Image

നന്ദി (ജോസ് ചെരിപുറം )

ജോസ് ചെരിപുറം Published on 17 November, 2018
നന്ദി (ജോസ് ചെരിപുറം )
അമ്മ, ദൈവം, സ്‌നേഹം, നന്ദി എന്നിങ്ങനെയുള്ള രണ്ട് വാക്കുകള്‍ക്ക് നാം ഉദ്ദേശിക്കുന്നതില്‍  കൂടുതല്‍ അര്‍ത്ഥതലങ്ങളുണ്ട്. നാം സാധാരണ ഉപയോഗിക്കാന്‍  മടിക്കുന്ന വാക്കുകളില്‍  ചിലതാണ് നന്ദി, ക്ഷമിക്കണം (സോറി). ഭാര്യാഭര്‍ത്താക്കന്മാര്‍  തമ്മിലുള്ള പിണക്കങ്ങളൊക്കെ ഒരു പരിധി വരെ ഒരു സോറിയില്‍ തീരാനുള്ളതേ ഉള്ളൂ. എന്നാല്‍  നാം മസിലു പിടിച്ച് അതിനു മുതിരാതെ വാശി പിടിച്ച് ബന്ധം വഷളാക്കുകയാണ് ചെയ്യുന്നത്.

എന്‌റെ ഒരനുഭവ കഥയാണ് ഞാനിവിടെ പറയാനുദ്ദേശിക്കുന്നത്. എഴുപതുകളുടെ ആരംഭത്തില്‍ നടന്ന ഒരു സംഭവമാണ്. നമ്മുടെ നാട്ടിന്‍പുറത്ത് ആശാരി, മൂശാരി, കൊല്ലന്‍, വേലന്‍, ക്ഷുരകന്‍ മുതലായവര്‍ ഉണ്ടായിരുന്നു. ഇവര്‍ ഗ്രാമവാസികള്‍ക്കായി സേവനം ചെയ്തിരുന്നു. അതവരുടെ അവകാശമായി കണക്കാക്കിയിരുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ കൊല്ലന്റെ മകന്‍ കുട്ടപ്പന് കൊല്ലപ്പണിയില്‍ ഒട്ടും താല്‍പര്യമില്ലായിരുന്നു. ഞാന്‍ കുട്ടിയായിരുന്നപ്പോഴേ അവന്‍ നാടുവിട്ട് അങ്ങ് മൂന്നാറില്‍ സായിപ്പിന്റെ തേയില തോട്ടത്തില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ആ ഗ്രാമത്തില്‍ നിന്ന് ഇത്രയും അകലെ ആരും തന്നെ പോയിട്ടില്ല, ഏതാണ്ട് അന്യഗ്രഹത്തില്‍ പോയതു പോലെയായിരുന്നു. വല്ലപ്പോഴും കുട്ടപ്പന്‍ മൂന്നാറില്‍ നിന്നും നാട്ടില്‍ വരും. ഞങ്ങളൊക്കെ കുട്ടപ്പന്‍ ഒരു ഹീറോയുടെ പരിവേഷമാണ് നല്‍കിയിരുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടപ്പന്‍ ഒരു ജീപ്പുമായി നാട്ടിലെത്തി. അന്ന് ആ ഗ്രാമത്തില്‍ വണ്ടിയുള്ള ആരും തന്നെ ഉണ്ടായിരുന്നില്ല.

സായിപ്പ് വെറുതെ കൊടുത്തതായിരുന്നെന്നും, അതല്ല തുച്ഛമായ വിലയ്ക്ക് സായിപ്പില്‍ നിന്നും വാങ്ങിയതാണെന്നും അതുമല്ല മോഷ്ടി്ച്ചതാണെന്നും നാട്ടുകാര്‍ മനോധര്‍മ്മം പോലെ പറഞ്ഞു സായൂജ്യമടഞ്ഞു. എന്തായാലും കുട്ടപ്പന് ഒരു താരപരിവേഷം ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു. ജീപ്പ് കവലയില്‍ ടാക്‌സിയായി കുട്ടപ്പന്‍ ഇട്ടു. കല്യാണസീസണില്‍ എന്നും തന്നെ ഓട്ടമുണ്ടായിരുന്നു, കൂടാതെ രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണാര്‍ത്ഥം ഉപയോഗിക്കുക മുതലായ വിവിധ ആവശ്യങ്ങളായി തരക്കേടില്ലാത്ത വരുമാനം കുട്ടപ്പന് കിട്ടികൊണ്ടിരുന്നു. ടൗണില്‍ പോയി മടങ്ങുമ്പോള്‍ പരിചയക്കാരെ കണ്ടാല്‍ കുട്ടപ്പന്‍  ഒരു ഫ്രീ ഡ്രൈവ് കൊടുക്കാറുണ്ട്. അങ്ങിനെ ഒന്നു രണ്ടു തവണ എനിയ്ക്കും ടൗണില്‍ നിന്ന് കവലവരെ യാത്ര തരപ്പെട്ടിട്ടുണ്ട്.

പതിയെ പതിയെ കവയില്‍ ടാക്‌സികളുടെ എണ്ണം കൂടുകയും ആള്‍ക്കാര്‍ പുത്തന്‍ വണ്ടികള്‍ ഓട്ടം വിളിക്കുകയും ചെയ്തപ്പോള്‍ കുട്ടപ്പന് ഓട്ടം കുറഞ്ഞു തുടങ്ങി. വരുമാനം കുറഞ്ഞതോടെ കുട്ടപ്പന്‍ പരുങ്ങലിലായി. വണ്ടിയുടെ ടാര്‍പോളില്‍ കീറി മഴ വന്നാല്‍ നനയുമെന്നായി ഓട്ടത്തിനിടെ വണ്ടി നിന്നു പോകാനും, ഉന്തി സ്റ്റാര്‍ട്ടാക്കാനും മറ്റും തുടങ്ങിയതോടെ കുട്ടപ്പന്റെ വണ്ടി ഒരു ഗുഡ്‌സ് വണ്ടിയായി മാറി. ആള്‍ക്കാര്‍ വളം കയറ്റാനും, ആശുപത്രിയില്‍ നിന്ന് ശവം കൊണ്ടുവരുവാനും മാത്രമായി കുട്ടപ്പനെ വിളിക്കാന്‍ തുടങ്ങി. ശവം കയറ്റിയ വണ്ടിയില്‍ ജീവനുള്ളവര്‍ കയറുകയില്ലല്ലോ. അന്ന് നാട്ടില്‍ ഇന്നത്തെപോലെ ആംബുലന്‍സ് ഇല്ലായിരുന്നല്ലോ.

ഒരു ദിവസം ഞാന്‍ ഏറണാകുളത്ത് പോയി തിരിച്ച് കവലയില്‍ ബസ്സിറങ്ങി. നാലു കിലോ മീറ്ററോളം നടക്കണം വീട്ടിലെത്താന്‍ സാധാരണ നടക്കുകയാണ് പതിവ്. ഒന്ന് കാശ് ലാഭം, രണ്ട് ആരോഗ്യം ആവശ്യത്തില്‍ കൂടുതലുണ്ട് അഞ്ചോ പത്തോ കിലോ മീറ്റര്‍ അന്ന് ഒരു പ്രശ്‌നവും അല്ലായിരുന്നു.

ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ കുട്ടപ്പന്റെ ദയനീയ മുഖം എന്റെ കണ്ണില്‍പ്പെട്ടു. ഞാന്‍ കുട്ടപ്പനെ കൈകാട്ടി വിളിച്ചു. എന്റെ അടുത്തു വന്ന കുട്ടപ്പനോട് ഞാന്‍ പറഞ്ഞു നമുക്ക് വീടുവരെ ഒന്നു പോയാലോ. കുട്ടപ്പന്റെ കണ്ണില്‍ ഒരാശ്ചര്യഭാവം മിന്നി മറഞ്ഞു. ഞാന്‍ വണ്ടിയില്‍ കയറി ഇരുന്നു. അപ്പോള്‍ ഒരു പുതിയ വണ്ടിയുടെ ഡ്രൈവര്‍ പറഞ്ഞു. 'സാറേ ഇതേല്‍ പോയാല്‍ വീട്ടിലെത്തുമോ ആവോ. 'കുട്ടപ്പന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഒരു കുഴപ്പവുമില്ലാതെ വീട്ടുമുറ്റത്ത് വണ്ടിനിര്‍ത്തി. കണക്കനുസരിച്ച് ഇരുപതു രൂപയുടെ ഓട്ടമേ ഉണ്ടായിരുന്നൊള്ളൂ. എന്റെ കൈവശം 20 രൂപയുമുണ്ട് ഒരു നൂറു രൂപയുടെ നോട്ടുമുണ്ട്. അന്ന് നാട്ടില്‍ ഒരു ചെറിയ ജോലിയുമായി ഞാന്‍ കഴിയുകയായിരുന്നു. അമേരിക്ക എന്റെ വിദൂര സ്വപ്‌നങ്ങളില്‍പോലും ഇല്ല. ഞാന്‍ നൂറുരൂപയുടെ നോട്ടെടുത്ത് കുട്ടപ്പന് നേരെ നീട്ടി. കുട്ടപ്പന്‍ തലചൊറിഞ്ഞുകൊണ്ട് പറഞ്ഞു 'ആദ്യത്തെ ഓട്ടമാണ് ബാക്കിതരാന്‍ കൈയിലൊന്നുമില്ല.' ഞാന്‍ പറഞ്ഞു 'ഇതെടുത്തോ' 'മുഴുവനുമോ' 'അതെ'. കുട്ടപ്പന്റെ കണ്ണുകള്‍ ഈറനണിയുന്നതും വിറയാര്‍ന്ന കൈകൊണ്ട് നൂറുരൂപയുടെ നോട്ട് വാങ്ങി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കണ്ണുകള്‍ ആകാശത്തിലേയ്ക്ക് ഉയര്‍ത്തി കുട്ടപ്പന്‍ 'ഈശ്വരാ' എന്നൊരു വിളി വിളിച്ചു. ആ വിളി തീര്‍ച്ചയായും ദൈവം കേട്ടിരിക്കും അതില്‍ നന്ദിയും ആത്മാര്‍ത്ഥതയും സ്‌നേഹവും എല്ലാമുണ്ടായിരുന്നു. വണ്ടിയില്‍ കയറി കുട്ടപ്പന്‍ പോവുകയും ചെയ്തു. അന്ന് കുട്ടപ്പന്റെ ഭാര്യയും മക്കളും വയറുനിറച്ച് ആഹാരം കഴിച്ചിരിക്കാം. എല്ലാം താങ്ക്‌സ് ഗിവിംഗ്  സമയം ഈ സംഭവം എന്റെ മനസ്സില്‍ കടന്നു വരാറുണ്ട്. 

വര്‍ഷത്തിലൊരിക്കല്‍ മാത്രമല്ലാതെ ദിവസവും നന്ദി ഉള്ള മനസ്സിനുടമകളാകട്ടെ നാം എല്ലാവരും. Happy Thanking Giving

നന്ദി (ജോസ് ചെരിപുറം )
Join WhatsApp News
Cmc 2018-11-19 10:05:55
Dear Jose,
Congratulations for a well written thoughts.
Is kuttappan stil around?
Be well and stay well
CMC 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക