Image

തറയില്‍ നിന്നും വീണ്ടും തുടങ്ങുമ്പോള്‍ (മുരളി തുമ്മാരുകുടി)

Published on 06 November, 2018
തറയില്‍ നിന്നും വീണ്ടും തുടങ്ങുമ്പോള്‍ (മുരളി തുമ്മാരുകുടി)
രണ്ടാഴ്ച കേരളത്തിലും ഡല്‍ഹിയിലും ചിലവഴിച്ചതിന് ശേഷം ജനീവയിലേക്ക് മടങ്ങുകയാണ്. ദുരന്തത്തെക്കുറിച്ച് ഡ ച നടത്തിയ പഠനവിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറുന്ന ചടങ്ങില്‍ തുടങ്ങി, ന്യൂഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികളുമായി ദുരന്ത നിവാരണത്തിന്റെ ആഗോള മാതൃകകള്‍ പങ്കുവെക്കുന്ന ഒരു പ്രഭാഷണം നടത്തി ഇത്തവണ കാര്യങ്ങള്‍ അവസാനിപ്പിച്ചു. സിദ്ധാര്‍ത്ഥിന്റെ പെയിന്റിങ്ങ് എക്‌സിബിഷന്‍ എന്ന പ്രധാന ലക്ഷ്യം ഭംഗിയായി നടന്നത് വലിയ സന്തോഷം.

മുപ്പത്തിഒരായിരം കോടി രൂപ വേണം കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ എന്നാണ് ഡ ച റിപ്പോര്‍ട്ട്. പുനര്‍ നിര്‍മ്മാണം എന്നാല്‍ പഴയ കേരളം ഉണ്ടാക്കുകയല്ല, പകരം ദുരന്തത്തില്‍ നിന്നും പാഠങ്ങള്‍ പഠിച്ച, ദുരന്ത സാധ്യതകള്‍ കുറവുള്ള, കാലാവസ്ഥ വ്യതിയാനത്തിനു തയ്യാറെടുത്ത ഒരു കേരളമാണ് ഉണ്ടാക്കേണ്ടത് എന്നതില്‍ ആര്‍ക്കും സംശയമില്ല. അതിന് പണം മാത്രം പോരാ. പുതിയ നിയമ നിര്‍മ്മാണങ്ങള്‍, പുതിയ സാങ്കേതിക വിദ്യകള്‍, പുതിയ തൊഴിലുകള്‍, ഭൂവിനിയോഗത്തില്‍ നിയന്ത്രണങ്ങള്‍, മലനാട്ടിലും കുട്ടനാട്ടിലും പുതിയ തരത്തിലുള്ള കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും മാതൃകകളും എന്നിവ കൂടി വേണം. റിസര്‍വോയറുകളുട മാനേജ്‌മെന്റില്‍ ശരിയായ ശാസ്ത്രീയ രീതികള്‍ വരണം, കാലാവസ്ഥ മുന്നറിയിപ്പുകള്‍ കൂടുതല്‍ വിശ്വാസയോഗ്യമാക്കണം. ഇതിനൊക്കെ ആവശ്യമായ പണവും സാങ്കേതികവിദ്യയും കേരളത്തിനകത്തുനിന്നും പുറത്തുനിന്നും കണ്ടെത്തണം.

ഇവയെല്ലാം നടപ്പിലാക്കാന്‍ സമയമെടുക്കും. അതിനിടക്ക് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന ഇരുപതിനായിരം ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കണം. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനം തുടരാന്‍ സാന്പത്തിക സഹായങ്ങള്‍ വേണ്ടത്. പ്രളയം മാനസികമായി ബാധിച്ച ലക്ഷക്കണക്കിന് മലയാളികള്‍ക്ക്, പ്രത്യേകിച്ചും കുട്ടികള്‍ക്ക് വേണ്ട മാനസിക പിന്തുണ കൊടുക്കണം.

ഇതൊക്കെയാണ് ഈ സമയത്ത് എന്‍റെയും കേരളത്തിലെ എല്ലാ ആളുകളുടെയും മനസ്സിലും ഭരണസംവിധാനത്തില്‍ മുകള്‍ത്തട്ട് മുതല്‍ താഴെ വരെയും ഉണ്ടാകേണ്ടത്. നിര്‍ഭാഗ്യവശാല്‍ നമ്മളെല്ലാം ഇപ്പോള്‍ പന്പമുതല്‍ സന്നിധാനം വരെ, നടതുറക്കുന്നത് മുതല്‍ ഹരിവരാസനം വരെ ലൈവ് ആയി ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ അവസാനിക്കുമെന്ന് വിശ്വാസികളും ഇതില്‍ നിന്ന് എങ്ങനെ രാഷ്ട്രീയ ലാഭം ഉണ്ടാക്കാമെന്ന് പാര്‍ട്ടികളും ചിന്തിക്കുന്നു.

ഒന്നോ അതില്‍ കൂടുതലോ മരണത്തിലേ ഈ സംഭവം തീരൂ എന്നാണ് എന്‍റെ ചിന്ത. എന്നാല്‍ അതല്ല എന്നെ കൂടുതല്‍ വിഷമിപ്പിക്കുന്നത്. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും ഇന്ത്യയില്‍ നന്പര്‍ വണ്‍ ആയ, ഒരു തലമുറ കൊണ്ട് ശിശുമരണനിരക്കില്‍ വികസിതരാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്ന തരത്തില്‍ വളര്‍ന്ന, ശുചിത്വത്തിലും സന്പൂര്‍ണ്ണ സാക്ഷരതയിലും ഇന്ത്യക്ക് മാതൃകയായ ഒരു സംസ്ഥാനം എത്ര പെട്ടന്നാണ് ഈ വിഷയങ്ങളില്‍ നിന്നും, നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് ‘വിശ്വാസ സംരക്ഷണത്തിനായി’ തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. ഏറെ രാഷ്ട്രീയ സാക്ഷരത ഉണ്ടെന്ന് ചിന്തിച്ചിരുന്ന ഒരു ജനതയില്‍ എത്ര പെട്ടെന്നാണ് തീവ്രവാദരാഷ്ട്രീയക്കാര്‍ക്ക് വിളവെടുക്കാന്‍ പാകത്തിന് മണ്ണൊരുക്കാന്‍ പറ്റിയത്.

ഈ സാഹചര്യത്തെപ്പറ്റി എന്നെ ഏറ്റവും ചിന്തിപ്പിച്ച വിലയിരുത്തല്‍ നടത്തിയത് എന്‍റെ യുവസുഹൃത്തായ ദേവ ആണ്.

"സാര്‍, ഒരു കണക്കിന് ഇത് നന്നായി. നമ്മള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മുന്‍പിലാണെന്നോ വ്യത്യസ്തമാണെന്നോ ഉള്ള മിഥ്യാഭിമാനം നമുക്കിനി മാറ്റിവെക്കാം. മതം ജീവിതത്തില്‍ ഏറെ പ്രധാനമായ, രാഷ്ട്രീയക്കാര്‍ക്ക് എളുപ്പത്തില്‍ ഇളക്കിവിടാനും മുതലെടുക്കാനും കഴിയുന്ന, ഭൗതിക സാഹചര്യത്തില്‍ ഉണ്ടായ പുരോഗതികളും വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ കുതിച്ചു കയറ്റവും ഒന്നും ചിന്താഗതികളില്‍ ഒരു മാറ്റവും വരുത്താത്ത ഒരു ജനതയാണ് നമ്മള്‍ എന്ന് അംഗീകരിക്കാം. എന്നിട്ട് ഏതു തരം സമൂഹമാണ് നാളേക്ക് നമുക്ക് വേണ്ടത് എന്നതിനെപ്പറ്റി ആത്മാര്‍ത്ഥമായ ചര്‍ച്ചകള്‍ നടത്താം."

അതേ, ശബരിമല നമ്മുടെ സമൂഹത്തിന്റെ നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടിയാണ്. അതില്‍ കാണുന്ന ആളുകളെ നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് നമ്മള്‍ തന്നെയാണ്. അതറിഞ്ഞ്, ആ നിലയില്‍ നിന്നാണ് നാളത്തെ കേരളത്തെ നമ്മള്‍ നിര്‍മ്മിക്കേണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക