Image

ആശങ്കകള്‍ക്ക് സ്ഥാനം നല്കാതെ, എല്ലാവരെയും ഒത്തൊരുമിപ്പിച്ച് നിയുക്ത കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്

emalayalee exclusive Published on 09 November, 2018
ആശങ്കകള്‍ക്ക് സ്ഥാനം നല്കാതെ, എല്ലാവരെയും ഒത്തൊരുമിപ്പിച്ച് നിയുക്ത കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്
ടെക്സസ്: സൗത്ത് വെസ്റ്റ് ഹൂസ്റ്റണ്‍ അടങ്ങുന്ന ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥനായ കൗണ്ടി ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെട്ടശേഷം ഇന്നലെ കെ.പി. ജോര്‍ജ് കൗണ്ടി ഓഫീസ് സന്ദര്‍ശിച്ചു. മറ്റു കൗണ്ടി കമ്മീഷണര്‍മാരും ഉന്നത ഉദ്യോഗസ്ഥന്മാരും സ്വീകരിക്കാനെത്തി. എല്ലാവരും നല്ല സഹകരണം വാഗ്ദാനം ചെയ്തു.

എന്നാല്‍ ഒരു കുടിയേറ്റക്കാരനാണ് ജയിച്ചതെന്നറിഞ്ഞപ്പോള്‍ ചിലരെങ്കിലും ആശങ്ക പ്രകടിപ്പിച്ചത് ജോര്‍ജും അറിഞ്ഞിരുന്നു. കൗണ്ടിയെ നശിപ്പിക്കും എന്ന രീതിയിലായിരുന്നു ചില പ്രതികരണങ്ങള്‍.

അത്തരം നുണ പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു ജോര്‍ജ് വ്യക്തമാക്കുകയും ചെയ്തു. ഇത് തന്റേയും കുഞ്ഞുങ്ങളുടേയും കൗണ്ടിയാണ്. ഈ കൗണ്ടിയുടെ നന്മ തനിക്കും പ്രധാനമാണ്. ഒരിക്കലും മാറാനാഗ്രഹിക്കാത്തവര്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ആശങ്കപ്പെടുന്നതില്‍ അതിശയമില്ലെന്നും ജോര്‍ജും കരുതുന്നു

എട്ടു ലക്ഷത്തിലേറെ ജനസംഖ്യയുള്ള കൗണ്ടിയുടെ തലവനായി ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടത് 15,000-ല്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. അതും ഒന്നര ദശാബ്ദമായി കൗണ്ടി ജഡ്ജ് ആയിരുന്ന ഹെബര്‍ട്ടിനെ തോല്‍പിച്ച്. 'നീല തരംഗത്തില്‍' (ഡമോക്രാറ്റിക് തരംഗം) ചുളുവിനു ജയിച്ചതൊന്നുമല്ലെന്നു വ്യക്തം. 21 ശതമാനം ഏഷ്യക്കാര്‍ താമസിക്കുന്ന ഫോര്‍ട്ട് ബെന്‍ഡിലെ മാറുന്ന ജനസംഖ്യയുടെ പ്രതിഫലനം തന്നെയാണിതെന്നു ജോര്‍ജ് പറയുകയും ചെയ്തു.

പേര് ജഡ്ജി ആണെങ്കിലും എക്സിക്യൂട്ടീവിന്റെ ജോലിയാണ്. ഇതിനു മുമ്പ് ഒരു മലയാളിയും ഇത്രയും അധികാരമുള്ള സ്ഥാനത്തേക്ക് വിജയിച്ചിട്ടില്ല. ശമ്പളമുള്ള ഫുള്‍ടൈം ജോലി. അതിനാല്‍ ഫൈനാന്‍ഷ്യല്‍ പ്ലാനറെന്ന ജോലിയും സ്ഥാനത്തിലെ പാര്‍ട്ട്ണര്‍ഷിപ്പും വിടേണ്ടിവരും. അത് മറ്റു പാര്‍ട്ട്ണര്‍മാര്‍ക്ക് വിട്ടുകൊടുക്കും.

പ്രസിഡന്റ് സ്ഥാനമേല്‍ക്കുമ്പോഴുള്ള ട്രാന്‍സിഷന്‍ പീരിയഡ് പോലൊന്ന് ഇവിടെയുമുണ്ട്. ജനുവരി ഒന്നിനു സ്ഥാനമേല്‍ക്കുമെങ്കിലും എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ട്. അതിനു ട്രെയിനിംഗും ഉണ്ട്. ഒരു വര്‍ഷമെങ്കിലുമെടുക്കും എല്ലാറ്റിലും വിദഗ്ധനാകാന്‍.

എന്നാല്‍ അടിയന്തരമായി എമര്‍ജന്‍സി മാനേജ്മെന്റിനും മറ്റും കൃത്യമായ സിസ്റ്റം ഉണ്ടാകണമെന്ന് ജോര്‍ജ് പറഞ്ഞു. ഹാര്‍വി പ്രളയം വന്നപ്പോള്‍ നഗരം അനുഭവിച്ച വിഷമത മറക്കാനാവില്ല.

മൈനോറിറ്റി വോട്ടര്‍മാരുടെ എണ്ണം കൂടിയതുകൊണ്ടല്ല ജനങ്ങളുമായുള്ള തന്റെ ബന്ധമാണ് ഇലക്ഷന്‍ വിജയത്തിനു പിന്നിലെന്നു ജോര്‍ജ് പ്രാദേശിക ചാനല്‍ ഇന്റര്‍വ്യൂവില്‍ ചൂണ്ടിക്കാട്ടി.

370 മില്യന്‍ ബജറ്റുള്ള സമ്പന്ന കൗണ്ടിയാണെങ്കിലും ഒട്ടേറെ പാവങ്ങളും അവിടെ ജീവിക്കുന്നു. അവര്‍ക്ക് എങ്ങനെ സഹായമെത്തിക്കാനാവുമെന്നാണ് ജോര്‍ജ് ആലോചിക്കുന്നത്. സ്വന്തം പണം മുടക്കി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും മറ്റുള്ളവരെ സഹായിക്കുക ലക്ഷ്യമായി കരുതുകയും ചെയ്യുന്ന ജോര്‍ജ് താഴേയ്ക്കിടയിലുള്ളവരെ മറക്കാനാവാത്തില്‍ അതിശയമില്ല.

കൗണ്ടിയിലെ വിവിധ നഗരങ്ങള്‍, സ്‌കൂള്‍ ഡിസ്ട്രിക്ടുകള്‍ എന്നിവയുമായി ബന്ധം മെച്ചപ്പെടുത്തുകയും പൊതുജനങ്ങളുമായി മികച്ച ആശയ വിനിമയം ഏര്‍പ്പെടുത്തുകയുമാണ് മറ്റൊരു ലക്ഷ്യം. അടിയന്തര സാഹചര്യം വന്നാല്‍ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഷെല്‍ട്ടറുകളും മറ്റും കണ്ടെത്തണം. അതു ജനത്തെ അറിയിക്കണം.

പ്രവര്‍ത്തനങ്ങളില്‍ സുതാര്യത, സാമ്പത്തിക അച്ചടക്കംഎന്നിവയും ജോര്‍ജ് ഉറപ്പു നല്‍കുന്നു


നാലു കമ്മീഷണര്‍മാരില്‍ ഡമോക്രാറ്റിക് പ്രതിനിധി 1990 മുതല്‍ അംഗമാണ്. ഡിസ്ടിക്റ്റുകളില്‍ നിന്നാണു കമ്മീഷണര്‍മാരെ തെരെഞ്ഞെടുക്കുന്നത്. കൗണ്ടിജഡ്ജിനെ മൊത്തം വോട്ടര്‍മാര്‍ തെരെഞ്ഞെടുക്കുന്നു.

എല്ലാവരും നിയമം വരവണ്ണം തെറ്റിക്കാതെ പ്രവര്‍ത്തിക്കുന്ന നാടാണ്. അപ്പോള്‍ നമ്മളും അതു അനുസരിച്ച് തന്നെ നില്ക്കണം. സഹകരിക്കാന്‍ തയാറുള്ള എല്ലാവരുമായും സഹകരിക്കും.

യുവജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രോഗ്രാമുകളും മനസ്സിലുണ്ട്. ഇപ്പോള്‍ ഫോര്‍ട്ട്ബെന്റ് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ബോര്‍ഡ് ട്രസ്റ്റിമാരില്‍ ഒരാളാണ് ജോര്‍ജ്. ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജന്‍.

ജോര്‍ജ് 1993 -ലാണ് അമേരിക്കയിലെത്തുന്നത്. കോന്നി കിഴവല്ലൂര്‍ കേളയില്‍ പരേതനായ കെ.സി ജോര്‍ജിന്റെ പുത്രന്‍. അമ്മ ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡിലെ ന്യൂസിറ്റിയിലുള്ള സഹോദരി സാലി ഏബ്രഹാമിനൊപ്പമുണ്ട്.

ഇന്ത്യയില്‍ നിന്നും അടുത്തയിടയ്ക്ക് വന്നവരുടെ ആവേശമൊന്നും ഇലക്ഷന്‍ വിജയത്തില്‍ ഇവിടെ വളര്‍ന്ന ഭാര്യ ഷീബയ്ക്കില്ലെന്നു ജോര്‍ജ് പറയുന്നു. ഫോര്‍ട്ട് ബെന്‍ഡ് സ്‌കുള്‍ സിസ്റ്റത്തില്‍ അധ്യാപികയാണു ഷീബ. മെഡിക്കല്‍ വിദ്യാര്‍ത്ഥി രോഹിത്, ആര്‍.എന്‍ ഹെലന്‍ മേരി, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്നേഹ എന്നിവരാണ് മക്കള്‍. ഷുഗര്‍ലാന്‍ഡില്‍ താമസം.ഷുഗര്‍ ക്രീക്ക് ബാപ്ടിസ്റ്റ് ചര്‍ച്ച് അംഗങ്ങള്‍

ന്യൂയോര്‍ക്ക് ഫ്ളോറല്‍ പാര്‍ക്കിലുള്ള ആലക്കോട്ട് എ.കെ. വര്‍ഗീസിന്റേയും ലീലാമ്മയുടേയും പുത്രിയാണ് ഷീബ

2012-ല്‍ ജോര്‍ജ് കോണ്‍ഗ്രസിലേക്കുള പ്രൈമറിയില്‍ 105 വോട്ടിനാനൂ പരാജയപ്പെട്ടത്. ഇവിടെ രാഷ്ട്രീയ രംഗത്തു നാം സജീവമായില്ലെങ്കില്‍ നാം പിന്തള്ളപ്പെടുമെന്ന് ജോര്‍ജ് ചൂണ്ട്ക്കാട്ടുന്നു. ഒന്നാം തലമുറക്ക് വേണമെങ്കില്‍ നാട്ടിലെക്കു പോകാം. രണ്ടാം തലമുറക്ക് അതിനു കഴിയില്ല. ഇതാണ് അവരുടെ നാട്.

സ്‌കൂള്‍ ബോര്‍ഡ് തെരെഞ്ഞെടുപ്പില്‍ 63.72 ശതമാനം വോട്ട്ജോര്‍ജിനു ലഭിച്ചിരുന്നു.നാലു വര്‍ഷം മുമ്പ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏഴംഗ സ്‌കൂള്‍ ബോര്‍ഡ് ഗവേണിംഗ് ബോഡിയില്‍ എത്തുന്ന ആദ്യ മലയാളിയായിരുന്നു. മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ ഡിസ്ട്രിക്ടിനു കീഴില്‍ 76 കാമ്പസുകളുണ്ട്. പതിനായിരത്തിലധികം ജീവനക്കാരുള്ള സ്‌കൂള്‍ ഡിസ്ട്രിക്ട് സൗത്ത് വെസ്റ്റ് ഹൂസ്റ്റണിലെ ഏറ്റവും വലിയ തൊഴില്‍ദാതാവാണ്. ബജറ്റ് 594 മില്യണ്‍ ഡോളറിന്റേതാണ്.

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് ഷുഗര്‍ലാന്‍ഡ് റോട്ടറി ക്ലബ്, ഫോര്‍ട്ട് ബെന്‍ഡ് ചേംബര്‍ ഓഫ് കോമേഴ്‌സ് എന്നിവയില്‍ പ്രവര്‍ത്തിച്ചു. സ്റ്റേറ്റ് റെപ്രസന്റേറ്റീവ് റിക് മില്ലറുടെ പോളിസി ആന്‍ഡ് അഫയേഴ്‌സ് കമ്മിറ്റി അംഗമായിരുന്നു. ഫോര്‍ട്ട് ബെന്‍ഡ് ഐ.എസ്.ഡി പേരന്റ്‌സ് അഡൈ്വസറി ടീമില്‍ അംഗമായ ജോര്‍ജ് 2013 ല്‍ സ്ഥാപിതമായ ഹൈടവര്‍ ഹൈസ്‌കൂള്‍ അക്കാഡമീസ് ബൂസ്റ്റര്‍ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റാണ്.
ആശങ്കകള്‍ക്ക് സ്ഥാനം നല്കാതെ, എല്ലാവരെയും ഒത്തൊരുമിപ്പിച്ച് നിയുക്ത കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്ആശങ്കകള്‍ക്ക് സ്ഥാനം നല്കാതെ, എല്ലാവരെയും ഒത്തൊരുമിപ്പിച്ച് നിയുക്ത കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക