Image

കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ അണുബാധ: എം.ഐ ഷാനവാസിന്റെ നില അതീവഗുരുതരം

Published on 08 November, 2018
കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ അണുബാധ: എം.ഐ ഷാനവാസിന്റെ നില അതീവഗുരുതരം

വയനാട്‌ എം.പിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ എം.ഐ.ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരം. കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ അണുബാധയുണ്ടായതു മൂലമാണ്‌ ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി മാറിയത്‌. നിലവില്‍ ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌ എം. പി.

കരളിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്‌. അതേസമയം കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ അലട്ടുന്നതിനാല്‍ ഷാനവാസിന്‌ ഡയാലിസിസും നടത്തുന്നുണ്ട്‌. ഈ മാസം രണ്ടിനായിരുന്നു കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ എം.പി വിധേയനായത്‌.

ശസ്‌ത്രക്രിയ്‌ക്ക്‌ ശേഷം രണ്ടു ദിവസത്തിനുള്ളില്‍ അണുബാധയുണ്ടായതാണ്‌ ആരോഗ്യനില മോശമാകാന്‍ കാരണമെന്ന്‌ ഡോക്ടമാര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാനവാസിന്റെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച്‌ ആരോഗ്യകാര്യങ്ങള്‍ തിരക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ്‌ കണ്‍വീനര്‍ ബെന്നി ബെഹനാന്‍, കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഷാനവാസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക