Image

അശോകന്‍ വേങ്ങശേരി രചിച്ച ശ്രീനാരായണ ഗുരുവിന്റെ ഇംഗ്ലീഷ് ജീവചരിത്രം മറാത്തിയിലേക്ക്

Published on 16 November, 2018
അശോകന്‍ വേങ്ങശേരി രചിച്ച ശ്രീനാരായണ ഗുരുവിന്റെ ഇംഗ്ലീഷ് ജീവചരിത്രം മറാത്തിയിലേക്ക്
മുംബൈ: ഇക്കഴിഞ്ഞ ജൂണില്‍ പുറത്തിറങ്ങിയ ശ്രീനാരായണ ഗുരുവിന്റെ ഇംഗ്ലീഷ് ജീവചരിത്രമായ Sree Narayana Guru: The Perfect Union of Buddha and Sankara എന്ന കൃതിയുടെ മറാത്തി പരിഭാഷ പൂര്‍ത്തിയായിവരുന്നു.

മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ ഭാഷാ വകുപ്പില്‍ ഉന്നത തലത്തില്‍ സേവനം അനുഷ്ഠിക്കുന്ന മറാത്തി പണ്ഡിതനായ വിവേക് ജഗിര്‍ദാര്‍ ആണ് പരിഭാഷ നിര്‍വഹിക്കുന്നത്. നാനൂറോളം പേജുള്ള ഗ്രന്ഥത്തിന്റെ പരിഭാഷ പകുതിയിലധികം പൂര്‍ത്തിയായിക്കഴിഞ്ഞു.

മുംബൈ ആസ്ഥാനമായി അരനൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചുവരുന്ന ശ്രീനാരായണ മന്ദിര സമിതിയാണ് മറാത്തി പരിഭാഷയുടെ പ്രസാധകര്‍. ആദ്യ എഡിഷനില്‍ പ്രസിദ്ധീകരിക്കുന്ന രണ്ടായിരം കോപ്പികളും മഹാരാഷ്ട്രയിലുള്ള എല്ലാ പബ്ലിക് ലൈബ്രറികളിലും, യൂണിവേഴ്‌സിറ്റി, കോളജ് എന്നിവിടങ്ങളിലും സൗജന്യമായി വിതരണം നടത്തുമെന്നു ശ്രീനാരായണ മന്ദിര സമിതി ചെയര്‍മാന്‍ എം.ഐ ദാമോദരന്‍ അറിയിച്ചു.

ഇംഗ്ലീഷ് എഡിഷന് വായനക്കാരില്‍ നിന്നും ലഭിച്ച വന്‍ സ്വീകാര്യതയാണ് മറാത്തി പരിഭാഷ നടത്തുവാന്‍ പ്രചോദകമായതെന്നു ദാമോദരന്‍ പ്രസ്താവിച്ചു. ശ്രീനാരായണ ഗുരുവിന്റെ സമഗ്രമായ ജീവചരിത്രങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ വിരളമായിരുന്നതിന്റെ ന്യൂനത അശോകന്‍ വേങ്ങശേരിയുടെ കൃതി പരിഹരിച്ചിരിക്കുന്നുവെന്ന് ദാമോദരന്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലുള്ള കൊണാര്‍ക് പബ്ലിഷേഴ്‌സ് ആണ് ഇംഗ്ലീഷിലുള്ള ജീവചരിത്രം പ്രസിദ്ധീകരിച്ചത്. പണ്ഡിതശ്രേഷ്ഠനും, രാഷ്ട്രീയ നയതന്ത്രജ്ഞനുമായ ഡോ. കരണ്‍ സിംഗിന്റെ അവതാരികയോടൊപ്പം ലോകാരാധ്യനായ ദലൈലാമയുടേയും, അനേകം കൃതികളുടെ കര്‍ത്താവും ഏറെത്തവണ രാജ്യസഭാംഗവുമായ പ്രൊഫ. ലോകേശ് ചന്ദ്രയുടേയും സന്ദേശങ്ങളും ഇംഗ്ലീഷ് കൃതിയുടെ സ്വീകാര്യത ഏറ്റിയിട്ടുണ്ട്. മുന്‍ പ്ലാനിംഗ് കമ്മീഷന്‍ അംഗവും എം.പിയുമായ ഡോ. നരേന്ദ്ര യാദവ്, സ്വാമി ഗുരുപ്രസാദ് (ശിവഗിരി മഠം), മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ഡോ. സമ്പത്ത് എം,പി, വി. മുരളീധരന്‍ എം.പി, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി. ചന്ദ്രമോഹന്‍, മുന്‍ ഗവര്‍ണ്ണര്‍ ടി.എന്‍. ചതുര്‍വേദി തുടങ്ങി നിരവധി പ്രമുഖര്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ മെമ്മോറിയല്‍ ലൈബ്രറി (തീന്‍മുര്‍ത്തി ഭവന്‍)യില്‍ നടന്ന പ്രകാശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

ഫിലാഡല്‍ഫിയയില്‍ മൂന്നു പതിറ്റാണ്ടുകളായി കഴിയുന്ന അശോകന്‍ വേങ്ങശേരി "അമേരിക്കന്‍ ഡയറി' എന്ന ലേഖന സമാഹാരം 2004-ല്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെരുമ്പടവം ശ്രീധരനായിരുന്നു  അവതാരിക എഴുതിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക