Image

നീതിക്കായി സര്‍ക്കാര്‍

Published on 08 November, 2018
  നീതിക്കായി സര്‍ക്കാര്‍
അധര്‍മ്മത്തില്‍ നിന്നും അടിമത്തത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള ദൗത്യവുമായി അവതരിക്കുന്ന നിരവധി കഥാപാത്രങ്ങളെ തമിഴ്‌ സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്‌.

അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ്‌ എ.ആര്‍.മുരുഗദാസ്‌ സംവിധാനം ചെയ്‌ത്‌ ഇളയ ദളപതി വിജയ്‌ നായകനായ സര്‍ക്കാര്‍ എന്ന ചിത്രം.

തമിഴ്‌നാട്ടില്‍ നിലവില്‍ തുടര്‍ന്നു വരുന്ന മക്കള്‍ രാഷ്‌ട്രീയത്തെയും രാഷ്‌ട്രീയ പൊറാട്ട്‌ നാടകങ്ങളെയും യഥാര്‍ത്ഥമായ പല സംഭവ വികാസങ്ങളെയും മാത്രമല്ല, വോട്ടുകിട്ടാന്‍ ലാപ്‌ടോപ്പും ടിവിയും സൗജന്യമായി നല്‍കുന്ന രാഷ്‌ട്രീയ രംഗത്തെ അധമസംസ്‌ക്കാരത്തെയും തുറന്നു കാട്ടുകയാണ്‌ ചിത്രത്തിലൂടെ.

ഒപ്പം നീതിയും ദയയും നിഷേധിക്കപ്പെടുന്ന സാധാരണക്കാരന്റെ നിസഹായതയും. കടബാധ്യതയെ കുറിച്ച്‌ പരാതി നല്‍കാനെത്തിയ നാലംഗ കുടുംബം തിരുനല്‍വേലി കളക്‌ട്രേറ്റിന്റെ മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്‌ത സംഭവവും ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്‌. 

ഒരു വിരലില്‍ നിന്നു വിപ്‌ളവം ജനിക്കുന്നു എന്നാണ്‌ ചിത്രം കാട്ടിത്തരുന്നത്‌. ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ സി.ഇ.ഓ ആണ്‌ സുന്ദര്‍. കോര്‍പ്പറേറ്റ്‌ മോണ്‍സ്റ്റര്‍ എന്നാണ്‌ അയാള്‍ അറിയപ്പെടുന്നത്‌.

അമേരിക്കയിലുള്ള ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന സുന്ദര്‍ ഏതെങ്കിലും ഒരു രാജ്യത്ത്‌ ചെന്നാല്‍ തന്റെ ബുദ്ധിവൈഭവം കൊണ്ട്‌ അവിടെയുള്ള മറ്റ്‌ കമ്പനികളെ നിലംപരിശാക്കിയിട്ടേ തിരികെ പോകൂ. അതു കൊണ്ടു തന്നെ നിലവില്‍ നാല്‌ രാജ്യങ്ങള്‍ അയാളെ വിലക്കിയിട്ടുണ്ട്‌. സുന്ദര്‍ വോട്ട്‌ ചെയ്യാന്‍ വേണ്ടി നാട്ടിലെത്തുന്നതോടെയാണ്‌ കഥ ആരംഭിക്കുന്നത്‌.

സുന്ദറിന്റെ ആഗമനത്തെ പലരും പേടിയോടെയാണ്‌ കണ്ടത്‌. തന്റെ സന്ദര്‍ശനം വെറും ഒരു ദിവസത്തേക്ക്‌ മാത്രമാണ്‌ അയാള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വോട്ടു ചെയ്യുന്നതിനായി പോളിങ്ങ്‌ ബുത്തിലെത്തിയപ്പോള്‍ തന്റെ പേരില്‍ മറ്റാരോ കള്ള വോട്ട്‌ ചെയ്‌തിരിക്കുന്നു എന്ന്‌ അയാള്‍ മനസിലാക്കുന്നു.

ഇതിനെതിരേ നിയമപരമായ പോരാട്ടത്തിനിറങ്ങുന്ന സുന്ദറിന്റെ കഥയും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ സര്‍ക്കാര്‍ പറയുന്നത്‌.ക്ഷണനേരെ കൊണ്ട്‌ ആളിപ്പടരുന്ന തീ കണക്കെ അത്‌ ഒരു വിപ്‌ളവമായി മാറുന്നു. തമിഴ്‌ നാട്ടിലെ പല രാഷ്‌ട്രീയ പ്രതിഷ്‌ഠകളെയും അത്‌ പിഴുതെറിയുന്നു. 

ഇള ദളപതിയുടെ താരമൂല്യം നന്നായി ഉപയോഗിച്ചു കൊണ്ടു തന്നെയാണ്‌ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ആക്ഷനും റൊമാന്‍സും പാട്ടും ഡാന്‍സും പഞ്ച്‌ ഡയലോഗുകളുമൊക്കെയായി ആദ്യ പകുതി രസകരമായി തന്നെ അവസാനിക്കുന്നു.

പ്രേക്ഷകനെ തൃപ്‌തിപ്പെടുത്താനുള്ള ഘടകങ്ങളെല്ലാം ആദ്യ പകുതിയില്‍ ഒരുക്കിയിട്ടുണ്ട്‌. സംവിധായകന്റെ ഇച്ഛയ്‌ക്കനുസരിച്ച്‌ നീങ്ങുന്ന നായക കഥാപാത്രമായാണ്‌ വിജയ്‌ അവതരിക്കുന്നത്‌. 

എന്നാല്‍ ഒരു മണിക്കൂര്‍ അമ്പത്തിയെട്ടു മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ രണ്ടാം പകുതി അല്‍പം ഇഴയുന്നതു പോലെ തോന്നും. അതുവരെ സംവിധായകന്റെ കൈയിലായിരുന്ന നിയന്ത്രണം നായകന്‍ ഏറ്റെടുത്തതു പോലെ തോന്നും.

പിന്നെ പതിവ്‌ വിജയ്‌ സ്റ്റൈല്‍ തന്നെ പിന്തുടരുകയാണ്‌ സംവിധായകന്‍. ഒരു പാട്‌ സിനിമകളില്‍ രക്ഷക വേഷം അണിഞ്ഞിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം ഒരു വ്യത്യസ്‌തത കൊണ്ടു വരാന്‍ സര്‍ക്കാരില്‍ വിജയിനു കഴിഞ്ഞിട്ടുണ്ട്‌. ആക്ഷന്‍, ആക്‌ടിങ്ങ്‌, റൊമാന്‍സ്‌, പഞ്ച്‌ ഡയലോഗ്‌ ഇതിലെല്ലാം ഇരുത്തം വന്ന ഒരു നടന്റെ കൈയ്യടക്കം അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്‌.

ചിത്രത്തില്‍ പാട്ടും നൃത്തവുമൊക്കെയുണ്ടെങ്കിലും അത്ര തീവ്രമായ പ്രണയരംഗങ്ങള്‍ കുറവാണ്‌. അതുകൊണ്ടു തന്നെ നായികയായ കീര്‍ത്തി സുരേഷിന്‌ ചിത്രത്തില്‍ വലിയ പ്രാധാന്യമില്ല. വന്നു പോകുന്നു അത്രമാത്രം.

ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ഇളയ ദളപതിയുടെ നായികായി അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ സന്തോഷിക്കാം എന്നതു മാത്രമായിരിക്കും ഈ ചിത്രത്തിലൂടെ കീര്‍ത്തി സുരേഷിന്‌ കിട്ടുന്ന നേട്ടം. വരലക്ഷ്‌മി അവതരിപ്പിച്ച കോമളവല്ലി എന്ന നെഗറ്റീവ്‌ കഥാപാത്രം ഏറെ ശക്തമായ ഒന്നാണ്‌.

രാഷ്‌ട്രീയത്തിലെ ചാണക്യനെന്ന പോലെ കറുപ്പയ്യയുടെ മസിലാമണി, രാധാരവിയുടെ മലര്‍വണ്ണന്‍ എന്നീ കഥാപാത്രങ്ങളും മികച്ചതായി. ഏ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ അഞ്ച്‌ ഗാനങ്ങള്‍ ചിത്രത്തിലുണ്ട്‌.

എന്നാല്‍ ഒരു വിരല്‍ പുരട്‌ചി എന്ന ഗാനമാണ്‌ പ്രേക്ഷകനെ ഏറെ ആകര്‍ഷിക്കുന്നത്‌. പശ്ചാത്തലസംഗീതവും സംഗീതവും മികച്ച നിലവാരം പുലര്‍ത്തുന്നു.

തെലുങ്കിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ രാംലക്ഷ്‌മണാണ്‌ ഈ ചിത്രത്തിലും തീ പാറുന്ന സംഘടനങ്ങളൊരുക്കിയിരിക്കുന്നത്‌. വിജയിന്റെ ആരാധകരെ മാത്രമല്ല എല്ലാ വിഭാഗങ്ങളിലുമുളള പ്രേക്ഷകനെ തൃപ്‌തിപ്പെടുത്തുന്ന ചിത്രമാണ്‌ സര്‍ക്കാര്‍. 






Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക