Image

ശ്രീനിവാസ റെഡ്ഡിയില്‍നിന്ന്‌ പിടിച്ചെടുത്ത 60.35 കോടി രൂപയും കള്ളപ്പണമെന്ന്‌ കണ്ടെത്തി

Published on 09 November, 2018
ശ്രീനിവാസ റെഡ്ഡിയില്‍നിന്ന്‌ പിടിച്ചെടുത്ത 60.35 കോടി രൂപയും കള്ളപ്പണമെന്ന്‌ കണ്ടെത്തി

ന്യൂഡല്‍ഹി: ടിആര്‍എസ്‌ നേതാവ്‌ പി.ശ്രീനിവാസ റെഡ്ഡിയില്‍നിന്ന്‌ ആദായ നികുതി വകുപ്പ്‌ പിടിച്ചെടുത്ത 60.35 കോടി രൂപയും കള്ളപ്പണമെന്ന്‌ കണ്ടെത്തി. ശ്രീനിവാസ റെഡ്ഡിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള റിയല്‍ എസ്‌റ്റേറ്റ്‌ സ്ഥാപനമായ രാഘവ കണ്‍സ്‌ട്രക്ഷന്‍സില്‍ നിന്ന്‌ കണക്കില്‍ പെടാത്ത 60.35 കോടി രൂപ സെപ്‌തംബര്‍ മാസത്തില്‍ പിടിച്ചെടുത്തിരുന്നു.

രാഘവ കണ്‍സ്‌ട്രക്ഷന്‍സിന്റെ ഹൈദരാബാദ്‌, ഖമ്മം, ഗുണ്ടൂര്‍, വിജയവാഡ, ഓങ്കോള്‍, കഡപ്പ എന്നിവിടങ്ങളിലെ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ്‌ കള്ളപ്പണം പിടികൂടിയത്‌.

കമ്പനിയുടെ മാനേജിങ്‌ പാര്‍ട്‌ണറായ പ്രസാദ്‌ റെഡ്ഡി ആദായനികുതി വകുപ്പിന്‌ നല്‍കിയ മൊഴിയിലാണ്‌ പിടിച്ചെടുത്തത്‌ കണക്കില്‍ പെടാത്ത പണമാണെന്ന്‌ വ്യക്തമാക്കിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ പൊതു പദ്ധതികളുടെ നിര്‍മാണ കരാറുകളും ഈ സ്ഥാപനം ഏറ്റെടുത്ത്‌ പൂര്‍ത്തിയാക്കിയിരുന്നു.

പരിശോധനയില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പും കണ്ടെത്തിയിരുന്നു. കൃത്യമായ കണക്കല്ല ഇപ്പോള്‍ ഉള്ളതെന്നും തുക ഇനിയും വര്‍ധിക്കാമെന്നും ആദായനികുതി വകുപ്പ്‌ അറിയിച്ചു. പരിശോധന പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതികരിക്കാന്‍ തയ്യാറല്ലെന്ന്‌ ശ്രീനിവാസ റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക