Image

ഫോമായുടെ കന്നിവീട് ക്യാപിറ്റല്‍ റീജിയനില്‍ നിന്നും

പന്തളം ബിജു Published on 18 November, 2018
ഫോമായുടെ കന്നിവീട് ക്യാപിറ്റല്‍ റീജിയനില്‍ നിന്നും
ഫോമാ വിഭാവനം ചെയ്ത ഗ്രാമീണഭവന പദ്ധതിയിലേക്ക് ആദ്യത്തെ വീടുമായി ക്യാപിറ്റല്‍ റീജിയനിലെ കേരള കള്‍ച്ചറല്‍ സൊസൈറ്റി.

മലയാളികള്‍ക്ക് പുതുജീവിതം പടുത്തുയര്‍ത്താന്‍, ഏഴാം കടലിനപ്പുറത്തു നിന്നുമുള്ള നമ്മളുടെ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹായഹസ്തം ചരിത്രത്തിലെ അവസ്മരണീയമായ ഏടായിരിക്കും.

'ഒത്തു പിടിച്ചാല്‍ മലയും പോരും' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഫോമയുടെ അംഗസംഘടനകളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്നും കിട്ടുന്ന ആവേശകരമായ സന്ദേശങ്ങള്‍. അതിന് ഏറ്റവും മഹത്തായ ഉദാഹരണമാണ് ഫോമയുടെ അംഗസംഘടനയായ കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഓഫ് മെട്രോപോളിറ്റന്‍ വാഷിംഗ്ടന്റെ (കെ.സി.സ്.എം.ഡബ്ല്യൂ) അര്‍പ്പണബോധം. ഫോമയുടെ ഗ്രാമീണ പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരു ഭവനം നിര്‍മ്മിച്ച് നല്‍കാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടാണ് 1984ല്‍ ആരംഭിച്ച ഈ സംഘടന മുന്നോട്ട് വന്നിരിക്കുന്നത്.

ഫോമായുടെ ഈ പരമപവിത്രമായ കര്‍മ്മത്തില്‍ പങ്കാളികളാവാന്‍ കെ.സി.സ്.എം.ഡബ്ല്യൂവിന്റെ അധികാര സമിതി ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. ഈ സംഘടനയുടെ മുന്‍ പ്രസിഡന്റും, ഇപ്പോള്‍ ഉപദേശക സമിതിയംഗവും, ഫോമായുടെ നാഷണല്‍ കമ്മറ്റിയംഗവുമായ അനില്‍ നായര്‍, പ്രസിഡന്റ് സേബ നവീദ്, സെക്രെട്ടറി സുസന്‍ വാരിയം എന്നിവരുടെ അകമഴിഞ്ഞ സഹായസഹകരണത്തോട് ഫോമാ എന്നും കടപ്പെട്ടിരിക്കും. https://kcsmw.org

ഈനൂറ്റാണ്ടിലെതന്നെ അതിരൂക്ഷമായ മഹാപ്രളയത്തില്‍ നിന്നും മോചിതരാകാത്ത മലയാളികള്‍ക്ക്, സാഹോദര്യത്തിന്റെ പുതിയ സന്ദേശമാണ് ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് എന്ന ഫോമയുടെ ഗ്രാമീണ ഭവന പദ്ധതി കൊണ്ട് അര്‍ഥമാക്കുന്നത്. നവകേരള നിര്‍മ്മാണത്തിന്റെ ഭാഗമായി, ഫോമയുടെ ഈ പദ്ധതിക്ക് ഫോമാ വില്ലേജ് പ്രൊജക്റ്റ് എന്നാണ്‌പേര് നല്‍കിയിരിക്കുന്നത്. ഈ പദ്ധതി കേരളത്തിലെ മൂന്ന് ജില്ലകളിലായിട്ടാണ് നടപ്പിലാക്കുന്നത്. പ്രളയത്തില്‍ സ്വഗൃഹം നഷ്ട്ടപെട്ട് കഷ്ട്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശം. അതിനായി മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, പത്തനംതിട്ടയിലെ കടപ്ര (തിരുവല്ല), കൊല്ലം ജില്ലയിലെ പത്തനാപുരം എന്നിവയാണ് ഈ ഭവന പദ്ധതികള്‍ക്കായി സജ്ജീകരിച്ചിരിക്കുന്ന പ്രദേശങ്ങള്‍.

ഫോമായുടെ ഒരു ദീര്‍ഘകാല പദ്ധതി പ്രകാരം അനേകം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ ഫോമ ലക്ഷ്യമിടുന്നുണ്ട്. അതിലേക്കുള്ള നിര്‍ണ്ണായകമായ ഒരു തീരുമാനം ആയിരുന്നു കെ.സി.സ്.എം.ഡബ്ല്യൂ കൈക്കൊണ്ടത്. ഫോമയുടെ മറ്റ് അംഗസംഘടനകളും, വ്യക്തികളും, സ്ഥാപനങ്ങളും ഈഉദ്യമത്തില്‍കൂടുതല്‍ കരുത്തു പകരുന്നതിനായി എത്തുന്നുണ്ട് എന്നത് ശുഭസൂചനയാണ്. ഉദ്ദേശിച്ചതില്‍ കൂടുതല്‍ ഗൃഹങ്ങള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിയും എന്ന് പ്രത്യശിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അഭിമാനത്തോടെ അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടെ തെളിമയുള്ള മനസ്സിന്റെ ഐക്യം വിളിച്ചോതുന്ന ഒന്നാണ് കേരള കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഈ ചുവടുവെയ്‌പെന്നു ഫോമാ സെക്രെട്ടറി ജോസ് എബ്രഹാം ചൂണ്ടികാട്ടി.

(രവിശങ്കര്‍)
ഫോമായുടെ കന്നിവീട് ക്യാപിറ്റല്‍ റീജിയനില്‍ നിന്നുംഫോമായുടെ കന്നിവീട് ക്യാപിറ്റല്‍ റീജിയനില്‍ നിന്നുംഫോമായുടെ കന്നിവീട് ക്യാപിറ്റല്‍ റീജിയനില്‍ നിന്നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക