരു സിഗരറ്റാണു്. അതിന്റെ പരസ്യമാണീ തൊപ്പി.”
“അതെനിക്കറിയില്ലായിരുന്നു.”
“അച്ചനെന്നല്ല, പലര്‍ക്കും പലതുമറിയില്ല. അവിടെ ഫ്രീയായിട്ടു കിട്ടുന്ന പലതും കൊണ്ടുവന്നു് ഇന്നാട്ടില്‍ പലരും പലര്‍ക്കും കൊടുക്കും. അതു സാധനങ്ങള്‍ മാത്രമല്ല, ആശയം, ആദര്‍ശം, ഫാഷന്‍ എന്നിങ്ങനെ പലതും. ഞാന്‍ കഴിഞ്ഞദിവസം ഒരു മൂവി കണ്ടു. ഇടത്തെ കാതില്‍ കരിയാപ്പിലക്കുണുക്കണിഞ്ഞ നായകന്‍. ശ്ശേ, എന്തു കഷ്ടം? ഹോമോസെക്‌സിന്റെ ചിഹ്‌നമാണച്ചോ ആമ്പിള്ളാരുടെ കാതിലെ ഈ വളയം. ഇക്കഥയറിയാതെ സിനിമാക്കാര്‍ ഇതിനെ ഫാഷനാക്കി മാറ്റി കോളജ്കാമ്പസില്‍ നവീനമാക്കി നപുംസകത്തെ വര്‍ദ്ധിപ്പിക്കുന്നതു് തെറ്റല്ലേ?”
“ആ ആണു്. ഒരുവിധത്തില്‍ അല്ല. മറ്റൊരുവിധത്തില്‍ അതുമല്ല. ഇനീം പറഞ്ഞാല്‍ അത്യാധുനികദൈവശാസ്ത്രമന്സരിച്ചു് ദൈവവും നപുംസകമാണു്. സൈക്കോളജി പറഞ്ഞാല്‍ മന്ഷ്യന്‍ നപുംസകമാണു്. ആണില്‍ പെണ്ണിന്റെ സ്രൈണഭാവവും, പെണ്ണില്‍ പുരുഷന്റെ ലൈംഗികമോഹവും ഉണ്ടു്. ഞാന്‍ പോകട്ടേ .”
“എന്നാ ശരി. പൊയ്‌ക്കോളൂ.”
കൈനറ്റിക് ഹോണ്ടായുടെ ആക്‌സിലേറ്ററില്‍ കത്തനാര്‍ കൈവിരലുകള്‍ തിരുകുമ്പോള്‍ മനസ്സിന്റെ കണ്ണാടിയില്‍ ഹൗവയുടെ രൂപം പ്രതിബിംബിച്ചു.’ഹോ. . . എന്തൊരു ഭാവഭേദങ്ങള്‍? ബോംബേയിലെ സി. ജി. എസു് ക്വാര്‍ട്ടേഷ്‌സില്‍ കണ്ട മോളി. ഒരു സാധാരണ പെണ്ണു്. ഇന്നവളെ കണ്ടപ്പോള്‍ എന്തൊരു തടിപ്പും കൊഴുപ്പും!. കവികള്‍ വര്‍ണ്ണിച്ചിട്ടുള്ള ശാലീനസൗന്ദര്യത്തിന്റെ മൂര്‍ത്തിമത്ഭാവമായി അവള്‍ പരിണമിച്ചിരിക്കുന്നു. പെരുവിരല്‍ മുതല്‍ തലമുടി വരെ. ഈ നാട്ടില്‍ ഈ പല്ലവിക്കൊരു അന്പല്ലവി സങ്കല്‍പ്പത്തില്‍പോലും കണ്ടെത്താനാവില്ല. നിറം, മണം, ഗുണം, അഴകു്, ആരോഗ്യം, സൗന്ദര്യം. ഹോ. . . . . ഒരു അപ്‌സരസ്സു് തന്നെ.’
ഒരു വല്ലാത്ത മോഹത്തിന്റെ നീര്‍ച്ചുഴിയില്‍ ഓര്‍മ്മകള്‍ കിടന്നു് നട്ടം തിരിയുന്നു. ബോംബയിലെ ജെ. ജെ. ഹോസ്പിറ്റലിന്റെ വിസിറ്റേഴ്‌സു്‌റൂം മുതല്‍ ജുഹുബീച്ചിലെ സിമന്റു് ബഞ്ചിന്ം പിന്നെ തന്റെ ബഡ്‌റൂമിന്ം മാത്രം അറിയാവുന്ന കഥകളെ അയവിറക്കി ഇനിയും വെറുതെയെന്നറിഞ്ഞു്,വീണ്ടും വെറുതെ മോഹിച്ചുകൊണ്ടു് പാഴ്‌സനേജിലേയ്ക്കു് അയാള്‍ കടക്കുമ്പോള്‍ അടുത്തൊരു വിശുദ്ധപാപത്തിന്റെ മായാപ്രപഞ്ചത്തിലേക്കു് അയാള്‍ ചുരുങ്ങുകയായിരുന്നു.
+ + + +
അപ്‌സ്‌റ്റെയറിലേക്കു് മടങ്ങിയ ടൈറ്റസു് കണ്ടതു് തലയിണമേല്‍ മുഖമമര്‍ത്തി വിങ്ങിപ്പൊട്ടുന്ന സ്വഭാര്യയെയാണു്. മക്കളെല്ലാം മമ്മിക്കു് തുണയായി ആ ബെഡ്ഡില്‍ ഇരുപ്പുറപ്പിച്ചിരിക്കുന്നു. അയാള്‍ ഒളിഞ്ഞുനിന്നു നോക്കി. തീര്‍ത്തും അവള്‍ കദനത്തിന്റെ കയ്പുനീര്‍ ന്ണയുകയാണു്. ഭാരതസ്ത്രീയുടെ ഭാവശുദ്ധിയെന്ന ആ അയാഥാര്‍ത്ഥ്യത്തെ നിലനിര്‍ത്താന്‍ അവള്‍ ശ്രമിക്കയാണു്. ഏതായാലും പശ്ചാത്താപത്തിന്റെ വഴികളിലൂടെ കുമ്പസാരത്തിന്റെ വക്കിലെത്തിയിരിക്കുന്ന അവളുടെ സ്വസ്ഥതയ്‌ക്കൊരു ഭംഗം വരുത്തേണ്ട.
എല്ലാം യാദൃഛികം. താന്‍ സെലീനയെ കണ്ടതും ഈ വിവരങ്ങളെല്ലാം തന്റെ മസ്തിഷ്കത്തില്‍ ചേക്കേറാന്ം, ഈ കഥാപാത്രങ്ങളെല്ലാം സന്ദര്‍ഭോചിതമായി തന്റെ കണ്‍മുമ്പില്‍ തന്നെ വന്നുഭവിക്കാന്ം എല്ലാം എല്ലാം ഏതോ മുന്‍വിധിയോ?
ഇനിയും ഏതു ഷെയ്ത്താനാണു എന്റെ ഉറക്കം മുടക്കാന്‍ ഇങ്ങോട്ടു് എഴുന്നള്ളുക.?

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക