Image

ഭക്ത കേരള പടയൊരുക്കങ്ങള്‍ ? (കവിത: ജയന്‍ വര്‍ഗീസ്)

Published on 16 November, 2018
 ഭക്ത കേരള പടയൊരുക്കങ്ങള്‍ ? (കവിത: ജയന്‍ വര്‍ഗീസ്)
മത്തായീം, മമ്മതും, ഗോപനും, ലാമയും
ദൂരെയൊരു യാത്ര പോയി?

ദാഹിച്ചു തൊണ്ട വരണ്ടവര്‍ ചാരത്തോ
രാറിന്റെ തീരത്തി ലെത്തി?

മത്തായി കുപ്പിയെടുത്തത് മഞ്ഞയാ
ക്കുപ്പിയിലെ ജലം മഞ്ഞ ?

മമ്മത് തപ്പിയെടുത്തത് പച്ചയാ
ക്കുപ്പിയിലെ ജലം പച്ച ?

കോവാലന്‍ കോരിയെടുത്തോരു കുപ്പിയോ
കാവി, ജലമതില്‍ കാവി ?

ലാമയോ ചാര നിറമുള്ള കുപ്പിയില്‍
കോരി നിറച്ചത് ചാര ?

ആറിലെ വെള്ള മിതൊന്നുമേയല്ലാതെ
വേറേ യൊരു വെറും വെള്ളം ?

തങ്ങളില്‍, തങ്ങളില്‍ തര്‍ക്കിച്ചു നമ്മളില്‍
നല്ല ജലമാര്‍ക്കു കിട്ടി ?

എന്റെയാ, ണെന്റെയാ ണെന്നവര്‍ കോപിച്ചു
തല്ലിയപരന്റെ കുപ്പി ?

മഞ്ഞയും,പച്ചയും, കാവിയും ചാരയു
മേതുമേയല്ലാത്ത വെള്ളം !

ഒന്നാണൊരു നിറ, മൊന്നും കലരാതെ
യൊന്നിച്ചൊഴുകിപ്പരന്നു.!

പുണ്യമാ, ണീജലം പുണ്യം ! പ്രപഞ്ചത്തി
ന്നുണ്മ, ദൈവത്തിന്റെ നന്മ !
Join WhatsApp News
amerikkan mollakka 2018-11-16 13:58:33
ജയൻ സാഹിബേ ഇങ്ങള് പുതിയ കുപ്പിയിൽ പഴയ 
വീഞ്ഞ് വിളമ്പുന്നു. ഈ കുപ്പീടെ  നിറങ്ങളും 
നിറമില്ലാത്ത വെള്ളവുമൊക്കെ എല്ലാബർക്കും അറിയാം.
ഞമ്മള് ഇന്ത്യക്കാര് ആ കുപ്പികൾ ഇബടെ കൊണ്ടുവന്നു 
ചിലരെയൊക്കെ കുപ്പിയിൽ ഇറക്കാൻ നോക്കുന്നു. ഇമ്മടെ 
ആൻഡ്രുസ് സാഹിബ് ഉള്ളതുകൊണ്ട് കുപ്പികൾ ബല്യ 
മുസീബത്തിലാണ്. ഒരു മാതു അവൾക്കുള്ള കുപ്പിയാണ് 
നല്ല കുപ്പിയെന്നു പറയുന്നു. ആൻഡ്രുസ് സാഹിബിന്റെ 
അടുത്ത് ആ അടവൊന്നും നടക്കില്ല. ജയൻ സാഹിബ് ഇങ്ങള് 
പുതിയ ആശയങ്ങൾ കൊണ്ട് ബരുക . അപ്പോൾ 
പടച്ചോൻ ഇങ്ങൾക്ക് കൃപ തരട്ടെ  അസ്സലാമു അലൈക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക